അധ്യായം മൂന്ന് - ദൈവവിശ്വാസി

കെ.ജി. ജ്യോതിര്‍ഘോഷ്
Fri, 12-04-2013 03:15:00 PM ;

ആലോചന: ഗണേഷ്‌ കുമാറും കേരളവും

വിഷയം: ഗണേഷ്‌ കുമാറും അദ്ദേഹത്തിന്റെ കുടുംബവും സമൂഹത്തിന്, പ്രത്യേകിച്ച് മലയാളികള്‍ക്ക്, ജീവിതം പഠിക്കാനുള്ള തുറന്ന പുസ്തകമാകുന്നു.

ദൈവത്തിന്റെ സ്വന്തം നാട്. ഈശ്വരവിശ്വാസിയും നിരീശ്വരവാദിയും ഒരുപോലെയാണ് കേരളത്തെ ഇവ്വിധം വിശേഷിപ്പിക്കുക. ഈ രണ്ടുകൂട്ടര്‍ക്കും ദൈവത്തെ പിടിയുണ്ടോ എന്നറിയില്ല. വിശ്വസിക്കണമെങ്കിലും ഇല്ലെങ്കിലും ദൈവത്തെക്കുറിച്ച് ധാരണയുണ്ടായാലേ പറ്റൂ. കാരണം ഉള്ളതു മാത്രമേ ഇല്ലെന്ന് പറയാന്‍ കഴിയുകയുള്ളു. ഗണേഷ്‌കുമാര്‍ രാജിവച്ച ദിവസം അദ്ദേഹം പറഞ്ഞു, 'ഞാന്‍ കടുത്ത ദൈവവിശ്വാസിയാണ്. എന്റെ നിരപരാധിത്വം തെളിയിക്കും'. ഗണേഷിന്റെ അന്നത്തെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അതിനാല്‍ അന്നത്തെ വാചകങ്ങളെ മുഖവിലയ്ക്കല്ല എടുക്കേണ്ടത്. അങ്ങിനെ എടുക്കുന്നത് മനുഷ്യത്വരഹിതമായിരിക്കും. അന്നത്തെ പല പ്രസ്താവനകളും ഇളകിയ മനസ്സിന്റെ ജല്പനങ്ങളായി കാണാം. എന്നാല്‍ അതിനുള്ളിലും അദ്ദേഹത്തിന്റെ അബോധമനസ്സിലും ഉപബോധമനസ്സിലും എല്ലാത്തിന്റെയും പ്രേരകമായി പ്രവര്‍ത്തിക്കുന്ന അടിസ്ഥാന ധാരണകളുടെ പ്രതിഫലനം കാണാന്‍ കഴിയും. അതിലൊന്നാണ് താന്‍ ദൈവവിശ്വാസിയാണെന്നുള്ള പ്രഖ്യാപനം.

 

ഗണേഷ്‌കുമാറിനെ നെറ്റിയില്‍ കുറിയും കൈയ്യില്‍ ജപിച്ചുകെട്ടിയ ചരടുമില്ലാതെ കാണുക പ്രയാസം. കേരളത്തിലെ അമ്പലങ്ങള്‍ക്കകത്തും പുറത്തും തിരക്കു സൃഷ്ടിക്കുന്ന ഭൂരിഭാഗം  ഭക്തരുടേയും രീതിയില്‍ തന്നെയാണ് ഗണേഷ്‌കുമാറിന്റെയും ഭക്തി. അതായത് ശരാശരി കേരളീയന്റെ ദൈവവിശ്വാസവും ഭക്തിയും. അദ്ദേഹത്തിന്റെ അച്ഛന്‍ ആര്‍. ബാലകൃഷ്ണപിളളയുടെ ഭക്തിയും അതു തന്നെ. അതായത് ഇവര്‍ രണ്ടുപേരും ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവവിശ്വാസത്തിന്റെ പ്രതിനിധികള്‍.

 

ഇവിടെ മലയാളി     ഒരു നിമിഷം സ്വതന്ത്രമായി ചിന്തിക്കാന്‍ ബാധ്യസ്ഥനാണ്. എണ്‍പതാം വയസ്സിലേക്കു പ്രവേശിച്ചിരിക്കുന്ന ബാലകൃഷ്ണപിള്ളയും 47കാരനായ ഗണേഷ്‌കുമാറും ദൈവവിശ്വാസികളാണെങ്കില്‍ ദൈവവിശ്വാസം എന്ത്? അവര്‍ പുലര്‍ന്നുപോകുന്ന ദൈവവിശ്വാസം ദൈവവിശ്വാസമാണെങ്കില്‍  മനുഷ്യനെ നശിപ്പിക്കാനുള്ളതാണോ ക്ഷേത്രവും ദൈവവുമൊക്കെ. രണ്ടുകൂട്ടരും അതീവ ദൈവവിശ്വാസികളായിട്ടും രണ്ടുപേരുടെയും ജീവിതം ദുരിതപൂര്‍ണമാകുന്നതെങ്ങിനെ. മനുഷ്യജീവിതത്തിന്റെ ഗതിയെ പുരോഗതിയിലേക്കു നയിക്കാത്ത ഒന്നും തന്നെ മനുഷ്യന് സ്വീകാര്യമാകേണ്ടതില്ല.

 

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവസങ്കല്‍പ്പം, ക്ഷേത്രങ്ങള്‍, ആചാരങ്ങള്‍ എന്നിവയെ ഗണേഷ്‌കുമാറിന്റെയും ആര്‍.ബാലകൃഷ്ണപിള്ളയുടെയും ഭക്തിയുടെ വെളിച്ചത്തില്‍, അവരുടെ ജീവിതഗതിയുടെ പശ്ചാത്തലത്തില്‍ ഓരോ മലയാളിയും പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടതാണ്. ആ സങ്കല്‍പ്പവും കേരളത്തിലെ അവയുടെ വര്‍ത്തമാനകാല യാഥാര്‍ഥ്യവും ലോകത്തിന്റെ മുന്‍പില്‍ സുവ്യക്തമായി കൊട്ടാരക്കര തുറന്നു കാട്ടുന്നു. അവിടെ കൊട്ടാരക്കര  ഒരേസമയം സാധ്യതയുടേയും ജീര്‍ണതയുടേയും പ്രതീകമാകുന്നു.

 

സാധ്യതയുടെ വാതില്‍ എപ്പോഴും തുറന്നു കിടക്കുന്നു. അതിന്റെ നേര്‍ക്കു തിരിയുന്ന പക്ഷം ഗണേഷ്‌കുമാറിന്റെയും എന്തിന് ബാലകൃഷ്ണപിള്ളയുടെ ജീവിതം പോലും അര്‍ഥപൂര്‍ണമായ ഗതിയിലേക്കു തിരിയും. അപ്പോള്‍ ശരാശരി മലയാളിയുടെ മുന്നിലുള്ള സാധ്യത പറയേണ്ടതില്ല. കൊട്ടാരക്കര ഗണപതിക്ഷേത്രം ആ സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നു. ഗണപതിഭക്തരായ ബാലകൃഷ്ണപിള്ളയുടെ കുടുംബം ജീര്‍ണതയിലേക്കും. എല്ലാ മനുഷ്യനും സന്തോഷം തേടുന്നു. ബാലകൃഷ്ണപിള്ളയും ഗണഷ്‌കുമാറും അതുതന്നെയാണ് ചെയ്യുന്നത്. പക്ഷേ അവരവര്‍ക്ക് അറിയാവുന്ന രീതിയില്‍. സന്തോഷത്തിന്റെ വഴി ബോധ്യമാകും വരെ അവര്‍ക്ക് ആ അറിവ് മറഞ്ഞുതന്നെ കിടക്കും. ഗണേഷ്‌കുമാറിന്  ഗണേശന്റെ പേരു നല്‍കിയതു ബാലകൃഷ്ണപിള്ളയുടെ കൊട്ടാരക്കര ഗണപതിയോടുള്ള ഭക്തി കൊണ്ടുതന്നെ. ഏതൊരച്ഛനെപ്പോലെ ബാലകൃഷ്ണപിള്ളയ്ക്കും സ്വന്തം മകന്റെ ജനനം ആനന്ദം പ്രദാനം ചെയ്തു. തന്റെ ഇഷ്ടദേവതയുടെ പേരുതന്നെ നല്‍കിയത് അതു തെളിയിക്കുന്നു. എങ്ങിനെ ആ മകന്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഇത്രയും വലിയ ശത്രുവായി. ദുഖത്തിനു കാരണമായി. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ പ്രഖ്യാപിക്കപ്പെട്ട ഏറ്റവും വലിയ ധനികനായ ലോകസഭാസ്ഥാനാര്‍ഥിയായ ദീപക് ഭരദ്വാജിന്റെ കൊലയെത്തുടര്‍ന്ന്‍ അദ്ദേഹത്തിന്റെ മകന്‍ പ്രതിയാക്കപ്പെട്ട് അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലുമാണ് നാം ഈ വിഷയം ചര്‍ച്ച ചെയ്യുന്നത്. ഒപ്പം മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട വൃദ്ധമാതാപിതാക്കളുടെ വാര്‍ത്ത കേരളത്തിലെ മാധ്യമങ്ങളില്‍ പതിവായതും ഓര്‍ക്കുമ്പോഴാണ് കൊട്ടാരക്കര പ്രസക്തമാകുന്നത്.

 

വ്യക്തിയെ കണ്ടാല്‍ അവന്റെ കുടുംബത്തെ കാണാന്‍ പറ്റും. അതുപോലെ അവന്റെ മാതാപിതാക്കളേയും. കാരണം ഒരു വ്യക്തി അവന്റെ ജീവിതാവസാനം വരെ പിന്തുടരുന്ന വൈകാരിക സംസ്‌കാരത്തിന്റെ ബാലപാഠങ്ങള്‍ മുഖ്യമായും ബാല്യകൗമാരങ്ങളില്‍ മാതാപിതാക്കളില്‍ നിന്നും ഉള്‍ക്കൊള്ളുന്നതാണ്. ഈ പശ്ചാത്തലത്തില്‍ ഗണേഷ്‌കുമാര്‍ സ്‌നഹം എന്തെന്നറിയാതെ എല്ലാ സമ്പന്നതയുടേയും നടുവില്‍ പരിഗണിക്കപ്പെടാത്ത ബാല്യത്തിന്റെയും കൗമാരത്തിന്റെയും ഇരയാണ്. കര്‍തൃത്വത്തിന്റെ കൂടെ രക്ഷയും കൂടിച്ചേരുമ്പോഴാണ് രക്ഷാകര്‍തൃത്വമുണ്ടാവുന്നത്. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും ലഹരിയുടെ ഓട്ടപ്പാച്ചിലില്‍ ബാലകൃഷ്ണപിള്ളയ്ക്ക് മകനെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ട് അതിനു കഴിഞ്ഞില്ല എന്ന ചോദ്യത്തിനുത്തരവും അദ്ദേഹത്തിന്റെ ബാല്യമാണ്.

 

കൊട്ടാരക്കരയിലേക്കു വരാം. കൊട്ടാരക്കര ഇപ്പോള്‍ പുറംലോകത്ത് അറിയപ്പെടുന്നത് കൊട്ടാരക്കര ഗണപതിക്ഷേത്രത്തിന്റെ പേരില്‍. പിന്നീടുള്ള അറിയപ്പെടല്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെ നാടെന്ന പേരില്‍. കൊട്ടാരക്കര ക്ഷേത്രം അറിയപ്പെടുന്നത് ഗണപതിയുടെ പേരിലാണെങ്കിലും അവിടുത്തെ പ്രധാന പ്രതിഷ്ഠ ശിവന്റേതാണ്. ശിവന്റേയും പാര്‍വതിയുടേയും നടുവിലുള്ള ഉപപ്രതിഷ്ഠയാണ് ഗണപതി. ക്ഷേത്രങ്ങള്‍ ലക്ഷ്യത്തിലേക്കുള്ള ചൂണ്ടുപലകകളാണ്. അവയെ ലക്ഷ്യമെന്ന്‍ തെറ്റിദ്ധരിച്ച് അവിടെ തമ്പടിച്ചാല്‍ ജീര്‍ണത ഫലം. അതിന്റെ നേര്‍ പ്രതിഫലനമാണ് തീര്‍ഥങ്ങള്‍ മലിനജല തടാകങ്ങളായി മാറിയത്. ബുദ്ധന്‍ എപ്പോഴും ഓര്‍മ്മിപ്പിക്കുമായിരുന്നു വിരല്‍ ചൂണ്ടുന്നിടത്തേക്കു നോക്കണമെന്ന്. ആ സത്യത്തിലേക്കു നോക്കുന്നവനില്‍ സംഭവിക്കുന്നതാണ് ശ്രദ്ധ. അവന്‍ ഭൂതഗണങ്ങളിലെ പതിയെ അറിയുന്നു. ആ ശ്രദ്ധ യാതൊരുവനില്‍ സദാ സമയവും ഉണ്ടാകുന്നുവോ അവന്‍ സദാശിവന്‍. ആ അറിവിന്റെ വെളിച്ചത്തിð പ്രത്യക്ഷ വിപരീതമെന്നു തോന്നുന്ന പരസ്പരപൂരക ശക്തികളുടെ സംയോജനം അഥവാ ശിവപാര്‍വതി സങ്കല്‍പ്പം.  ആ ആത്യന്തിക സത്യത്തിന്റെ അറിവില്‍, അതിന്റെ അകമ്പടിയിലായിരിക്കണം ഭൗതികലോകത്തിലെ വ്യാപാരങ്ങളില്‍ ഏര്‍പ്പെടേണ്ടത്. ഈ ഭൗതികലോകം അവ്വിധം പ്രകടമാണ്. കാരണം അദൃശ്യവും കാര്യം ദൃശ്യവും. എതുപോലെയാണോ ഒരു വ്യക്തിയെ കാണുമ്പോള്‍ അയാളില്‍ അയാളുടെ അച്ഛനമ്മമാര്‍ അദൃശ്യമായിരിക്കുന്നത് അതുപോലെ. ആ ഉദാത്തസങ്കല്‍പ്പം കൊണ്ടാണ് ശിവന്‍ മുഖ്യദേവതയായുള്ള കൊട്ടാരക്കരക്ഷേത്രം ഗണപതിയുടെ പേരിലറിയപ്പെടുന്നത്. പ്രാപഞ്ചിക സത്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രായോഗിക ജീവിതത്തെ എങ്ങനെ സമീപിക്കണമെന്ന തത്വത്തിന്റെ പ്രതിഷ്ഠ.

 

അവിടെ ഉണ്ണിയപ്പം പ്രസാദമായി നല്‍കുന്നതിലൂടെപ്പോലും ആ സത്യജ്ഞാനാധിഷ്ടിത ജീവിതത്തിന്റെ സൗന്ദര്യം വ്യക്തമാക്കുന്നു. കൊട്ടാരക്കര ഉണ്ണിയപ്പം അതിന്റെ രുചിയില്‍ പ്രസിദ്ധം. അതു കഴിച്ചിട്ടുള്ളവര്‍ക്കതറിയുകയും ചെയ്യാം. ഒരു ആചാരത്തിലൂടെ പ്രാദേശികരുചി ഭദ്രമായി ഒരു കാലാവസ്ഥയ്ക്കും നശിപ്പിക്കാനാകാത്ത വിധം എക്കാലത്തേക്കും സൂക്ഷിച്ചിരിക്കുന്നു. ശ്രദ്ധയില്‍ അറിയുന്നതാണ് അറിവ്. ഉണ്ണിയപ്പം ബാഹ്യവസ്തുവും അതിന്റെ രുചി അറിവും. ലോകവും സത്തയും. ഈ ശ്രദ്ധയിലാണ് അതനുഭവിക്കുന്നതെങ്കില്‍ അത്ര രുചികരം. അതാണ് കൊട്ടാരക്കര മനുഷ്യരാശിയുടെ മുന്നില്‍ വയ്ക്കുന്ന സാധ്യത. മറിച്ചാണെങ്കില്‍ എല്ലാനേരവും അമ്പലത്തില്‍ പോയി കുമ്പിട്ടാലും ബാലകൃഷ്ണപിള്ളയുടെ കുടുംബത്തിന്റെ അവസ്ഥ.

 

മൃഗങ്ങള്‍ ഒന്നും തന്നെ ആവശ്യത്തിലധികം ഭക്ഷണം കഴിക്കില്ല. ഈ ഭൂമിയില്‍ ആവശ്യത്തിന് വിഭവസമൃദ്ധിയുണ്ടെന്നാണ് ഗണേശന്റെ ആനയുടെ മുഖംകൊണ്ട് പ്രതീകാത്മകമായി ഉദ്ദേശിച്ചിട്ടുള്ളത്. സമൃദ്ധിലഭ്യതയാണത് സൂചിപ്പിക്കുന്നത്. ഒരു മൃഗത്തിനും ആനയെപ്പോലെ അനായസമായി ഭക്ഷണം എടുക്കാന്‍ കഴിയില്ല. അതേ ഗണപതിയുടെ വയറോ കുടവയര്‍. അതാകട്ടെ സംതൃപ്തിയുടെ പ്രതീകം. ഉണ്ണിയപ്പം ഒന്നുകൂടി ഓര്‍ക്കുന്നത് നന്ന്. ഈ പ്രതീക സൂചനയുടെ കടകവിരുദ്ധമാണ് ജീര്‍ണ്ണത. ആനവായില്‍ എത്ര തിന്നിട്ടും ഒരിക്കലും തൃപ്തിവരായ്ക.

 

ഇതൊന്നുമറിയാന്‍ കെല്‍പ്പില്ലാത്തവര്‍ക്കും ക്ഷേത്രസങ്കല്‍പ്പം അതിന്റെ കേവല സ്വഭാവത്തില്‍ എല്ലാ അനുഗ്രഹവും അഥവാ രുചിയും വാഗ്ദാനം ചെയ്യുന്നു. ശിവന്റേയും പാര്‍വതിയുടേയും മധ്യത്തില്‍ കുടികൊള്ളുന്ന ഗണപതി എങ്ങിനെയായിരിക്കണം കുട്ടികള്‍ പരിപാലിക്കപ്പെടേണ്ടതെന്ന്‍ രക്ഷിതാക്കള്‍ക്കു കാട്ടിക്കൊടുക്കുന്നു. അറിയാതെ കുട്ടികളിലും ആ ബോധം വളരും. അവരും പിന്നീട് രക്ഷിതാക്കളാവുമ്പോള്‍ കോശസ്മൃതികളില്‍ (ഡി.എന്‍.എ) ഈ ബോധം ഉണ്ടാവും. കേരളീയ കുടുംബങ്ങളില്‍ ഈ പ്രതിഷ്ഠകള്‍ക്ക് ഇളക്കം തട്ടിത്തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. പിള്ളയും ഗണേശനും പിന്തുടരുന്ന ദൈവവിശ്വാസം കൊണ്ട് ആ പ്രതിഷ്ഠകള്‍ പിഴുതെറിയപ്പെടും. അങ്ങിനെ പിഴുതെറിയപ്പെടുന്നതിന്റെ വാര്‍ത്തകളാണ് ദിവസവും പല രീതിയില്‍ മാധ്യമങ്ങളില്‍ കാണുന്നത്.

 

സന്തോഷം കിട്ടുമെന്ന്‍ കരുതി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വിഘ്‌നം കൂടാതെ വര്‍ധിതമായ തോതില്‍ നടന്നുകിട്ടാന്‍ വേണ്ടിയാണ് പലരും ക്ഷേത്രത്തെ പ്രാപിക്കുന്നത്. അങ്ങിനെയുള്ളവര്‍ മതത്തേയും ആരാധനാലയങ്ങളേയും സമീപിക്കന്നതിനെ നോക്കിയാണ് ദൈവത്തേയും, മതത്തേയും കുറിച്ചുള്ള ധാരണകള്‍ മുഖ്യധാരയില്‍ നിലനില്‍ക്കുന്നത്. മനുഷ്യന്റെ ജീവിതത്തെ അനുനിമിഷം സ്വാധീനിക്കുന്ന ഈ വിഷയത്തിലേക്കു  നോക്കാന്‍ പണ്ഡിതര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ഒരേ പോലെ പേടി. സത്യത്തെ അനുഭവിക്കുന്നതാണ് മതം. അതുകൊണ്ടാണ് പലമതസാരവും ഏകം എന്നു പറയുന്നത്. അതിന് മതം എന്താണെന്ന്‍ അറിഞ്ഞേ മതിയാവൂ. അതും  മനോഹരമായി മോദകപ്രിയനായ കൊട്ടാരക്കര ഗണപതി തന്റെ ഉണ്ണിയപ്പ പ്രീതിയിലൂടെ പറയുന്നു. ഉണ്ണിയപ്പത്തിലല്ല രുചിയിരിക്കുന്നത്. പ്രത്യേചേരുവകള്‍ ശ്രുതി തെറ്റാത്ത സംഗീതമെന്നവണ്ണം ഉണ്ണിയപ്പം ഉണ്ടാക്കപ്പെടുമ്പോള്‍ നമ്മുടെ അറിവിലുള്ള രുചിയെ ഉണര്‍ത്തുക മാത്രമാണ് ആ ഉണ്ണിയപ്പം ചെയ്യുന്നത്. മണമറിയാന്‍ ശേഷിയില്ലാത്തവന്‍ ആ ഉണ്ണിയപ്പം കഴിച്ചാലത് അറിയാന്‍ പറ്റാത്തത് അതുകൊണ്ടാണ്. ആ രുചിയറിയുന്നതുപോലെ സത്യത്തെ അറിയുന്നതാണ് മതം. അല്ലാതെ വിവിധ മതസ്ഥരായ ആളുകള്‍ ഒന്നിച്ചുനിന്നോ കെട്ടിപ്പിടിച്ചോ പടമെടുത്ത് പ്രസിദ്ധീകരിക്കുന്നതിലൂടെ വെളിവാകുന്നതല്ല. ഇതു തിരിച്ചറിഞ്ഞില്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടാകാന്‍ ഇനി അധികം സമയം വേണ്ടിവരില്ല. അവിടെ ഒരു വൈരുദ്ധ്യാത്മക രാഷ്ട്രീയ പ്രമേയമായി ബാലകൃഷ്ണപിള്ളയുടെ കുടുംബം ഓരോ മലയാളിയുടേയും മുന്നില്‍ തെളിഞ്ഞുവരുന്നു.

 

(തുടരും)

മറ്റു ഭാഗങ്ങള്‍:

ഗണേഷ്‌ കുമാറും കേരളവും

അദ്ധ്യായം ഒന്ന്‍ - വളര്‍ച്ച

അധ്യായം രണ്ട് – ചാനല്‍ ചര്‍ച്ചയും കൗമാരവും 

Tags: