ദൈവം പിൻവാങ്ങി, ശേഷിക്കുന്നത് ചെകുത്താൻമാർ!

Glint Views Service
Wed, 04-12-2013 04:30:00 PM ;

sachin tendulkar grafitti

 

ദൈവം പിൻവാങ്ങി. സച്ചിന്റെ വിടവാങ്ങലിന്റെ പിറ്റേന്ന് മിക്ക മലയാള പത്രങ്ങളും നൽകിയ തലവാചകം ഇതായിരുന്നു. ചാനലുകളും ആംഗലേയ പത്രങ്ങളും ഈ പ്രയോഗത്തെ ചുറ്റിപ്പറ്റിയാണ് വിടവാങ്ങൽ വാർത്ത കൈകാര്യം ചെയ്തത്. ആദ്യമൊക്കെ ക്രക്കറ്റ്‌ ദൈവമെന്ന് വിശേഷിപ്പിച്ചിരുന്ന മാധ്യമങ്ങൾ പിന്നെ വെറും ദൈവത്തിലേക്ക് പോവുകയായിരുന്നു. ഒന്നാലോചിച്ചുനോക്കൂ, ദൈവം പിൻവാങ്ങി. ദൈവം പിൻവാങ്ങിയ സ്ഥലത്ത് ആരാണവശേഷിക്കുക. സംശയം വേണ്ട ചെകുത്താൻ. ഇനി തങ്ങൾ കാണിക്കുകയും വിവരിക്കുകയുമൊക്കെ ചെയ്യുന്ന ക്രീസിലെ കളി ചെകുത്താൻമാരുടേതാണെന്ന് മാധ്യമങ്ങൾ തന്നെ സമ്മതിക്കുന്നു. ലോകം മുഴുവൻ മാനിയയിൽ പെട്ടാലും അതിൽ പെടാതെ സാക്ഷികളാവേണ്ട വിഭാഗമാണ് മാധ്യമങ്ങൾ. ഇവിടെ മാനിയയുടെ സൃഷ്ടാക്കളും പ്രചാരകരുമായി മാധ്യമങ്ങൾ മാറുന്നു .അതിന്റെ ചുഴിയിൽപെട്ട് സമൂഹവും രാജ്യവും കറങ്ങുന്നു.

 

ഈ മാനിയയുടെ ചുഴിയിൽ പെട്ടതാണ് അനവസരത്തിൽ സച്ചിന് രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരമായ ഭാരതരത്‌നം വിടവാങ്ങൽ ദിവസം തന്നെ നൽകാന്‍ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്. അതിനൊപ്പം പ്രൊഫ. സി.എൻ.ആർ റാവുവിനും അദ്ദേഹത്തിന്റെ ജിവിതകാലത്തെ മുഴുവൻ സംഭാവനകളേയും വിലയിരുത്തി ഭാരതരത്‌നം നൽകി. ഇത്രയും അനൗചിത്യം ആ ശാസ്ത്രജ്ഞനോടും ശാസ്ത്രത്തോടും ചെയ്യേണ്ടതില്ലായിരുന്നു. വിദേശത്തേക്കു കുടിയേറാതെ ഇന്ത്യയിൽ നിന്നുകൊണ്ട് എഴുപതുകഴിഞ്ഞ ഈ ശാസ്ത്രജ്ഞൻ ക്രീസിൽ നിന്ന് പിൻവാങ്ങാതെ ഗവേഷകരെ നയിച്ചും സ്വയം ഗവേഷണത്തിലേർ‌പ്പെട്ടും സേവനമനുഷ്ഠിക്കുന്നു. ദൈവമല്ലാതെ സാധാരണ പ്രജയായി. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾക്ക് ദൈവതുല്യനായ ഗുരുവായി നിന്നുകൊണ്ട്. സച്ചിൻ ഉറങ്ങുമ്പോൾ ഏതു വശം തിരിഞ്ഞുകിടന്നാണ് ഉറങ്ങുന്നതെന്നും അതിന്റെ ശാസ്ത്രീയതയും അത് സച്ചിന്റെ ദൈവഗുണമായി പ്രകീർത്തിച്ച് അതിന്റെ വിശദാംശങ്ങൾ അറിയുന്നതാണ് മാധ്യമശ്രദ്ധയെന്ന് ജനങ്ങളെ വിശ്വസിപ്പിച്ച മാധ്യമങ്ങൾക്ക് നന്നേ ബുദ്ധിമുട്ടേണ്ടി വന്നു പ്രൊഫസ്സർ റാവുവിനെ കാഴ്ച്ചക്കാർക്കും വായനക്കാർക്കും പരിചയപ്പെടുത്താൻ. ഇത്രയും വലിയൊരു ശാസ്ത്രജ്ഞൻ പ്രധാനമന്ത്രിയുടെ ശാസ്ത്രവിഷയങ്ങളിലെ ഉപദേശകനാണെങ്കിലും അദ്ദേഹത്തിന് മാധ്യമ കാഴ്ച്ചപ്പാടിൽ വിപണിമൂല്യം കുറവായിരുന്നു. സച്ചിന്റെ വിടവാങ്ങൽ ചരിത്രദിനം ഇമവെട്ടാതെ വീക്ഷിച്ച ഏതാനും ഉന്നതവിദ്യാഭ്യാസം നേടിയ പലരോടും അന്വേഷിച്ചു, ഈ സി.എൻ.ആര്‍ റാവുവിനെ കുറിച്ച് മുൻപ് കേട്ടിട്ടുണ്ടോ എന്ന്. എഞ്ചിനീയർമാരും കോളേജധ്യാപകരും പിന്നെ പ്ലസ് വൺകാരും പ്ലസ് ടുക്കാരുമുൾപ്പടെയുള്ളവരോടാണ് പ്രൊഫസ്സര്‍ റാവുവിനെക്കുറിച്ച് അന്വേഷിച്ചത്. ആരും കേട്ടിട്ടില്ല. കേരളത്തിലെ എല്ലാ രസതന്ത്ര അധ്യാപകർക്കും അദ്ദേഹത്തെ അറിയുമോ എന്ന് പറയണമെങ്കിൽ അന്വേഷണം നടത്താതെ പറ്റില്ല. മാധ്യമം ജനങ്ങളിലേക്കെത്തിക്കുന്ന കാര്യങ്ങളിൽ അവരെ നയിക്കുന്ന മുൻഗണനയും മാനദണ്ഡവും അറിയാൻ ഏറ്റവും നല്ല ഉദാഹരണമാണിത്.

 

കേരളത്തിലേതുൾപ്പടെയുള്ള ഇന്ത്യൻ യുവത്വം ആലോചിക്കേണ്ട കാര്യമാണിത്. മാനിയയ്ക്ക് അടിമയാകുമ്പോൾ സ്വയം വിഡ്ഢികളാവുകയല്ലേയെന്ന്. തങ്ങൾക്ക് കളിയോടുള്ള താൽപ്പര്യംകൊണ്ടല്ല, മറിച്ച് തങ്ങളിലെ വൈകാരികാവസ്ഥയെ ആരോ മോഷ്ടിച്ച് അമ്മാനമാടുന്നതിനെ തുടർന്നുണ്ടായ രോഗസമാനമായ അവസ്ഥ കൊണ്ടാണ് ഈ വികാരത്തിന് അടിമപ്പെട്ടുപോകുന്നതെന്ന്. സച്ചിനോടുള്ള സ്നേഹം കൊണ്ടു പോലുമല്ല പതിനായിരം രൂപ കൊടുത്ത് ആളുകൾ കരിഞ്ചന്തയിൽ ടിക്കറ്റ് വാങ്ങി വാംഖഡെ സ്‌റ്റേഡിയത്തിൽ സച്ചിന്റെ അവസാന കളി കാണാൻ കയറിയത്. ഈ രോഗത്തിന്റെ മൂർധന്യാവസ്ഥ കൊണ്ടാണ്. വൈകാരിക തലത്തിലുണ്ടാവുന്ന ഇത്തരം രോഗങ്ങളിലേർപ്പെട്ടുഴലുമ്പോൾ ചെയ്യുന്ന കാര്യങ്ങൾ സാമാന്യയുക്തിക്ക് നിരക്കുന്നതാവില്ല. ഈ ഭ്രാന്തിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് യുവത്വത്തിന്റെ കൈയ്യടി നേടി വരുന്ന തെരഞ്ഞെടുപ്പിൽ യുവത്വമായി താദാത്മ്യം പ്രാപിക്കാമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്രസർക്കാർ ഒരുപക്ഷേ ഭാരതരത്‌നം പിൻവാങ്ങൽ ദിവസം കൊടുക്കാൻ തീരുമാനിച്ചത്. അതിനുള്ള രാജ്യവ്യാപകമായ ഭ്രാന്തമായ അന്തരീക്ഷം നിലവിലുണ്ടായിരുന്നു. അതാണ് കേന്ദ്രസർക്കാരിന് ആത്മവിശ്വാസം നൽകിയത്. അതിനോടുള്ള അമർഷം പൊതിഞ്ഞിട്ടെന്നോണമാണ് പ്രൊഫ.റാവുവിന്റെ ആദ്യപ്രതികരണം തനിക്ക് ബഹുമതി നൽകിയവരുടെ തന്നെ തല താഴ്ക്കുന്നതായിപ്പോയത്. അദ്ദേഹം പറഞ്ഞു, ഇന്ത്യയിലെ രാഷ്ട്രീയക്കാർ വിഡ്ഢികളാണ്. ബഹുമതി സ്വീകരിക്കുമ്പോൾ തന്നെ ബഹുമാനിച്ച അവസരത്തിലൂടെ അപമാനിക്കുകയും ചെയ്തതിലുള്ള അമർഷവും ആ ശാസ്ത്രജ്ഞന്റെ വാക്കുകളിൽ നിഴലിക്കുന്നതു കാണാം. അദ്ദേഹം ശാസ്ത്രജ്ഞനായതുകൊണ്ട് അമർഷം പ്രകടിപ്പിക്കുന്നതോടൊപ്പം  ശാസ്ത്രമേഖല നേരിടുന്ന അവഗണനയും ജനശ്രദ്ധയിൽ കൊണ്ടുവന്നു. ആ അശ്രദ്ധയും അവഗണനയുമാണ് താനും അനുഭവിച്ചതെന്നും അതിൽ നിന്നു കാണാം.

 

രാജ്യത്തെ മൊത്ത ഉൽപ്പാദനത്തിന്റെ (ജി.ഡി.പി) 0.09 ശതമാനമാണ് ഇപ്പോൾ ശാസ്ത്രഗവേഷണത്തിനായി മാറ്റി വെയ്ക്കുന്നത്. അതു ചുരുങ്ങിയത് രണ്ടു ശതമാനമായെങ്കിലും ഉയർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ചാനലും ആ വിഷയം രാത്രി ചർച്ചയ്ക്കോ വിശദ പരാമർശത്തിനോ വിധേയമാക്കിയില്ല. രാജ്യം നേരിടുന്ന ഭീകര പ്രവർത്തനവും മാവോവാദി പ്രശ്നവുമൊക്കെ  വർത്തമാന യാഥാർഥ്യങ്ങളാണ്. അതിനെയൊക്കെ നേരിടാൻ എത്രമാത്രം സേനാവിന്യാസവും ആഭ്യന്തര സുരക്ഷാ നടപടിയുമാണ് ചെയ്യുന്നതെന്നാണ് മാധ്യമങ്ങൾ അന്വേഷിക്കുന്നത്. അത് ആയുധ വ്യാപാരികൾക്കും ഇടനിലക്കാർക്കും രാഷ്ട്രീയ നേതൃത്വത്തിനും തങ്ങളുടെ അജണ്ടകളുമായി മുന്നോട്ടുപോകാൻ അനുയോജ്യമായ സാഹചര്യം ഒരുക്കിക്കൊടുക്കുന്നു. കാരണം മാനിയയെ നിലനിർത്തുക എന്നതാണ് മാധ്യമത്തിന്റെയും അതിനെ ആശ്രയിക്കുന്ന കമ്പോളത്തിന്റെയും ആവശ്യം. രാജ്യത്തിന് വികസിക്കണമെങ്കിൽ ശാസ്ത്ര-സാങ്കേതിക കാര്യങ്ങളിൽ നേട്ടമുണ്ടാകണം. സ്വന്തം ജനതയോടു യുദ്ധം ചെയ്യുന്നതിനു മാറ്റിവയ്ക്കുന്ന തുകയുടെ ചെറിയൊരംശം ശാസ്ത്ര-സാങ്കേതിക രംഗത്തെ വികസനത്തിനു മാറ്റുകയാണെങ്കിൽ ഇന്ത്യ നേരിടുന്ന പിന്നോക്കാവസ്ഥയെ നേരിടുന്നതിനുള്ള പല വഴികളിൽ പ്രധാനപ്പെട്ട വഴിയാകും. ദാരിദ്ര്യവും പിന്നോക്കാവസ്ഥയുമാണ്  മാവോവാദികൾക്ക് വിളനിലമൊരുക്കിക്കൊടുക്കുന്നത്. എസ്.ടി.ഡി ബൂത്തും മൊബൈൽഫോണും ഒഡിഷയിലേയും ബംഗാളിലേയും ബീഹാറിലേയും തമിഴ്‌നാട്ടിലേയും പാവപ്പെട്ടവർക്ക് ജീവിതമാർഗ്ഗം നേടിക്കൊടുത്തതും കൊടുക്കുന്നതും അറിയാൻ കേരളത്തിലെ നിരത്തുകളിലേക്കൊന്നു കണ്ണോടിച്ചാൽ മതി. മലയാളി റോഡുപയോഗിക്കുന്നത് വാഹനമോടിക്കാൻ മാത്രമെന്ന നിലയിലേക്കായിട്ടുണ്ട്. ഉൾനാടുകളിൽപ്പോലും വാഹനം നിർത്തി ആരോടെങ്കിലും വഴിചോദിച്ചാൽ ഇപ്പോൾ പലപ്പോഴും നഹീം മാലൂം എന്ന മറുപടിയാണ് കിട്ടുന്നത്. വിനിമയ ബന്ധത്തിലുണ്ടായ നേട്ടത്തിന്റെ പ്രത്യക്ഷഫലമാണത് കാണിക്കുന്നത്. ശാസ്ത്ര-സാങ്കേതികയുടെ പ്രാധാന്യവും അതിന്റെ വിന്യാസവും മനസ്സിലാകാത്തെ രാഷ്ട്രീയ നേതൃത്വത്തെ പ്രൊഫ. റാവു വിഡ്ഢികളെന്ന്‍ വിളിച്ചതിൽ അതിശയപ്പെടേണ്ടതില്ല. ആ വിഡ്ഢിവിളി രാഷ്ട്രീയക്കാരിൽ മാത്രം തങ്ങിനിൽക്കുന്നില്ല. കാരണം ആ വിഡ്ഢിത്തത്തിൽ നിന്നെടുക്കുന്ന തീരുമാനങ്ങളെ എല്ലാം മറന്ന് സ്വീകരിക്കുന്ന ക്രിക്കറ്റ്‌പ്രേമികളെന്ന് സ്വയം ധരിച്ചുവശായ സച്ചിൻ ഭക്തരിലേക്കും ആ വിളി കിനിഞ്ഞിറങ്ങിവരുന്നുണ്ട്.

 

മനുഷ്യന്റെയും സമൂഹത്തിന്റെയും മനസ്സിൽ ഒരുപോലെ സംഭവിക്കുന്ന വൈകല്യമാണ് തത്വത്തെ വിട്ട് വിഗ്രഹത്തിൽ ദൈവത്തെ കണ്ട് അതാണ് ദൈവമെന്ന് കരുതി ആരാധനയിലേർപ്പെട്ട് അനാചാരത്തിന്റെ ചുഴിയിൽ പെടുന്നത്. ഉദാത്തമായ ഇന്ത്യൻ സംസ്‌കാരം നേരിട്ടതും നേരിടുന്നതുമായ അപചയത്തിനും പ്രശ്നങ്ങൾക്കും മുഖ്യ കാരണമതാണ്. അതാണ് മതത്തിന്റെയും ജാതിയുടേയും ഉപജാതിയുടേയും പേരിൽ നടന്ന സാമൂഹ്യ ജീർണ്ണതകൾ. ഇപ്പോൾ അതിന്റെ പേരിൽ നടക്കുന്ന രാഷ്ട്രീയാഭ്യാസങ്ങളും ക്രിക്കറ്റിനെ വിട്ട് സച്ചിനെ ദൈവമാക്കി ആരാധിച്ച് അനാചാരങ്ങളിലേർപ്പെട്ട് സ്വയം മറക്കാൻ കാരണമായതും വൈകാരിക വൈകല്യമാണ്. എല്ലാവിധം അക്രമങ്ങൾക്കും മനുഷ്യനെ പ്രേരിപ്പിക്കുന്ന വൈകാരിക ധാതുക്കുളും ഉത്ഭവിക്കുന്നത് ഈ മാനസിക തലത്തിൽ നിന്നാണ്. മൗലികവാദവും ഭീകര പ്രവർത്തനങ്ങളുമുൾപ്പടെ. ദൈവമുണ്ടായിരുന്നപ്പോഴും അദ്ദേഹം ചെകുത്താൻമാരുടെ കൂടെയായിരുന്നു. ഇപ്പോൾ ദൈവം വിടവാങ്ങി. ഇനി  ക്രിക്കറ്റ് ഭ്രാന്തരുടെയും മാധ്യമങ്ങളടേയും കാഴ്ചപ്പാടിൽ ക്രീസിൽ ചെകുത്താൻമാർ മാത്രം.

 

മുന്‍ ലക്കം വായിക്കാം:

സച്ചിന്‍: ആചാരവും അനാചാരവും

Tags: