മൂന്നാം ക്ലാസ്സുകാരിയും അച്ഛനമ്മമാരുടെ ചുരുങ്ങിപ്പോകല്‍ വൈറസ്സും

Glint Guru
Sun, 07-07-2013 10:50:00 AM ;

മൂന്നാംക്ലാസ്സുകാരി ചിമിട്ടത്തി. നല്ലൊരു ഗാഡ്ജറ്റ്‌ പ്രേമി. ഇലക്‌ട്രോണിക് ഉപകരണങ്ങൾ പുള്ളിക്കാരത്തി ഉപയോഗിക്കുന്നതു കണ്ടാല്‍ കണ്ടുനില്‍ക്കുന്നവർക്ക് ചിലപ്പോൾ തോന്നും അതിന്റെ കഥ കഴിഞ്ഞെന്ന്‍. എന്നാല്‍ സംഗതി അങ്ങിനെയല്ല. സംശയരഹിതമായ രീതിയില്‍ അങ്ങേയറ്റം ആത്മവിശ്വാസത്തിന്റെ, പരിചയത്തിന്റെ ദ്രുതചലനമാണ് അതിലൂടെ പ്രകടമാകുന്നത്. വാചകവും ഒട്ടും മോശമല്ല. നഗരവാസിയാണെങ്കിലും നല്ല ശുദ്ധവും നാടനുമായ പ്രയോഗങ്ങളാണ്. നൃത്തം, ചിത്രം, പാട്ട് എന്നിത്യാദി ഏർപ്പാടുകളിലും മുന്നിലാണ്. സമൂഹത്തിലെ ഏറ്റവും ഉന്നതമായ എന്നു പറയാവുന്ന തലത്തില്‍ തന്നെയുള്ളവരാണ് മാതാപിതാക്കൾ. വിശേഷിച്ചും വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും കാര്യത്തില്‍. അവർ മകളെ നന്നായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇരുവർക്കും യഥാർഥത്തില്‍ ഗംഭീര ആസ്വാദനമാണ് ഈ ചിമിട്ടത്തി ഒപ്പിച്ചുകൊടുക്കുന്നത്. പരിപൂർണ്ണ സ്വാതന്ത്ര്യവും സ്‌നേഹവും കൊടുക്കുന്നതിനാലാണ് ആ മൂന്നാംക്ലാസ്സുകാരി ഇത്ര പ്രസരിപ്പും ഉത്സാഹവുമുള്ള ചുണക്കുട്ടിയായത്.

 

അതിഥികൾ വീട്ടില്‍ വന്നാലും ഇല്ലെങ്കിലും ഏതാണ്ട് ഒരുപോലെയാണ് ഈ കുട്ടിയുടെ പെരുമാറ്റം. തന്നെ മറ്റുള്ളവർ ശ്രദ്ധിക്കുന്നു എന്ന ചിന്തയോ നാണിക്കലോ ഒന്നും ഈ കുട്ടിക്കില്ല. എന്നാല്‍ മാതാപിതാക്കളുടെ ഒരു കണ്ണ് എപ്പോഴും ഇവളുടെ പുറത്താണ്. 'മോളൂ, കാല് താഴ്ത്തിയിട്ടിരിക്കൂ'- കസേരയില്‍ സൗകര്യപൂർവ്വം കാല് മടക്കിവച്ചിരിക്കുന്ന മകളോട് അമ്മ. മകൾ അത് കേട്ട ഭാവം നടിക്കാതെ അങ്ങനെ തന്നെ അതിഥികൾക്കൊപ്പം ഇരിക്കുന്നു. കുറച്ചുകഴിഞ്ഞ് അമ്മ അല്‍പ്പം സ്വരം ഉയർത്തി അതിഥികൾ ശ്രദ്ധിക്കും വിധം തന്നെ നേരത്തേ പറഞ്ഞത് ആവർത്തിക്കുന്നു. അപ്പോൾ അവൾ കാലുകൾ താഴത്തേക്കാക്കി ഇരിക്കുന്നു. അപ്പോഴേക്കും അവൾ അസ്വസ്ഥയായി. അതിഥികളും മാതാപിതാക്കളും സംസാരിച്ചുകൊണ്ടിരിക്കുന്നു. അവൾ എഴുന്നേറ്റ് കാർട്ടൂണിന്റെ സി.ഡിയിട്ട് ടിവി ഓണ്‍ ചെയ്തു. കുറേനേരം കഴിഞ്ഞപ്പോൾ അതിഥികളുമായുള്ള സംസാരം സുഗമമാകുന്നില്ല എന്നൊരു തോന്നാല്‍ ഗൃഹനാഥനു വന്നു. ചിമിട്ടത്തി അപ്പോൾ  ടിവിയുടെ മുന്നില്‍ തറയിലിരിക്കുകയാണ്. തറയില്‍ ഇരുന്നപ്പോൾ തന്നെ അച്ഛന്റെ മുഖം കടുത്തു. പിന്നീട് അദ്ദേഹം അതിഥികളോട് സംസാരിക്കുന്നുണ്ടെങ്കിലും ശ്രദ്ധ മകളിലാണ്. കുറച്ചുകഴിഞ്ഞപ്പോൾ അച്ഛൻ ഉത്തരവിട്ടു: 'മോളേ, ടിവി ഓഫ് ചെയ്യൂ'. അവൾ കേട്ട ലക്ഷണം കാണിച്ചില്ല. സന്തോഷപൂർവ്വം കാർട്ടൂണ്‍ കാണല്‍ തുടർന്നുകൊണ്ടിരുന്നു. അച്ഛന്റെ ശബ്ദം കടുത്തു: 'മോൾ, ടിവി ഓഫ് ചെയ്യൂ'. അപ്പോൾ അവൾ അച്ഛനെയൊന്നുനോക്കി. എന്നിട്ട് വീണ്ടും ടിവി കാണല്‍ തുടർന്നു. ആ അച്ഛന്റെ മുഖം കനത്തു. ഏതാണ്ട് പത്തമ്പത് കിലോ ഭാരം ഒറ്റയടിക്ക് മുഖത്ത് കൂടിയതുപോലെ തോന്നി. അദ്ദേഹം ആജ്ഞാപിച്ചു:'ടിവി ഓഫ് ചെയ്യൂ'. പാവം കുട്ടി അതോഫ് ചെയ്തു.

 

ആജ്ഞ നല്‍കിയ അച്ഛന്റെ അച്ഛനെ കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ അച്ഛനെ ആ മുഖത്ത് കാണാൻ ഒരു പ്രയാസവുമുണ്ടായില്ല. പറഞ്ഞാല്‍ കേൾക്കായ്ക കുട്ടികളുടെ ഭാഗത്തുനിന്നുണ്ടായാല്‍ അത് അംഗീകരിക്കാൻ പറ്റില്ല. കുട്ടികൾക്ക് പ്രാഥമികമായി വേണ്ട സ്വഭാവമാണത്. അനുസരണയുണ്ടാവണം. ഇതൊക്കെയാണ് അച്ഛന്റെ ആ ആജ്ഞയിലൂടെ പുറത്തുവന്നത്. അവസാനത്തെ ആജ്ഞ അവൾ അനുസരിച്ചത് പേടിയില്‍ നിന്നാണ്. കാരണം അടുത്തത് എന്താവുമെന്ന്‍ അവൾക്കറിയാം. വിദ്യയുടെ കാര്യത്തില്‍ സമ്പന്നരായിട്ടും സാമൂഹികമായുള്ള സ്വാധീനം നമ്മെ വിട്ടുപോകുന്നില്ല. അപ്പനപ്പൂപ്പന്മാരിലൂടെ വരുന്ന സാമൂഹികസ്വഭാവങ്ങളില്‍ ചില പ്രത്യക്ഷ-പ്രകടമാറ്റങ്ങളൊക്കെയുണ്ടായിട്ടും കാതലായ മാറ്റം സംഭവിക്കുന്നില്ല.

 

ആ മൂന്നുവയസ്സുകാരിയെ സംബന്ധിച്ചിടത്തോളം തന്റെ സന്തോഷത്തിന്റെ വഴിയില്‍ ചില നേരങ്ങളില്‍ അവളുടെ അച്ഛനും അമ്മയും തടയിടുന്നു. ആരും ശ്രദ്ധിക്കണമെന്ന സ്വഭാവക്കാരിയല്ലെന്നുള്ളത് ശരിയാണെങ്കിലും അവളിലെ കുഞ്ഞ് അറിയാതെ താൻ ശ്രദ്ധിക്കപ്പെടുന്നുണ്ടോ എന്ന്‍ അന്വേഷിക്കുന്നുണ്ടാകും. വിരുന്നുകാരും വീട്ടുകാരുമൊക്കെ അവളുടെ കാര്യങ്ങൾ തുടക്കത്തില്‍ തിരക്കി, അവളുടെ പ്രകടനങ്ങൾ കണ്ടും കേട്ടും വിവരിച്ചുമൊക്കെ അവളെ സുഖിപ്പിക്കും. അതുകഴിഞ്ഞ് വീട്ടുകാരും വിരുന്നുകാരും സംഭാഷണങ്ങൾ തുടങ്ങുമ്പോൾ ഇരുകൂട്ടരും ഇഷ്ടവിഷയങ്ങളിലൂടെ വ്യാപരിക്കും. ആഗോള രാഷ്ട്രീയം മുതല്‍ ആപ്പീസ് രാഷ്ട്രീയം വരെ വിഷയമാകാം. ആ സമയത്ത് കുട്ടി അവൾക്ക് താല്‍പ്പര്യമില്ലാത്ത വിഷയം കുറച്ചുനേരമൊക്കെ കേട്ടെന്നിരിക്കും. അവൾക്ക് ബോറടിച്ചപ്പോഴായിരിക്കും അവൾ ഇരുത്തത്തില്‍ അല്‍പ്പം സുഖം വരുത്താനായി കാലെടുത്ത് കസേരയിലിരുന്ന്‍ നോക്കിയത്. അത് അമ്മ വിലക്കി. പിന്നെ കാർട്ടൂണ്‍ കാണാൻ നിശ്ചിയിച്ചു. അപ്പോഴാണ് അത് സംഭാഷണത്തിന് അലോസരമായതിനാല്‍ അത് നിർത്താനും ഉത്തരവുണ്ടായത്.

 

അവളുടെ അഛനോ അമ്മയോ ആരെങ്കിലുമൊക്കെ എപ്പോഴെങ്കിലും കാലെടുത്തു കസേരയില്‍ മടക്കിവച്ചിരുന്നിട്ടുണ്ടാവും. അതിന്റെ സ്വാധീനമാകാം ഒരുപക്ഷേ അവളേയും അവളറിയാതെ അതിനു പ്രേരിപ്പിച്ചത്. ചിലപ്പോൾ വീട്ടില്‍ ആരുമില്ലാത്തപ്പോൾ അങ്ങിനെയിരിക്കുന്നത് കണ്ടാല്‍ മാതാപിതാക്കൾ ഒന്നും പറയാറുണ്ടാവില്ല. പക്ഷെ, അതിഥികളുടെ മുന്നില്‍ അങ്ങിനെയിരുന്നാല്‍ അതിന്റെ കുറച്ചില്‍ കുട്ടിക്കല്ല, അവർക്കാണ് എന്ന തോന്നലില്‍ നിന്നാണ് ആ വിലക്കുവരുന്നത്.

 

ഏതവസരത്തിലാണെങ്കിലും കുട്ടികളുടെ മുഖത്ത് നോക്കുന്നതായാലും പറയുന്നതായാലും അവരില്‍ അത് ഏത് പ്രതികരണവും ധാരണയുമായിരിക്കും ഉണ്ടാക്കുക എന്ന്‍ ഓർക്കേണ്ടതാണ്. ആ ധാരണ ആജീവനാന്തം അവരെ പിന്തുടരുന്നതും നയിക്കുന്നതുമായിരിക്കും. അവരുടെ ജീവിത വിജയത്തിലും സാമൂഹികമായ ഇഴുകിച്ചേരലിലുമെല്ലാം അത് നിർണ്ണായക പങ്കുവഹിക്കുന്നു. അവരുടെ വൈകാരികതയെ സമ്പുഷ്ടമാക്കുകയും വികലമാക്കുകയും ചെയ്യുന്നത് ഇത്തരത്തിലുള്ള ചെറിയ നോട്ടങ്ങളും വാക്കുകളുമാണ്. കുട്ടികളെ നോക്കിയാല്‍ മാതാപിതാക്കളെ കാണാം എന്ന്‍ പറയുന്നത് ശരിതന്നെയാണ്. അതേസമയം മാതാപിതാക്കൾ കുട്ടികളിലൂടെ തങ്ങളെ ഒളിപ്പിക്കാൻ ശ്രമിക്കുന്നത് അപകടമാണ്. ഇവിടെ അതിഥികളില്ലാത്തപ്പോൾ പെരുമാറുന്ന രീതിയിലാണ് ഈ ചിമിട്ടത്തി പെരുമാറിയത്. എന്നാല്‍, മറ്റുള്ളവർ ഇഷ്ടപ്പെടില്ലെന്ന് കരുതുന്ന തങ്ങളുടെ ശീലങ്ങൾ കുട്ടികളിലൂടെ വരുമ്പോൾ അത് മറച്ചുവച്ചിട്ട് മറ്റൊരു മുഖം കാണിച്ച് അതാണ് ഞങ്ങൾ എന്ന്‍ മറ്റുളളവരെ ധരിപ്പിക്കാനുള്ള ശ്രമമാണ് മാതാപിതാക്കൾ അതിഥികളുടെ മുന്നില്‍ കുട്ടികളെ  തിരുത്താൻ ശ്രമിക്കുന്നതിലൂടെ നോക്കുന്നത്. തങ്ങളെ കുറിച്ച് മറ്റുള്ളവർ മോശമായി ചിന്തിക്കുമെന്നും അങ്ങിനെവരുമ്പോൾ മറ്റുള്ളവരുടെ മുന്നില്‍ ചെറുതായിപ്പോകുമെന്നുമുള്ള ചുരുങ്ങല്‍ത്തോന്നലില്‍ ഞെരുങ്ങി, ആ ഞെരുങ്ങലില്‍ നിന്ന്‍ പുറത്തുകടക്കാൻ വേണ്ടിയാണ് പാവം കുഞ്ഞുങ്ങളെ മാതാപിതാക്കൾ കരുവാക്കുന്നത്. മാതാപിതാക്കൾ ഇതൊട്ട് അറിയുന്നതുമില്ല. തങ്ങളെ വളർത്തിയപോലെ തങ്ങളും വളർത്തുന്നു. അത്രതന്നെ!

 

അതുപോലെ അച്ഛൻ ടിവി ഓഫാക്കാൻ മകളോടു പറഞ്ഞു. മകൾ അതു കേൾക്കുന്നില്ല. അപ്പോഴേക്കും അച്ഛന്റെ അധികാരഭാവം പുറത്തുവന്നു. അതിഥികളുടെ മുന്നില്‍ താൻ വിലയില്ലാത്തവനായിത്തോനിപ്പോകും. വിലിയില്ലായ്മ എങ്ങിനെ സഹിക്കാനാവും? അവിടെ തന്റെ സ്ഥാനം ഉറപ്പിച്ച് ആശ്വാസം കണ്ടെത്താൻ വേണ്ടി മാത്രമാണ് ആ ആജ്ഞയും അതു നടപ്പിലാക്കലും. അതു നടപ്പിലായപ്പോൾ ആ അച്ഛന്റെ മുഖത്ത് തെളിഞ്ഞ ആശ്വാസം പ്രകടവുമായിരുന്നു. അപ്പോൾ ആ അച്ഛന് തന്റെ സ്ഥാനത്തിന് ഉലച്ചില്‍ തട്ടാതെ കാത്ത മകളോടുള്ള ഔദാര്യമെന്നോണം മകളോട് സൗമ്യസ്വരത്തില്‍ പറയുകയുണ്ടായി, പോയി കളിച്ചുകൊള്ളാൻ.

 

ഈ മൂന്നാം ക്ലാസ്സുകാരി, ഇതിനകം നൂറുകണക്കിന് വർഷങ്ങളായി തുടർന്നുവരുന്ന, മനുഷ്യന്റെ ജീവിതം തന്നെ ദുസ്സഹമാക്കുന്ന സാഹചര്യങ്ങളിലകപ്പെടാൻ കാരണമാകുന്ന കാര്യങ്ങൾ ഉള്ളിലേക്കെടുത്ത് കഴിഞ്ഞിരിക്കുന്നു. അവൾക്കറിയാം അവളുടെ മാതാപിതാക്കൾ തന്നോട് അതിയായ സ്‌നേഹമുള്ളവരാണെന്ന്‍. ആ സ്‌നേഹത്തോടൊപ്പം ഇപ്പോൾ അടിച്ചേല്‍പ്പിക്കുന്ന നിരോധങ്ങളൊക്കെയും കുറേകഴിയുമ്പോൾ അവളും കരുതും അതൊക്കെ ആവശ്യമായിരുന്നുവെന്ന്. ചിലപ്പോൾ ഇത്തരത്തില്‍ നിരോധങ്ങളേർപ്പെടുത്തിയതിനെ പുകഴ്ത്തിയെന്നുമിരിക്കും. അതായത് സ്‌നേഹത്തെക്കുറിച്ചുള്ള അടിസ്ഥാനകാഴ്ചപ്പാടില്‍ ഈ നിരോധങ്ങളും കലർന്നുവരും. അച്ഛൻ മകളോട് സ്‌നേഹംകൊണ്ടല്ല ടിവി ഓഫ് ചെയ്യാൻ ആജ്ഞാപിച്ചത്. തന്റെ ആവശ്യത്തിനായിരുന്നു. തന്റെ വികാരത്തെ ശമിപ്പിക്കാനായിരുന്നു. സംഭാഷണത്തിന് ടിവിയുടെ ശബ്ദം തടസ്സമായിരുന്നുവെങ്കില്‍, 'മോളേ, ടീവീടെ ശബ്ദമൊന്നു കുറയ്ക്കുമോ' എന്നു ചോദിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ, ഒരുപക്ഷേയല്ല, തീർച്ചയായും അവൾ അതു ചെയ്യുമായിരുന്നു. താൻ സന്തോഷിക്കുന്നത് അവസാനിപ്പിക്കാനാണ് അച്ഛൻ പറയുന്നതെന്ന ധാരണ അവളറിയാതെ അവളുടെ ഉള്ളില്‍ നിക്ഷേപിക്കപ്പെടുകയില്ലായിരുന്നു. സ്‌നേഹത്തിന്റെ യഥാർഥ നിർവചനം അവളില്‍ എഴുതപ്പെടുമായിരുന്നു. കാരണം സ്‌നേഹത്തിന്റെ സാന്നിധ്യത്തില്‍ ദേഷ്യത്തിനോ അക്ഷമയ്‌ക്കോ ഒന്നും നിലനില്ക്കാനാവില്ല. അതുപോലെതന്നെ അധികാരത്തെക്കുറിച്ചുള്ള ഏറ്റവും ദൂഷിതമായ ധാരണ ആ കുഞ്ഞുമനസ്സില്‍ ഇവ്വിധം ചെറിയ കാര്യങ്ങളിലൂടെ ഉറഞ്ഞുകൂടുകയാണ്. കാര്യങ്ങൾ നടത്തിയെടുക്കുന്നതിനുള്ള ഉപാധിയാണ് അധികാരം. എന്നാല്‍, മറ്റൊരാളുടെ മേല്‍ മേധാവിത്വം സ്ഥാപിക്കാനും പ്രയോഗിക്കാനുമുള്ള അവസരമല്ല. ആ ടിവി ഓഫ് ചെയ്യല്‍ ആജ്ഞയിലൂടെ അധികാരവും അക്ഷമയും തമ്മില്‍ എന്തോ പൊക്കിൾക്കൊടിബന്ധമുണ്ടെന്ന് ആ കുഞ്ഞ് ധരിക്കുകയാണ്. അധികാരിയുടെ സന്തോഷത്തിനനുസരിച്ചു പ്രവർത്തിക്കുകയാണ് വേണ്ടതെന്നും ധരിച്ചുവശാവുന്നു. മനുഷ്യന്റെ സർഗശേഷി മുഴുവൻ പാഴായിപ്പോവുകയും ഓഫീസ് അന്തരീക്ഷങ്ങൾ സാംസ്‌കാരികമായി മലിനമാവുകയും ചെയ്യുന്നതിന്റെ പ്രധാന കാരണം അധികാരവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന യജമാനൻ-അടിമ സമവാക്യ പെരുമാറ്റമാണ്. ഇതു ഓഫീസില്‍ മാത്രമല്ല ഒതുങ്ങുന്നത്. വ്യക്തിജീവിതത്തില്‍ ഇത്  വൈകാരികമായി വലിയ പങ്ക് വഹിക്കുന്നു. കാരണം ഒരുകാര്യം പറഞ്ഞത് അതുപോലെ മറ്റൊരാൾ കേട്ടില്ലെങ്കില്‍ അക്ഷമ വരുന്നു. അക്ഷമ കോപത്തിലേക്കു നയിക്കുന്നു. കോപം വന്നാല്‍ എല്ലാം നശിക്കുകയായി.

 

കുട്ടികൾ  സ്വാഭാവികമായി പെരുമാറുമ്പോഴാണ് അതിഥികൾക്ക് സന്തോഷമുണ്ടാവുക. നാം തന്നെ ഒരതിഥിയായി ഒരു നിമിഷം ആലോചിച്ചാല്‍ മനസ്സിലാവുന്നതേയുള്ളു. അതിഥികളുടെ മുന്നില്‍ വച്ചുപോലും അവരെ ശ്രദ്ധിക്കേണ്ടതും അവരുടെ കുസൃതികൾ അനുവദിച്ചുകൊടുക്കേണ്ടതും ആവശ്യമാണ്. വ്യക്തിപരമായും സാമൂഹ്യപരമായും. അതിഥികളും ആ രീതിയില്‍ പെരുമാറേണ്ടതാണ്. മാതാപിതാക്കളുടെ കാഴ്ച്ചപ്പാടില്‍ തങ്ങൾക്ക് മോശമാകുന്നവിധം പെരുമാറുന്നുവെങ്കിലും കുട്ടികളെ വിലക്കാതെ ജാള്യതയില്ലാതെ മാതാപിതാക്കൾക്കു നില്‍ക്കാന്‍ കഴിഞ്ഞാല്‍ അത് വളരെ മഹത്തരമായ കാര്യമാണ്. അങ്ങനെയുള്ള രക്ഷാകർത്താക്കളാണെങ്കില്‍ അധികം ബോറാവുന്ന വിധത്തില്‍ കുട്ടികൾ എത്രചെറുതായാലും പ്രവർത്തിക്കുകയില്ല എന്നതാണ് മറ്റൊരുകാര്യം.

 

ഇവിടുത്തെ ഈ മൂന്നാംക്ലാസ്സുകാരി ഒരുപാട് സ്വാതന്ത്യവും സന്തോഷകരമായ അന്തരീക്ഷവുമൊക്കെ ആസ്വദിക്കുന്നുണ്ട്. അതിന് കാരണം അവളുടെ മാതാപിതാക്കളുടെ വളർത്തല്‍ രീതിയുടെ മെച്ചം തന്നെ. ആ മിടുക്കാണ് അവളെ ചിമിട്ടത്തിയാക്കുന്നതും. ഊർജസ്വലയായ ഈ കുട്ടിയുടെയുള്ളില്‍ ചെറിയ വൈകാരിക വൈറസ്സുപോലും കയറുന്നത് അപകടമാണ്. കാരണം അവളുടെ പ്രതികരണം അവ്വിധത്തിലായിരിക്കും. ചെറിയ വിപരീതാത്മകത അവളില്‍ കുടിയേറിയാല്‍ മതി, മുതിരുമ്പോൾ അവൾ ചിലപ്പോൾ വൻ ആന്തരികസംഘട്ടനത്തിലും പലരുമായി ഒത്തൊരുമിച്ചു നീങ്ങാനും ബുദ്ധിമുട്ട് നേരിട്ടെന്നുമിരിക്കും. അവളുടെ സകല കഴിവുകളും ചെറിയ വിപരീതാത്മകതയില്‍ തട്ടി അതിന്റെ ശോഭ വേണ്ടത്ര ഉണ്ടാകാതെ പോകും.

Tags: