ഉറങ്ങുന്ന കുഞ്ഞുങ്ങളെ ഞെട്ടിയുണർത്താതിരിക്കാം

Glint Guru
Thu, 22-12-2016 03:20:10 PM ;

source

കുഞ്ഞുങ്ങൾ മുതിർന്നവർക്ക് എന്നും കൗതുകമാണ്. അവരുടെ കൗതുകമാണ് കുഞ്ഞുങ്ങൾ തങ്ങൾക്ക് ലഭിക്കുന്ന സ്‌നേഹമായി തിരിച്ചറിയുന്നതും. വിശേഷിച്ചും കണ്ണുറച്ചു തുടങ്ങി ലോകം കണ്ടു തുടങ്ങുന്ന കുഞ്ഞുങ്ങൾ. മണിക്കൂർ വച്ചാണ് അവരിൽ മാറ്റം വന്നുകൊണ്ടിരിക്കുന്നത്. ഓരോ ഘട്ടങ്ങളുടെ മാറ്റത്തിലൂടെയാണ് പ്രകൃതിയുടെ ഏറ്റവും മൂർത്തമായ, മറ്റൊരു ഗാഡ്ജറ്റിനും പകരം വയ്ക്കാനാകാത്ത   മഹാഗാഡ്ജറ്റ് രൂപപ്പെട്ടു മനുഷ്യനായി മാറുന്നത്. ലോകം കണ്ടു തുടങ്ങുന്ന കുഞ്ഞ് ഉണർന്നിരിക്കുന്ന ഓരോ നിമിഷത്തെ അനുഭവവും അതിന്റെ ശുദ്ധമായ അടിസ്ഥാനഫലകത്തിലേക്ക്  ഒപ്പിവച്ചുകൊണ്ടിരിക്കും. ഇന്ദ്രിയങ്ങൾ ശക്തി പ്രാപിക്കുന്നതനുസരിച്ച്. ജനിച്ചുവീണുടൻ തന്നെ കുഞ്ഞ് അമ്മയെ ഗന്ധത്തിലൂടെ മനസ്സിലാക്കിത്തുടങ്ങും. പിന്നെ ശബ്ദത്തിലൂടെ. അങ്ങനെ ഓരോ ഇന്ദ്രിയങ്ങളിലൂടെയും ലോകത്തെ അതു ഉള്ളിലാക്കിക്കൊണ്ടിരിക്കും. ഈ പ്രക്രിയ ഒരു കുട്ടിയുടെ അഞ്ചു വയസ്സുവരെ അതിശക്തമായി തുടർന്നുകൊണ്ടിരിക്കും.

 

കുഞ്ഞുങ്ങൾ കളിപ്പാട്ടം കൊണ്ടു കളിക്കുമ്പോൾ അവർക്കൊരു രസമുണ്ടാകും. ഏതാണ്ട് അതേ രസം തന്നെയാണ് നമുക്ക് കുഞ്ഞുകുഞ്ഞുങ്ങളെ എടുക്കുമ്പോഴും അവരുടെ ഭാവം തിരിച്ചറിയുമ്പോഴുമൊക്കെ മുതിർന്നവർക്ക് ലഭിക്കുന്നത്. നാലഞ്ചു മാസം കഴിയുമ്പോഴേക്കും കുട്ടികൾ ചിരിയും കളിയുടെ പ്രാഥമിക ലക്ഷണങ്ങളുമൊക്കെ കാട്ടിത്തുടങ്ങും. അവിടം തൊട്ട് മുതിർന്നവർ ഹരത്തിലാകും. കുഞ്ഞുങ്ങൾക്ക് ഉറക്കം വന്നാലും ഉറങ്ങാൻ വിടാതെ കളിപ്പിക്കാൻ നോക്കും. ചിലപ്പോൾ ഹരത്തിനായി ഉറക്കത്തിൽ നിന്നു ഉണർത്തിയെന്നുമിരിക്കും. സംശയമില്ല, മുതിർന്നവരുടെ കളിരസത്തിനു വേണ്ടിത്തന്നെയാണത്.

 

മകളുടെ കുഞ്ഞിനെ കാണാൻ ദൂരെനിന്നെത്തുന്ന മുത്തച്ഛനും മുത്തശ്ശിയും. തീവണ്ടിയിറങ്ങി വീട്ടിലെത്തിയപ്പോൾ നേരം രാത്രി പത്തു മണി കഴിഞ്ഞു. കുട്ടിയെ കണ്ട ആവേശത്തിൽ അതിനെ കളിപ്പിക്കാനും തങ്ങൾ വന്നതറിയിക്കാനും അവർക്ക് വെമ്പൽ. കുഞ്ഞാണെങ്കിൽ നല്ല ഉറക്കത്തിൽ. തങ്ങളുടെ ഹരത്തിന്റെ മുന്നിൽ കുഞ്ഞിന്റെ ഉറക്കമൊന്നും പ്രശ്‌നമല്ലാതായി മാറി. ഉണർത്തൽ ബഹളത്തിൽ കുഞ്ഞ് പെട്ടെന്ന് ഉണർന്നു. പക്ഷേ പ്രപഞ്ചവിസ്‌ഫോടനം നടന്നതു കാണുമ്പോലെ വൻ ഞെട്ടലോടെയാണ് കുഞ്ഞു കണ്ണും തുറിപ്പിച്ച് വായും വിടർത്തി കൈകൾ ഇരുവശത്തേക്കുമാക്കി ഉണർന്നത്. മുത്തച്ഛനേയും മുത്തശ്ശിയേയും കണ്ട കുഞ്ഞ് ഞെട്ടലിൽ നിന്ന് കരയാതെ കളിയിലേക്ക് പ്രവേശിച്ചു.

 

ആ കുഞ്ഞ് എന്തുകൊണ്ട് ഞെട്ടി? നാം ഞെട്ടുന്ന അതേ അവസ്ഥയിൽ തന്നെയാണ് ആ കുഞ്ഞും ഞെട്ടുന്നത്. പേടിച്ച്. ഇപ്പോഴും നമ്മൾ മുതിർന്നവരില്‍ ഞെട്ടുന്നത് നമ്മളിലെ ആ കഞ്ഞു തന്നെയാണ്. മുതിരുമ്പോൾ നാം നമ്മളിലെ കുഞ്ഞിനെ അറിയുന്നില്ലെന്നു മാത്രം. ഉണർന്നിരിക്കുമ്പോൾ പിന്നിലേക്ക് മാറുന്ന ബോധമാണ് ഉറക്കത്തിൽ സജീവമായിരിക്കുന്നത്. നമ്മുടെ പേരും ലിംഗവും രൂപവും ഒന്നും ഉറക്കത്തിലില്ല. ഉണരുമ്പോൾ മാത്രമാണ് അതെല്ലാമുണ്ടാകുന്നത്. പ്രപഞ്ചത്തിന്റെ ആധാരശക്തിയുമായി ചേർന്നിരിക്കുന്നതാണ് സ്വപ്‌നങ്ങളും അസ്വസ്ഥതകളുമില്ലാത്ത ഉറക്കം. ആ അനക്കമില്ലായ്മയിൽ നിന്ന് അനക്കങ്ങളുടെ ലോകത്തിലേക്കുള്ള കണ്ണു തുറപ്പാണ് ഓരോ ഉറക്കമെഴുന്നേൽക്കലും. അതുകൊണ്ടാണ് ഉണർത്തു പാട്ടു പ്രയോഗം പ്രസക്തമാകുന്നത്.

 

സംഗീതം ലയമാണ്. അനക്കങ്ങളുടെ ലോകത്തിലേക്ക് ലയത്തിലൂടെ പ്രവേശിക്കുമ്പോൾ അവിടെ ഇളക്കം സംഭവിക്കുന്നില്ല. അതുകൊണ്ട് ആഘാതം അനുഭവപ്പെടുന്നില്ല. മുതിർന്നവർ പോലും ഉറക്കത്തിൽ പെട്ടെന്ന് ശബ്ദം കേട്ടാൽ ഞെട്ടിയുണരുന്നത് ഉറക്കത്തിലെ ഏകഭാവത്തിൽ സംഭവിക്കുന്ന ആഘാതം നിമിത്തമാണ്. നിശ്ചലമായ ജലാശയത്തിൽ വൻ പാറക്കഷണം വീഴുന്നതു പോലെ. എന്നാൽ സൗമ്യവും മൃദുവുമായി ഉണർന്നാൽ ഇളം തെന്നൽ വീശുമ്പോൾ നിശ്ചലമായ ജലാശയം ക്ഷോഭിക്കാതെ ഉതിരുന്ന താളാത്മകമായ കുഞ്ഞോളങ്ങൾ പോലെ അടിയിളകാതെ ഉണരാൻ പറ്റും. വെങ്കിടേശ സുപ്രഭാതം എം.എസ്.സുബ്ബലക്ഷ്മിയുടെ ശബ്ദത്തിൽ കേട്ടുണരുന്നതുപോലെ. അയോദ്ധ്യയിൽ നിന്ന് കൂട്ടിക്കൊണ്ട് പോയ രാമനെ വസിഷ്ഠ മഹർഷി പ്രഭാതത്തിൽ സ്‌നേഹരൂപേണ വിളിച്ചുണർത്തുന്നതാണത്. ഓരോ പ്രഭാതവും പോലിരിക്കും ഓരോ വ്യക്തിയുടെയും അന്നത്തെ ദിവസം പൊതുവെ. ഉണരുന്നതുപോലെ തന്നെ വേണം ഉറക്കത്തിലേക്കു പ്രവേശിക്കാനും. കുറ്റകൃത്യവാർത്താധിഷ്ടിത പരിപാടികളും പരസ്പരം കൊല ചെയ്യുന്ന വിധമുള്ള ചർച്ചകളും ജീവിത ശൈഥില്യങ്ങളെ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോകളുമൊക്കെ കണ്ടുറങ്ങിയാലും എങ്ങനെയായിരിക്കും ഉറക്കമെന്ന് ഊഹിക്കാവുന്നതേ ഉള്ളു. ഉറക്കത്തിൽ സ്വസ്ഥത ലഭിക്കില്ല. ദുസ്വപ്‌നങ്ങൾ കൊണ്ടു നിറയും. ഉറക്കം ഇളകും. നിശ്ചലമായ ബോധലോകത്തിലേക്കുള്ള പ്രവേശം പ്രയാസമാകും.

 

ഈ ശുദ്ധബോധത്തിന്റെ മേൽ മുതിർന്നവരെപ്പോലെ കോലാഹലമേടുകൾ  ഇല്ലാത്തതിനാലും പേരും രൂപബോധവുമൊന്നുമില്ലാത്തതിനാലാണ് പൈട്ടന്ന് കുലുക്കി ഉണർത്തുമ്പോൾ കുഞ്ഞുങ്ങൾ ഞെട്ടിയുണരുന്നത്.  ആദ്യ ഞെട്ടലുകൾ അവശേഷിപ്പിക്കുന്ന അനുരണനങ്ങൾ പേടിയുടെ വിത്തുകളെ കുഞ്ഞുങ്ങളിൽ പാകിക്കൊണ്ടിരിക്കും. അവരുടെ ലോകത്തിൽ അറിയുന്ന അസുഖകരവും പേടിയുടെ ആദ്യത്തെ അനുഭവവുമൊക്കെയായി അത് പ്രവർത്തിക്കും. പേടിയാണ് എല്ലാ തിന്മകളുടെയും ആധാരം. ജനിച്ച് വളർന്ന് പേടിയിൽ നിന്നു മുക്തമാവുക എന്നതാണ് ഓരോ മനുഷ്യന്റെയും ജീവിത ലക്ഷ്യമാകേണ്ടത്. പേടി കൂടുന്നതനുസരിച്ച് മോചനവും കഠിനമാകും. അതിനാലാണ് കുട്ടികളെ പേടിപ്പിക്കരുതെന്ന് പറയുന്നത്. അവരുടെ മനുഷ്യനായുള്ള പരിവർത്തനത്തിൽ താമസവും ബുദ്ധിമുട്ടുമുണ്ടാകും. അതനുസരിച്ച് ആ വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഒക്കെ അതിന്റെ ദോഷഫലങ്ങൾ ഏൽക്കേണ്ടിവരും.

 

അതിനാൽ കുഞ്ഞങ്ങളെ കളിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന രസവും അനുഭൂതിയും മുതിർന്നവർക്കവകാശപ്പെട്ടതാണെങ്കിലും മുതിർന്നവരുടെ സന്തോഷത്തിനായി കുഞ്ഞുങ്ങളെ ഒരിക്കലും കളിപ്പിക്കാൻ തുനിയരുത്. കഞ്ഞുങ്ങളുടെ താൽപ്പര്യമനുസരിച്ചും അതു മനസ്സിലാക്കിയും വേണം കുഞ്ഞുങ്ങളെ കളിപ്പിക്കുന്നതിൽ ഏർപ്പെടേണ്ടത്. വിശേഷിച്ചും ഉറക്കത്തിൽ നിന്നുണർത്തുന്നതൊക്കെ. മുതിർന്നവരെ പോലും ഉച്ചത്തിൽ വിളിച്ചോ, ശബ്ദമുണ്ടാക്കിയോ ഉണർത്താൻ പാടുള്ളതല്ല. ചിലർ രാവിലെ കുട്ടികളെയൊക്കെ സ്‌കൂളിൽ വിടുന്നതിന്റെ ഭാഗമായി തട്ടിയും ഉന്തിയും ഭള്ള് പറഞ്ഞുമൊക്കെ ഉണർത്തുന്നതു പതിവാണ്. വിശേഷിച്ചും വളരെ നേരത്തേ സ്‌കൂളുകളിലേക്ക് പുറപ്പെടേണ്ട സന്ദർഭങ്ങളിൽ. അത് ആ കുട്ടികളോട് മാത്രം ചെയ്യുന്ന ദ്രോഹമല്ല, സമൂഹത്തിനോടുള്ള ദ്രോഹം കൂടിയാണ്. സാമൂഹ്യപ്രവർത്തനം നടത്തുന്നതിന് പ്രത്യേകിച്ച് സംഘടനകളിലൊന്നും ചേരേണ്ട ആവശ്യകതകളൊന്നുമില്ല. വീട്ടിലെ കുഞ്ഞുങ്ങളെ മൃദുവായി സ്‌നേഹത്തോടെ രാവിലെ വിളിച്ചുണർത്തിയാൽ മാത്രം മതി. വളരെ സുന്ദരമായ ലോകത്തിലേക്കായിരിക്കും തങ്ങൾ ഉണരുന്നതെന്നുളള ബോധം അവരിൽ ഉണ്ടാകും. അതു മാത്രം മതി ഒരു വ്യക്തി തനിക്കും കുടുംബത്തിനും സമൂഹത്തിനും എതിരാകാതിരിക്കാൻ.

Tags: