കണ്‍ഫസ്സിംഗ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)

Glint Staff
Tuesday, June 10, 2014 - 3:43pm

vs achuthanandan

 

സി.പി.ഐ.എം കുറ്റസമ്മതപ്പാർട്ടി അഥവാ കണ്‍ഫസ്സിംഗ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റായി മാറിക്കഴിഞ്ഞിരിക്കുന്നു. കുറ്റസമ്മതം നല്ലതാണ്. അതേസമയം കുറ്റസമ്മതം മാത്രം മതി പാർട്ടിയുടെ മുഖ്യ അജൻഡ എന്നാകുമ്പോൾ അതിന് സ്വാഭാവികമായി നിലനിൽക്കാനുള്ള അവസരവും അവകാശവും നഷ്ടമാകുന്നു. അബദ്ധങ്ങൾ പറ്റുക വ്യക്തികൾക്കും സംഘടനകൾക്കും രാഷ്ട്രങ്ങൾക്കുമൊക്കെ സംഭവിക്കും. അതിൽ നിന്ന് പാഠം ഉൾക്കേണ്ടതിനുപകരം എന്താണോ തങ്ങളെ അബദ്ധങ്ങളിലേക്ക് നയിച്ചത് അതേ പാതയിൽ പിന്തുടർന്നുകൊണ്ട് കുറ്റസമ്മതം നടത്തിപ്പോകുന്നിടത്താണ് അത് നിലനിൽപ്പിന് ഭീഷണിയാകുന്നത്. ഒരു സംഘടനയെന്ന നിലയിൽ സി.പി.ഐ.എം ആ അവസ്ഥ നേരിടുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തെറ്റ് പറ്റിയതായി കേന്ദ്രനേതൃത്വം സമ്മതിച്ചിരിക്കുന്നു. അതിന്റെ ഉത്തരവാദിത്വവും ഏറ്റെടുത്തിട്ടുണ്ട്. ഇതിന് കാരണമായി പറഞ്ഞിരിക്കുന്നത് കോൺഗ്രസ്സിനും ബി.ജെ.പിക്കും പകരമായി രാഷ്ട്രീയബദൽ വിജയിപ്പിക്കാൻ പാർട്ടിക്കായില്ല. ദേശീയ തലത്തിൽ പാർട്ടി ഉയർത്തുന്ന രാഷ്ട്രീയം ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. പാർട്ടി ജനങ്ങളിൽ നിന്ന് അകലുകയും ജനവികാരം മനസ്സിലാക്കാൻ സാധിക്കാതെ പോവുകയും ചെയ്തു. ഇതിനുപുറമേ പശ്ചിമബംഗാളിലും കേരളത്തിലും ഉണ്ടായ ബി.ജെ.പിയുടെ വളർച്ചയിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.

 

കുറ്റസമ്മതത്തിന്റെ ഭാഗമായി ഉയർത്തിക്കാണിച്ചിരിക്കുന്ന ഇത്രയും കാരണങ്ങൾ തന്നെ എത്ര ദുർബലവും വികലവുമാണ് വലിയ താത്വികാടിത്തറ അവകാശപ്പെടുന്ന പാർട്ടിയുടെ ഉന്നത സമിതിയുടെ കണ്ടെത്തൽ എന്ന് കാണിച്ചുതരുന്നു. രാജ്യത്ത് കോൺഗ്രസ്സിനും ബി.ജെ.പിക്കും എതിരായി രാഷ്ടീയ ബദൽ ഉണ്ടാക്കണമെങ്കിൽ അതിന് മുൻകൈ എടുക്കുന്നവർക്ക് അതിനുള്ള പാങ്ങ് (ശക്തി) വേണം. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി ഒരു വൃദ്ധൻ ഈ പാർട്ടിയെ ഇട്ട് തന്നിഷ്ടപ്രകാരം അമ്മാനമാടിക്കൊണ്ടിരിക്കുന്നു. തൊണ്ണൂറ് കഴിഞ്ഞ ആ വൃദ്ധന്റെ ഒറ്റയാൾ ഭീഷണിക്കു മുന്നിൽ കീഴ്വഴക്കങ്ങളും പാർട്ടി അച്ചടക്കച്ചിട്ടവട്ടങ്ങളുമെല്ലാം അടിയറവച്ച് വിറങ്ങലിച്ച് തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ആ വൃദ്ധനെ ആശ്രയിച്ച് വിജയം കണ്ടെത്താന്‍ ശ്രമിക്കുകയും വിജയിക്കുകയും ചെയ്യുന്ന ചിത്രമാണ് കേരളത്തിലുള്ളത്. വി.എസ് അച്യുതാന്ദൻ അതിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. മുപ്പതുകൊല്ലം ഭരിച്ചിട്ട് ദയനീയമായി മമതാ ബാനർജി എന്ന സദാ കോപിഷ്ടയായ നേതാവിനു മുന്നിൽ അടിയറ പറഞ്ഞിട്ടും അവിടെയും എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കി തിരുത്താൻ കഴിയാതെ ചുരുങ്ങി നിൽക്കുന്ന ഈ സാഹചര്യത്തിൽ തങ്ങൾക്കുണ്ടായ ക്ഷീണമെങ്കിലും മനസ്സിലാക്കാൻ കഴിയുന്നില്ലെന്നു പറഞ്ഞാൽ അബോധത്തിനു അരികെയുള്ള അവസ്ഥയാണ്.

 

ക്ഷീണമുണ്ടെങ്കിൽ അത് തിരിച്ചറിഞ്ഞ് എന്തുകൊണ്ടാണ് ക്ഷീണമുണ്ടായതെന്ന് വ്യക്തമായി മനസ്സിലാക്കി അതുമാറ്റാൻ ശ്രമിക്കുമ്പോഴാണ് അതിൽ നിന്ന് മുക്തമായി ശക്തി പ്രാപിക്കാൻ കഴിയുക. ക്ഷീണമുണ്ടെന്ന് തിരിച്ചറിയുന്നതു തന്നെ ശക്തിയുടെയും അതിജീവനത്തിന്റേയും ലക്ഷണമാണ്. സ്വയം എഴുന്നേറ്റുനിൽക്കാൻ ശക്തിയില്ലാതെ മറ്റുളളവരെ താങ്ങിയെഴുന്നേൽപ്പിക്കാൻ ശ്രമിക്കുമ്പോഴുണ്ടാവുന്ന അവസ്ഥ ചിന്തനീയം. ഈ ദുർബലാവസ്ഥ പൊളിറ്റ്ബ്യൂറോ അംഗങ്ങൾക്കും കേന്ദ്രക്കമ്മറ്റി അംഗങ്ങൾക്കും ഒഴികെ ഈ പാർട്ടിയെക്കുറിച്ചറിയാവുന്ന ഇന്ത്യാമഹാരാജ്യത്തെ മുഴുവൻ ജനങ്ങൾക്കുമറിയാമായിരുന്ന വസ്തുതയായിരുന്നു. തെരഞ്ഞെടുപ്പിനും എത്രയോ മുൻപ് തന്നെ. ജ്യോതിബസു മുൻപ് പറഞ്ഞ ഹിസ്റ്റോറിക്കൽ  ബ്ലണ്ടർ അഥവാ ചരിത്രപരമായ മണ്ടത്തരത്തിന്റെ പരിണിതഫലകാലം. ഈ ദുർബലാവസ്ഥ മനസ്സിലാകാതെ ഒരു ദേശീയബദലിന് ഇറങ്ങിത്തിരിക്കണോ വേണ്ടയോ എന്നുപോലും ചിന്തിക്കാൻ നേതൃത്വത്തിനു കഴിഞ്ഞില്ല. അത്തരത്തിലൊരു നേതൃത്വസ്വഭാവമുള്ള ചിന്ത ഉണ്ടായിരുന്നെങ്കിൽ ചുരുങ്ങിയ പക്ഷം വാരണാസിയിൽ മോദിക്ക് സഹായകരമാകുന്നവിധം ഉള്ള വോട്ട് ചിന്നിച്ചിതറിപ്പോകാതെ പ്രതിപക്ഷത്തെ ആർക്കെങ്കിലും പിന്തുണ നൽകാനുള്ള വിവേകം കാണിച്ചേനെ. പകരം മോദിക്കെതിരെ അവിടെ സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചു എന്നു പറയുമ്പോൾ ആ തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ച ചിന്തയും നിരീക്ഷണവും യാഥാർഥ്യങ്ങളെ വിലയിരുത്തുവാൻ എത്രമാത്രം പാപ്പരത്തം നേതൃത്വം അനുഭവിക്കുന്നു എന്നു തെളിയിക്കുന്നു. അവരുടെ പ്രഖ്യാപിത നിലപാടനുസരിച്ച് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാളിന് പിന്തുണ പ്രഖ്യാപിക്കുവാൻ രണ്ടാമതൊന്ന് അലോചിക്കേണ്ട ആവശ്യമില്ലാത്ത കാര്യമായിരുന്നു.

 

prakash karatപാർട്ടി ഉയർത്തുന്ന രാഷ്ട്രീയം ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല എന്ന്‍ പറയുമ്പോള്‍ രണ്ട് പ്രസക്തമായ ചോദ്യങ്ങൾ ഉയർന്നുവരുന്നു. എന്താണ് സി.പി.ഐ.എം ഉയർത്തിയ രാഷ്ട്രീയം, എന്തുകൊണ്ട് അത് ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. രോഗമുണ്ടായാൽ ഏതു രോഗിക്കും അറിയാൻ കഴിയും രോഗാവസ്ഥ. എന്താണ് രോഗം എന്നും അതിനുള്ള ചികിത്സയും ഭിഷഗ്വരനാണ് നിശ്ചയിക്കേണ്ടത്. രോഗാവസ്ഥ വിളിച്ചറിയിക്കുന്ന രോഗിയെപ്പോലെയായി ഇക്കാര്യത്തിലെ കുറ്റസമ്മതം. ജയലളിതയുടേയും മായാവതിയുടേയും മറ്റും പിന്നാലെ ബദലിനുവേണ്ടി കേണുകൊണ്ട് ശ്രമം നടത്തിയ സി.പി.ഐ.എമ്മിന് എങ്ങിനെയാണ് ദേശീയതലത്തിൽ ഉയർത്തിയ രാഷ്ട്രീയം ജനങ്ങളെ ബോധ്യമാക്കാൻ പറ്റുക. പോകട്ടെ സ്വന്തം പാർട്ടി അംഗങ്ങളെപ്പോലും മനസ്സിലാക്കിക്കാൻ ബുദ്ധിമുട്ടാണ്. ബദലിൽ പശ്ചിമ ബംഗാളിലെ മമതയോട് ദേശീയ താൽപ്പര്യത്തിന്റെ പേരിൽ എന്തു നിലപാടു സ്വീകരിക്കുമെന്ന കേവല ചോദ്യം പോലും സ്വയം നേതൃത്വത്തിന് ചോദിക്കാൻ കഴിഞ്ഞില്ല.

 

ജനവികാരം മനസ്സിലാക്കാൻ കഴിയാതെ പോയെന്നാണ് മറ്റൊരു കുറ്റസമ്മതം. യു.എസും യൂറോപ്പും മറ്റ് വിദേശരാജ്യങ്ങളും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും 2014 പൊതുതെരഞ്ഞെടുപ്പിലെ ജനവികാരം കാലേക്കൂട്ടി മനസ്സിലാക്കിയിട്ടും ഇത്രയധികം ബുദ്ധിജീവികളും ശാസ്ത്രീയ പഠനശീലവുമുള്ള സി.പി.ഐ.എമ്മിനു മാത്രം ജനവികാരം മനസ്സിലാക്കാൻ കഴിയാതെ പോയി! ജനങ്ങളിൽ നിന്ന് അകന്നുവെന്നും കുറ്റസമ്മതം നടത്തുന്നു. അവിടെയും എന്തുകൊണ്ട് അകന്നു അല്ലെങ്കിൽ അകലുന്നു എന്ന ദിശയിലേക്ക് ചിന്തിക്കാൻ പോലും കെൽപ്പുളള നേതൃത്വത്തെ കാണാൻ കഴിയുന്നില്ല.

 

കുറ്റസമ്മതത്തിന് ശേഷം ആശങ്കയാണ്. കേരളത്തിലും ബംഗാളിലും ബി.ജെ.പി വളരുന്നു. തിരുവനന്തപുരത്ത് ഇടതുപക്ഷ മുന്നണി സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍, വളരെ ഉചിതനും സ്വീകാര്യനുമായ സ്ഥാനാർഥിയെയാണ് തിരുവനന്തപുരത്ത് മത്സരിപ്പിച്ചതെന്നായിരുന്നു തിരഞ്ഞെടുപ്പ് അവലോകനത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അവകാശപ്പെട്ടത്. എന്തിനും മറ്റുള്ളവരുടെ മേൽ കുറ്റം ചുമത്തി സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറി ബഹളം വച്ച് ശ്രദ്ധ പിടിച്ചുപറ്റി നേട്ടങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന വ്യക്തിത്വവൈകല്യം ബാധിച്ച ദുർബല വ്യക്തികളെ ഓർമ്മിപ്പിക്കുന്ന വിധമാണ് പോരായ്മകളെ മറച്ചുപിടിക്കാനുള്ള ശ്രമത്തിൽ സി.പി.ഐ.എമ്മിന്റെ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങൾ ശ്രമിക്കുന്നത്. കേരളത്തിൽ ബി.ജെ.പി ശക്തി പ്രാപിക്കുന്നതിന് എളുപ്പം ബി.ജെ.പിയെ കുറ്റപ്പെടുത്തുന്നതാണ്. അല്ലെങ്കിൽ കോൺഗ്രസ്സിനെ. ശനിയാഴ്ച നടന്ന കേന്ദ്രക്കമ്മറ്റിയിൽ എ. വിജയരാഘവൻ പറഞ്ഞിരിക്കുന്നു, സി.പി.ഐ.എമ്മിന് കേരളത്തിലും ബംഗാളിലും ത്രിപുരയിലും വേരുകളുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ സാന്നിദ്ധ്യമറിയിക്കാൻ കഴിയാത്തതിനെ കുറിച്ച് നേതൃത്വം ചിന്തിക്കണമെന്ന്.  വേരുള്ള സംസ്ഥാനങ്ങളിൽ സംഭവിക്കുന്ന വേരുചീയൽ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതാണ് അടിയന്തര പ്രാധാന്യമുള്ള സംഗതി എന്നുപോലും വിലയിരുത്താനുള്ള ശേഷിക്കുറവാണ് ഇത്രയും മുതിർന്ന കേന്ദ്രക്കമ്മറ്റി അംഗത്തിന്റെ  നിർദ്ദേശത്തിലുടെ വെളിവാകുന്നത്.

 

കുറ്റസമ്മതവും കാരണം നിരത്തലും നോക്കിയാൽ വ്യക്തമായി തെളിയുന്ന ചിത്രം സി.പി.ഐ.എമ്മില്‍ മാരകമാം വിധം നേതൃത്വ രാഹിത്യം അനുഭവപ്പെടുന്നു എന്നതാണ്. ഇന്ത്യ കഴിഞ്ഞ ദശകങ്ങളിലായി അനുഭവിച്ചുകൊണ്ടിരുന്ന ആ അവസ്ഥയുടെ മൂർധന്യാവസ്ഥയായിരുന്നു യു.പി.എ സർക്കാറിന്റെ അവസാന നാളുകളും കോൺഗ്രസ്സിന്റെ വർത്തമാനകാല നേതൃത്വവും. രാജ്യം കൊടിയ നേതൃത്വ രാഹിത്യം നേരിടുന്നു എന്നുള്ള അറിവിലാണ് ആ ഇടത്തേക്ക് വ്യക്തമായ കാഴ്ചപ്പാടോടെ, പദ്ധതികളോടെ സധൈര്യം നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവ് കടന്നുവന്നത്. അദ്ദേഹത്തിന്റെ തത്വശാസ്ത്രത്തോടും വികസന കാഴ്ചപ്പാടിനോടും വിയോജിക്കുന്നവരുണ്ടാകാം. പക്ഷേ ബി.ജെ.പിയ്ക്ക് പോലും സംഘടന എന്ന നിലയിൽ നേതൃത്വം നൽകാൻ കഴിയാതെ വന്നപ്പോൾ വ്യക്തിപരമായി ആ ദൗത്യം മോദി ഏറ്റെടുത്തു. ബി.ജെ.പിക്ക് കിട്ടിയ ജനവിധിയേക്കാൾ മോദിക്കു കിട്ടിയ ജനവിധിയാണ് എന്‍.ഡി.എയെ മികച്ച രീതിയിലുള്ള കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയത്. അത് ഒരു വ്യക്തി പ്രകടമാക്കിയ നേതൃശേഷിക്കും അദ്ദേഹം വ്യക്തമായി മുന്നോട്ടു വച്ച കാര്യങ്ങൾക്കും ജനങ്ങൾ നൽകിയ അംഗീകാരമാണ്. ഏത് സമൂഹത്തിനേയും സംഘടനയേയും പ്രത്യയശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ നായക ശേഷിയുള്ള നേതാക്കളാണ് മുന്നോട്ട് നയിക്കുന്നത്. അവരുടെ കാഴ്ചകൾക്ക് തെളിച്ചമുണ്ടാകും. ആ തെളിച്ചത്തിൽ വഴി വ്യക്തമാകും. സ്വാഭാവികമായും അത് അവർ ലളിതമായി കാട്ടിക്കൊടുക്കുമ്പോൾ മറ്റുള്ളവർ ആ വഴി നടക്കും. അതു സ്വാഭാവികം.  ശക്തമായ ഒരു നേതാവിന്റെ ആവിർഭാവം അടിയന്തരമായി സംഭവിച്ചില്ലെങ്കിൽ അധികം താമസിയാതെ മസ്തിഷ്ക മരണത്തിലേക്ക് സി.പി.ഐ.എം വഴുതിവീണേക്കാം. അപ്പോൾ സംഭവിക്കുന്ന അവയവദാനലബ്ധിക്കായി മറ്റുള്ളവർ കാത്തിരിക്കുക എന്നതും സ്വാഭാവികം.

Tags: