ഇടുക്കിക്കാർ ഇത്തരക്കാരോ?

Glint Staff
Wednesday, April 26, 2017 - 5:02pm

pinarayi vijayan

 

മുഖ്യമന്ത്രി പിണറായി വിജയന് ഉപദേഷ്ടാക്കൾ ധാരാളമാണ്. മാധ്യമങ്ങളുടെ കാര്യം ഉപദേശിക്കാൻ തന്നെ പ്രിൻസിപ്പൽ സെക്രട്ടറി തസ്തികയിൽ രണ്ടു പേരുണ്ട്. വിവിധ ഉപദേശങ്ങൾ കിട്ടുന്നതുകൊണ്ടാകാം ഒരേ വിഷയത്തിൽ പല അഭിപ്രായങ്ങളുണ്ടാകുന്നത്. മന്ത്രി മണി പെമ്പിളൈ ഒരുമൈ സമരക്കാരെ അധിക്ഷേപിച്ചു സംസാരിച്ചതിനെ ആദ്യം മറ്റെല്ലാവരെയും പോലെ മുഖ്യമന്ത്രിയും തള്ളിപ്പറഞ്ഞു. ചൊവ്വാഴ്ച നിയമസഭയിൽ അതിനു കടകവിരുദ്ധമായ നിലപാട് മുഖ്യമന്ത്രി എഴുതിത്തയ്യാറാക്കി വായിച്ചു. അത് അങ്ങേയറ്റത്തെ അപരാധമായിപ്പോയെന്നേ പറയാവൂ. കാരണം ഇടുക്കിയെന്ന ജില്ലയെ സംസ്‌കാരശൂന്യമെന്ന് മുഖ്യമന്ത്രി വിളിക്കുകയായിരുന്നു. കാരണം ആ പ്രദേശത്തെ നാടൻ പ്രയോഗമാണ് മണി നടത്തിയതെന്നും മാധ്യമങ്ങൾ അതിനെ വളച്ചൊടിക്കുകയാണെന്നുമാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.

 

ഇടുക്കിക്കാർ ഇത്രയും സംസ്‌കാരശൂന്യരാണെന്ന് പറയുന്നതു ശരിയല്ല. മന്ത്രി മണിയുടെ ഭാഷ അതേ രീതിയിൽ മനസ്സിലാക്കാൻ കഴിയുന്നത് മണിയുടെ അയൽപ്പക്കത്ത് താമസിക്കുന്നവർക്കാണ്. പെമ്പിളൈ ഒരുമൈ പ്രവർത്തകരായ സ്ത്രീകൾ മണിയുടെ അയൽപ്പക്കക്കാരാണ്. എന്നാൽ അവർക്ക് മണിയുടെ ഭാഷയിലെ അശ്ലീലമാണ് മനസ്സിലായത്. പരിപാവനമായ കുരിശ്ശിനെ കയ്യേറ്റത്തിനും കൊള്ളയ്ക്കും കവചമാക്കുന്നതുപോലെയാണ് നൈർമ്മല്യത്തിന്റെയും ഹൃദ്യതയുടെയും പര്യായമായ നാടൻ എന്ന പദമുപയോഗിച്ച് മണിയുടെ മനസ്സിൽ നിന്നു പുറത്തു ചാടിയ വൈകൃതത്തിന് കവചം സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇങ്ങനെയെങ്കിൽ പീഡനം എന്ന വാക്കിന് മലയാളത്തിൽ കൈവന്ന അർഥം പോലെ നാടൻ എന്ന വാക്കിന്റെ അർഥം അശ്ലീലം, വൃത്തികേട്, വൈകൃതം, അറപ്പ് എന്നിങ്ങനെയായി മാറാൻ താമസമുണ്ടാകില്ല. മാത്രമല്ല, തെമ്മാടികളും സാമൂഹ്യവിരുദ്ധരും ആഭാസരുമായ ആൾക്കാർ തങ്ങളുടെ ഭാഷയെ ശുദ്ധഭാഷയും തങ്ങളിലൂടെ പ്രകടമാകുന്ന കുറ്റവാസനയെ നിഷ്‌കളങ്കതയുടെ പ്രകാശനമായും കാണുകയും അവ്വിധം പെരുമാറുകയും ചെയ്യും.

mm mani

 

ഒറ്റക്കാര്യം മാത്രം നോക്കിയാൽ മതി മണി പറഞ്ഞ വാക്കുകൾ കേൾക്കുന്നവരുടെ മനസ്സിൽ സൃഷ്ടിക്കുന്ന ചിത്രങ്ങൾ എന്താണെന്നറിയാന്‍  അതു നരേന്ദ്രമോദിയുടെ ജൈവ ദൗർബല്യത്തെക്കുറിച്ചായാലും ശ്രീറാം വെങ്കിട്ടരാമനെ കുറിച്ചു പറഞ്ഞതായാലും. അതിലേക്കു നോക്കിയാലറിയാം മണിയുടെ മനസ്സിന്റെ അവസ്ഥ. വിദ്യാഭ്യാസമല്ല, സംസ്‌കാരത്തിന്റെ മാനദണ്ഡം. വർത്തമാനകാലത്തിൽ പലപ്പോഴും വിദ്യാഭ്യാസം കുറവുളള, ചിലപ്പോൾ അക്ഷരാഭ്യാസം തെല്ലുമില്ലാത്തവരിൽ നിന്നുമാണ്  ഉദാത്തമായ സംസ്‌കാരം പ്രകടമാവുക. അതവരുടെ മനസ്സിന്റെ ശുദ്ധിയിൽ നിന്നു സംഭവിക്കുന്നതാണ്. എന്നാൽ കുറ്റകൃത്യവാസനയും അക്രമാസക്തിയുമുള്ള വ്യക്തിയാണ് മണിയെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റങ്ങളിലൂടെയും മനസ്സിന്റെ വെളിപ്പെടുത്തലൂടെയും തെളിയുന്നു. അത്തരമൊരു വ്യക്തിയെ സി.പി.ഐ.എം കേരള ജനതയുടെ മേൽ ചാർത്തുക വഴി സി.പി.ഐ.എമ്മിന്റെ അവസ്ഥ കൂടിയാണ് സാധാരണ ജനങ്ങൾക്ക് ബോധ്യമാകുന്നത്.

 

നിയമസഭയേയും മാധ്യമപ്രവർത്തകരെയുമല്ല മുഖ്യമന്ത്രി മണിയുടെ പ്രയോഗ സൗന്ദര്യം മനസ്സിലാക്കിക്കേണ്ടത്. പെമ്പിളെ ഒരുമൈ പ്രവർത്തകരെയാണ്. അതോ അവരും നാടനായതിനാൽ അവർ മണി അവരെ വിശേഷിപ്പിച്ച വാക്കുകളാൽ വിളിക്കപ്പെടാൻ അർഹരാണോ എന്ന സംശയവും മുഖ്യമന്ത്രിയുടെ നിയമസഭയിലെ എഴുതിവായിച്ച വിശദീകരണത്തിൽ നിന്നു സംശയം ജനിക്കുന്നു.

Tags: