ഞങ്ങളെക്കുറിച്ച്‌ ... വാര്‍ത്തയെക്കുറിച്ച് ...

ബഹളം കേള്‍ക്കുന്നിടത്തേക്കു തിരിയുക എന്നത് മനുഷ്യസഹജസ്വഭാവമാണ്. സ്ഥിരം ബഹളമയമായ അന്തരീക്ഷം പരിചിതമാകുമ്പോള്‍ പൊട്ടിത്തെറികള്‍ അനിവാര്യമായിവരും, ഒന്നു തിരിഞ്ഞുനോക്കാന്‍. ഇത്തരം നോട്ടങ്ങളിലേക്ക് നമ്മെ നയിക്കുന്നത് ആകാംഷയും ഉത്കണ്ഠയുമാണ്. അത്തരം ഒരു മാധ്യമപരിസ്ഥിതിയിലൂടെ നാം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നു. ആകാംഷയേയും ഉത്കണ്ഠയേയും തൃപ്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. ജനം അത് ആകാംഷയോടെ കാത്തിരിക്കുന്നു. ഇത്തരമൊരു മാധ്യമപരിസ്ഥിതിയിലൂടെ ഉരുത്തിരിയുന്ന സമൂഹത്തില്‍ ആകാംഷയും ഉത്കണ്ഠയും ക്രമേണ ശരാശരി മനുഷ്യന്റെ സ്വഭാവത്തിന്റെ ഭാഗമാകുന്നു. ഈ പശ്ചാത്തലത്തിലേക്കാണ്  ലൈഫ് ഗ്ലിന്റ് പോര്‍ട്ടല്‍ പ്രവേശിക്കുന്നത്.

 

ഉത്കണ്ഠയില്‍ നഷ്ടമാകുന്നത് ശ്രദ്ധ. ലൈഫ് ഗ്ലിന്റിനെ വിജയിപ്പിക്കുക എന്നത് അതിന്റെ അണിയറപ്രവര്‍ത്തകരുടെ ഉത്തരവാദിത്വമാണ്. എന്നാല്‍  ലൈഫ് ഗ്ലിന്റിനെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഞങ്ങളുടെ ശ്രദ്ധ ഈ പോര്‍ട്ടലിനെ വിജയിപ്പിക്കുക എന്നതിലായിരിക്കില്ല. മറിച്ച് ഈ പോര്‍ട്ടലിന് ഒരു ലക്ഷ്യമുണ്ട്. അവ്യക്തതകളുടെ നടുവില്‍ ഏതിനും വ്യക്തത നല്‍കുക എന്നതിലായിരിക്കും ശ്രദ്ധ. അത് ഞങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച ഞങ്ങളുടെ വ്യക്തത. എന്തിലാണോ ഏര്‍പ്പെടുന്നത് അതില്‍ ശ്രദ്ധിച്ചാല്‍ വിജയം അനായാസം സംഭവിക്കും. വിജയം സംഭവിക്കേണ്ടതാണ്. സംഭവിപ്പിക്കേണ്ടതല്ല.

 

സംരംഭം വിജയിപ്പിക്കുക എന്നത് മുഖ്യലക്ഷ്യമാകുമ്പോഴാണ് അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെല്ലാം സമ്മര്‍ദ്ദത്തിലാവുന്നത്. വിജയിപ്പിക്കുന്നതിനു വേണ്ടി ആദ്യമൊക്കെ വിട്ടുവീഴ്ചകളും പിന്നെപ്പിന്നെ എന്തും ഏതും ചെയ്യാനും നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് പൊതുസമ്മതമായ ഉദാത്തലക്ഷ്യങ്ങള്‍ പുറമേ പ്രഖ്യാപിച്ചിട്ടും അതിനു വിപരീതമായ പ്രകടനം കാഴ്ചവെയ്‌ക്കേണ്ടിവരുന്നത്. ഇവിടെയാണ് ശ്രദ്ധയുടെ പ്രസക്തി. അഴിമതിയുടെ യഥാര്‍ഥ കാരണം തേടിപ്പോയാല്‍ എത്തിച്ചേരുന്നത് ശ്രദ്ധയിലെ ഈ സ്ഥാനം തെറ്റലിലാണ്.

 

അതിനാല്‍ ശ്രദ്ധ തെറ്റാതെ  പ്രവര്‍ത്തിക്കുകയാണെങ്കില്‍ വിജയിക്കും എന്നുള്ളതില്‍ ഞങ്ങള്‍ക്ക് തെല്ലും ആശങ്കയും സംശയവും ഇല്ല. ലോകം സമഗ്രമായ മാറ്റത്തിന്റെ സുപ്രധാന ഘട്ടത്തിലാണ്. എല്ലാ അര്‍ഥത്തിലും. മാറ്റത്തിന്റെ ഘട്ടം എപ്പോഴും ഇളക്കങ്ങളുടേതാണ്. അത് അനിവാര്യം. ബഹളങ്ങളിലൂടെ പ്രകടമാകുന്നത് മാറ്റത്തിന്റെ ലക്ഷണങ്ങളാണ്. അത് മാറ്റമല്ല. ലക്ഷണങ്ങളെ മാറ്റമായി കണ്ടാല്‍ കാണാതായിപ്പോകുന്നത് മാറ്റം. കാഴ്ചകളിലെ കാണാത്ത കാഴ്ചകളെ വാര്‍ത്തയായി അവതരിപ്പിക്കുകയാണ്  ലൈഫ് ഗ്ലിന്റ് ലക്ഷ്യമിടുന്നത്. ഇന്ന് എവിടേയും കാഴ്ചകളാണ്. അത് ലോകം എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. അതിന് മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്ന മാധ്യമം ആവശ്യമില്ല. എല്ലാം കാണുന്നു. അതുകൊണ്ട് തന്നെ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍ വാര്‍ത്തകളാകുന്നില്ല. അവ സംഭവങ്ങള്‍ മാത്രം. അതിനാല്‍ അകവും പുറവും പോലെ ലൈഫ് ഗ്ലിന്റ് ഒരു തരംതിരുവു നടത്തുന്നു. വാര്‍ത്തയും സംഭവങ്ങളും.

 

സംഭവങ്ങള്‍ (പുറം) കാണേണ്ടതാണെങ്കില്‍ വാര്‍ത്ത (അകം) അറിയേണ്ടതാണ്. അറിയേണ്ടത് അറിയിക്കുക എന്നതാണ് മാധ്യമധര്‍മം എന്നു ഞങ്ങള്‍ ഉറപ്പിക്കുന്നു. ഇവിടെ പരമ്പരാഗതരീതിയില്‍ ഉറച്ചുപോയ വാര്‍ത്തയ്ക്ക് മാറ്റത്തിന്റെ ഈ യുഗത്തില്‍ പുതിയ നിര്‍വചനം ഉരുത്തിരിയുന്നു. ഈ കാഴ്ചപ്പാടില്‍ വര്‍ത്തമാനലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തയും സംഭവങ്ങളും, പ്രാദേശികതലം മുതല്‍ ആഗോളതലം വരെയുള്ളവ ലൈഫ് ഗ്ലിന്റ് ലഭ്യമാക്കുന്നതാണ്.

 

ലൈഫ് ഗ്ലിന്റ് വ്യക്തികളോടാണ് സംവദിക്കുന്നത്. പൊതുവായി സമൂഹത്തെയല്ല. വ്യക്തികളിലൂടെ സമൂഹം സൃഷ്ടമാകുന്നു എന്നതിനാല്‍. അതുകൊണ്ടുതന്നെ ഞങ്ങള്‍ മത്സരത്തിനില്ല. കാരണം അവ്യക്തതയില്‍ മാത്രമേ മത്സരത്തില്‍ ഏര്‍പ്പെടാന്‍ കഴിയുകയുള്ളു. അതറിയണമെങ്കില്‍ ചില മാധ്യമങ്ങളുടെ പരസ്യവാചകം ശ്രദ്ധിച്ചാല്‍ മതി. ഒന്നാം സ്ഥാനം പ്രഖ്യാപിച്ചുകൊണ്ടുള്ള അടിക്കടി പ്രഖ്യാപനം. സഹമാധ്യമങ്ങളെ പിന്നിലാക്കിയത് മികവായി എടുത്തുകാട്ടുന്നു. തൊട്ടടുത്ത പരിപാടി ചിലപ്പോള്‍ കൗമാരക്കാരെക്കുറിച്ചുള്ളതാകും. അതില്‍ പങ്കെടുക്കുന്ന വിദഗ്ധ പറയുന്നുണ്ടാകും, കുട്ടികളിലുണ്ടാവുകയും സൃഷ്ടിക്കുകയും ചെയ്യുന്ന അനാരോഗ്യകരമായ മത്സരത്തെക്കുറിച്ച്. മത്സരത്തില്‍ ശ്രദ്ധിക്കുമ്പോള്‍ നഷ്ടമാകുന്നത് ശ്രദ്ധിക്കേണ്ടതിലെ ശ്രദ്ധയാണ്. ഈ ശ്രദ്ധയിലേക്ക് മാറാതെ മാധ്യമസ്വാതന്ത്ര്യത്തേക്കുറിച്ചും ഔചിത്യത്തേക്കുറിച്ചും അടിച്ചര്‍ത്തല്‍ ശ്രമത്തേക്കുറിച്ചും അതിരുകടക്കലുകളേക്കുറിച്ചും ചര്‍ച്ച ചെയ്തിട്ടു കാര്യമില്ല.

 

വെറും പുറം കാഴ്ചയുടെ മാനദണ്ഡങ്ങള്‍ മതി മാധ്യമപ്രവര്‍ത്തനത്തിന് എന്ന ധാരണയാണ് ഈ ശ്രദ്ധക്കുറവുമൂലം സംജാതമായിരിക്കുന്നത്. തെരുവിലെ ബഹളത്തില്‍ നില്‍ക്കുന്ന പ്രാഥമികവിദ്യാഭ്യാസം പോലുമില്ലാത്തയാള്‍ക്കും മാധ്യമപ്രവര്‍ത്തനം നടത്താമെന്നു തോന്നുന്നതും ഇവ്വിധത്തില്‍ മാറിയ മാധ്യമപ്രവര്‍ത്തനം കൊണ്ടാണ്. സിറ്റിസന്‍ ജേണലിസത്തിന്റെ മാനദണ്ഡങ്ങള്‍ മതി വാര്‍ത്തയെ കണ്ടെത്താനും നിശ്ചയിക്കാനും എന്ന ലാഘവബുദ്ധി  ദേശീയ-പ്രാദേശിക വ്യത്യാസമില്ലാതെ എല്ലാ മാധ്യമങ്ങളേയും നയിക്കുന്നതാണ് സ്ഥിരം ബഹളത്തിന്റേയും ഇടക്കിടയ്ക്കുള്ള പൊട്ടിത്തെറികളുടേയും കാരണം. ഇതെല്ലാമാകട്ടെ ജനാധിപത്യത്തിന്റെ പേരിലാണ് ചെയ്യുന്നത്. ഒരു നിമിഷം ആലോചിച്ചാല്‍ മനസ്സിലാവും അത് ജനാധിപത്യത്തോടുള്ള കൂറുകൊണ്ടാണോ അതോ തങ്ങളുടെ മാധ്യമങ്ങളുടെ പ്രചാരവര്‍ധനയ്ക്കുവേണ്ടിയാണോ ചെയ്യുന്നതെന്ന്. മത്സരത്തിലേര്‍പ്പെടുന്ന ഒരു മാധ്യമത്തിനും ഈ സ്വഭാവത്തില്‍ നിന്ന് രക്ഷപെടാനാകില്ല.

 

ഈ മാധ്യമപ്രവര്‍ത്തനത്തിന്റെ മൂല്യങ്ങള്‍ വ്യക്തിയുടെ ശീലത്തേയും വൈകാരികതയേയും കാഴ്ചപ്പാടിനേയും സ്വഭാവത്തേയും ആരോഗ്യത്തേയും ദോഷകരമായി സ്വാധീനിക്കുന്നു.നാം അറിയില്ലെന്നുമാത്രം.

 

ഈ പശ്ചാത്തലത്തിലാണ് വ്യക്തിയോടു സംവദിക്കുന്ന ലൈഫ് ഗ്ലിന്റ് അവ്യക്തതയില്‍ നിന്ന് വ്യക്തത അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. കൗമാരക്കാര്‍, അവരുടെ രക്ഷിതാക്കള്‍, യുവാക്കള്‍, വിവിധങ്ങളായ തൊഴിലുകളിലേര്‍പ്പെട്ടിരിക്കുന്നവര്‍, കുടുംബം, ജോലിസ്ഥലങ്ങള്‍, പൊതുസ്ഥലങ്ങള്‍ - ആര്‍ക്കും എവിടേയും പ്രശ്‌നങ്ങള്‍. അവ്യക്തതയില്‍ അത് സ്വാഭാവികമാണ്. വ്യാവസായികവിപ്ലവവും ശാസ്ത്രത്തിന്റെ അശാസ്ത്രീയപ്രയോഗവും നിമിത്തം ഇന്ന് നമ്മുടെ മണ്ണ് വിഷമയം. കുടിവെള്ളം വിഷമയം. ഭക്ഷണം വിഷമയം. മനുഷ്യന്റെ വാക്ക് വിഷമയം. അവന്റെ ശരീരം രോഗഗ്രസ്ഥം. മനസ്സ് അസ്വസ്ഥം. ഈ ഘട്ടത്തില്‍ നിന്നാണ് ഡിജിറ്റല്‍ യുഗത്തിലേക്ക്, പുതിയ ഒരു മാറ്റത്തിലേക്ക്, ഡിജിറ്റല്‍ ആയുധം നമ്മെ കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്. ഈ ഇളക്കത്തിന്റെ ആഘാതത്തില്‍ ഉലഞ്ഞ് വീണുപോകാതിരിക്കണമെങ്കില്‍ ശ്രദ്ധ ഒന്നുകൊണ്ടു മാത്രമേ സാധ്യമാകൂ. ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കും. അതിന് സംശയമില്ല. ആ മുന്നോട്ടുപോക്കില്‍ കൃത്യമായ കാല്‍വയ്പുകളോടെ ഊര്‍ജസ്വലമായി മുന്നേറാന്‍ സഹായകവും സൂചകവുമാകുന്നതാകണം വാര്‍ത്തയെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. മാറേണ്ടതു മാറുകയും നിലനില്‍ക്കേണ്ടത് നിലനില്‍ക്കുകയും വേണം. അതില്‍ ശ്രദ്ധിച്ചുകൊണ്ടായിരിക്കും  ലൈഫ് ഗ്ലിന്റിന്റെ പ്രവര്‍ത്തനമെന്ന് ഞങ്ങളുടെ വാക്ക്.