ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍

Thursday, April 13, 2017 - 12:19pm

ചിത്രങ്ങളും എഴുത്തും: ഷാജന്‍ സി. കുമാര്‍


 

ഭൂമിയിലെ സ്വർഗ്ഗം എന്ന് അമീര്‍ ഖുസ്രു വിശേഷിപ്പിച്ച കാഷ്മീരിന്റെ ഹൃദയമായ ശ്രീനഗർ പ്രകൃതിഭംഗി കൊണ്ട് ഇന്നും അങ്ങനെ തന്നെ. ലോക്സഭ ഉപതിരഞ്ഞെടുപ്പിന്റെ സമയത്താണ് അവിടെയെത്തിയതെങ്കിലും അതിന്റെ ചൂടൊന്നും ജനങ്ങളെ ബാധിച്ചിട്ടേ ഇല്ല! അതിനവർക്ക് ഒരുപാടു കാരണങ്ങൾ പറയാനും ഉണ്ട്. ഡാൽ തടാകത്തിൽ നിറുത്തി ഇട്ടിരിക്കുന്ന ഹൌസ് ബോട്ടുകളിൽ ആളനക്കം കണ്ടു തുടങ്ങിയതിന്റെ സന്തോഷത്തിലാണ് യൂസഫ് ഭായ്.

 

"ഇത് ഞങ്ങളുടെ കുലത്തൊഴിൽ ആണ്. അപ്പനപ്പൂപ്പന്മാർ തുടങ്ങിവെച്ച ജീവനോപാധി. ഒറ്റയടിക്ക്, അതങ്ങനെ ഉപേക്ഷിച്ചു പോകാൻ പറ്റില്ലല്ലോ. അതുകൊണ്ടു തന്നെ ഞങ്ങൾ ഇവിടെ പിടിച്ചു നിന്നു. എന്നെങ്കിലും എല്ലാം ശരിയാവും എന്ന പ്രതീക്ഷയിൽ! കാലം കാത്തുവെച്ചതിനെ ഉൾക്കൊള്ളാനുള്ള ക്ഷമയോടെ. ഒരു നാൾ ആ പഴയ പ്രതാപം തിരിച്ചു വരും എന്ന് ഞങ്ങൾക്കെല്ലാം ഉറപ്പാണ്. വിനോദ സഞ്ചാരികൾ തടാകത്തിലൂടെ അലങ്കരിച്ച ഷിക്കാരകളിൽ ഒഴുകി നടക്കുന്നത്‌ കാണാൻ കൊതിയാവുന്നുണ്ട്."  യൂസഫ് ഭായ് പറഞ്ഞു നിറുത്തി. അദ്ദേഹത്തിന് സ്വന്തമായി രണ്ടു ഹൌസ് ബോട്ടുകൾ ഉണ്ട്. വൃത്തിയിൽ അലങ്കരിച്ചു വെച്ചിട്ടുള്ള ഇവയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മൂന്ന് കിടപ്പു മുറികൾ. ഭക്ഷണം കഴിക്കാൻ ചെറിയ ഒരു ഹാൾ, ലിവിങ് റൂം. പഞ്ചനക്ഷത്ര ഹോട്ടലുകളോട് കിടപിടിക്കുന്ന സൗകര്യങ്ങൾ!

 

പകൽ ഉണർന്നപ്പോൾ പുറത്തു മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു. ഡാൽ തടാകത്തിനു അപ്പുറത്തു കാണുന്ന മലകളെല്ലാം മഞ്ഞ് മൂടിക്കിടക്കുകയാണ്. ആ കൊടും തണുപ്പിനെ വകവെക്കാതെ കച്ചവടക്കാർ ഹൌസ് ബോട്ടുകളിൽ താമസിക്കുന്ന വിനോദസഞ്ചാരികളെ തങ്ങളുടെ ഉരുപ്പടികൾ കാണിക്കാൻ കാത്തു നിന്നു. 

 

"കഴിഞ്ഞ ആറേഴു മാസങ്ങൾ ഞങ്ങളെ സംബന്ധിച്ചിടത്തോളം ജീവൻമരണ പോരാട്ടം ആയിരുന്നു. ഏറെ നാളുകൾ നീണ്ടു നിന്ന കർഫ്യൂ. കല്ലേറും പെല്ലറ്റ് ബുള്ളറ്റ്  കൊണ്ടുള്ള അപകടങ്ങളും മനസ്സിനെ മടുപ്പിക്കുന്നവയായിരുന്നു. എന്ത് ചെയ്യാം, സഹിക്കുകയല്ലാതെ..." എല്ലാ കച്ചവടക്കാരും പറഞ്ഞത് ഒരേ കഥ മാത്രമായിരുന്നു. സഹനത്തിൻറെ സത്യകഥ!

 

പശ്‌മീന ഷാളിന്റെ നിർമ്മലതയിൽ മനസ്സ് നിറഞ്ഞ് ശ്രീമതി പറഞ്ഞു, ഒന്ന് വാങ്ങിച്ചേക്കാം. കാഷ്മീരി വസ്ത്ര നിർമ്മാണ രീതികളിൽ എന്നും ഒരു ലാളിത്യം നിറഞ്ഞുനിന്നിരുന്നു. തെളിഞ്ഞ നിറങ്ങൾക്കൊപ്പം ഇണങ്ങി നില്‍ക്കാൻ പാകത്തിൽ! 

 

ശ്രീനഗർ ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ ഏഴു ശതമാനമേ പോളിംഗ് ഉണ്ടായുള്ളൂ എന്ന വാർത്ത വന്നപ്പോൾ അതിശയം ഒന്നും തോന്നിയില്ല. അത് പ്രതീക്ഷിച്ചതു തന്നെ ആയിരുന്നു. ഭരണസംവിധാനത്തോട് ഒരുതരം വെറുപ്പ് അവിടത്തെ ജനങ്ങളിൽ  പ്രകടമായിരുന്നു. സാധാരണ ജനങ്ങൾക്ക് വേണ്ടി ഒരു രാഷ്ട്രീയ പാർട്ടിയും ഒന്നും ചെയ്യില്ലെന്ന് ആളുകൾ ഉറച്ചു വിശ്വസിക്കുന്ന പോലെ! 

 

"തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആരെയും പിന്നെ തിരിയിട്ടു തിരഞ്ഞാൽ പോലും ഇവിടെ കാണില്ല. അവരെല്ലാം അങ്ങ് ദില്ലിക്ക് പറക്കും. അവിടെ രാജാക്കന്മാരെ പോലെ വിരാജിക്കും. വെടിയുണ്ടകളെല്ലാം സാധാരണ ജനങ്ങൾക്ക് മാത്രം ഉള്ളതാണ്. അതുകൊണ്ടു തന്നെ ഇപ്രാവശ്യം ഞങ്ങളൊന്നും വോട്ടു ചെയ്യാൻ  പോകുന്നില്ല." ഡാൽ തടാകത്തിൽ ഒരു ഹൌസ് ബോട്ടിൽ കുശിനിക്കാരനായി ജോലി ചെയ്യുന്ന ഇമ്രാൻ വാചാലനായി. 

 

മഞ്ഞു മഴ നിലച്ചപ്പോൾ എല്ലാവരും പുറത്തേക്കിറങ്ങി. ഷിക്കാരയിൽ ഗാട്ട് വരെയുള്ള യാത്ര മനം മയക്കുന്നതായിരുന്നു. തെളിഞ്ഞ തണുത്ത വെള്ളത്തിൽ വിരൽ തൊട്ടപ്പോൾ എന്തൊരു രസം. തടാകത്തിലെ കച്ചവടക്കാരെല്ലാം പെട്ടെന്ന് അടുത്തുകൂടി. എന്തെങ്കിലും വാങ്ങിക്കു... ഞങ്ങളെ രക്ഷിക്കൂ... എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് കേൾക്കുമ്പോൾ സങ്കടം തോന്നി.

 

ശ്രീനഗറിൽ നിന്നും ഏകദേശം എൺപതു കിലോമീറ്റർ ദൂരെയുള്ള സോനാമാർഗിലേക്കാണ് യാത്ര. പുറത്തെ കാഴ്ചകൾ അത്ര രസകരം അല്ല. ഒഴിഞ്ഞു കിടക്കുന്ന  ഒരുപാടു കെട്ടിടങ്ങൾ. ഇടക്ക് ചില കടകൾ തുറന്നിട്ടുണ്ട്. വണ്ടി കുറച്ചു ദൂരം താണ്ടി പെട്ടെന്ന് നിന്നു. ദൂരെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നുണ്ട്. 

 

"അവിടെ കല്ലേറ് നടക്കുകയാണ്. വണ്ടി തിരിച്ചു അടുത്ത വഴി വിട്ടോളൂ." വഴിയോരത്തു നിന്ന് ആരോ വിളിച്ചു പറഞ്ഞു. ഡ്രൈവർ വണ്ടി തിരിച്ചു. ദൂരെ നിന്ന് പട്ടാള വണ്ടികൾ വരുന്നുണ്ടായിരുന്നു. "ഇന്ന് വെള്ളിയാഴ്ചയാണ്. പ്രശ്നം ഒന്നും ഇല്ല. ഞങ്ങൾക്ക് ഇതൊരു ശീലം ആയി. നിങ്ങൾ പേടിക്കേണ്ട... വിനോദ സഞ്ചാരികളെ ആരും ഒന്നും ചെയ്യില്ല." ഡ്രൈവർ ഞങ്ങളെ സമാധാനിപ്പിച്ചു. അയാൾ പറഞ്ഞത് ശരിയായിരുന്നു. പിന്നീടങ്ങോട്ടുള്ള യാത്രയിലൊന്നും ഒരു ശല്യവും ഞങ്ങൾക്കുണ്ടായില്ല.

 

പ്രകൃതീരമണീയമായ ഒരു പ്രദേശം ഇങ്ങനെ ആയിപ്പോയതിൽ അവിടത്തുകാർക്കെല്ലാം നല്ല സങ്കടം ഉണ്ട്. കൃഷിയും വ്യവസായവും നശിക്കാൻ തുടങ്ങിയിരിക്കുന്നു. വിനോദസഞ്ചാര മേഖല തികഞ്ഞ അവഗണനയിലും ആണ്. യുവാക്കൾക്കെല്ലാം ജീവിതത്തെ കുറിച്ച് തികഞ്ഞ ആശങ്ക മാത്രമാണ് ഉള്ളത്. അതിനെ ആണ് തീവ്രവാദികൾ മുതലെടുക്കുന്നത്. 

 

സോനാമാർഗിലെ കുന്നിൻപുറങ്ങൾ മഞ്ഞ് മൂടിക്കിടക്കുകയായിരുന്നു. കുതിരകളും സ്ലെജുകളും ആളുകളെ കുന്നിൻപുറത്തേക്ക് എത്തിക്കാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഉറഞ്ഞു കിടക്കുന്ന മഞ്ഞിൻകൂനകളിൽ കയറി നിന്ന് വിനോദ സഞ്ചാരികൾ സന്തോഷിച്ചു. അവർ പരസ്പരം മഞ്ഞു വാരിയെറിഞ്ഞു കളിച്ചു. ഗുൽമാർഗിലെ ഗൊണ്ടോല റോപ്പ്‌വേ യാത്ര ഏറെ രസകരം ആണ്. മഞ്ഞുമലകൾ താണ്ടി ഉയരങ്ങളിലൂടെ മെല്ലെ മെല്ലെ നീങ്ങുന്ന ട്രോളി ഇടിവെട്ടിയപ്പോൾ പെട്ടെന്ന് നിന്നു. അതിൻറെ ആഘാതത്തിൽ ട്രോളി ആടി ഉലഞ്ഞു. ആളുകൾ ഉച്ചത്തിൽ അലറി വിളിച്ചു. 

 

ശ്രീനഗറിൽ ട്യൂലിപ് ഗാർഡൻ ഫെസ്റ്റിവൽ നടക്കുന്ന സമയമാണിപ്പോൾ. വർണ്ണശബളമായ പൂന്തോട്ടം കാണാൻ നല്ല ഭംഗിയുണ്ട്. പല നിറങ്ങളിൽ പല വലുപ്പത്തിൽ ഒരുപാട് പൂക്കൾ! ഹസ്രത്ത്ബാൽ ഏറെ പുരാതനമായ മുസ്ലിം ആരാധനാലയം ആണ്. ശ്രീനഗർ സന്ദർശിക്കുന്നവർ തീർച്ചയായും ഇവിടെയൊന്ന് വരാതെ പോകാറില്ല. അതുപോലെ തന്നെയാണ് കുന്നിൻപുറത്തെ ശങ്കരാചാര്യ ക്ഷേത്രവും.

 

പഹൽഗാമിലെ കുതിര സവാരി തികച്ചും സാഹസികം തന്നെ ആയിരുന്നു. വികൃതി കുതിരകൾ ആളുകളെ സ്വിറ്റ്സർലാന്റ് കാണിക്കാനാണ് കൊണ്ടുപോകുന്നത്! കാശ്മീരിൻറെ പ്രകൃതി സൗന്ദര്യം ആരെയും ആകർഷിക്കുന്നത് തന്നെ ആണെന്ന് ഒരു സംശയവും ആർക്കും ഇല്ല. "നിങ്ങൾക്ക് ടൂറിസം വേണോ അതോ ടെററിസം വേണോ എന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടത്തെ യുവാക്കളോട് പറഞ്ഞത് എത്ര അന്വർത്ഥമാണ്.


shajan c kumarWirenews.in എഡിറ്റര്‍-ഇന്‍-ചീഫ് ആണ് ഷാജന്‍.

Tags: