ഡെല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പിയ്ക്ക് ഗവര്‍ണറുടെ ക്ഷണം

Thu, 12-12-2013 11:49:00 AM ;
ന്യൂഡല്‍ഹി

harsha vardhanഡെല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്റെ ഭാഗമായ ചര്‍ച്ചകള്‍ക്ക് ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് ഹര്‍ഷവര്‍ദ്ധനെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങ് ക്ഷണിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരും അവകാശം ഉന്നയിക്കാത്ത സാഹചര്യത്തിലാണ് ഗവര്‍ണറുടെ നടപടി. 70 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

 

ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് 31 സീറ്റുകള് നേടിയ ബി.ജെ.പിയെ ഗവര്‍ണര്‍ ക്ഷണിച്ചത്. നേരത്തേ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സര്‍ക്കാര്‍ രൂപീകരണം  സംബന്ധിച്ച് ഗവര്‍ണറുമായി ചര്‍ച്ച നടത്തിയിരുന്നു.

 

എന്നാല്‍, കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ല എന്ന നിലപാടിലാണ് ബി.ജെ.പി. പാര്‍ട്ടി ഈ നിലപാട് ഗവര്‍ണറെ അറിയിക്കുകയാണെങ്കില്‍ 28 സീറ്റുകള്‍ നേടിയ ആം ആദ്മി പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ ക്ഷണിച്ചേക്കും. എ.എ.പിയും സര്‍ക്കാര്‍ രൂപീകരിക്കാനില്ല എന്ന നിലപാട് തുടരുകയാണെങ്കില്‍ ഡെല്‍ഹി നിയമസഭ പിരിച്ചുവിടുകയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടി വരും.

Tags: