യുവാവായിരുന്ന ഒന്‍പതു വര്‍ഷം

സുരേഷ് ബാബു
Tue, 25-07-2017 05:31:00 PM ;

yuvavayirunna onpathu varsham

തിരിഞ്ഞു നോക്കുമ്പോള്‍ ഞങ്ങളുടെ ജീവിതം സംഭവബഹുലമായിരുന്നു. എഴുപതുകള്‍, എണ്‍പതുകള്‍ ,തൊണ്ണൂറുകള്‍ .. അടിയന്തിരാവസ്ഥ,ഇന്ദിരാഗാന്ധി, നെക്‌സല്‍ബാരി, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, ഇന്‍ഫര്‍മേഷന്‍ റെവല്യൂഷന്‍... എന്തൊക്കെ ! ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിച്ച മൂന്ന് പതിറ്റാണ്ടുകളിലൂടെയാണ് എന്റെ തലമുറ ജീവിത സഞ്ചാരം ചെയ്തത്..
കരുണാകരന്റെ നോവല്‍, യുവാവായിരുന്ന ഒമ്പതു വര്‍ഷം, ചര്‍ച്ച ചെയ്യുന്നത്, എഴുപതുകളില്‍ തുടങ്ങി തൊണ്ണൂറുകളില്‍ അവസാനിച്ച നെക്‌സലൈറ്റ് പ്രസ്ഥാനത്തെ കുറിച്ചാണ്.

 

പുസ്തകവായന കഴിഞ്ഞപ്പോള്‍ ഞാന്‍ പെട്ടെന്ന് കുഞ്ചാത്തന്‍ ചേട്ടനെ ഓര്‍ത്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യൂനിറ്റ് മീറ്റിംഗ് നടന്നു കൊണ്ടിരിക്കെ താടി വളര്‍ത്തി നരച്ച കുപ്പായമിട്ട ഒരാള്‍ കേറി വന്നു. ഇരിക്കാന്‍ ക്ഷണിച്ചിട്ടും ഇരിക്കാതെ, മീറ്റിംഗില്‍ പറയുന്നതെല്ലാം അയാള്‍ കേട്ടു നിന്നു. കുറേ നേരത്തെകേള്‍വിക്കു ശേഷം പെട്ടെന്നുറക്കെ ഞങ്ങളോട് ചോദിച്ചു. 'നിങ്ങള്‍ ഉന്‍മൂലന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നുണ്ടോ?' മീറ്റിംഗില്‍ സംസാരിച്ചുകൊണ്ടിരുന്നയാള്‍ പെട്ടെന്ന് നിര്‍ത്തി. നിശബ്ദത.. ആരുമൊന്നും പറയുന്നില്ല. ഒടുക്കം ഞാനെണീറ്റ് അപരിചിതന്റെയടുത്ത് ചെന്നു. 'ചേട്ടാ , അത് ഞങ്ങളുടെ വിഷയമല്ല . ചേട്ടന്‍ പോയാട്ടേ' എന്ന് പറഞ്ഞു. ഞങ്ങളുടെ മീറ്റിംഗില്‍ അന്ന് ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒരാള്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. അദ്ദേഹം പെട്ടെന്നെണീറ്റ് ഞങ്ങളുടെ അടുത്ത് വന്ന് എന്നെ തടഞ്ഞു. 'കുഞ്ചാത്തന്‍ചേട്ടന്‍ നിക്കുന്നെങ്കില്‍ നിന്നോളൂ.. വിരോധമില്ല' എന്ന് പറഞ്ഞു. ' അല്ലെങ്കില്‍ വാ, നമുക്കോരോ ചായ കുടിക്കാം ' എന്നു പറഞ്ഞ് കുഞ്ചാത്തന്‍ ചേട്ടന്റെ തോളില്‍ കയ്യിട്ട് 'ജില്ലാ കമ്മറ്റി ' അയാളെ പുറത്തേക്ക് നയിച്ചു. ' നിന്റെ പരിഷ്‌കൃത ബുദ്ധിജീവിത്തം എന്നോട് വേണ്ട' എന്നുറക്കെ വിളിച്ചു പറഞ്ഞ്, കുഞ്ചാത്തന്‍ചേട്ടന്‍ ഇറങ്ങിപ്പോയി.  'ജില്ലാക്കമ്മറ്റി ' തിരികെ വന്നിരുന്നു. 'ആരാന്നറിയോ അത്? സഖാവ് കുഞ്ചാത്തന്‍. നെക്‌സലേറ്റാ.. കുറ്റ്യാടി പോലീസ് സ്റ്റേഷന്‍ ആക്രമത്തിലൊക്കെ പ്രതിയാ .. ' നക്‌സലേററ് എന്ന വാക്ക് വര്‍ഷങ്ങളായി, ഭയത്തോടെ, പ്രിയത്തോടെ, പിന്നെ ബഹുമാനത്തോടെ അറിഞ്ഞു കൊണ്ടിരുന്ന ഒന്നായിരുന്നല്ലോ അന്ന്. അച്ചന്റെ സ്‌കൂളില്‍ പത്തനംതിട്ടയില്‍ നിന്ന് വന്ന ടീച്ചര്‍. അന്ന് ഞാന്‍ അഞ്ചിലോ ആറിലോ... അവരും മുറച്ചെറുക്കനും തമ്മില്‍ അഗാധ പ്രണയം. ടീച്ചറിന്റെ അച്ഛന്‍ ഒരു നാള്‍ കരഞ്ഞുകൊണ്ട് സ്‌കൂളില്‍. 'എന്റെ മോളെ അവന് കൊടുക്കുന്നതിനേക്കാള്‍ നല്ലത്, ഞാനവളെ കൊല്ലുന്നതാ മാഷേ, അവന്‍ നെക്‌സലേറ്റാ ' അദ്ദേഹം അച്ഛനോട് പറഞ്ഞു. നെക്‌സലേറ റാവുക എന്നത്, എന്തോ വലിയ അരക്ഷിതാവസ്ഥയാണെന്ന് അന്ന് മനസില്‍ പതിഞ്ഞു.

 

ആനാളുകള്‍ക്ക് ശേഷം വളരെ ദിനങ്ങള്‍ കഴിഞ്ഞാണ് എന്താണ് നക്‌സലൈറ്റ് പ്രസ്ഥാനം എന്നും ആരൊക്കെയാണ് ചാരു മജുംദാര്‍, കെ.വേണു, അജിത തുടങ്ങിയവരെന്നും, എന്തായിരുന്നു കുറ്റ്യാടി പോലീസ് സ്റ്റേഷന്‍ ആക്രമണം എന്നും മറ്റും ശരിക്കറിയാന്‍ കഴിഞ്ഞത്. ബുദ്ധിമാന്‍മാരായ യുവാക്കളുടെ ആദര്‍ശ ധീരവും കര്‍മ തീവ്രവുമായ കൂട്ടായ്മ.

 

ഒരു കലാ സൃഷ്ടി പൂര്‍ണ്ണമായിക്കഴിയുമ്പോള്‍ അത് കലാകാരനില്‍ നിന്നും മാറി നില്‍ക്കുകയും സ്വതന്ത്ര വ്യക്തിത്വം ആര്‍ജിക്കുകയും ചെയ്യുന്നു. വലിയവര്‍ പറയുന്നത് അതുകൊണ്ടാണല്ലോ, കലയുണ്ടാവാനുള്ള ഒരു മീഡിയംമാത്രമാണ് കലാകാരന്‍. കല അയാളിലൂടെ സംഭവിക്കുകയാണ്. യുവാവായിരുന്ന ഒമ്പത് വര്‍ഷത്തില്‍ പക്ഷെ എഴുത്തുകാരന്‍ ഒട്ടിനില്‍ക്കുന്നു. വായനക്കാരന്റെ ഒപ്പം നടക്കുന്നു. അവന്‍ വായിക്കുമ്പോള്‍ ചുമലിന്‍ മുകളിലൂടെ നോവല്‍ താളുകളിലേക്ക് എത്തി നോക്കുന്നു.  നേരെ മുന്നില്‍ വന്നു നിന്ന് വായനക്കാരന്റെ മുഖത്ത് ആകാംക്ഷയോടെ നോക്കുന്നു. കരുണാകരന്‍ എന്ന എഴുത്തുകാരന്റെ ശൈലി ഇതാണോ എന്നറിയാന്‍ ഞാന്‍ അദ്ദേഹത്തിന്റെ മറ്റ് കൃതികളൊന്നും വായിച്ചിട്ടില്ല. ( പനിക്കിടക്കയില്‍ കിടന്നാണ് ഈ പുസ്തകം വായിച്ച്ത്. അതുകൊണ്ടാകുമോ?) ഒരു കാര്യം എനിക്ക് വ്യക്തമായറിയാം. ആത്മാവിന്റെ ഒരു കഷണം നോവല്‍ എന്ന പേരില്‍ പ്രസിദ്ധം ചെയതിരിക്കുകയാണ്, ശ്രീ കരുണാകരന്‍.

 

ഏഴ് പേരടങ്ങുന്ന ഒരു സംഘം, വര്‍ഗ്ഗ ശത്രുവിനെ ജനകീയ വിചാരണ ചെയത് ഉന്‍മൂലനം ചെയ്യുന്നു. എന്നിട്ട്  ഒളിയിടങ്ങളിലേക്ക് പലായനം ചെയ്യുന്നു. പലായനം എന്നത് പലര്‍ക്കും ജീവിതത്തില്‍ നിന്നു തന്നെ. തങ്ങളുടെ വ്യക്തിത്വം  മറക്കുള്ളിലാക്കി ഏതു നേരവും വന്നേക്കാവുന്ന ഒറ്റുകാരന്റെ നിഴലിനെ ഒരു പക്ഷെഭയന്ന് ,ആത്മസംഘര്‍ഷം ചുമന്ന്.... ഒരു പക്ഷെ പുറം ലോകം ഒരിക്കലും അറിയാതെ പോയതും ഈ ആത്മ സംഘര്‍ഷം തന്നെയായിരുന്നു. വര്‍ഗ്ഗ ശത്രു വിന്റെ ഉന്‍മൂലനം , വെറും കൊലപാതകം മാത്രമായിരുന്നുവോ എന്നു പോലും വിപ്ലവകാരി ചിന്തിച്ചു പോയിട്ടുണ്ടാവാം, പല റാസ്‌കോള്‌നിക്കോവ് മാരെ ഒരേ നേരം നെഞ്ചില്‍ പേറി അലയേണ്ടി വന്നപ്പോള്‍...

 

നോവലിന്റെ കഥ ചുരുക്കിപ്പറഞ്ഞില്ല എന്ന കുറവ് എന്റെയീ എഴുത്തിന് ഉണ്ടായിക്കൊള്ളട്ടെ. തീഷ്ണമായ ഒരാവിഷ്‌കാര ശൈലി തുടക്കം മുതല്‍ ഒടുക്കം വരെ ഈ നോവല്‍ കാക്കുന്നു. അത് അനുഭവിച്ചു തന്നെയറിയട്ടെ, വായനക്കാരന്‍.

 

പ്രതികരണതീഷ്ണമായിരുന്ന എന്റെ യൗവനത്തെ,  പനിക്കിടക്കയില്‍ ഈ നോവല്‍ വായിക്കവെ ഞാന്‍ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്ന് ചെന്ന് തൊട്ടു. സമാനഹൃദയരായ വായനക്കാരിലെല്ലാം ഈ കൃതി അതു തന്നെ ചെയ്യും; അത് തന്നെ ഈ പുസ്തകത്തെ സാര്‍ത്ഥകമാക്കും ... കാരണം അനീതിക്കെതിരെ കലാപം ചെയ്യുക ന്യായമാകുന്നു.

 

ഡി.സി ബുക്‌സാണ് 2017 ജനുവരിയില്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.


Suresh Babu_1.jpg (336×448)എച്ച്.ഡി.എഫ്.സി. ബാങ്കില്‍ റിലേഷന്‍ഷിപ്പ് മാനേജറാണ് സുരേഷ് ബാബു.

Tags: