നിപ്പാ: രോഗലക്ഷണമുണ്ടിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു

Glint staff
Tue, 22-05-2018 12:03:18 PM ;
kozhikode

nipah-virus

കോഴിക്കോട് നിപ്പാ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു. കോഴിക്കോട് പേരാമ്പ്ര കൂരാചുണ്ട് സ്വദേശി രാജനും നാദാപുരം സ്വദേശി അശോകനുമാണ് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു രാജന്‍. ഇയാളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. ഇതോടെ പനിബാധിച്ച് മരിക്കുന്നവരുടെ എണ്ണം പതിനൊന്നായി.

 

നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തില്‍ പൂനൈ വൈറോളജിയിലെ വിദഗ്ദ സംഘം ഇന്ന് കോഴിക്കോട് സന്ദര്‍ശിക്കും. നിപ്പ വൈറസിനെകുറിച്ച് പഠിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനുമാണ് അഞ്ചംഗ വൈറോളജി സംഘം കോഴിക്കോടേക്ക് വരുന്നത്. ഇതോടൊപ്പം വെറ്റിനറി സര്‍വകലാശാലയിലെ സംഘവും ഇന്ന് കോഴിക്കോട് എത്തും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറോടെ ഇന്ന് മുതല്‍ ജില്ലയില്‍ തുടരാന്‍ വനം മന്ത്രി രാജു നിര്‍ദേശം നല്‍കി.

 

നിപ്പാ വൈറസ് കൂടുതല്‍ ആളുകളിലേക്ക് പടരാതിരിക്കാനുള്ള നടപടികളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. കഴിഞ്ഞ് ദിവസം പരിശോധനയ്ക്ക് അയച്ച രക്ത സാമ്പിളുകളുടെ ഫലം ഇന്ന് പുറത്തുവരും. കൂടുതല്‍ ആളുകളുടെ രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതോടൊപ്പം മൃഗങ്ങളിലെ നിപ്പാ വൈറസ് ബാധ പഠിക്കാന്‍ പ്രത്യേക സംഘവും ഇന്ന് കോഴിക്കോട് എത്തും.

 

വവ്വാലിലും പന്നികളിലും നിപ്പ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്ന സംശയത്തിലാണ് മൃഗസംരക്ഷണവകുപ്പ് കോഴിക്കോട് എത്തുന്നത്. വവ്വാലുകളാണ് ചങ്ങരോത്ത് ആദ്യമായി നിപ്പ വൈറസ് മനുഷ്യരില്‍ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ പ്രദേശത്ത് ധാരാളം പന്നികളും ഉണ്ട്. ഇവയില്‍ രോഗബാധ ഉണ്ടായാല്‍ വലിയ ദുരന്തമുണ്ടാകും എന്ന ഭയത്തിലാണ് ആരോഗ്യവകുപ്പ്.

 

Tags: