ദൈവത്തിന്റെ ചിരി

ദ്വിതീയ
Thu, 26-05-2016 01:36:19 PM ;

ചിരികള്‍ പലവിധമുണ്ടെന്ന്‍ നിശ്ചയം! കാരണം, അന്ന് അയാളുടെ മുഖത്ത് കണ്ട ചിരിക്ക് ഇന്ന് വരെ കാണാത്ത അത്ര ഭംഗിയുണ്ടായിരുന്നു. കണ്ടു നിന്ന എന്റെ മനസ്സിനെ വാരിപ്പുണര്‍ന്ന, ചിന്തകള്‍ക്ക് കുളിരു പകര്‍ന്ന ആ ചിരിയില്‍ ഒരു നനവുണ്ടായിരുന്നു. നമ്മള്‍ മനുഷ്യര്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍ തികച്ചും ബാലിശവും ഉത്തരം പറയുന്നവന്റെ ഊര്‍ജം ചോര്‍ത്തുന്നതുമാണെന്ന്‍ അയാള്‍ പലപ്പോഴും പറയുമായിരുന്നു. തന്റെ ജോലി? നഴ്സ് ആണെന്ന് പറഞ്ഞാല്‍ അടുത്ത ചോദ്യം മെയില്‍ നഴ്സോ? ആ ഒറ്റ ചോദ്യത്തിലെ അതിശയത്തിലും അവജ്ഞയിലും എത്രയോ ദിവസങ്ങളിലെ സന്തോഷം ഒലിച്ചുപോയിരുന്നു! ‘ഒരു ആണിന് എങ്ങനെ പെണ്ണിന്റെ പണി ചെയ്യാന്‍ പറ്റും?’ പെണ്ണിന്റെ ജോലി... പെണ്ണിനെ പോലെ ക്ഷമ... സഹനം! പറഞ്ഞു പറഞ്ഞും കേട്ട് കേട്ടും അവന്റെ ഉള്ളില്‍, സത്യങ്ങളും വസ്തുതകളും മിഥ്യകളും കുമിഞ്ഞു കൂടിയ ഒരു മൂലയില്‍ ആ ചോദ്യങ്ങളും അതുയര്‍ത്തിയ ചിന്തകളും സ്ഥിരമായൊരു ഇടം ഉറപ്പിച്ചിരുന്നു.  

 

ഇമ്മാതിരി ചോദ്യങ്ങള്‍ അയാളെ വേട്ടയാടാന്‍ തുടങ്ങിയിട്ട് കൊല്ലം ഏഴു കഴിഞ്ഞു. പിന്നെന്തിനു ഇപ്പോഴും ഈ ജോലി തുടരുന്നുവെന്ന് ചോദിച്ചാല്‍... ഉത്തരമില്ല! ശമ്പളപരിഷ്കരണം എന്നത് കിട്ടാക്കനിയായി പ്രഖ്യാപിച്ച അനേകം ജോലികളില്‍ ഒന്നിതും. ഭൂമിയിലെ പെണ്‍മാലാഖകള്‍ക്കും ആണ്‍മാലാഖകള്‍ക്കും ദൈവമാണ് വായ കീറിയതെങ്കില്‍ ബാക്കി നടപടിയും അവിടുന്ന് തന്നെയാവണമല്ലോ.

 

എന്തായാലും, അയാളുടെ ചിരിയിലെ നനവിന്റെ ഉറവ തേടി ഞാനും പുറകെ പോയി. അതിനു പിന്നിലുള്ള കഥ നടക്കുന്ന ആ രാവിലെയും അവന്‍ ആവലാതി പറഞ്ഞും പ്രാകിയും ജോലിക്ക് പോയി. ‘ബ്രദറെ, ഒരു കുളം കേസ് വന്നിട്ടുണ്ട്!’ കൂടെയുള്ളൊരു സുന്ദരി മാലാഖ സൂചന കൊടുത്തു. പ്രാകലിനു കനം കൂടി. ആഞ്ഞു ചവിട്ടിയാണ് പിന്നീടുള്ള പടികള്‍ അവന്‍ കയറിയത്. ഐസിയുവിലെ ഭീമന്‍ യന്ത്രങ്ങളുടെ മൂളല്‍, നിശബ്ദതക്ക് ഒരു പ്രത്യേക താളം നല്‍കുന്നതായി അവനു തോന്നി. വിരസതയുടെ താളം. വാതില്‍ പതുക്കെ തുറക്കുന്നതോടൊപ്പം ഒരു ജീര്‍ണ്ണിച്ച മണം മൂക്കിലേക്ക് അടിച്ചു കയറി. രണ്ടു പേര്‍ അകത്തുനിന്ന് വാതില്‍ തള്ളിത്തുറന്നു അപ്പുറത്തേക്കോടുന്നതും കണ്ടു. അകത്ത് ഡോക്ടര്‍മാരുടെ രാജവാഴ്ച നടക്കുകയാണ്. അയാള്‍ പതുക്കെ ഒരു മൂലയില്‍ ഇടം പിടിച്ചു. ആ ദുര്‍ഗന്ധം സഹിക്കവയ്യാതെ പിന്നെയും പലരും വാതില്‍ തള്ളി തുറന്നോടി. ഡോക്ടറുടെ നോട്ടം തന്റെ മേല്‍ പതിഞ്ഞതിനാല്‍ ഓടാനും വയ്യ. അയാള്‍ പതിവ് പോലെ യഥാക്രമം വിധിയെയും ജോലിയെയും ശപിച്ചു. അരങ്ങൊഴിഞ്ഞപ്പോള്‍ സമയം ഏറെ കഴിഞ്ഞിരുന്നു.രോഗി ആരെന്നും രോഗം എന്തെന്നും അറിയാന്‍ അയാള്‍ പതുക്കെ വായ പൊത്തി മറ്റൊരു നേഴ്സിനോട് ചോദിച്ചു. അവര്‍ ഓക്കാനം അടക്കിപ്പിടിച് എന്തോ പറഞ്ഞത് വ്യക്തമായില്ല. എന്തായാലും തന്റെ ഉത്തരവാദിത്വത്തിലുള്ള രോഗിയല്ലലോ! അയാള്‍ ആശ്വസിച്ചു. നേരം ഇഴഞ്ഞു നീങ്ങി. മരുന്ന് കൊടുക്കാനുള്ള സമയമായി. അയാള്‍ ധൃതി പിടിച്ച് കടമ ചെയ്യുമ്പോള്‍ മുറിയുടെ അങ്ങേയറ്റത്തെ കട്ടിലില്‍ നാറി കിടക്കുന്ന രോഗിക്ക് മുറിവ് ‘ഡ്രസ്സ്‌’ ചെയ്യാന്‍ മാത്രം ആളില്ല. അതിന്റെ ഉത്തരവാദിത്വമേല്‍പ്പിച്ച പെണ്‍കുട്ടി ഛര്‍ദ്ദിച്ചവശയായി കിടപ്പിലായി. ഒടുക്കം തട്ടി തിരിഞ്ഞു ആ പണി അയാളുടെ തലയില്‍ വീണു! അമര്‍ഷം കടിച്ചമര്‍ത്തി, നിരായുധനായ യോദ്ധാവിന്റെ നിസ്സഹായതയോടെ ആ പണി ഏറ്റെടുത്തു.

 

രോഗിയോട് അടുക്കുംതോറും തന്റെ അടിവയറ്റില്‍നിന്നു ഒരു ഗോളം കയറി വരുന്ന പോലെ തോന്നി അയാള്‍ക്ക്. കര്‍ട്ടന്റെ മറവില്‍ കാലുകള്‍ കാണാം. കുഴപ്പമില്ല. വയര്‍... ഇല്ല. പരിക്കൊന്നുമില്ല. നെഞ്ച്... തൊണ്ട! അവിടെയൊരു വലിയ ദ്വാരം!! വൃണം. അവിടുന്നാണ് ആ ദുര്‍ഗന്ധം വമിക്കുന്നത്! അര്‍ബുദത്തേള്‍ കാര്‍ന്നു തിന്ന്, അളിഞ്ഞ, ഒരു മനുഷ്യ ശരീരം!

വയറിലെ പുളിച്ച തീ ഗോളം തൊണ്ട വരെ എത്തി. അയാള്‍ അടക്കിപ്പിടിച്ചു പഞ്ഞിയെടുത്തു.

ഉദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന ആ രോഗി അപ്പോഴും വേദനകൊണ്ട് ഞരങ്ങിക്കൊണ്ടിരുന്നു. പഞ്ഞിയെടുക്കുന്തോറും ആ വൃണത്തിനു ആഴം കൂടി വരുന്നതായി തോന്നി. അവസാന കഷണം എടുത്തപ്പോള്‍ എന്തോ ഒന്ന് കണ്ണില്‍പെട്ടു... പുഴു!!!

അയാളുടെ വയറ്റില്‍ രൂപപ്പെട്ട അറപ്പിന്റെ തീ ഗോളം സര്‍വ്വശക്തിയില്‍ വായിലേക്ക് ഒഴുകി വന്നു. ഇപ്രാവശ്യം അയാള്‍ പ്രാകിയതത്രയും സ്വന്തം നിവൃത്തികേടിനെയായിരുന്നു. പിന്നീട്, പുഴുക്കളെ കൊല്ലാന്‍ മരുന്നൊഴിച്ച്, എല്ലാം എങ്ങിനെയൊക്കെയോ ചെയ്ത് തീര്‍ത്ത്, അയാള് ധൃതി പിടിച്ച് തിരിഞ്ഞു.

 

പെട്ടന്ന്, കൈയിലെന്തോ തട്ടിയിട്ടെന്ന പോലെ അയാള്‍ തിരിഞ്ഞു നോക്കി. അത് ആ രോഗിയുടെ വിരലായിരുന്നു.

ആദ്യമായി അയാള്‍ ആ രോഗിയുടെ മുഖം നോക്കി. ആ  കണ്ണുകള്‍ നിറഞ്ഞു ഒഴുകിയിരുന്നു... വായില്‍ ഘടിപ്പിച്ച മാസ്കിന്നിടയിലൂടെ അയാള്‍ കണ്ടു... വേദന കടിച്ചമര്‍ത്തിയിട്ടെന്നോണം... ഒരു കുഞ്ഞു ചിരി...

അയാള്‍ സ്തബ്ധനായി നിന്നു. അത്ഭുതം!! എവിടെപ്പോയി ആ ദുര്‍ഗന്ധം... വായ വരെയെത്തിയ ആ പുളിച്ച തീ ഗോളവും അപ്രത്യക്ഷമായിരിക്കുന്നു!! അറിയാതെ ഒരു ചിരി അയാളുടെ മുഖത്തും പടര്‍ന്നു... കണ്ണുകളും നിറഞ്ഞോ... അറിയില്ല...

രോഗാവസ്ഥയെ ശപിച്ച്, സഹിച്ചു മടുത്ത ആ പാവത്തിന് മറ്റുള്ളവരുടെ അറപ്പും വെറുപ്പും അര്‍ബുദത്തേക്കാള്‍ വേദനയായിരുന്നിരിക്കണം. ആ അവസ്ഥയിലുള്ളവര്‍ക്ക് മാലാഖമാരല്ല, ദൈവം തന്നെയാണ് താനെന്ന്‍ അയാള്‍ മനസ്സിലാക്കിയിരിക്കണം. ആ ചിരിയാണ് ഞാനന്ന് അയാളുടെ മുഖത്തു കണ്ടത്. ദൈവത്തിന്റെ ചിരി.

 

ഇത് വരെ കണ്ടിട്ടുള്ള എല്ലാ ചിരികളും എന്റെ മനസ്സില്‍ തെളിഞ്ഞു. മക്കളെ പഠിപ്പിക്കാന്‍ വീട് പണയം വെച്ച് ലക്ഷങ്ങള്‍ കൊടുക്കുമ്പോഴും അവരുടെ അച്ഛനമ്മമാരുടെ മുഖത്തെ ചിരി... കൂലി കൂട്ടാനുള്ള സമരപ്പന്തലില്‍ ക്യാമറ നോക്കി ചിരിച്ച നേതാക്കള്‍... മാലാഖമാരുടെ കൈ പിടിച്ചു നിര്‍വൃതിയടഞ്ഞവരുടെ ചിരി... വിദേശത്തേക്ക് പോകാനുള്ള പരീക്ഷക്ക് ലക്ഷക്കണക്കിന് ആണ്‍/പെണ്‍ മാലാഖകളെ വിളിച്ചു വരുത്തിയിട്ട് വെയിലും മഴയും കൊണ്ട് യാത്ര ചെയ്ത് പരീക്ഷയെഴുതി, ഒടുക്കം പെണ്ണുങ്ങളെ മാത്രം മതിയെന്ന് പറഞ്ഞ സായിപ്പിന്റെ ചിരി...

 

എന്നാല്‍, ആ കൂട്ടത്തിലൊന്നും പെടുത്താന്‍ പറ്റാത്ത ഒരു ചിരിയാണ് അന്ന് ഞാന്‍ അയാളുടെ മുഖത്ത് കണ്ടത്. അന്ന് വരെയും ഡെറ്റോളിന്റെയും വിയര്‍പ്പിന്റെയും മണമായിരുന്നു അയാള്‍ക്കെങ്കില്‍, വറ്റാത്ത മനുഷ്യത്വത്തിന്റെ മണമായിരുന്നു അന്ന് മുതല്‍ അയാള്‍ക്ക്.


തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയില്‍ സൈക്കോളജിസ്റ്റ് ആണ് ദ്വിതീയ.

Tags: