അച്ചടക്കമില്ലാതെ പോയ അച്ഛന്റെ മകൻ

Glint Guru
Sat, 02-08-2014 04:40:00 PM ;

 

സർക്കാരുദ്യോഗസ്ഥനായ അമ്പത്തിയഞ്ചുവയസ്സുകാരൻ. മൂന്നു സഹോദരിമാരും ഒരു സഹോദരനും താഴെ. ഇയാൾ ചെറുതിലേ മുതൽ ഉടക്കാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം വീട്ടിൽ പ്രശ്നമുണ്ടാക്കും. മുഖ്യമായും അച്ഛനുമായാണ് പ്രശ്നം. അച്ഛൻ വൈകുന്നേരം വീട്ടിലെത്തുന്നത് നന്നായി മദ്യസേവയൊക്കെ കഴിഞ്ഞാണ്. എന്നാൽ മദ്യപാനത്തിന്റെ പേരിലല്ല മകൻ ഉടക്കുണ്ടാക്കുന്നത്. വീട്ടിൽ ഈ പുള്ളി നിമിത്തം എല്ലാവരുടേയും സ്വൈരം കെട്ടു. ഒഴിവുദിവസമോ ഓണം പോലുള്ള ആഘോഷമോ എന്തെങ്കിലും വന്നാൽ വീട്ടുകാർക്ക് പേടിയാണ്. അന്ന് എന്തെങ്കിലും വലിയ വഴക്കുണ്ടാക്കി അന്തരീക്ഷം അശകൊശയാക്കിക്കളയും. വീട്ടിലെ പ്രശ്നക്കാരനാകയാൽ ഇയാൾ ഒറ്റപ്പെട്ടു. അതുതന്നെ ഇയാൾക്ക് ഉടക്കാൻ ഉഗ്രൻ വിഷയവുമായിരുന്നു. അച്ഛന്റെ മദ്യപാനം കണ്ടിട്ടാകാം ഇയാൾ മദ്യപാനത്തിന്റേയോ ലഹരി ഉപയോഗങ്ങളുടേയോ വഴിയിലേക്ക് പോയില്ല. കല്യാണം തനിക്ക് ചേരുന്നതല്ലെന്ന് കണ്ട് കല്യാണം വേണ്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യതീരുമാനം. അതുകാരണം വൈകിയാണ് കല്യാണം കഴിച്ചത്. അതോടുകൂടി അദ്ദേഹത്തിന് തന്റെ വീട്ടുകാരെ നേരിടാൻ ഒരാളെക്കൂടി കൂട്ടുകിട്ടിയ അവസ്ഥയായി. ഉഗ്രപോരാട്ടം. കുട്ടിയുണ്ടായപ്പോൾ ആ കുട്ടി സഹോദരങ്ങളുടെ കുട്ടികളുമായി ഇടപഴകുന്നതിന് വിലക്ക് ഏർപ്പെടുത്തി. അനുജനെയും കുടുംബത്തേയും വീട്ടിൽ നിന്ന് പുകച്ചു പുറത്തുചാടിച്ചു. സഹോദരിമാർക്കും അവരുടെ കുട്ടികൾക്കും വീട്ടിലേക്കുള്ള പ്രവേശനം തടഞ്ഞു. ഇതിനിടെ അച്ഛൻ മരിച്ചു. അമ്മയുടെ കൈയ്യിൽ നിന്നും മുക്ത്യാർ എഴുതി വാങ്ങി അത്യാവശ്യ വ്യവഹാരങ്ങളെല്ലാം തനിക്കനുകൂലമായ രീതിയിൽ നടത്തി. വീട്ടിൽ ഒരു ജോലിക്കാരിയേയും വച്ച് പകൽ വീട് പൂട്ടിയിട്ടാണ് ഇദ്ദേഹവും ഭാര്യയും ജോലിക്കു പോവുക. ഫോൺ സംവിധാനവും ഇല്ലാതാക്കി. ഒരു കാരണവശാലും തന്റെ സഹോദരങ്ങൾ അമ്മയുമായി ബന്ധപ്പെടരുത്. എന്നിരുന്നാലും ചിലപ്പോഴൊക്കെ സഹോദരിമാർ വീട്ടിലും പരിസരത്തുമെത്തി അമ്മയെ കാണാൻ ശ്രമിച്ചിരുന്നു. അതും ഒഴിവാക്കാൻ അദ്ദേഹം കോടതിയിൽ നിന്നും അവർക്ക് വീട്ടിൽ കയറുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ട് ഉത്തരവ് സമ്പാദിച്ചു. അതിനുശേഷം സഹോദരിമാർ അമ്മയ്ക്ക് ചെലവിനു നൽകാൻ ഹൈക്കോടതിയിൽ നിന്ന് വിധിയും സമ്പാദിച്ചു. ആയിനത്തിൽ കുടിശ്ശികയായി ഒന്നര ലക്ഷം രൂപ ഇദ്ദേഹത്തിനു നൽകണമെന്നും ഹൈക്കോടതി വിധിക്കുകയുണ്ടായി. കഴിഞ്ഞ മൂന്നു വർഷമായി ഇദ്ദേഹമൊഴികെ മറ്റ് മക്കളാരും തന്നെ അമ്മയെ കാണുകയോ അവരുമായി ബന്ധപ്പെടുകയോ ചെയ്യാൻ കഴിയാൻ വയ്യാത്ത അവസ്ഥയിലാണ്. കേസ്സുകൾ പലവിധത്തിൽ കൊടുത്ത് ഇവർക്കെല്ലാം തന്നെ കോടതിവരാന്തയിൽ നിന്ന് ഒഴിഞ്ഞുള്ള സമയവുമില്ലാതെയായി.

 

ഏതാണ്ട് എട്ടാംക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് ഇയാളുടെ ഈ ഉടക്ക് സ്വഭാവം. ആദ്യമൊക്കെ അച്ഛൻ നല്ല അടി കൊടുക്കുമായിരുന്നു. അധികം കഴിയുന്നതിനു മുൻപ് തന്നെ അച്ഛനു നേരേ തിരിയുകയും വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്ന അവസ്ഥയും വന്നതോടുകൂടി അടിപ്രയോഗം ഫലം കാണാതെയായി. ഇയാളോടൊഴികെ മറ്റെല്ലാവരോടും അച്ഛനും അമ്മയ്ക്കും സ്നേഹവും കരുതലുമാണെന്നാണ് കുഞ്ഞിലേ മുതലുള്ള ഇദ്ദേഹത്തിന്റെ വിശ്വാസം. അതിനാൽ തന്നെ വിഷമത്തിലാക്കി അവരാരും സന്തോഷിച്ചു കഴിയേണ്ട എന്നതാണ് ചെറുതിലേ മുതലുള്ള അദ്ദേഹത്തിന്റെ പക്ഷം. അച്ഛൻ പ്രായമായി മരിച്ചതാണെങ്കിലും ഒരസുഖവുമില്ലാതിരുന്ന തങ്ങളുടെ അച്ഛനെ ഇയാളുടെ പെരുമാറ്റം കൊല്ലുകയായിരുന്നുവെന്നാണ് മറ്റ് സഹോദരങ്ങൾ ഇപ്പോൾ പറയുന്നത്.

 

പന്ത്രണ്ട് വയസ്സിൽ തുടങ്ങിയ ഇയാളുടെ സ്വഭാവം അമ്പത്തിയഞ്ചു വയസ്സിലും മാറ്റമില്ലാതെ തുടരുന്നു. പന്ത്രണ്ട് വയസ്സിൽ ഒരു കുട്ടിയുടെ സ്വഭാവത്തിൽ വല്ല വൈകല്യവും പ്രകടമാവുകയാണെങ്കിൽ അതിനുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കും അധ്യാപകർക്കുമാണ് മുഖ്യമായിട്ടും. അത്യാവശ്യം വികസിതമായ നാട്ടിൻപുറത്താണ് ഇദ്ദേഹത്തിന്റെ വീട്. സുഹൃത്തുക്കളുമായി ഇദ്ദേഹത്തിന് നല്ല ബന്ധമാണ്. ആരുമായും ഒന്നിന്റേയും പേരിൽ വഴക്കിട്ടതോ ബന്ധം മോശമായതായോ കേട്ടുകേൾവി പോലുമില്ല. പണ്ട് സ്കൂളിൽ പോകുമ്പോൾ വഴിക്കുള്ള വീടെത്തുമ്പോൾ ഇയാളുടെ സുഹൃത്തുക്കൾ ഇയാളെ കളിയാക്കുമായിരുന്നു- എടാ നിന്റെ കഞ്ഞമ്മേടെ വീടാടാ, കേറുന്നോ. നിന്റച്ഛൻ രാത്രിയേ വരികയുള്ളു, പേടിക്കണ്ടടാ എന്നൊക്കെ. കൂട്ടുകാർ പറയുന്നത് ശരിയാണോ എന്നറിയാൻ ഒരിക്കൽ രാത്രി ഇയാൾ ഈ വീടിന്റെ പരിസരത്ത് മറഞ്ഞിരുന്നു. കൂട്ടുകാർ പറഞ്ഞതുപോലെ രാത്രിയിൽ തന്റെ അച്ഛൻ ആ വീട്ടിലേക്ക് കയറിപ്പോകുന്നത് നേരിട്ടുകണ്ടു. അപ്പോഴാണ് അച്ഛൻ എന്നും വൈകി വീട്ടിലെത്തുന്നതിന്റെ ഗുട്ടൻസും അയാൾക്ക് മനസ്സിലായത്. അദ്ദേഹത്തിന് ഇങ്ങനെയൊരു ഏർപ്പാട് ഉള്ളത് ഭാര്യയ്ക്കും മറ്റ് മക്കൾക്കുമൊഴികെ അദ്ദേഹത്തിനെ അടുത്തറിയാവുന്ന മിക്കവർക്കും അറിയാവുന്ന കാര്യമായിരുന്നു. ഇന്നും ഇയാൾക്കൊഴികെ വീട്ടിലെ മറ്റുള്ളവർക്ക് ഈ സംഗതി അറിയുമോ എന്നറിയില്ല.

 

പന്ത്രണ്ടാം വയസ്സിൽ അച്ഛൻ എന്ന സങ്കൽപ്പം ഉടഞ്ഞുപോയ കുട്ടിയുടെ വേദനയും സംഘർഷങ്ങളും അതിനെത്തുടർന്നുണ്ടായ പൊട്ടിത്തെറികളുമാണ് അന്നും ഇന്നും ഒരേ അളവിൽ തുടർന്നുകൊണ്ടിരിക്കുന്നത്. അയാളുടെ ഉള്ളിൽ അനുഭവിക്കുന്ന വേദനയിൽ നിന്നു മോചനത്തിനായാണ് ഇതെല്ലാം അന്നും ഇന്നും ചെയ്തുകൊണ്ടിരിക്കുന്നത്. തന്റെ വേദനയ്ക്ക് മറ്റുള്ളവരെ വേദനിപ്പിച്ചാൽ ചെറിയ ശമനം കിട്ടുമെന്ന് അയാൾ കരുതുന്നു. പലരും അങ്ങനെയാണ് കരുതുന്നത്. അതുകൊണ്ടാണ് വളരെ വേണ്ടപ്പെട്ടവർപോലും പലപ്പോഴും വഴക്കിലും വേദനിപ്പിക്കലിലും ഏർപ്പെടുന്നത്. ഇദ്ദേഹത്തിന്റെ കാര്യത്തിൽ അതിന്റെ അളവു കൂടിയെന്നു മാത്രം. തന്റെ അച്ഛനെപ്പോലെ ആകാതിരിക്കാനാണ് കുടുംബത്തിൽ മാത്രം ഒതുങ്ങി, വൈകിക്കിട്ടിയ തന്റെ കുടുംബത്തെ കാറ്റിൽ അണയാതെ കാക്കുന്ന ദീപനാളം പോലെ അദ്ദേഹം കൊണ്ടുനടക്കുന്നത്. ഭാര്യ പോലും അതിശയോക്തിയിൽ മറ്റുള്ളവരോട് പറയാറുണ്ടത്രെ, തന്നോട് പേരിനുപോലും ഒരിക്കലെങ്കിലുമൊന്നു ദേഷ്യപ്പെടാത്ത തന്റെ ഭർത്താവ് സഹോദരങ്ങളോട് ഇങ്ങനെ പെരുമാറണമെങ്കിൽ അവർ എത്രമാത്രം ക്രൂരമായി അദ്ദേഹത്തോട് പെരുമാറിക്കാണുമെന്ന്. ശരിയാണ്. തന്റെ ഭാര്യയോട് സ്നേഹവും വിശ്വാസ്യതയും പരിഗണനയും ഒക്കെ കാണിക്കുമ്പോൾ അയാൾ തന്റെ അച്ഛൻ ആകാതിരിക്കാൻ ശ്രമിക്കുകയാണ്. അച്ഛനെക്കുറിച്ചുള്ള വെറുപ്പും മതിപ്പില്ലായ്മയുമാണ് ഭാര്യയോടും മകനോടും അയാളെക്കൊണ്ട് അവ്വിധം മാതൃകാ കുടുംബനാഥനാക്കുന്നത്. സ്നേഹമെന്ന വികാരം മുൻപ് അദ്ദേഹമറിഞ്ഞിരുന്നത് സുഹൃത്തുക്കളിൽ നിന്ന്. വിവാഹശേഷം ഭാര്യയിൽ നിന്നും കുട്ടിയിൽ നിന്നും. അതുകാരണം അതൊന്നും നഷ്ടപ്പെടുത്താൻ അദ്ദേഹം തയ്യാറല്ല. അതുകൊണ്ടാണ് ഇയാൾ സുഹൃത്തുക്കളുടേയും പ്രിയങ്കരനാകുന്നത്.

 

തകർന്നുപോയ അച്ഛൻ യാഥാർഥ്യത്തിൽ നിന്ന് ഉടലെടുത്ത സ്വഭാവം ഇന്നും അദ്ദേഹത്തെ വേട്ടയാടുന്നു. സഹോദരങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്ന് ഇയാൾക്കെതിരെ യുദ്ധം ചെയ്യുന്നു. സകല ഊർജജവും ഉപയോഗിച്ചുകൊണ്ട് ഇയാളും അവർക്കെതിരെ യുദ്ധം തുടരുന്നു. അച്ഛന്റെ അച്ചടക്കമില്ലാത്ത സ്വഭാവത്തിന്റെ ഇരയാണ് ഇയാൾ. ആ അച്ഛന്റെ ആ സ്വഭാവമാണ് ആ കുടുംബത്തിന്റെ മുഴുവൻ തകർച്ചയ്ക്ക് കാരണമായിത്തീർന്നത്. എൺപതുകളിലെത്തിയ അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഇനി എന്നെങ്കിലും തന്റെ മറ്റ് മക്കളെ നേരിൽ കാണാൻ കഴിയുമോ എന്നു പോലും സംശയമാണ്. ഇതൊക്കെയാണെങ്കിലും തന്റെ അമ്മയോട് ഇദ്ദേഹത്തിന് വലിയ കാര്യമാണ്. കുടുംബകാര്യങ്ങളൊഴികെയുള്ള കുശലം പറച്ചിലും എല്ലാം ഉണ്ട്. പക്ഷേ മറ്റ് മക്കളുമായുള്ള ബന്ധത്തിനുള്ള സ്വാതന്ത്ര്യമില്ലെന്നു മാത്രം. അതുപോലും തനിക്ക് കുഞ്ഞുന്നാളിൽ ലഭിക്കാതിരുന്ന സ്നേഹം തനിക്കുമാത്രമായി ബലാൽക്കാരമായി നേടാനുള്ള ശ്രമം. ഒപ്പം അമ്മയോടുള്ള സഹതാപവും. അച്ഛൻ കാട്ടിയ വിശ്വാസവഞ്ചന നേരിൽ കണ്ടറിഞ്ഞ മകന്റെ സഹതാപം. പക്ഷേ ഇദ്ദേഹം മറക്കുന്ന ഒന്നുണ്ട്. അദ്ദേഹത്തിന്റെ മകനും ഇതെല്ലാം കണ്ടാണ് വളരുന്നത്. തന്റെ അച്ഛൻ കാണിക്കുന്ന അനീതികൾ ആ കുഞ്ഞുമനസ്സും രേഖപ്പെടുത്തും. അത് ഏതെല്ലാം വിപരീതാത്മക രീതിയിലാണ് ആ കുട്ടി മുതിരുമ്പോൾ പുറത്തുവരിക എന്നുള്ളത് കാലത്തിന് മാത്രമേ നിശ്ചയിക്കാൻ കഴിയുകയുളളു. ഉറ്റ ബന്ധുക്കളുണ്ടായിട്ടും ആ ബന്ധുത്വം നിഷേധിക്കപ്പെട്ട് അതറിയാതെ ജീവിക്കാൻ കാരണക്കാരനായ തന്റെ അച്ഛനോടും അമ്മയോടും സുഖചിന്ത തോന്നാൻ കാരണം കുറവാണ്. അച്ഛന്റെ സഹോദരിമാരും അനുജനും അവരുടെ മക്കളുമെല്ലാം ഈ കുട്ടിയുമായി അയാളുടെ അച്ഛൻ കാണാതെ ബന്ധപ്പെടുന്നു എന്നുള്ളത് അതിന്റെ തെളിവാണ്. അവരിൽ നിന്നും ഈ കുട്ടി തന്റെ അച്ഛന്റെ സ്വഭാവത്തിന്റെ നല്ല വശങ്ങളാവില്ല കേൾക്കുന്നത്. ഒരച്ഛന്റെ ജീവിതത്തിലെ അച്ഛടക്കമില്ലായ്മ തലമുറകളിലേക്ക് ബാധിക്കുന്നതിന്റേയും വിവിധ കുടുംബങ്ങൾ അതിന്റെ ദുരിതമനുഭവിക്കുന്നതിന്റേയും ചിത്രം.

Tags: