കമ്പ്യൂട്ടറിൽ കളിച്ചാൽ കുഞ്ഞിനെ കളിപ്പിക്കലാവില്ല

Glint Guru
Fri, 30-12-2016 10:50:30 AM ;

baby playing with laptop

source

തലമുറകൾ വ്യത്യാസമില്ലാതെ ആളുകള്‍ ഗാഡ്ജറ്റ് നോക്കികളായി കഴിഞ്ഞു. വെറ്റിലയിൽ ചുണ്ണാമ്പു തേയ്ക്കുന്നതു പോലെ മൊബൈലിൽ ഉരച്ചുകൊണ്ടിരിക്കുന്നവരെ കാണാത്ത ഇടമില്ല. വീട്ടിലാണെങ്കിൽ പുതുതലമുറ നേരെ കമ്പ്യൂട്ടറിനടുത്തും. ചിലപ്പോൾ ഇരുന്നും കിടന്നും, ഇരിക്കുന്നിടത്തും കിടക്കുന്നിടത്തുമൊക്കെയിട്ടായിരിക്കും അവർ അതു നോക്കുക. ഈ ശീലം പെട്ടെന്ന് മാറാൻ പ്രയാസമാണ്. കാരണം അവരുടെ ജീവിതത്തിലെ ഓരോ നിമിഷവും അതുമായി ബന്ധപ്പെട്ടു കിടക്കുന്നു. വിവാഹിതരായാലും പുത്തനച്ഛന്മാരുടെയും പുത്തനമ്മമാരുടെയും ഈ രീതിക്ക് വലിയ മാറ്റമില്ല. ഒരിക്കലും നിലയ്ക്കാത്ത മധുവിധുവാണ് അവർക്ക് കമ്പ്യൂട്ടറുമായുള്ളത്. കുഞ്ഞുങ്ങളുണ്ടാകുമ്പോഴും അതിൽ വലിയ മാറ്റമില്ല. കുഞ്ഞിനാവശ്യമുള്ളത് തിരയാൻ, സാധനങ്ങൾക്ക് ഓർഡർ കൊടുക്കാൻ, കുഞ്ഞുങ്ങളെ എങ്ങനെ വളർത്തണം, അവരുടെ പ്രത്യേകതകൾ എന്തെല്ലാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിങ്ങനെയുളളവയ്ക്കായിരിക്കും അപ്പോൾ ഇവ കൂടുതൽ ഉപയോഗിക്കുക.

 

ഒരു ദൃശ്യം: ഇഴഞ്ഞു തുടങ്ങാൻ പഠിക്കുന്ന കുട്ടി. വിശാലമായ വർണ്ണമാറ്റിൽ തറയിൽ കുഞ്ഞിനെ കിടത്തിയിരിക്കുന്നു. ഇഴയാനുള്ള സ്വാശ്രയത്വം നേടാനുള്ള ശ്രമം അദ്ദേഹം ഇടയ്ക്കിടെ നടത്തുന്നുണ്ട്. ഇരുവശത്തും അമ്മയും അച്ഛനും. രണ്ടുപേരും ഇടയ്ക്കിടെ കളിപ്പിക്കുന്നുണ്ട്. എങ്കിലും ഇപ്പോൾ അമ്മ തറയിൽ കിടന്നുകൊണ്ട് കമ്പ്യൂട്ടർ നോക്കുന്നു. അച്ഛൻ കളിപ്പിക്കുന്നു. കളിക്കനുസരിച്ച് കുഞ്ഞുരാജാവ് അച്ഛന് ഇഷ്ടമാകുന്ന വിധത്തിലുള്ള പ്രതികരണം നൽകുന്നുണ്ട്. എന്തും അതേപടി പതിയുന്ന പ്രായമാണ് കുഞ്ഞിന്റെ മനസ്സ് ഈ ഘട്ടത്തിൽ. കക്ഷിപിടുത്തം എന്ന പാർട്ടിക്കാരുടെ പണിയുടെ ആരംഭം ഈ ഘട്ടത്തിലാണ്. പാർട്ടികളിലെ ഗ്രൂപ്പുകാരെ പോലെ തന്നെയാണ് കുഞ്ഞും. തന്നെ നോക്കുന്നവരെ കൂടെ നിർത്തുന്നതുപോലെ. ആ ഇഷ്ടത്തിന് പ്രത്യേകിച്ച് കാരണമൊന്നുമുണ്ടാവില്ല. എഴുന്നേറ്റിരുന്ന് സ്വന്തമായി കളിച്ചു തുടങ്ങുന്നിടം വരെ ഈ കുഞ്ഞുരാജാവിന് എപ്പോഴും ആരുടെയെങ്കിലും നോട്ടം വേണം. അൽപ്പ നേരം നോട്ടം ഇല്ലാതായാൽ ഈ കക്ഷി ചിണുങ്ങും. അൽപ്പമൊന്നു ശ്രദ്ധിച്ചാൽ മനസ്സിലാകും. ലോകത്തിന്റെ മറ്റൊന്നും തന്നെ ബാധിക്കാത്തതിനാൽ ആ കുഞ്ഞില്‍ പൂർണ്ണമായും ശ്രദ്ധ മാത്രമാണപ്പോൾ. ആ ശ്രദ്ധ ശക്തവുമായിരിക്കും. ആ ശ്രദ്ധയ്ക്ക് അശ്രദ്ധ പൊറുക്കാനാവില്ല.

 

ഒരു വശത്ത് അച്ഛൻ കളിപ്പിച്ചുകൊണ്ടിരിക്കുകയും മറുവശത്ത് അമ്മ കമ്പ്യൂട്ടർ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ ഈ കുഞ്ഞുരാജാവ് അതിന്റെതായ വായന നടത്തും. തന്നെ കമ്പ്യൂട്ടർ നോക്കുന്ന കക്ഷി ശ്രദ്ധിക്കുന്നില്ല എന്നുള്ളത്. എന്നാൽ അത് പ്രകടിപ്പിക്കുകയും ചെയ്യും.  ആ ഭാഷ മുതിർന്നവർക്ക് പിടി കിട്ടിയെന്നിരിക്കില്ല. തന്നെ ശ്രദ്ധിക്കുന്നില്ല എന്ന തോന്നലാകും അപ്പോൾ കുഞ്ഞുമനസ്സിന്റെ ശുദ്ധമായ പ്രതലത്തിൽ പതിക്കപ്പെടുക. എന്നാൽ മുതിർന്നവരെ സംബന്ധിച്ചിടത്തോളം അവർ കുട്ടിക്കടുത്തിരിപ്പുണ്ട്. തങ്ങളുടെ അവസ്ഥയിൽ നിന്നു കുട്ടികളെ കാണുന്നതിൽ വരുന്ന അബദ്ധമാണത്. മുതിർന്നവർക്ക് തങ്ങളിലെ കുഞ്ഞിനെ കാണാൻ കഴിയുന്ന പക്ഷം അതറിയാൻ കഴിയും.

 

കുഞ്ഞുങ്ങൾ ശ്രദ്ധയുടെ ജീവരൂപമായതിനാൽ അവരുടെ അടുത്ത് മുതിർന്നവർ അശ്രദ്ധമായി നിൽക്കാൻ പാടില്ല. കാരണം അവർക്കതറിയാൻ കഴിയും. അവരുടെ തരംഗവുമായി മുതിർന്നവരുടെ തരംഗങ്ങൾ ചേർച്ചയില്ലാതെ വരും. അതവർക്ക് പെട്ടന്ന് അറിയാൻ കഴിയും. ഒരു വയസ്സാകുമ്പോൾ കുഞ്ഞുങ്ങൾ സംസാരിച്ചു തുടങ്ങുന്നു. അതിനർഥം ഒരു വയസ്സായപ്പോഴാണ് അവർ ഭാഷ പഠിച്ചു തുടങ്ങുന്നതെന്നല്ല. അവർ ജനിച്ചു വീണ നിമിഷം മുതൽ അവരിലേക്ക് പതിഞ്ഞതിൽ നിന്നുമാണ് ഒരുവയസ്സാകുമ്പോൾ അമ്മാ, അച്ഛാ എന്നൊക്കെ വിളിച്ചു തുടങ്ങുന്നത്. പത്താമത്തെ അടിയിൽ പാറക്കഷണം പൊട്ടുന്നതുപോലെ. അതുവരെയുള്ള ഒമ്പതു അടി ഏൽപ്പിക്കുന്ന ആഘാതത്തിന്റെ ഫലമായാണ് പത്താമത്തേതിനു പൊട്ടുന്നത്. എന്നാൽ ഒമ്പതുവരെ അടിച്ചുകൊണ്ടിരിക്കുമ്പോൾ ‌പൊട്ടുന്നതിന്റെ ഒരു ലക്ഷണവും കാണില്ല. അതിനർഥം പൊട്ടൽ സംഭവിക്കുന്നില്ലെന്നല്ല. അതുപോലെ തന്നെയാണ് കുഞ്ഞുങ്ങളുടെ കാര്യവും.

 

രണ്ടും മൂന്നും വയസ്സുള്ള കുട്ടികൾ വീട്ടിലെ അന്തരീക്ഷം പെട്ടെന്ന് മനസ്സിലാക്കും. അതവരിൽ സംഭവിക്കുന്ന തരംഗസംവേദനത്തിന്റെ ഫലമാണ്. എത്ര തന്നെ മറച്ചു വച്ച് യാന്ത്രികമായി കുട്ടികളുടെയടുത്ത് പെരുമാറിയാലും അവർക്കറിയാൻ പറ്റുന്നതും അതുകൊണ്ടാണ്. ഉള്ളിൽ പ്രവേശിക്കുന്ന കാര്യങ്ങൾ അവിടെ കിടക്കും. പിന്നീട്  മുതിർന്ന് സ്വയം ബോധപൂർവ്വം ശ്രമം നടത്താതെ അത് പോകില്ല. അതൊക്കെയായിരിക്കും പിന്നീട് അവരുടെ സ്വഭാവത്തെ നിർണ്ണയിക്കുക. അതിനാൽ കുട്ടികളുടെ സമീപത്ത് ചെലവഴിക്കുമ്പോൾ പൂർണ്ണമായും സത്യസന്ധതയോടെ ശ്രദ്ധിച്ച് നിൽക്കേണ്ടത് അത്യാവശ്യമാണ്. അപ്പോൾ ചോദ്യമുയരും കമ്പ്യൂട്ടർ ആവശ്യത്തിന് നോക്കേണ്ടേ എന്ന്. വേണ്ടതാണ്. അതും ശ്രദ്ധേയം. അതിന് അവർക്ക് കമ്പ്യൂട്ടർ മേശപ്പുറത്ത് വച്ച് നോക്കാവുന്നതാണ്. അപ്പോൾ കുഞ്ഞിന്റെ മനസ്സിൽ പതിയുന്ന ചിത്രം മറ്റൊന്നായിരിക്കും. തന്നെ കളിപ്പിക്കാൻ വന്നിട്ട് ശ്രദ്ധിക്കാതിരിക്കുകയല്ല എന്ന്. തന്റെ അടുത്ത് വന്ന് ചേർന്ന് കിടന്നിട്ട് മറ്റൊന്നില് വ്യാപരിക്കുമ്പോൾ തന്നെ ബോധപൂർവ്വം ശ്രദ്ധിക്കുന്നില്ലെന്ന് അവർ ഉള്ളിൽ കുറിക്കും.

 

ഇതിനേക്കാളുപരി നിര്‍ണ്ണായകം അവരുടെ മനസ്സിൽ പതിയുന്ന ചിത്രമാണ്. ചിലപ്പോൾ പരസ്യങ്ങളിലൊക്കെ കാണുന്ന ദൃശ്യങ്ങൾ മുതിർന്നവർക്ക് കണ്ടിരിക്കാൻ രസം തോന്നിയെന്നിരിക്കും. അമ്മയോ അച്ഛനോ ഒക്കെ കിടന്നുകൊണ്ട് കമ്പ്യൂട്ടർ നോക്കുന്നത്. അത്തരത്തിലൊരു ദൃശ്യം കാണുന്ന കുഞ്ഞിന്റെ മനസ്സിൽ അത് പതിഞ്ഞു കഴിഞ്ഞു. വളരുമ്പോൾ അവൾ അല്ലെങ്കിൽ അവൻ അതുപോലെ ചെയ്യും. അപ്പോൾ ചിലപ്പോൾ അച്ഛനമ്മമാർ കോപിഷ്ടരാകും. കിടന്നുകൊണ്ട് കമ്പ്യൂട്ടർ നോക്കുന്നതിന്റെ ദോഷങ്ങൾ,  അങ്ങനെ ചെയ്യുമ്പോഴുണ്ടാകുന്ന അലസമായ സ്വഭാവം, ആരോഗ്യ പ്രശ്‌നങ്ങൾ എന്നിങ്ങനെ അവർ ഉരുവിടും. അവരറിയുന്നില്ല, തന്റെ കുഞ്ഞിന്റെ ഉള്ളിൽ ആദ്യമായി പതിഞ്ഞ ചിത്രത്തിന്റെ ബാഹ്യാവിഷ്‌ക്കാരമാണ് ആ കുട്ടി ചെയ്യുന്നതെന്ന്.

 

അച്ഛനമ്മമാരുടെ ഓരോ ചലനങ്ങളും അവരുടെ ഉള്ളിൽ ഉണ്ടാകുന്ന ഓരോ വികാരങ്ങളും കുഞ്ഞു കുട്ടികൾ അതിന്റെ യഥാർഥ തോതിൽ മനസ്സിലാക്കും. അതിലൂടെയാണ് അവരുടെ സ്വഭാവവും വൈകാരികതയും സന്തോഷവും വ്യക്തിത്വവും എല്ലാം രൂപപ്പെടുന്നത്. അതുകൊണ്ടാണ് കുട്ടികൾ ഉണ്ടാവുമ്പോൾ രക്ഷിതാക്കൾ അവരെ പഠിപ്പിക്കുകയല്ല, അവരെ നോക്കി പഠിക്കുകയാണ് ചെയ്യേണ്ടതെന്ന് പറയുന്നത്. അവർക്ക് സന്തോഷിക്കാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. എന്നാൽ അച്ഛനമ്മമാരുടെ കാര്യമോ. ഈ പഠനത്തിന്റെ സമീപത്തേക്കെങ്കിലും ഉയരാൻ കഴിയുകയാണെങ്കിൽ വലിയ നേട്ടം തന്നെ. സന്തോഷത്തിന് ഉപാധികൾ വേണ്ടി വരുമ്പോഴാണ് ജീവിതം അശകൊശയാകുന്നത്.

Tags: