മുണ്ടിനു മേൽ പാവാട ചുറ്റിയ ഭർത്താവ്

Glint Guru
Fri, 06-12-2013 05:56:00 PM ;

 

അതിപ്രശസ്തയായ വനിതാ ഡോക്ടർ. അവരുടെ കൈപ്പുണ്യത്തേക്കുറിച്ചും സ്നേഹസമ്പന്നമായ പെരുമാറ്റത്തേക്കുറിച്ചും നാട്ടുകാർക്ക് പറയാൻ ആയിരം നാവ്. ഏത് രാത്രിയിൽ വിളിച്ചാൽ പോലും ആ ഭാവത്തിന് വ്യത്യാസമില്ല. ചില രോഗികളുടെ വിവരം ഈ ഡോക്ടർ വിളിച്ച് അന്വേഷിച്ച് വേണ്ട നിർദ്ദേശം നൽകിയെന്നുമിരിക്കും. ഗ്രാമപ്രദേശങ്ങളാൽ തൊട്ടുകിടക്കുന്ന ഒരു ചെറിയ പട്ടണത്തിലാണ് ഈ ഡോക്ടറുടെ വീടും, പ്രാക്ടീസ് ചെയ്യുന്ന സ്ഥലവും. വീട് അൽപ്പം ഉള്ളിലേക്കാണ്. നഗരത്തിനടുത്താണെങ്കിലും വിശാലവും ഗ്രാമ്യഭാവവും. നഗരത്തിലും പ്രകടം ഗ്രാമസാന്നിദ്ധ്യം. ഈ ഡോക്ടർക്ക് രണ്ടു മക്കൾ. ഒരാൾ ഹൈസ്‌കൂളിലും മറ്റേയാൾ  അഞ്ചാം ക്ലാസ്സിലും പഠിക്കുന്നു. വീട്ടുകാര്യങ്ങൾ മുഴുവൻ നോക്കുന്നത് കുട്ടികളാണ്. കാരണം, സാധാരണ രാത്രി പതിനൊന്നിനും പന്ത്രണ്ടിനുമിടയ്ക്കാണ് ഡോക്ടർ വീട്ടിലെത്തുക. രോഗികൾക്ക് ബുക്കിംഗ് സമ്പ്രദായം ഉണ്ടെങ്കിലും വരുന്ന മുഴുവൻ രോഗികളേയും നോക്കിയിട്ടേ വീട്ടിലേക്കെത്തുകയുള്ളു.

 

ഡോക്ടറുടെ വീടാണെങ്കിൽ കണ്ടാൽ സ്വർഗം പോലെ. ഉയർന്ന പ്രദേശത്ത് ലാൻഡ്‌സ്‌കേപ്പ് ചെയ്ത അത്യാധുനികമായ പൂന്തോട്ടം. അതാകട്ടെ വളരെ വെടിപ്പോടെ എപ്പോഴും തുടരുന്നു. ഒരില പോലും ശ്രദ്ധിക്കപ്പെടാതെയില്ല. വെട്ടി നിർത്തേണ്ടതെല്ലാം സമയാസമയങ്ങളിൽ വെട്ടി നിർത്തുന്നു.  അത്രയ്ക്ക് മനോഹരം. അതുപോലെ വീടും. വലുതായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. പക്ഷേ, ശ്രദ്ധിക്കപ്പെടുക വീടിന്റെ സൂക്ഷിപ്പിലാണ്. എങ്ങും പൊടിയും അഴുക്കുമൊന്നുമില്ല. തറയിൽ നോക്കിയാൽ മുഖം നോക്കാവുന്ന അവസ്ഥ. ഇതിന്റെയൊക്കെ മേനി ഡോക്ടറുടെ ഭർത്താവിന് അവകാശപ്പെട്ടതാണ്. അദ്ദേഹം ഉന്നത ബിരുദധാരിയും സമൂഹത്തില്‍ ഉയർന്ന ഉദ്യോഗം വഹിക്കുന്ന ഒരാളുമാണ്. മോശമല്ലാത്ത ശമ്പളവുമുണ്ട്. അദ്ദേഹത്തിന്റെ വീടിനെ അടുത്തറിയാവുന്നവർ പറയുന്നത് രണ്ടു കാര്യങ്ങളാണ്. ഡോക്ടറുടെ സ്വഭാവവും സമർപ്പണവും, കുട്ടികളുടെ വീട് നോക്കാനുള്ള വൈഭവവും. പക്ഷേ അടുത്ത ബന്ധുക്കൾ പോലും ഭർത്താവിനെക്കുറിച്ച് അധികം വാചാലരാകില്ല. പുള്ളിക്കാരന്റെ സഹോദരങ്ങളും ബന്ധുക്കളും പോലും.

 

ഉണങ്ങാത്ത മുറിവുകള്‍

 

ഡോക്ടറുടെ ഭർത്താവിന്റെ ബന്ധുക്കൾ തന്നെയാണ് അദ്ദേഹത്തിന്റെ കടുത്ത വിമർശകർ. അവർ പോലും ഇദ്ദേഹത്തിന്റെ വീട്ടിൽ പോകുന്നത് വളരെ വിരളമാണ്. ഇത്രയും മനോഹരമായി ഒരുങ്ങിക്കിടക്കുന്ന വീട് എന്നെങ്കിലും ഏതെങ്കിലും അതിഥിയെ സ്വീകരിച്ചിട്ടുണ്ടാവുമോ എന്നും അൽപ്പം അതിശയോക്തി കലർന്ന സ്വരത്തിൽ ബന്ധുക്കൾ സംസാരിക്കാറുണ്ട്. ശരിയാണ്, ആ വീട്ടിലേക്ക് അതിഥികൾ എത്താറില്ല. ഡോക്ടറുടെ ഭർത്താവിന് അതില്‍ താൽപ്പര്യവുമില്ല. ഡോക്ടറുടെ ദാമ്പത്യ ജീവിതത്തിന്റെ  സന്തോഷം എത്രയുണ്ടാവുമെന്ന് പറയേണ്ടതില്ലല്ലോ.  ഭർത്താവിന്റെ ബന്ധുക്കളെ പോലും അതിശയിപ്പിക്കുന്നത് എങ്ങിനെ എപ്പോഴും ഈ ഡോക്ടർക്ക്  ഇത്ര സ്‌നേഹത്തോടും സന്തോഷത്തോടും രോഗികളോട് പെരുമാറാൻ കഴിയുന്നു? അതിനുത്തരം അവർ തന്നെ ഉടൻ പറയും. ഒരു തരത്തിൽ ഡോക്ടർക്ക് ഈ രോഗികളുടെ സാന്നിദ്ധ്യം അനുഗ്രഹമാണ്.

 

ഭൗതികമായ എല്ലാ സാഹചര്യങ്ങളും വിദ്യാഭ്യാസവും സ്ഥാനവും മാനവുമൊക്കെയുണ്ടായിട്ടും നാലു പേരുടെ ജീവിതം ഇവിടെ ദുരിതപൂർണ്ണമാവുന്നു. ആ കുട്ടികൾ വളർന്നു വലുതായി സമൂഹത്തിലേക്കിറങ്ങുമ്പോൾ അവരുടെ സ്വഭാവ വിശേഷങ്ങൾ തങ്ങൾ ജീവിച്ച സാഹചര്യത്തിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്ന് പ്രത്യാശിക്കാം. അതിനും സാധ്യതയുണ്ട്. മാത്രവുമല്ല, അവർ ഇപ്പോഴത്തെ സാഹചര്യത്തെ നേരിടുകയും തങ്ങളാൽ കഴിയാവുന്ന രീതിയിൽ ചെയ്യാവുന്നത് ചെയ്യുകയും ചെയ്യുന്നു. ഇവിടെ ഡോക്ടർ തന്റെ കുട്ടികളിൽ ഭാവിയിൽ രോഗം വരാതിരിക്കാനുള്ള ശ്രദ്ധ ചെലുത്തുന്നില്ല. ഡോക്ടറും ഒരു സാധാരാണ സാമൂഹ്യജീവിയെപ്പോലെ സമൂഹത്തിൽ  രൂഢമൂലമായ ചില ചിന്താഗതിക്കനുസരിച്ച് നീങ്ങുന്നു. ഒരു ഡോക്ടർ രോഗം ചികിത്സിക്കുന്ന വ്യക്തിയായാൽ പോരാ. പ്രാഥമികമായി രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുന്ന വ്യക്തിയായിരിക്കണം. ദൗർഭാഗ്യവശാൽ  നമ്മുടെ  ആധുനികമെഡിക്കൽ വിദ്യാഭ്യാസവും പരിശീലനവുമെല്ലാം ചികിത്സാ കേന്ദ്രീകൃതമാണ്. അത് സ്വാഭാവികമായി അതുമായി ഇടപഴകുന്നവരുടെ സ്വഭാവത്തെ സ്വാധീനിക്കുകയും ചെയ്യും. വളരെ അപൂർവ്വം പേർക്കു മാത്രമേ ആ സ്വാധീന സംസ്കാരത്തിൽ നിന്ന് പുറത്തുവരാൻ കഴിയുകയുള്ളു.  അതുകൊണ്ടുതന്നെ ലക്ഷണം നോക്കിയുള്ള ആധുനിക ചികിത്സ ഒരു രോഗത്തിനു ചികിത്സിക്കുമ്പോൾ മറ്റനേകം രോഗങ്ങളുണ്ടാവുന്ന അവസ്ഥയെ സൃഷ്ടിക്കുകയും ചെയ്യുന്നു.

 

വിദ്യാഭ്യാസത്തിന്റെ ഔന്നത്യത്തിനനുസരിച്ച് സാംസ്കാരികമായി വ്യക്തിയിൽ പരിവർത്തനം സംഭവിക്കണം. അപ്പോൾ മാത്രമേ അത്  അറിവുമായി  ബന്ധപ്പെട്ട വിദ്യാഭ്യാസമാവുകയുള്ളു. അല്ലെങ്കിൽ വെറും വിവരശേഖരണവും വിനിയോഗവുമായി കലാശിക്കും. ഇവിടെ ഡോക്ടറെ പ്രതിസ്ഥാനത്തു നിർത്തുകയല്ല. അതേ സമയം തന്റെ ഭർത്താവ് രൂപപ്പെട്ട അവസ്ഥയിലേക്കോ ചിലപ്പോൾ അതിനേക്കാൾ ഗുരുതരമായ അവസ്ഥയിലേക്കോ തന്റെ മക്കൾ പോകരുതെന്ന്  മനസ്സിലാക്കി ഈ ഡോക്ടർക്ക് പ്രവർത്തിക്കാൻ  ഉത്തരവാദിത്വമുണ്ട്.  അത് മനസ്സിലാകണമെങ്കിൽ ഡോക്ടർക്ക് തന്റെ ഭർത്താവിനെ മനസ്സിലാകണം. ശരിയാണ്, ഡോക്ടറും സ്ത്രീയാണ്. അവരും സ്വപ്നങ്ങളുമായി തന്നെയാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ആദ്യമുണ്ടാവുന്ന അനുഭവങ്ങൾ അവരിൽ മുറിവേൽപ്പിച്ചിട്ടുണ്ടാവും. ആ മുറിവുകളുണങ്ങാതെ ഇപ്പോഴും തുടരുന്നു. സ്വയം വേദനിച്ച് ചോരയൊലിപ്പിക്കുമ്പോൾ മറ്റുള്ളവരുടെ വേദന  അറിയുകയും അറിഞ്ഞു പ്രവർത്തിക്കുകയും പ്രയാസം. വേദനയും സ്നേഹവും ഒന്നിച്ചു നിലനിൽക്കില്ല. അവരിൽ നിന്ന് തന്റെ ഭർത്താവിനോടുള്ള പ്രണയം, സ്നേഹം എന്നിവയെല്ലാം നഷ്ടമായി.

 

തെറ്റിപ്പോയ ബാലപാഠങ്ങള്‍

 

ഡോക്ടറുടെ ഭർത്താവിനെ ഇപ്പോഴും നയിക്കുന്നത് അദ്ദേഹത്തിന്റെ ബാല്യമാണ്. ബാല്യത്തിൽ ഉള്ളിൽ കടന്നുകൂടിയ ഇല്ലായ്മാബോധവും അരക്ഷിതാവസ്ഥയും കൈയ്യിലുള്ളത് നഷ്ടമായാൽ സന്തോഷം നഷ്ടമാകുമെന്ന ധാരണയും, അതിനാൽ തനിക്ക് സന്തോഷം തരുന്നതിനെ നാശമാകാതെ സൂക്ഷിക്കാനുള്ള വ്യഗ്രതയുമൊക്കെയാണ് വിനാശകരമായ സ്വാർഥതയിലേക്ക് ഡോക്ടറുടെ ഭർത്താവിനെ എത്തിച്ചത്. ഇതിന്റെ ലക്ഷണങ്ങൾ അദ്ദേഹം ചെറിയ പ്രായത്തിൽ തന്നെ പ്രകടമാക്കിയിരുന്നു. അന്നതിനെ ബന്ധുക്കൾ  കളിയാക്കി. അല്ലെങ്കിൽ മോശമായി വിലയിരുത്തി. അവിടെയാണ് കുട്ടികളിലേക്ക് നോക്കേണ്ട പ്രസക്തി. കുട്ടികൾ വളരെ ഉച്ചത്തിൽ തന്നെ തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ വിളിച്ചു പറയുന്നുണ്ട്. അത് ചിലപ്പോൾ ഏതെങ്കിലും സ്വഭാവ പ്രകടനത്തിലൂടെയാവാം. അപ്പോൾ സ്വാഭാവികമായി ചെയ്യുക, മുതിർന്നവർക്ക് ഇഷ്ടപ്പെടാത്തതാണെങ്കിൽ വഴക്കു പറയും അല്ലെങ്കിൽ ഉപദേശിക്കും. മറ്റു ചിലപ്പോൾ ശിക്ഷിക്കുകയും ചെയ്യും.

 

ഇന്ന് ഈ ഡോക്ടറുടെ ഭർത്താവിനെ കുറ്റപ്പെടുത്തുന്ന അദ്ദേഹത്തിന്റെ ബന്ധുക്കളും അദ്ദേഹത്തിന്റെ മോശം സ്വഭാവത്തെ എണ്ണിപ്പറയുന്നതിലാണ് കൗതുകം കാണുന്നത്. വിശേഷിച്ചും  കൗമാര പ്രായത്തിലെ. ഓണക്കാലത്ത് പുത്തൻ വസ്ത്രങ്ങൾ വാങ്ങുമ്പോഴുള്ള ഓർമ്മയാണ് ഡോക്ടർ ഇദ്ദേഹത്തിന്റെ സ്വഭാവ വൈകൃതങ്ങളുടെ പട്ടിക നിരത്തുമ്പോൾ പറയുക. ഇദ്ദേഹത്തിനും ഓണത്തിനു മുണ്ടു വാങ്ങും. മുണ്ടുടുത്തു കഴിഞ്ഞാൽ അതിൽ അഴുക്കു പറ്റാതിരിക്കാൻ അദ്ദേഹം അദ്ദേഹത്തിന്റെ സഹോദരിയുടെ പാവാട അതിനു മുകളിൽ ഉടുക്കുമായിരുന്നുവത്രെ. നോക്കൂ, മറ്റുള്ളവരുടെ വസ്ത്രം അഴുക്കായാലും തന്റെ മുണ്ട് അഴുക്കു പറ്റാതിരിക്കണം എന്ന ആ ഇളം മനസ്സിലെ ചിന്ത. എന്തിൽ നിന്നാണ് അങ്ങിനെയൊരു സ്വഭാവ പ്രകടനം ഉണ്ടായതെന്ന് മനസ്സിലാക്കി അതിന്റെ കാരണങ്ങൾ കണ്ടെത്തി സ്നേഹം നൽകി ആരെങ്കിലും മുതിർന്നവർ പ്രവർത്തിച്ചിരുന്നുവെങ്കിൽ ഇന്ന് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ജീവിതം മറ്റൊന്നാകുമായിരുന്നു. പക്ഷേ, തന്റെ ജീവിതം അഴുക്കു പറ്റാതിരിക്കണമെങ്കിൽ മറ്റുള്ളവരുടെ ജീവിതം അഴുക്കു പുരണ്ടാലേ പറ്റുകയുള്ളു എന്ന അടിസ്ഥാന വികാരം അദ്ദേഹത്തിന്റെയുള്ളിൽ ഉറയ്ക്കപ്പെട്ടു. അവിടെ സഹോദര സ്നേഹം പോലും ആ വികാരത്തിന്റെ സാന്നിദ്ധ്യത്തിൽ അപ്രത്യക്ഷമായി. സ്നേഹത്തിന്റെ  ആദ്യാക്ഷരങ്ങളും ബാലപാഠവും പിന്നെ അദ്ധ്യായങ്ങളുമൊക്കെ പഠിക്കേണ്ടത് വീട്ടിൽ നിന്നാണ്. പെങ്ങളുടെ വസ്ത്രം അഴുക്കാകുമെന്ന് കരുതി സ്വന്തം വസ്ത്രം പെങ്ങളിരിക്കുമ്പോൾ കൊടുക്കാൻ കഴിയുന്ന സഹോദരനായി ഇയാൾ വളർന്നിരുന്നുവെങ്കിൽ ഈ ഡോക്ടർക്ക് നല്ലൊരു ഭർത്താവിനെയും കുട്ടികൾക്ക് നല്ലൊരു അച്ഛനേയും കിട്ടുമായിരുന്നു.  ഇന്നും ഇദ്ദേഹം പൂന്തോട്ടവും വീടും വൃത്തിയാക്കിയിട്ടിട്ട് അതിഥികൾ പോലും വന്ന് അവിടം അഴുക്കാക്കാതിരിക്കാൻ ശ്രദ്ധിച്ചു ജീവിക്കുന്നു. സാമൂഹ്യജീവിയെന്ന നിലയിൽ ആ മനുഷ്യന്റെ പരാജയം. ഇവിടെയാണ് വീട്ടിലെ അന്തരീക്ഷം ഒരു വ്യക്തിയെ എങ്ങിനെ  സംസ്കാരമുള്ള വ്യക്തിത്വമായിട്ടും സാമൂഹ്യജീവിയായി രൂപപ്പെടുത്തുന്നതിലും എന്തുമാത്രം പങ്കുവഹിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടത്.

 

തനിയാവര്‍ത്തനത്തില്‍ നിന്ന്‍ പുറത്തുകടക്കാന്‍

 

ഡോക്ടർക്ക് തന്റെ മുറിവുകളെ ഉണക്കിക്കൊണ്ട് ഇദ്ദേഹത്തെ ഒരിക്കലും സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല. മാത്രവുമല്ല, ഭൂതകാലത്തിലെ അനുഭവങ്ങളെ അനുനിമിഷം വർത്തമാനത്തിലേക്ക് കൊണ്ടുവന്ന് വർത്തമാനം നശിപ്പിച്ചു കൊണ്ടുമാണ് അവർ ജീവിക്കുന്നത്. ഇപ്പോഴും, വിശേഷിച്ചും ഭർത്താവിന്റെ ബന്ധുക്കളെ കാണുമ്പോൾ അവർ പങ്കുവയ്ക്കുന്ന കാര്യമുണ്ട്. വിവാഹം കഴിഞ്ഞ് പ്രാക്ടീസ് പച്ച പിടിക്കുന്ന നാളുകളിലെ കാര്യം. വീട്ടിൽ നിന്നും അൽപ്പം ദൂരെയാണ് കൺസൾട്ടിംഗ് സ്ഥലം.  രാത്രിയിൽ പത്തുമണിയോടടുപ്പിച്ച് അന്ന് ഭർത്താവ് കാറുമായി വിളിക്കാൻ വരുമായിരുന്നു. അദ്ദേഹത്തിന്റെ വരവ് വിവിധ അളവിലുള്ള റബ്ബർ ബാൻഡുകളും ആയിട്ടായിരുന്നത്രെ. കൺസൾസട്ടിംഗ് ഫീസായി കിട്ടിയ തുക മുഴുവൻ ഓരോ നോട്ടനുസരിച്ച് ഒരോ റബ്ബർ ബാൻഡുകൾക്കകത്താക്കിയതിനു ശേഷമേ  ഇരുവരും വീട്ടിലേക്കു പോവുകയുള്ളു. ഇത് ഡോക്ടർ പരസ്യമാക്കുന്നത് സ്വയം ന്യായീകരിക്കാനാണ്. തന്നോടു സ്നേഹമില്ല, തന്റെ പണത്തിനോടു മാത്രമേ താൽപ്പര്യമുള്ളു എന്നു കാണിക്കാൻ. തന്റെ ജീവിതം ഈ വ്യക്തി മൂലം നഷ്ടമായി എന്നു സമർഥിക്കാനും.  ഇവിടെ, ഈ മുറിവിൽ ഡോക്ടർ വിജയിച്ചിരിക്കുന്നത് യാഥാർഥ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിലാണ്. തന്നെക്കുറിച്ച് മറ്റുള്ളവർ പറയുന്ന നല്ല വാക്കുളിൽ രമിച്ച് സുഖം കണ്ടെത്താൻ അവർ ശ്രമിക്കുന്നു.

 

ബന്ധുക്കളോടും സമൂഹത്തിനോടും തെല്ലും താൽപ്പര്യമില്ലാത്ത ഒരു വ്യക്തിയുടെ സംരക്ഷണയിലും സാന്നിദ്ധ്യത്തിലുമാണ് തന്റെ കുട്ടികൾ എന്ന് മനസ്സിലാക്കാൻ, ശ്രമിച്ചാൽ ഈ ഡോക്ടർക്ക് കഴിയും. കാരണം മാനസികാരോഗ്യം അയാളേക്കാൾ കൂടുതൽ ഇവർക്കാണ്. ആരോഗ്യമുള്ളവർ അതില്ലാത്തവരെ സഹായിക്കുക എന്നത് പ്രകൃതി നിയമമാണ്. ആ വീക്ഷണത്തിലേക്ക് ഇനിയും വേണമെങ്കിൽ ഈ ഡോക്ടർക്ക് തിരിയാവുന്നതാണ്. കൗമാരത്തിലുള്ള തന്റെ കുട്ടികൾക്ക് അമ്മയെ കിട്ടുമ്പോഴുണ്ടാവുന്ന അവരുടെ ആനന്ദം ഈ ഡോക്ടറിലെ അമ്മയെ ആനന്ദതുന്ദിലയാക്കും. സന്തോഷം വരുമ്പോൾ അവരിൽ കൂടുതൽ ഊർജം പ്രസരിക്കും. ആ ഊർജത്തിൽ അവരിലേക്ക് തന്റെ ഭർത്താവും അടുക്കും. ചിലപ്പോൾ അദ്ദേഹം ജീവിതത്തിൽ അതുവരെ അറിയാത്ത അനുഭുതികളിലൂടെ കടന്നു പോകുമ്പോൾ അത്ഭുതങ്ങൾ പോലും സംഭവിക്കാം. അല്ലെങ്കിൽ തനിയാവർത്തനങ്ങളുടെ തനിയാവർത്തനം.