ഇന്റര്‍നെറ്റ് സ്വകാര്യത തിരിച്ചുപിടിക്കാന്‍ റീസെറ്റ് ദ നെറ്റ്

Glint Staff
Thu, 05-06-2014 04:15:00 PM ;

reset the net

 

എഡ്വേര്‍ഡ് സ്നോഡന്റെ എന്‍.എസ്.എ വെളിപ്പെടുത്തലുകളുടെ ഒന്നാം വാര്‍ഷികം ഇന്റര്‍നെറ്റിലെ സ്വകാര്യതയ്ക്ക് വേണ്ടിയുള്ള ആഗോള പ്രചാരണത്തിന് തുടക്കമാകുന്നു. യു.എസിന്റെ ദേശീയ സുരക്ഷാ ഏജന്‍സി നടത്തുന്ന വന്‍തോതിലുള്ള വിവരശേഖരണത്തേയും തുടര്‍ നിരീക്ഷണത്തേയും കുറിച്ച് സ്നോഡന്‍ ചോര്‍ത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് ആദ്യമായി മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇന്റര്‍നെറ്റിലെ സര്‍ക്കാര്‍ ഇടപെടലിന്റെ വ്യാപ്തിയും ആഴവും സംബന്ധിച്ച ഗൗരവകരമായ സംവാദങ്ങള്‍ക്ക് ഇത് തിരികൊളുത്തിയിരുന്നു. ആ സംവാദം മുന്നോട്ടു കൊണ്ടുപോകാന്‍ ഒരുങ്ങുകയാണ് റീസെറ്റ് ദ നെറ്റ് എന്ന പ്രചാരണത്തിലൂടെ ഡിജിറ്റല്‍ അവകാശ പ്രവര്‍ത്തകരും വന്‍ ഇന്റര്‍നെറ്റ്‌ കമ്പനികളും അടങ്ങുന്ന സഖ്യം.

 

സ്വകാര്യത സംരക്ഷിക്കാന്‍ ഉതകുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ വെബ്‌ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും ഇത്തരം മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിക്കാന്‍ ഇന്റര്‍നെറ്റ്‌ കമ്പനികളേയും വെബ് ഡെവലപ്പര്‍മാരേയും പ്രേരിപ്പിക്കുകയുമാണ് റീസെറ്റ് ദ നെറ്റ് പ്രചാരണത്തിന്റെ ലക്ഷ്യം. ഫൈറ്റ് ഫോര്‍ ദ ഫ്യൂച്ചര്‍ എന്ന പേരിലുള്ള സന്നദ്ധ സംഘമാണ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഡെസ്ക്ടോപ്പ്, മോബൈല്‍ പ്ലാറ്റ്ഫോമുകളില്‍ സ്വകാര്യതയ്ക്ക് പ്രാമുഖ്യം നല്‍കുന്ന ഏതാനും സേവനങ്ങള്‍ പ്രചാരണത്തിന്റെ വെബ്സൈറ്റില്‍ ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. ഗൂഗിള്‍, മൊസില്ല, റെഡിറ്റ്, ഇമേജര്‍, വേര്‍ഡ്പ്രസ് തുടങ്ങി ഒട്ടേറെ വന്‍ ഇന്റര്‍നെറ്റ് കമ്പനികളുടെ പിന്തുണയും പ്രചാരണത്തിനുണ്ട്. ഗ്രീന്‍പീസ്, ആംനെസ്റ്റി, അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ തുടങ്ങിയ സംഘടനകളും അജ്ഞാത ഹാക്കര്‍മാരുടെ സംഘമായ അനോണിമസും പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളവരില്‍ ചിലരാണ്. തണ്ടര്‍ക്ലാപ്പ് എന്ന പേരില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ തരംഗവും പ്രചരണം ലക്ഷ്യമിടുന്നു സര്‍വ്വോപരി, എഡ്വേര്‍ഡ് സ്നോഡന്റെ സന്ദേശവും ഈ പ്രചാരണത്തിന് ശക്തി പകരുന്നു.

 

 

എന്‍.എസ്.എയില്‍ കരാര്‍ ജീവനക്കാരനായിരുന്ന സ്നോഡന്റെ വെളിപ്പെടുത്തലുകള്‍ ആഗോള രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയ ചലനങ്ങളാണ് കൂടുതല്‍ മാദ്ധ്യമശ്രദ്ധ ആകര്‍ഷിച്ചത്. പ്രത്യേകിച്ചും ജര്‍മ്മനിയുടെ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റേയും ബ്രസീല്‍ പ്രസിഡന്റെ ദില്‍മ റൂസഫിന്റേയും ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതായ വെളിപ്പെടുത്തല്‍ ഈ രാജ്യങ്ങളും യു.എസും തമ്മിലുള്ള ബന്ധത്തെ തന്നെ ബാധിച്ചിരുന്നു. എന്നാല്‍, ഉന്നത രാഷ്ട്രീയ നേതാക്കളുടെ മാത്രമല്ല, യു.എസിലേയും വിദേശത്തേയും സാധാരണക്കാരുടെ ടെലിഫോണ്‍, ഇന്റര്‍നെറ്റ്‌ വിവരങ്ങള്‍ തുടര്‍ച്ചയായി എന്‍.എസ്.എ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തയാണ് ഇന്റര്‍നെറ്റിലെ സ്വകാര്യത സംബന്ധിച്ച സംവാദങ്ങളുടെ ദിശ തന്നെ മാറ്റിയത്. തീവ്രവാദ ഭീഷണിയെ തുടര്‍ന്നുള്ള മുന്‍കരുതല്‍ എന്ന പേരില്‍ നിയമപരമായ നിയന്ത്രണങ്ങളെ മറികടന്നാണ് ഇന്റര്‍നെറ്റ്‌ ചാറ്റ് വരെ ഏജന്‍സി നിരീക്ഷണ വലയത്തില്‍ പെടുത്തിയിരുന്നത്.

 

ഈ വെളിപ്പെടുത്തലുകള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് യു.എസ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ്‌ കമ്പനികളെയാണ്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍, യാഹൂ, ഫേസ്ബുക്ക് തുടങ്ങി ലോകവ്യാപകമായി പ്രവര്‍ത്തിക്കുന്ന യു.എസ് കമ്പനികളുടെയെല്ലാം സെര്‍വറുകളില്‍ നിന്ന്‍ എന്‍.എസ്.എ വിവരങ്ങള്‍ ശേഖരിക്കുന്നു എന്ന വാര്‍ത്ത‍ ഈ കമ്പനികളെ ബുദ്ധിമുട്ടില്‍ ആക്കിയിരുന്നു. സര്‍ക്കാര്‍ നിയമാധിഷ്ഠിതമായി ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുന്നതിന് പുറമേയാണിത്‌. സ്നോഡന്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന്‍ പൊതുവേ സര്‍ക്കാറുകളുടെ ഭാഗത്ത് നിന്നുള്ള നടപടികള്‍ കൂടുതല്‍ സുതാര്യമാകണമെന്ന നിലപാട് ഈ കമ്പനികളില്‍ പലതും സ്വീകരിച്ചിട്ടുണ്ട്. തങ്ങളുടെ ഇ-മെയില്‍ സേവനമായ ജിമെയിലില്‍ പുതിയ എന്ക്രിപ്ഷന്‍ സേവനം പ്രഖ്യാപിച്ചാണ് ഗൂഗിള്‍ റീസെറ്റ് ദ നെറ്റ് പ്രചാരണത്തിന് പിന്തുണ നല്‍കുന്നത്. അയക്കുന്നവരിലും സീകരിക്കുന്നവരിലും എന്ക്രിപ്ഷന്‍ ഏര്‍പ്പെടുത്താന്‍ സാധിക്കുന്ന ഈ സേവനം ഗൂഗിളിന്റെ വെബ് ബ്രൌസര്‍ ആയ ക്രോമില്‍ വൈകാതെ എക്സറ്റന്‍ഷന്‍ ആയി ലഭ്യമാകുമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്.

 

edward snoden

 

ഓണ്‍ലൈന്‍ ആശയവിനിമയം ശേഖരിക്കുന്നത് അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന്‍ തുടക്കം കുറിക്കാമെന്ന് തന്റെ സന്ദേശത്തില്‍ സ്നോഡന്‍ പറയുന്നു. ഏത് സര്‍ക്കാറും നടത്തുന്ന ബഹുജന നിരീക്ഷണ പരിപാടികള്‍ക്ക് തടയിടാന്‍ പറ്റുന്ന സാങ്കേതിക പരിഹാരങ്ങളുമായി ലോകമെങ്ങുമുള്ള ജനങ്ങളും സ്ഥാപനങ്ങളും മുന്നോട്ടുവരികയാണെന്ന് ചൂണ്ടിക്കാട്ടിയ സ്നോഡന്‍ ജനം സ്വയം മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുടങ്ങുന്ന പ്രസ്ഥാനത്തിന്റെ തുടക്കമാണിതെന്ന് പറഞ്ഞു. രാഷ്ട്രങ്ങളുടെ നിയമങ്ങളേക്കാളേറെ പ്രകൃതിയുടെ നിയമങ്ങള്‍ മാനിച്ചുകൊണ്ടാണ് ജനം ഇത് ചെയ്യുന്നതെന്നും റഷ്യയില്‍ താല്‍ക്കാലിക അഭയത്തില്‍ കഴിയുന്ന സ്നോഡന്‍ കൂട്ടിച്ചേര്‍ത്തു. റീസെറ്റ് ദ നെറ്റ് പ്രചാരണത്തിലൂടെ ഒരു രാഷ്ട്രീയ ആശയം പ്രായോഗിക നടപടിയിലേക്ക് നീങ്ങുകയാണെന്ന് സ്നോഡന്‍ നിരീക്ഷിച്ചു.

 

എന്‍.എസ്.എ പോലുള്ള ഏജന്‍സികള്‍ക്ക് ഏതെങ്കിലും പ്രത്യേക വ്യക്തിയെ നിരീക്ഷിക്കുന്നത് പോലെ എളുപ്പമല്ല എല്ലാവരേയും നിരീക്ഷിക്കുന്നത് എന്ന അടിസ്ഥാന ആശയത്തില്‍ നിന്നാണ് റീസെറ്റ് ദ നെറ്റ് പ്രചാരണം തുടങ്ങുന്നത്. എന്ക്രിപ്ഷന്‍ സേവനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നത് നൂറു ശതമാനം സുരക്ഷ നല്‍കും എന്ന്‍ പറയാനാകില്ലെങ്കിലും നിരീക്ഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം കൂടുതല്‍ വിഷമകരമാക്കാന്‍ അതിന് കഴിയും. അതിലൂടെ ഇപ്പോള്‍ നടത്തുന്നത് പോലുള്ള ബഹുജനാടിസ്ഥാനത്തിലുള്ള നിരീക്ഷണം സാമ്പത്തികമായി തന്നെ ബുദ്ധിമുട്ടായി മാറുമെന്നും ഫൈറ്റ് ഫോര്‍ ദ ഫ്യൂച്ചര്‍ ചൂണ്ടിക്കാട്ടുന്നു. ജൂണ്‍ അഞ്ചിന്റെ പ്രചാരണത്തില്‍ മാത്രം തങ്ങളുടെ പ്രവര്‍ത്തനം ഒതുങ്ങില്ലെന്നും വരും ദിവസങ്ങളില്‍ ശ്രദ്ധേയമായ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാമെന്നും സംഘം അറിയിക്കുന്നു.

Tags: