തേരട്ടയെ പേടിക്കുന്ന സ്പോര്‍ട്സ് താരം

Glint Guru
Sun, 27-07-2014 02:57:00 PM ;

insect phobia

 

വളരെ സമർഥയായ യുവതി. രണ്ട് മക്കളുടെ അമ്മ. ചെറുപ്പത്തിൽ നല്ല സ്പോര്‍ട്സ് താരവുമായിരുന്നു. തനിക്ക് ഒന്നിനേയും വലിയ പേടിയില്ലെന്നാണ് പുള്ളിക്കാരത്തിയുടെ ധാരണ. അങ്ങനെ വിശ്വസിക്കാൻ കാരണം എല്ലാവർക്കും പേടിയുള്ള പാമ്പിനെയൊന്നും ഈ മഹതിക്ക് തീരെ പേടിയില്ല. മൂർഖൻ പാമ്പിനെപ്പോലും. എന്നിരുന്നാലും കുട്ടികളെ ഓരോന്നിൽ നിന്ന് പിന്തിരിപ്പിക്കുന്നതിൽ ഈ യുവതി ഉപയോഗിക്കുന്ന വിദ്യ പേടിയുടേതാണ്. മൂർഖനെ പേടിയില്ലാത്ത ഈ യുവതിയുടെ ഉച്ചത്തിലുള്ള പേടിച്ചുള്ള നിലവിളി കേട്ട് ദൂരെ എവിടെയോ നിന്നിരുന്ന ഭർത്താവ് ഓടിയെത്തി. പേടിച്ച് നിലവിളിച്ച് പിന്നോട്ട് ഓടി ഭിത്തിയിൽ ഇടിച്ച് നിൽക്കുന്ന തന്റെ ഭാര്യയേയാണ് ഭർത്താവിന് കാണാൻ കഴിഞ്ഞത്. മുന്നിൽ ഭാര്യയ്ക്ക് അഭിമുഖമായി നിൽക്കുന്ന ഒന്നരവയസ്സുകാരി മകളും. വളരെ നിഷ്കളങ്കതയോടെ നിൽക്കുന്ന മകളേയും പേടിച്ച് നിലവിളിക്കുന്ന ഭാര്യയേയും കണ്ട് ഭർത്താവും ഒരു നിമിഷം വല്ലാതെ പകച്ചു. എന്തുപറ്റിയെന്നറിയാതെ പരിസരം നോക്കുമ്പോഴാണ് ഭാര്യയുടെ മുന്നിൽ നിൽക്കുന്ന മകളുടെ കൈവെള്ളയിൽ ഒരു തേരട്ട. അയാൾ സാവധാനം വന്ന് ഭാര്യയെ നോക്കിക്കൊണ്ട് കുട്ടിയുടെ കൈയ്യിൽ നിന്നും തേരട്ടയെ തട്ടിത്തെറിപ്പിച്ചു കളഞ്ഞു. എന്നിട്ടും അയാൾ പരിസരത്തു നോക്കി എന്താണ് തന്റെ ഭാര്യയെ അപ്പോഴും നിർത്താതെ നിലവിളിക്കാൻ പ്രേരിപ്പിക്കുന്നതെന്ന്. അയൽപക്കക്കാർ പോലും തലയുയർത്തി നോക്കി. എന്തെങ്കിലും പന്തികേടുണ്ടോ എന്ന്. ഗൃഹനാഥന്റെ ശരീരഭാഷ കണ്ടിട്ടാവണം അയൽപക്കക്കാർ ആരും ഓടിക്കൂടിയില്ല.

 

പകപ്പ് മാറാതെ നിന്ന ഭർത്താവിന്റെ നേർക്ക് തേരട്ടയെ ചൂണ്ടിക്കാട്ടിക്കൊണ്ട് ഭാര്യ കണ്ണു തള്ളിച്ചു. കാര്യം മനസ്സിലായില്ലെങ്കിലും അയാൾ തേരട്ടയെ കാലുകൊണ്ടൊരു തട്ടുകൊടുത്തു. അതു കിടന്നിടത്തുനിന്നും വളരെ ദൂരെ പറമ്പിൽ പോയി പതിച്ചു. അതോടെ അലർച്ചയുടെ ശബ്ദം കുറഞ്ഞെങ്കിലും കരച്ചിൽ നിലച്ചിരുന്നില്ല. കരച്ചിൽ കഴിഞ്ഞപ്പോഴാണറിയുന്നത് മൂർഖനെ പേടിയില്ലാത്ത തന്റെ ഭാര്യയ്ക്ക് തേരട്ടയെ പേടിയാണെന്ന്. കുഞ്ഞുന്നാളിൽ തന്നേക്കാൾ ഒന്നര വയസ്സുതാഴെയുള്ള തന്റെ അനുജത്തി കളിക്കുന്നതിനിടയിൽ ഒരു തേരട്ടയെ എടുത്തു തന്റെ മുന്നിൽ വച്ചു കടിച്ചു. അതു കണ്ട മാത്രയിൽ ഇയാൾ തുടങ്ങിയ കരച്ചിൽ മൂന്നു ദിവസത്തോളം നീണ്ടുനിന്നു. അത് കണ്ട നിമിഷം മുതൽ വീട്ടിനും ചുറ്റും ഓടിക്കൊണ്ടായിരുന്നുവത്രെ കരച്ചിൽ. ആരൊക്കെ പിടിക്കാൻ നോക്കിയിട്ടും നിൽക്കാൻ കൂട്ടാക്കാതെ ഓടിയ കുഞ്ഞുന്നാളിലത്തെ ഓർമ്മ തന്നിൽ ഇപ്പോഴും സജീവമാണെന്ന് യുവതി പറയുന്നു. തന്റെ ഒന്നര വയസ്സ് താഴെയുള്ള അനുജത്തി തേരട്ടയെ കടിക്കുന്ന പ്രായമെന്നു പറയുമ്പോൾ ഈ യുവതിക്ക് അന്ന് ചിലപ്പോൾ അഞ്ചുവയസ്സോ അതിൽ താഴയോ ഒക്കെയായിരുന്നിരിക്കണം പ്രായം. ആ പ്രായത്തിൽ തന്റെ അനുജത്തി തേരട്ടയെ കടിക്കുമ്പോൾ അവൾക്ക് എന്തുണ്ടാകുമെന്നുള്ള  ചിന്ത നിഷ്കളങ്കമായ ആ മനസ്സിനെ ആടിയുലച്ചിട്ടുണ്ടാകാം. അതുമായി രണ്ടുമൂന്നു ദിവസം വരെ പേടിച്ചു കഴിയുക എന്നു പറയുമ്പോൾ ആ കുഞ്ഞുമനസ്സിന്റെ എന്തുമാത്രം ആഴങ്ങളിലേക്ക് അത് പോയിട്ടുണ്ടാകുമെന്ന് ഊഹിക്കാവുന്നതേ ഉള്ളു.

 

തന്റെ അനുജത്തി തേരട്ടയെ കടിച്ചപ്പോൾ അന്നനുഭവപ്പെട്ട അതേ വൈകാരിക തീവ്രതയിലേക്ക് തന്റെ മകളുടെ കൈയിൽ തേരട്ടയെ കണ്ടപ്പോൾ ഈ യുവതി വഴുതിവീണു. ആ കുട്ടിയുടെ താഴെയായി മൂർഖൻ പാമ്പിനെപ്പോലും പേടിയില്ലാത്ത, മുതിർന്ന, ധൈര്യശാലിയായ, സ്പോർട്‌സ് താരം കൂടിയായ യുവതി. മകളുടെ കൈവെള്ളയിൽ തേരട്ടയെ കണ്ടമാത്രയിൽ തന്നിലെ കുഞ്ഞ് ആ യുവതിയുടെ നിയന്ത്രണമേറ്റെടുത്തു. ആ കുഞ്ഞിന്റെ അറിവിന്റെ തലത്തിലേക്ക് വൈകാരികമായി ആ യുവതി പതിച്ചു. അവിടെ തന്റെ മകളുടെ കൈവെള്ളയിലിരിക്കുന്ന തേരട്ടയെ തട്ടിത്തെറിപ്പിച്ച് കളഞ്ഞ് അതിന്റെ കൈ കഴുകിപ്പിച്ച് അതിനെയൊന്നും അങ്ങിനെ എടുക്കരുതെന്നും, അതിനെ അങ്ങിനെ എടുത്താൽ വല്ലാതെ വേദനിക്കുമെന്നും അതിന് വേദനിച്ചാൽ അതിന്റെ അമ്മയ്ക്കും വിഷമമാകില്ലേ എന്നുമൊക്കെയുള്ള കഥകൾ പറഞ്ഞുകൊടുക്കാൻ കഴിയാതെ പോയി.

 

പേടി അജ്ഞതയിൽ നിന്നും ഉണ്ടാവുന്നതാണ്. മനുഷ്യജന്മത്തിന്റെ ആകെ ലക്ഷ്യമെന്തെന്ന് ഒറ്റവാക്കിൽ ചോദിച്ചാലുള്ള ഉത്തരം തന്നെ അജ്ഞതയിൽ നിന്ന് ജ്ഞാനം നേടി സ്വതന്ത്രമാകുക എന്നതാണ്. അതായത് പേടിയിൽ നിന്ന് മോചനം നേടുക. പേടി യാഥാർഥ്യങ്ങളെ മറച്ചുകളയും. അതിന്റെ ഉത്തമ ഉദാഹരണമാണീ യുവതിയുടെ തേരട്ടപ്പേടി. കുഞ്ഞുന്നാളിൽ, കുട്ടികൾ ഭദ്രമായ കാഴ്ചകൾ കാണേണ്ടതിന്റേയും കേൾക്കേണ്ടതിന്റെയും പ്രസക്തി ഇവിടെയാണ്. അഥവാ അഭദ്രമായത് കാണുകയോ കേൾക്കുകയോ ചെയ്താൽ അതിനെ സർഗാത്മകമായി കുട്ടികളിൽ നിക്ഷേപിക്കാൻ ശ്രമിക്കേണ്ടത് മുതിർന്നവരുടെ കർത്തവ്യവുമാണ്. ഇവിടെ തന്റെ മകളിലേക്കും തേരട്ടപ്പേടി അമ്മയിൽ നിന്നു പകർന്നുകിട്ടിയാൽ അത്ഭുതപ്പെടാനില്ല. ഏതു രീതിയിലായാലും പേടി പേടി തന്നെയായിരിക്കും. അതു പല രൂപത്തിലും ഭാവത്തിലും ഉള്ളിലുണ്ടെങ്കിൽ ജീവിതത്തിൽ മുഖം കാണിച്ചുകൊണ്ടിരിക്കും.

Tags: