ആലിയാ, ഐ ടോള്‍ഡ് യു നോട്ട് ടു ടച്ച് മൈ ഐ പാഡ്

താരാ കൃഷ്ണന്‍
Fri, 06-06-2014 05:29:00 PM ;

facebook relationship status

 

''രണ്ടുമാസം മുമ്പത്തെ ഇവന്റിന്റെ ഫോട്ടോ ഇനി ഫേസ് ബുക്കിലിടുന്നതു മോശമാണോ?'' സഹപ്രവര്‍ത്തകയുടെ സംശയം.

 

കാര്യം അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് ദേഷ്യവും സങ്കടവും. അടുത്തിടെ കടന്നുപോയ 25-ാം വിവാഹ വാര്‍ഷികമാണ് പ്രശ്നമായത്. സ്നേഹവും സന്തോഷവുമൊക്കെയുള്ള കുടുംബജീവിതമുണ്ട്. പക്ഷേ 'ഭര്‍ത്താവ് അത്ര പോര'. തീരെ ട്രെന്‍ഡിയല്ലത്രെ! അങ്ങേര്‍ക്ക് ഈ ഫോട്ടോ എടുപ്പും ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യലും ഒന്നും താല്പര്യമില്ല. ഭാര്യയ്ക്കാണെങ്കില്‍ ഇതെല്ലാം ഹരവും. എങ്കിലും വലിയ അലട്ടലുകള്‍ ഇല്ലാതെ ആ കുടുംബം മുന്നോട്ടു പോകുകയായിരുന്നു. അപ്പോഴാണ് അവളുടെ പഴയ കൂട്ടുകാരി ഷാര്‍ജയിലിരുന്നൊരു പണി കൊടുത്തത്. നമ്മുടെ കക്ഷിയുടെ ചാറ്റ് ബോക്‌സിലേക്കൊരു ടോര്‍പിഡോ.

 

''നിന്റെ ഭര്‍ത്താവ് തീരെ റൊമാന്റിക്കല്ല അല്ലേ?''

 

ചോദ്യം സിമ്പിളായിരുന്നെങ്കിലും കാര്യങ്ങള്‍ കോംപ്ലിക്കേറ്റഡ് ആയി. ഷാര്‍ജക്കാരിയുടെ നിഗമനത്തിനു പിന്നിലെന്തെന്നു തിരിക്കിയതോടെ ആകെ പ്രശ്നവുമായി.

 

''നീയും ഭര്‍ത്താവും ഇഴുകിച്ചേര്‍ന്നു നില്ക്കുന്ന ചിത്രങ്ങളൊന്നും ഇതുവരെ എഫ് ബിയില്‍ കണ്ടിട്ടില്ല. 25-ാം വിവാഹ വാര്‍ഷികത്തിനെങ്കിലും പ്രതീക്ഷിച്ചു. സമ്മാനം കിട്ടിയതായിട്ടൊന്നും നീ പോസ്റ്റ് ചെയ്തുമില്ലല്ലോ. അതോടെ മനസ്സിലായി.''

 

പോരേ പൂരം! ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ അന്യനെപ്പോലുള്ള ഭര്‍ത്താവിന്റെ നില്പില്‍ ഭാര്യയ്ക്കു പണ്ടേ അമര്‍ഷമുണ്ട്. എങ്കിലും ദാമ്പത്യത്തിന്റെ സ്വകാര്യനിമിഷങ്ങളില്‍ ഭര്‍ത്താവ് വളരെ റൊമാന്റിക്കാണല്ലോ എന്നോര്‍ത്തു സമാധാനിച്ചിരിക്കുകയായിരുന്നു. പക്ഷേ അതിലൊന്നും കാര്യമില്ല. സ്നേഹമുണ്ടെന്ന് പത്താളറിയുന്നതിലാണ് സംഭവം കിടക്കുന്നതെന്ന് ഇപ്പോഴല്ലേ ബോധ്യമായത്.

 

സത്യം പറഞ്ഞാല്‍ നല്ലൊരു സാരിയും രണ്ടു പവന്റെ വളയും ഭര്‍ത്താവ് വാങ്ങിക്കൊടുത്തിരുന്നു. പക്ഷേ വാര്‍ഷികം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണെന്ന് മാത്രം. ഇതാണ് പുള്ളിയുടെ കുഴപ്പം. ആ ദിവസമായിരുന്നെങ്കില്‍ എല്ലാവരേയും കാണിക്കാമായിരുന്നു. എങ്കിലും ഒരാഴ്ച വൈകുന്നതു പ്രശ്നമില്ലായിരുന്നു. ആ സാരിയൊക്കെ ഉടുത്ത് ഒരുമിച്ചൊരു ഫോട്ടോയെടുത്ത് എഫ്.ബിയിലിടണമെന്നൊക്കെ ആശിച്ചിരുന്നു. പക്ഷേ ഭര്‍ത്താവിനോടു പറഞ്ഞപ്പോള്‍ ചുമ്മാ ചിരിച്ചുതള്ളി. മകള്‍ക്കു പരീക്ഷ നടക്കുകയായിരുന്നതിനാല്‍ അവളും താല്പര്യം കാണിച്ചില്ല. ചുരുക്കത്തില്‍ കാര്യം നടന്നില്ല. ഇനിയൊരു പടമെടുത്തിട്ടാല്‍ പ്രശ്നമാകുമോ എന്നാണ് അറിയേണ്ടത്. ഇനിയൊരു ഫോട്ടോ എടുക്കാമെന്നു വെച്ചാലും അതിലും ഭര്‍ത്താവ് യാതൊരു സ്നേഹവുമില്ലാത്തവനെപ്പോലെ തന്നെ നില്‍ക്കുമല്ലോ എന്ന ആശങ്ക വേറെയും. ഭാര്യയേയും മകളേയും ചേര്‍ത്തണച്ച് 'നിങ്ങള്‍ക്ക് ഞാനുണ്ട്' എന്ന ഭാവത്തില്‍ ഭര്‍ത്താവു നില്‍ക്കുന്നൊരു ചിത്രം നാലാളെ കാണിക്കുക അവരുടെ സ്വപ്നമാണ്. പക്ഷേ രക്ഷയില്ല. ഒരുപാടു സ്നേഹമുള്ളയാളാണ്. പക്ഷേ ഒട്ടും ഫ്ലെക്സിബിളല്ല. പ്രത്യേകിച്ച് ക്യാമറയുടേയും നാട്ടുകാരുടേയും മുന്നില്‍. പ്രശസ്തമായൊരു ക്ലബ്ബിലും റസിഡന്റ്‌സ് അസോസിയേഷനിലുമെല്ലാം അംഗത്വമുണ്ട്. അവിടത്തെ പരിപാടികളും യാത്രകളും ഒക്കെയായി ഫോട്ടോ എടുത്ത് പ്രദര്‍ശിപ്പിക്കാന്‍ ഒരുപാടു സ്കോപ്പുമുണ്ട്. പക്ഷേ എല്ലാ ഫോട്ടോയിലും വടി വിഴുങ്ങിയതു പോലെ പുള്ളി നില്‍ക്കുന്നതു കാണുമ്പോള്‍ ഒന്നും അപ്‌ലോഡ് ചെയ്യാന്‍ തോന്നില്ല. എത്ര 'വലിയ ആത്മദുഃഖം' ആണെന്നു നോക്കൂ!

 

സ്വകാര്യതയുടെ ആഘോഷം

 

സൈബര്‍ ലോകം നമ്മുടെ സ്വകാര്യത മുഴുവന്‍ നശിപ്പിച്ചു എന്ന മുറവിളി ഒരു വശത്തു നടക്കുമ്പോള്‍ തന്നെ മിക്ക സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളിലും കുടുംബങ്ങള്‍ തന്നെ തങ്ങളുടെ സ്വകാര്യതയെ ഉത്സവമാക്കുന്നതൊരു കൗതുകക്കാഴ്ചയാണ്.

 

facebook likeകുടുംബമൊന്നായി ഇടയ്ക്കിടെ നടത്തുന്ന യാത്രകള്‍ നല്‍കുന്ന ഉണര്‍വ്വില്‍ ആര്‍ക്കും തര്‍ക്കമില്ല. പണ്ട് കൊല്ലത്തിലൊരിക്കല്‍ വല്ല ബന്ധുവീടുകളിലോ മലയാറ്റൂര്‍ പള്ളിയിലോ, ഗുരുവായൂരമ്പലത്തിലോ പോകുന്നതായിരുന്നു യാത്ര. ഇന്നതാണോ? എല്ലാ വീക്കെന്റിലും എന്തെങ്കിലും ഫംങ്ഷന്‍. രണ്ടു മൂന്നു മാസത്തിനിടയിലെങ്കിലും ചെറുയാത്രകള്‍. കുറഞ്ഞത് ആണ്ടില്‍ രണ്ടുതവണ മൂന്നുനാലു ദിവസമോ ആഴ്ചകളോ നീളുന്ന ഉല്ലാസയാത്രകള്‍. പറ്റുമെങ്കില്‍ വിദേശത്തേയ്ക്കും. യാത്രയ്ക്കിടയിലും യാത്ര കഴിഞ്ഞും ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നത് ഒരു പ്രധാന സംഭവമാണ്. നീയൊക്കെ വെറുതെ വീട്ടില്‍ കുത്തിയിരിക്കുമ്പോ ദാ, ഞങ്ങളിവിടെ ഹിമാലയ സാനുക്കളില്‍ മഞ്ഞുവാരിക്കളിക്കുകയാ, അല്ലെങ്കില്‍ മലേഷ്യയിലോ ദുബായിലോഉള്ള ഷോപ്പിംഗ് മാളില്‍ കറങ്ങുകയാ... കണ്ട് അസൂയപ്പെട്ടോളൂ എന്നൊരു ഹിഡന്‍ മെസ്സേജു കൂടി ഇതിലുണ്ട്. ഫോട്ടോകളുടെ അടിക്കുറിപ്പിന് അപ്പുറത്തേയ്ക്ക് ആ മെസ്സേജ് ഡീകോഡു ചെയ്തെടുക്കുന്ന സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ങും...ഞങ്ങളും നാളെ ഇവിടെല്ലാം പോകും., അപ്പോള്‍ ഇതിന്റെയൊക്കെ കണക്കുതീര്‍ക്കാം എന്ന മനസ്സില്‍ പറഞ്ഞ് ലൈക് ബട്ടണമര്‍ത്തും. എത്ര ലൈക് കിട്ടി എന്നതും സുഹൃത്തുക്കളാരെങ്കിലും മന:പൂര്‍വം ലൈക് അടിക്കാതിരുന്നോ എന്നതും ചിന്താവിഷയവും അത്താഴമേശയിലെ ചര്‍ച്ചാവിഷയവുമാകുന്നു.

 

സന്തുഷ്ടജീവിതത്തിന്റെ പരസ്യപ്പലക

 

അവശ കാമുകര്‍ക്കും ദു:ഖപുത്രിമാര്‍ക്കുമൊന്നും തീരെ മാര്‍ക്കറ്റില്ലാത്ത ലോകത്താണ് നാം ജീവിക്കുന്നത്. ദു:ഖങ്ങള്‍ കാറ്റില്‍ പറത്താനുള്ളതും സന്തോഷങ്ങള്‍ ഷെയര്‍ ചെയ്യപ്പെടാനുള്ളതുമാണ് ഇന്ന്. വീട്ടിനുള്ളില്‍ സന്തോഷമില്ലെങ്കിലും പ്രശ്നമില്ല. മറ്റുള്ളവര്‍ നോക്കുമ്പോള്‍ അങ്ങനെ തോന്നിയാല്‍ മതി. ഇക്കാര്യത്തില്‍ നമ്മുടെ സ്ത്രീകളാണു മുന്നില്‍. ഭര്‍ത്താവിനു തന്നെ ജീവനാണെന്നു ലോകത്തെ ബോധ്യപ്പെടുത്തുകയാണു ലക്ഷ്യം. സിനിമാസ്റ്റൈലില്‍ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്ത് എന്റെ സഹപ്രവര്‍ത്തകയെപ്പോലുള്ള അസംഖ്യം സ്ത്രീകളുടെ മനസ്സമാധാനം കെടുത്തുന്നു അവര്‍.

 

ഭര്‍ത്താക്കന്മാര്‍ പിറന്നാളിനും വിവാഹവാര്‍ഷികത്തിനും നല്‍കുന്ന വിലപിടിച്ച സമ്മാനത്തിന്റെ ചിത്രങ്ങളും വിവരണങ്ങളും വളരെ രസകരമായ ഐറ്റമാണ്. പിറന്നാളിന് മൂന്നു ലക്ഷം രൂപാ വിലയുള്ള ഡയമണ്ട് സെറ്റ് വാങ്ങിക്കൊടുത്ത ഭര്‍ത്താവിനോടുള്ള പ്രണയം ഒരു യുവഭാര്യ ഈയിടെ പങ്കുവെച്ചു കണ്ടു. ബഡ്റൂമില്‍ വെച്ച് അയാളോട് പറയേണ്ട കാര്യം ഫേസ്ബുക്ക് വാളില്‍ ഇട്ടത് ഭര്‍ത്താവെന്നു പറയുന്ന വിദ്വാനും അയാളുടേയും പെങ്കൊച്ചിന്റേയും അച്ഛനമ്മമാരും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാ ലൈക് ചെയ്തും കമന്റ് ചെയ്തും അര്‍മാദിക്കുക കൂടി ചെയ്തതോടെ ആനന്ദം നിറഞ്ഞു കവിഞ്ഞൊരു കുടുംബത്തിന്റെ മോഹനചിത്രം ഫേസ്ബുക്ക് ചുമരില്‍ പതിപ്പിച്ച ചാരിതാര്‍ത്ഥ്യം പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും ലഭിച്ചു. അതൊരു ചെറിയ കാര്യമല്ലല്ലോ!

 

ഇനി, ഭര്‍ത്താക്കന്മാര്‍ തങ്ങളെ നിലത്തു വെയ്ക്കാതെ കൊണ്ടു നടക്കുകയാണ്, സ്നേഹിച്ചു ശ്വാസം മുട്ടിക്കുകയാണ് എന്നെല്ലാം മാലോകരെ അറിയിക്കാന്‍ വെമ്പലുള്ള ചില പെണ്‍കുട്ടികളുണ്ട്. ഭര്‍ത്തൃസ്നേഹത്തിന്റെ ചില ഉത്തുംഗ ഭാവങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുകയാണ് അതിനുള്ള വഴിയെന്നവര്‍ക്കറിയാം. എങ്കിലും ചെറിയൊരു ചമ്മല്‍. ഇത്രയ്ക്കങ്ങോട്ടു വേണമായിരുന്നോ എന്ന് ആര്‍ക്കും തോന്നുന്ന പടങ്ങളാണ്. അതവര്‍ക്കും അറിയാം. എന്നുവെച്ച് പോസ്റ്റ് ചെയ്യാതിരിക്കാന്‍ പറ്റുമോ? ഭര്‍ത്താവ് ചൊരിയുന്ന സ്നേഹം മുഴുവന്‍ ആരുമറിയാതെ പാഴായിപ്പോകുന്നതു കഷ്ടമല്ലേ? അതിനുമുണ്ട് പണി.

 

ബാലവേല

 

ഒരു കുടുംബസുഹൃത്തിന്റെ പുത്രഭാര്യ ഈയിടെ അപ്‌ലോഡ് ചെയ്ത ചിത്രം വളരെ രസകരമായിരുന്നു. കൊടൈക്കനാലിലെ കോടമഞ്ഞില്‍ കുളിച്ച് യുവമിഥുനങ്ങള്‍ കൊക്കുരുമ്മി നില്ക്കുന്ന ഫോട്ടോ. ഉള്ളതു പറയണല്ലോ. സംഭവം നന്നായിരുന്നു. സിനിമാ പോസ്റ്റര്‍ പോലെ സുന്ദരം. പിന്നെ, ഈ പിള്ളോരുടെ ഒരു കാര്യമേ... ങാ, ഇപ്പോഴത്തെ കൊച്ചുങ്ങള്‍ക്ക് നാണവും മാനവുമൊന്നുമില്ലല്ലോ എന്നൊക്കെ പഴയ തലമുറയ്ക്കു തോന്നാവുന്ന ചില എലിമെന്റ്‌സ് ആ ഫോട്ടോയില്‍ നിശ്ചയമായും ഉണ്ടായിരുന്നു. എങ്കിലും ചെറിയൊരു ചിരിയില്‍ അതൊതുക്കാന്‍ പഴഞ്ചന്മാരും പഠിച്ചു കഴിഞ്ഞതുകൊണ്ട് പ്രശ്നമില്ലായിരുന്നു. പക്ഷേ, അപ്പോഴാണ് പലരും ചിത്രത്തിന്റെ അടിക്കുറിപ്പു കണ്ടത്. 'ആലിയാ, ഐ ടോള്‍ഡ് യു നോട്ട് ടു ടച്ച് മൈ ഐ പാഡ്'. മകള്‍ ആലിയായ്ക്കുള്ള ഉഗ്രശാസനമാണ്. അതായത് ഈ ഫേസ്ബുക്ക് വാളിന്റെ ഉടമയായ അമ്മയറിയാതെ, മകള്‍ ആലിയ ചെയ്ത കടുംകയ്യാണിത് എന്നു നമ്മളറിയണം. അപ്പനുമമ്മയും ഇങ്ങനെ തീവ്രമായി പ്രണയിക്കുന്ന ചിത്രം അപ്‌ലോഡ് ചെയ്ത് അവരെ 'നാണം കെടുത്തിയ' പ്രിയ പുത്രി ആലിയ എന്ന ടെക്‌സാവിയുടെ പ്രായമറിയുന്ന ആളുകളാണ് ശരിക്കും തലയ്ക്കടിച്ചു പോയത്.... കേവലം രണ്ടു വയസ്സ്. ദോഷം പറയരുതല്ലോ, ഇനിയിപ്പോ ആലിയാ ഈ ലെവലായോ എന്നും പറയാന്‍ പറ്റില്ല. സായിപ്പിന്റെ നാട്ടിലെങ്ങോ ഒരു രണ്ടു വയസ്സുകാരന്‍ കാറോടിച്ച് പ്രശ്നമുണ്ടാക്കിയെന്ന് ഈയിടെ കണ്ടിരുന്നു. ആലിയക്കുട്ടിയും ആ വഴിക്കാണോന്ന് അറിയില്ലല്ലോ?

 

പ്രശസ്തിക്കുവേണ്ടി മക്കളെ പറപ്പിക്കുന്ന അച്ഛനമ്മമാരൊക്കെയുള്ള നാട്ടിലാണു നാം ജീവിക്കുന്നത്. പണത്തിനു വേണ്ടിയായാലും ഈ 'ബാലവേല' ക്രൂരവും അപഹാസ്യവുമാണ്. ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യാനും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും മടിക്കേണ്ട കാര്യമൊന്നുമില്ല. അതിനെല്ലാം സ്‌പേസ് ഉള്ള ഈ ലോകത്ത്, ഈ കാലത്ത് എന്തിനു വെറുതെ പാവം കുഞ്ഞുങ്ങളെ ഇതിലൊക്കെ വലിച്ചിടുന്നു? അവര്‍ സ്വച്ഛന്ദം വളരട്ടെ! ഇതിനേക്കാള്‍ വലിയ കളികള്‍ കളിക്കാന്‍ ക്രമേണ പ്രാപ്തരാകട്ടെ! മോശം വരില്ലല്ലോ. നമ്മുടെതൊക്കെത്തന്നെയല്ലേ മക്കളും!

Tags: