സ്വകാര്യബസ്സിലെ അകന്നുകൊണ്ടുള്ള അടുത്തിരിപ്പ്

Glint Staff
Thu, 01-12-2016 12:19:09 PM ;

കൊച്ചിയിലെ സ്വകാര്യ ബസ്സ്. വൈകുന്നേരം. നോട്ടസാധുവാക്കൽ നിമിത്തമാകാം, വൻ തിരക്കില്ല. എങ്കിലും ധാരാളം പേര്‍ നിന്നു യാത്ര ചെയ്യുന്നുണ്ട്. ഒരു സ്റ്റോപ്പിൽ സ്ത്രീകൾക്കായുള്ള സീറ്റിന്റെ പിൻസീറ്റിൽ ഇരുന്ന രണ്ടു യുവതികളിൽ ഒരാൾ ഇറങ്ങി. രണ്ടു പേർക്കിരിക്കാവുന്ന സീറ്റിൽ ഒരു യുവതി മാത്രം. ഏതാണ്ട് നാൽപ്പതിനോടടുത്തയാൾ വളരെ അധികാരത്തോടെ ഒഴിഞ്ഞുകിടന്ന സീറ്റിൽ ഇരുന്നു. ഇരുന്നു കഴിഞ്ഞപ്പോൾ അവിടെയിരുന്ന യുവതിയുടെ ദുപ്പട്ടയുടെ മുകളിലായിപ്പോയി. അത് വലിച്ചെടുക്കണമെങ്കിൽ അദ്ദേഹം ഒന്നു ചന്തി പൊക്കിയെങ്കിൽ മാത്രമേ സാധിക്കുകയുളളു. ആ യുവതി അവ്യക്തമായ വിധത്തിൽ എന്നാൽ മനസ്സിലാകുന്ന വിധം ആ യുവാവിനോട് കാര്യം പറഞ്ഞു. മുന്നിലെ സീറ്റിന്റെ കമ്പിയിൽ ബലമായി കൈപിടിച്ച് ഒരു കാരണവശാലും യുവതിയുടെ ദേഹത്തിൽ തട്ടരുത് എന്ന വാശിയോടെയാണ് യുവാവിന്റെ ഇരിപ്പ്. അദ്ദേഹത്തിന്റെ ശരീരമാസകലം അത്യാവശ്യം നന്നായി വരിഞ്ഞു മുറുകിയിരിക്കുന്നു.

 

യുവതി എന്തോ പറഞ്ഞ മാത്രയിൽ അദ്ദേഹത്തിന്റെ മുഖം വീണ്ടും കടുത്തു. അവിടെയിരിക്കരുതെന്നായിരിക്കും  ആ യുവതി പറയുകയെന്ന ധാരണയിലായിരിക്കും അദ്ദേഹം അവ്വിധം ബലം പിടിച്ചതെന്നു തോന്നുന്നു. എന്തായാലും ആ യുവതി സൗമ്യമായി ഒന്നു ചെറുതായി എഴുന്നേൽക്കാമോ എന്റെ ഷാൾ എന്നോ മറ്റോ പറഞ്ഞപ്പോൾ അദ്ദേഹം ഒന്നുയർന്നുകൊടുത്തു. യുവതി ഷാൾ വലിച്ചെടുത്ത് തന്റെ മടിയിൽ വച്ചു. യുവതിയുടെ മുഖത്ത് താൻ ഒറ്റപ്പെട്ടതുപോലെ ഒരു തോന്നൽ. കാരണം സ്ത്രീകളുടെ സീറ്റ് കഴിഞ്ഞ് പൊതുസീറ്റുകള്‍ തുടങ്ങുന്നിടത്താണ് യുവതിയിരിക്കുന്നത്. ഏതാണ്ട് അതിർത്തി കടന്ന ശത്രുരാജ്യത്തെ നുഴഞ്ഞുകയറ്റക്കാരെ കാണുന്ന കണ്ണോടെയാണ് ആ യുവാവ് പാവം യുവതിയെ കണ്ടത്. അവർ എന്തെങ്കിലും അസൗകര്യമായി പറഞ്ഞിരുന്നുവെങ്കിൽ ഒരു നല്ല വാഗ്വാദത്തിനുള്ള തയ്യാർ ആ യുവാവിന്റെ ശരീര ഭാഷയിലുണ്ടായിരുന്നു.

 

‘പുരുഷൻമാർക്ക് അർഹതപ്പെട്ട’ സീറ്റിൽ കയറിയിരുന്നതിലുള്ള പ്രതിഷേധമെന്നോണമാണ് ആ യുവാവ് ടപ്പോന്ന് പകുതി സീറ്റ് ഒഴിവായപ്പോൾ ഇരുന്നത്. മാദ്ധ്യമങ്ങളിലെ പല റിപ്പോർട്ടുകളിലൂടെയും ചില ആക്ടിവിസ്റ്റുകളുടെ മാദ്ധ്യമങ്ങളിലൂടെയുള്ള പ്രകടനങ്ങളിലൂടെയും സ്ത്രീയും പുരുഷനും പരസ്പരം യുദ്ധം ചെയ്യാനുള്ളവരാണെന്നുള്ള ധാരണ ഉണ്ടായതിന്റെ ചെറിയൊരു പ്രതിഫലനമാണ് അവിടെ കണ്ടത്. വളരെ സൗഹാർദ്ദപരമായി ആ യുവാവിന് ആ സീറ്റിൽ ഇരിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. എന്നാൽ പൊതുവേ പലർക്കും സ്ത്രീകളുടെ ശരീരത്ത് തട്ടുന്ന വിധത്തിൽ പോലും ഇപ്പോൾ ബസ്സുകളിൽ നിൽക്കാൻ പേടിയനുഭവപ്പെടാറുണ്ട്. കാരണം ആരെങ്കിലും പരാതിയുന്നയിച്ചുകഴിഞ്ഞാൽ സംഗതി കുഴപ്പമായി. അതുകൊണ്ടാണ് പൊതുസീറ്റിൽ യുവതി ഇരിക്കുന്നതിനാൽ ആ യുവാവ് അവിടെ ഇരുന്നിട്ട് അവരുടെ ദേഹത്ത് ബസ്സ് ബ്രേക്കു ചവിട്ടിയാൽ പോലും ദേഹത്ത് തൊടരുത് എന്ന വാശി കണക്കെ ആ സീറ്റിൽ ഇരുന്നത്. അവിടെ നിന്ന് എഴുന്നേൽക്കണമെന്ന് ഒരു കാരണവശാലും ആ യുവതിക്ക് പറയാൻ കഴിയുകയുമില്ല.

 

മാദ്ധ്യമങ്ങളും ജനങ്ങൾ ശ്രദ്ധിക്കുന്ന വ്യക്തികളും സമൂഹത്തിൽ പുരോഗമനത്തിന്റെയും നീതിബോധത്തിന്റെയും അവകാശത്തിന്റെയുമൊക്കെ പേരിൽ സൃഷ്ടിക്കുന്ന സാമൂഹിക മാനസികാവസ്ഥ വ്യക്തികളിൽ വൈകാരികമായും സ്വഭാവമായും പ്രവർത്തിക്കുന്നതിന്റെ ഉദാഹരണമാണ് ഈ ബസ്സിനുള്ളിൽ കണ്ടത്.  ആ യുവതിയുടെ അടുത്ത് അതേപടി ഇരുന്ന് ഉള്ളിൽ സമ്മർദ്ദമോ ബലം പിടുത്തമോ ഒന്നുമില്ലാതെ ഇരിക്കുകയാണെങ്കിൽ അവിടെ സൗഹൃദാന്തരീക്ഷമായിരിക്കും സംഭവിക്കുക. ആ യുവതിക്കും കുറ്റബോധമോ ഒറ്റപ്പെടൽ അനുഭവമോ ഉണ്ടാവുകയില്ല. ആ ഇരുത്തം സംസ്‌കാരത്തിന്റേതാണ്. എന്നാൽ ഇവിടെ കണ്ടത് സംസ്‌കാരത്തിൽ നിന്നും വളരെ അകന്നുകൊണ്ടുള്ള അടുത്തിരിപ്പും.