മോദിപ്രഭാവത്തില്‍ നിന്ന്‍ മോദിഭയത്തിലേക്ക്

Glint Staff

Tuesday, February 10, 2015 - 11:50am

ദില്ലി നിയമസഭയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലെത്തിയതിന് അവർ നന്ദി പറയേണ്ടത് ബി.ജെ.പിയോട്. ലോകസഭാ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിൽ എഴിലും ഭൂരിപക്ഷം നേടിയത് ബി.ജെ.പി. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടയില്‍ ആദ്യമായി ദില്ലിയിൽ ബി.ജെ.പി നേടിയ അനുകൂല വിധിയെഴുത്ത്. അതിന് ഒരു പരിധിവരെ കളമൊരുക്കിയത് ഉത്തരേന്ത്യയിൽ മൊത്തത്തിൽ വീശിയ മോദി തരംഗമായിരുന്നു എന്നു പറയാം. എന്നിരുന്നാലും അരവിന്ദ് കേജ്രിവാളും അദ്ദേഹത്തിന്റെ ആം ആദ്മി പാർട്ടിയും ഡല്‍ഹിയില്‍ ബി.ജെ.പിക്ക് അനുകൂലമായ ജനവിധി ഒരുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. ഭരണത്തിലിരുന്നുകൊണ്ട് ഭരണം ശ്രദ്ധിക്കുന്നതിനേക്കാൾ പോരാട്ടങ്ങളിൽ ശ്രദ്ധയൂന്നുകയും ഏതാണ്ട് നിരുത്തരവാദിത്വപരമായി ഭരണം ഉപേക്ഷിച്ച് ദില്ലിയെ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടതിലൂടെയും ആം ആദ്മിയും കേജ്രിവാളും നിശിതമായി വിമർശിക്കപ്പെട്ടു. കേജ്രിവാളിന്റെ ഏകാധിപത്യമാണ് ആം ആദ്മി പാർട്ടിയിൽ നടക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് പ്രമുഖരായ ചില നേതാക്കൾ പാർട്ടി വിടുകയും മറ്റു ചിലർ പരസ്യപ്രസ്താവനകളുമായി രംഗത്തു വരികയും ചെയ്തിരുന്നു. ജനായത്തത്തിൽ ജനവിധിയെ മാനിക്കാൻ കൂട്ടാക്കാത്ത നിലപാടാണ് കേജ്രിവാളിനുള്ളതെന്നുള്ള ആക്ഷേപവും ഉണ്ടായി. നിരുപാധികം കോൺഗ്രസ്സ് നൽകിയ പിന്തുണ വേണ്ടെന്നു വെയ്ക്കാനുള്ള മാനസികാവസ്ഥയും ആ ആരോപണത്തെ ബലപ്പെടുത്തി. ഒടുവിൽ കേജ്രിവാൾ തന്നെ പറയുകയുണ്ടായി രാജിവെച്ചതിൽ തിടുക്കം ഉണ്ടായെന്നും അൽപ്പം പക്വതയില്ലായ്മ സംഭവിച്ചുപോയെന്നും.

 

ഇങ്ങനെയുള്ള ഘടകങ്ങളെല്ലാം കൂടി ആം ആദ്മി പാർട്ടിയുടെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്തു നിൽക്കുന്ന അവസരത്തിലാണ് ലോകസഭാ തെരഞ്ഞെടുപ്പു വരുന്നതും ബി.ജെ.പി ദില്ലി തൂത്തുവാരുന്നതും. ഉടനടി നിയമസഭാ തെരഞ്ഞെടുപ്പുകൂടി ദില്ലിയിൽ ഉണ്ടായിരുന്നുവെങ്കിൽ ആ തെരഞ്ഞെടുപ്പിന് ഉത്തരവാദി ആം ആദ്മി പാർടിയാണെന്ന് ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ബി.ജെ.പിക്കോ കോൺഗ്രസ്സിനോ ആർക്കും തന്നെ ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു. എന്നാൽ ബി.ജെ.പി അധികാരത്തിൽ വന്ന് എട്ടു മാസത്തിനു ശേഷമാണ് ഉപതെരഞ്ഞെടുപ്പ് വരുന്നത്. അതുതന്നെ അടിക്കടി തെരഞ്ഞെടുപ്പെന്നുള്ള ബുദ്ധിമുട്ടിന്റെ തീവ്രത ഒരു പരിധിവരെ ഇല്ലാതാക്കുന്നതായി. ഈ എട്ടു മാസത്തിനുള്ളിൽ മോദിസർക്കാരും മോദിയും ജനമനസ്സിൽ സ്ഥാപിച്ചെടുത്ത പ്രതിഛായ പ്രധാനമാണ്. വളരെ ശുഷ്‌കാന്തിയോടെ പ്രവർത്തിക്കുന്ന സർക്കാർ സംവിധാനത്തെ കൊണ്ടുവരുന്നതിനായി സ്വന്തം നിലയിൽ തന്നെ പ്രധാനമന്ത്രി മോദി ശ്രമിക്കുന്നുണ്ട്. അതിൻറെ അനുരണനങ്ങൾ പല സന്ദർഭങ്ങളിൽ പല രൂപത്തിൽ പ്രകടമാവുവകയും ചെയ്തു. മോദി നേരിട്ട് ഓഫീസുകൾ സന്ദർശിക്കുന്നതുമുതൽ മോദിയുടെ വരവിനെ പേടിച്ച് ഓഫീസുകളിലെ പഴകിയ കാർപ്പെറ്റുകൾ മാറ്റുന്നതിലും ഉദ്യോഗസ്ഥർ ധരിക്കേണ്ട വസ്ത്രങ്ങളുടെ വെടിപ്പിൽ വരെ. ഇതിനെ ചുറ്റിപ്പറ്റി അപസർപ്പക കഥകളെ പോലും വെല്ലുന്ന കഥകളും പ്രചരിക്കപ്പെട്ടു. അത്തരം കഥകള്‍ യാഥാർഥ്യമെന്ന് ഉറപ്പിക്കും വിധമായിരുന്നു മോദിയുടെ ഓരോ തീരുമാനങ്ങളും പ്രകടനങ്ങളും. മധ്യവർഗ്ഗ നഗരമായ ദില്ലി എന്നും സർക്കാർ ഉദ്യോഗസ്ഥർ അഥവാ ബാബുമാരുടെ നഗരമാണ്. കേന്ദ്രത്തിൽ ആരു ഭരിച്ചാലും കാര്യങ്ങളുടെ ഗതി നിർണ്ണയിക്കുന്നത് തങ്ങൾ തന്നെയെന്ന് അഹന്തയുള്ള ബാബു വർഗ്ഗം. അവരെയാണ് നരേന്ദ്ര മോദി മൂക്കുകയറിടാൻ ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് പഞ്ചിംഗ് സംവിധാനം ദില്ലിയിൽ കൊണ്ടുവന്നത്. ഇത് തങ്ങൾക്കിഷ്ടമുള്ളപ്പോൾ മാത്രം ഓഫീസിൽ വരികയും പോവുകയും ചെയ്തിരുന്ന ബാബുവർഗ്ഗത്തിന്റെ ജീവിത രീതിയെ അലോസരപ്പെടുത്തി. പഞ്ചിംഗ് സംവിധാനം ദില്ലിയിൽ മോദിയുടെ പരാജയത്തിനു കാരണമാകുമെന്ന് ചിലർ തുടക്കത്തിൽ പറഞ്ഞിരുന്നു. എങ്കിലും പറഞ്ഞു തീരുന്നതിനുമുൻപ് അവർ തിരുത്തുകയും ചെയ്യുമായിരുന്നു. അതായത്, ഒടുവിൽ ബി.ജെ.പി തന്നെയേ ദില്ലിയിൽ ജയിക്കാൻ പോകുന്നുവുളളു എന്ന്. ഈ അഭിപ്രായപ്രകടനം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുൻപ് വരെയായിരുന്നു. ആം ആദ്മി പാർട്ടിയുടെ കഷ്ടകരമായ അവസ്ഥയും ആ അഭിപ്രായപ്രകടനങ്ങൾക്ക് കാരണമായിരുന്നിട്ടുണ്ടാകാം.

 

മോദിപ്രഭാവം ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം പ്രകടമായി. അത് മോദിക്കൊപ്പം പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായുടെ വിജയമായും കൊട്ടിഘോഷിക്കപ്പെട്ടു. രണ്ടുപേരും ചേർന്നാൽ തെരഞ്ഞെടുപ്പു വിജയം സുനിശ്ചിതമാണെന്ന സമവാക്യവും പൊതുവെ ഉരുത്തിരുഞ്ഞുവന്നു. കേന്ദ്രമന്ത്രിസഭയിൽ പ്രധാനമന്ത്രിയല്ലാതെ മറ്റൊരു മന്ത്രിയ്ക്കും സ്വന്തം നിലയിൽ പ്രവർത്തിക്കാനോ സംസാരിക്കുവാനോ ഉള്ള അവകാശം പോലുമില്ല എന്ന അവസ്ഥയും സംജാതമായി. അതിന് ഏറ്റവും നല്ല ഉദാഹരണം വിദേശകാര്യ മന്ത്രിയുടെ കാര്യത്തിലാണ്. ബി.ജെ.പിയിലെ ഏറ്റവും ചടുലവും കഴിഞ്ഞ പതിനഞ്ചുകൊല്ലമായി ദില്ലിയിലെ തന്നെ ഏറ്റവും ശക്തിയേറിയ സ്ത്രീശബ്ദമായിരുന്നു സുഷമാ സ്വരാജിന്റേത്. അവർ വിദേശകാര്യ മന്ത്രിയായതിന് ശേഷം ശബ്ദം കേൾക്കാനേ ഇല്ല. അങ്ങനെയൊരു മന്ത്രിയുണ്ടോ എന്നുപോലും സംശയം തോന്നുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. അതേസമയം കഴിഞ്ഞ ഒമ്പതു മാസമായി കേന്ദ്രമന്ത്രിസഭ വിദേശകാര്യങ്ങളിലാണ് ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതും. മോദി-അമിത് ഷാ സമവാക്യവും മോദിയുടെ ഭരണശൈലിയും മോദി ഒരു ഏകാധിപതിയുടെ അവസ്ഥയിലേക്ക് മാറുന്നു എന്നുള്ള ധാരണയേയും സൃഷ്ടിച്ചു. അദ്ദേഹം തന്നെ കുഴിച്ചുമൂടാൻ ആഗ്രഹിക്കുന്ന തന്റെ ഗുജറാത്ത് ചരിത്രവും ഉപബോധമനസ്സിൽ നിന്നെന്നപോലെ പുതിയ പ്രതിഛായയെ രൂഢമൂലമാക്കി. ഇതെല്ലാം പ്രതിപക്ഷവും മോദിവിരുദ്ധരും പ്രചരിപ്പിക്കുന്നതുപോലെ മോദിപ്രഭാവത്തോടൊപ്പം മോദിഭയവും സമാന്തരമായി വളർത്തി. ആ ഭയത്തെ ഏറ്റവും കൂടുതൽ വർധിപ്പിക്കുന്നതായിരുന്നു ഘർ വാപ്‌സി. ഘർ വാപ്‌സിയിലൂടെ ബി.ജെ.പിയുടെ ലക്ഷ്യം മതപരിവർത്തനം ഇന്ത്യയിൽ നിരോധിക്കുന്ന നിയമം കൊണ്ടുവരികയാണെന്നുള്ളത് ന്യൂനപക്ഷങ്ങൾക്കിടയിൽ വായിക്കപ്പെട്ടു. ആഗ്രയിൽ നടന്ന ഘർ വാപ്‌സിയും ദില്ലിയിൽ നടന്ന ക്രിസ്ത്യൻ പള്ളികൾക്കുനേരേയുള്ള ആക്രമണങ്ങളും മോദിപ്രഭാവത്തെ കൗതുകം പോലെയെങ്കിലും കാണാമെന്ന് കരുതിയ ന്യൂനപക്ഷങ്ങളിൽ മോദിഭയത്തെ പുനസ്ഥാപിച്ചു.

 

നേതൃത്വമില്ലാതെ കോൺഗ്രസ്സ് സ്വയരക്ഷയ്ക്കായി അലയുമ്പോൾ അവരെ ആശ്രയിക്കുന്നതിൽ അർഥമില്ലെന്നുള്ളത് മനസ്സിലാക്കാൻ നിലനിൽപ്പ് ഭയമുള്ള ഏതൊരാൾക്കും അറിവുള്ളതേ ഉള്ളു. ഈ സാഹചര്യത്തിലാണ് പ്രതീക്ഷകളും സാധാരണക്കാരന് പ്രാപ്യമെന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന തന്ത്രങ്ങളുമായി ആം ആദ്മി  ആ സാഹചര്യം വീണ്ടും മുതലെടുക്കുന്നത്. ഈ ദില്ലി തെരഞ്ഞെടുപ്പ് ശരിക്കും ആം ആദ്മിയുടെ പുന:പ്രവേശനമാണ്. ഭരിക്കാൻ അറിയില്ലെങ്കിലും അവർ പോരാട്ടക്കാരാണ് എന്നുള്ള പ്രതിഛായയാണ് ദില്ലിയിലെ ന്യൂനപക്ഷങ്ങൾക്കും ദരിദ്രര്‍ക്കും ഏകാധിപത്യത്തെ ഭയക്കുന്ന മധ്യവർഗ്ഗത്തിനും ആം ആദ്മിയെ സ്വീകാര്യമാക്കിയത്. മോദിയെ ഭയക്കുമ്പോൾ ഏക രക്ഷയായി അവർ കാണുന്നതും കൃത്യമായി നേതാവുള്ള എതിർപക്ഷത്തെ സംഘടനെയെയാണ്. അവരല്ലാതെ മറ്റൊരു പോംവഴി മോദിയെ ഭയക്കുന്നവർക്ക് ദില്ലിയിൽ ഇല്ല താനും. തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് നടന്ന യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ സന്ദർശനം പോലും ആം ആദ്മിയുടെ വിജയത്തെ കൂടുതൽ ലളിതമാക്കി. മോദിയുടെ അപ്രമാദിത്വത്തെ ഉയർത്തിക്കാട്ടുന്നതിൽ കലാശിക്കുകയായിരുന്നു ഒബാമ സന്ദർശനം. പ്രത്യേകിച്ചും, മോദി ധരിച്ച സ്വന്തം പേര് തുന്നിയ വസ്ത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചായവില്‍പ്പനക്കാരനായിരുന്ന ഭൂതകാലം ഓര്‍മ്മിപ്പിച്ച് പ്രചാരണം നടത്തിയ സ്ഥാനത്താണ്‌ ഈ ആര്‍ഭാട പ്രകടനം. ഇത് രാജ്യത്തെ ദരിദ്രജന വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള മോദിയുടെ തുടര്‍ശ്രമങ്ങള്‍ ഉപരിപ്ലവം മാത്രമാണെന്ന ധാരണ ജനിപ്പിക്കുന്നതായിരുന്നു. ദില്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ മതസഹിഷ്ണുത ഇന്ത്യ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ഒബാമ ഊന്നിപ്പറഞ്ഞതും കേന്ദ്ര സര്‍ക്കാറിന് അനുകൂലമായല്ല മനസ്സിലാക്കപ്പെട്ടത്. ഒബാമ സന്ദർശനത്തിനു പിന്നാലെ വിദേശകാര്യ സെക്രട്ടി സുജാത സിങ്ങ് നീക്കപ്പെട്ട രീതിയും ദില്ലി മധ്യവർഗ്ഗത്തെ അലോസരപ്പെടുത്തുന്നതും മോദിഭയത്തിന്റെ വിത്തുകള്‍ ഉറപ്പിക്കുന്നതുമായിരുന്നു.

 

ഏറ്റവുമൊടുവിൽ ആം ആദ്മി പാർട്ടിയുടെ വിജയത്തിനുവേണ്ടി ബി.ജെ.പി ചെയ്തുകൊടുത്തത് അവരുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കിരൺ ബേദിയെ നിർത്തിയതാണ്. ദില്ലിയിലെ ചേരിക്കാർ മുതലിങ്ങോട്ടുള്ള സാധാരണക്കാർ കിരൺ ബേദിയെ അറിഞ്ഞുതുടങ്ങിയത് അണ്ണാഹസ്സാരെയുടേയും കേജ്രിവാളിന്റേയും കൂടെ ആക്രോശിച്ച് സംസാരിക്കുകയും ചിലപ്പോൾ നൃത്തം ചവിട്ടുകയുമൊക്കെ ചെയ്യുന്ന അതിതീവ്ര സ്വഭാവത്തിന്റെ ഉടമയായ വ്യക്തിത്വമായാണ്. അവരെ തേടിപ്പിടിച്ച് കേജ്രിവാളിന് എതിർനിർത്തിയതോടെ ആം ആദ്മിക്ക് കൈവന്നത് തങ്ങൾക്ക് നഷ്ടപ്പെട്ട അസ്ഥിത്വമായിരുന്നു. അതോടൊപ്പം അതുവരെ ബി.ജെ.പിയെ നയിച്ച ആത്മവിശ്വാസ ചോർച്ചയുടെ ഉച്ചത്തിലുള്ള പ്രഖ്യാപനവും. അതായത് മോദിപ്രഭാവത്തെ തങ്ങൾ പോലും വിശ്വിക്കുന്നില്ല എന്ന ബി.ജെ.പിയുടെ സമ്മതിക്കലുമായി ജനം അതിനെ കണ്ടു. അതുകൊണ്ടാണ് മോദിയും കേന്ദ്രമന്ത്രിസഭയും നൂറിലധികം എം.പിമാരും രംഗത്തിറങ്ങിയിട്ടും ബി.ജെ.പിക്ക് ദയനീയ തകര്‍ച്ച നേരിടേണ്ടി വന്നത്.

Tags: