ദേവന്റെ മനുഷ്യപ്രകൃതി

സാബു കരേടന്‍
Fri, 02-05-2014 03:45:00 PM ;

mv devan paints

 

മാതൃഭൂമിയുടെ കോഴിക്കോട് ഓഫീസില്‍ നിന്ന്‍ വിളിച്ചതനുസരിച്ച്, അദ്ദേഹം തയ്യാറാക്കി വെച്ചിരുന്ന ഒരു ലേഖനം വാങ്ങാനാണ് ആദ്യമായി എം.വി ദേവന്റെ വീട്ടില്‍ ചെല്ലുന്നത്. ആലുവയിലെ ‘ചൂര്‍ണി’യില്‍ ഇരുന്നപ്പോള്‍ തന്നെ ഒരു കുളിര്‍മ അനുഭവപ്പെട്ടു. സിമന്റോ കുമ്മായമോ ഉപയോഗിച്ച് പുറംതേയ്ക്കാതെ നഗ്നമായ ഇഷ്ടികയില്‍ പണിതുയര്‍ത്തിയ വീടിന്റെ നിര്‍മ്മിതിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്കെല്ലാം തനതു സംസ്കാരത്തില്‍ ആകൃഷ്ടനായ ഒരു ആര്‍ക്കിടെക്ടിന്റെ കൈയടക്കത്തോടെ അദ്ദേഹം മറുപടി പറഞ്ഞു. ഇടയ്ക്ക് സ്വയം ക്ഷോഭിക്കുകയും ചെയ്തു. പ്രൌഡഗംഭീരമായ അദ്ദേഹത്തിന്റെ സംസാരം, ഞാന്‍ പഠന കാലത്ത് വായിച്ച ദേവസ്പന്ദനത്തിലെ ചില വിഷയങ്ങളിലേക്കും തിരിച്ചുവിട്ടു. ചിത്രകലയും സാഹിത്യവും ശില്‍പ്പകലയുമെല്ലാം വിഷയങ്ങളായി. തിരിച്ചു പോരാന്‍ ഒരുങ്ങുമ്പോള്‍ എന്റെ ഫോണ്‍ നമ്പര്‍ അദ്ദേഹത്തിന്റെ ഫോണ്‍ ഡയറക്ടറിയില്‍ കുറിച്ചിടുകയും ചെയ്തു. അതിന്  ശേഷം ആലുവ നസ്രത്ത് റോഡിലൂടെയുള്ള ചില പ്രഭാത നടത്തങ്ങള്‍ക്കിടയില്‍ അദ്ദേഹത്തെ കണ്ടുമുട്ടുകയും പരസ്പരം പുഞ്ചിരി കൈമാറുകയും ചെയ്തു.

 

പിന്നീട്, ഒരു ലേഖനം തയ്യാറാക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ വീട്ടില്‍ വീണ്ടുമെത്തിയപ്പോഴാണ് ദേവന്‍ മാഷുമായുള്ള ആത്മബന്ധം ദൃഡതരമായത്. വൈവിധ്യങ്ങളായ വിഷയങ്ങളിലൂടെ അദ്ദേഹത്തിന്റെ സംസാരം അന്ന് കടന്നുപോയി. ഒരു കൊച്ചുകുട്ടിയെപ്പോലെ ഞാനതെല്ലാം കേട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ട സംഭാഷണം, എന്റെ കൈയിലുണ്ടായിരുന്ന ഡിജിറ്റല്‍ വോയ്സ് റെക്കോര്‍ഡര്‍ ഉപയോഗിച്ച് പകര്‍ത്തുകയും ചെയ്തു.

 

അന്ന് റെക്കോഡ് ചെയ്ത കാര്യങ്ങളില്‍ പ്രസക്തമായവ കോര്‍ത്തിണക്കി ദേവന്‍ മാഷിന്റെ പേരില്‍ തയ്യാറാക്കിയ ലേഖനത്തിന്റെ പകര്‍പ്പുമായി അടുത്ത ദിവസം ‘ചൂര്‍ണി’യില്‍ വീണ്ടുമെത്തി. ലേഖനം ശ്രദ്ധാപൂര്‍വ്വം വായിച്ചതിനു ശേഷം, ഒരു വാക്യത്തിനിടയില്‍ പഴമ ധ്വനിപ്പിക്കുന്ന ഒരു വാക്ക് എഴുതിച്ചേര്‍ത്തതിന് ശേഷം ‘ഇത് ഞങ്ങള്‍ പഴയ തലമുറയുടെ ഒരു പിടിവാശിയാണെന്ന് കൂട്ടിക്കോളൂ’ എന്ന്‍ തമാശരൂപേണ പറയുകയും ചെയ്തു. ആ ലേഖനത്തിന്റെ ഘടന അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. ‘ഒന്ന്‍ വെറുതെ ലൂസായി സംസാരിച്ച കാര്യം സാരവത്തായി സംഗ്രഹിച്ച് താങ്കള്‍ നല്ലൊരു ഉപന്യാസമാക്കി മാറ്റിയിരിക്കുന്നു’ എന്ന്‍ തുടങ്ങുന്ന ഒരു കുറിപ്പോടെ പിറ്റേന്ന് ലേഖനം പ്രസിദ്ധീകരിക്കുന്നതിനായി ഒപ്പിട്ടു തിരികെ തന്നു.

 

പ്രസംഗിക്കുന്ന കാര്യങ്ങള്‍ ലേഖനമായി എഴുതുകയാണെങ്കില്‍ വരുംതലമുറയ്ക്ക് കൂടി അത് ഉപകാരപ്രദമാകും എന്ന് പറഞ്ഞപ്പോള്‍, അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ച് അദ്ദേഹം വാചാലനായി. ജൂബ്ബയുടെ പോക്കറ്റില്‍ സൂക്ഷിക്കാവുന്ന ചെറിയൊരു വോയ്സ് റെക്കോര്‍ഡര്‍ കൈയിലുണ്ടെങ്കില്‍ പ്രസംഗം മുഴുവന്‍ സ്വയം റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുമെന്നും പിന്നീട് സമയമുള്ളപ്പോള്‍ അത് കേട്ട് പകര്‍ത്തിയെഴുതാമെന്നും ഞാന്‍ പറഞ്ഞത് അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു.

 

‘കംപ്യൂട്ടറിനെ എതിര്‍ത്തവര്‍ തന്നെ ഇപ്പോഴും’ എന്ന തലക്കെട്ടോടെ ആ ലേഖനം (2007 ജൂലൈ) പ്രസിദ്ധീകരിച്ച ശേഷം അദ്ദേഹത്തിന് ഭീഷണി നിറഞ്ഞ ഫോണ്‍വിളികള്‍ വന്നിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ ഒന്നില്‍ ‘ചൂര്‍ണി’യിലെത്തിയപ്പോള്‍ യാതൊരു ഭയപ്പടുമില്ലാതെ, പൂര്‍വാധികം ചങ്കൂറ്റത്തോടു കൂടിയാണ് മാഷ്‌ ഇത് വെളിപ്പെടുത്തിയത്. താനിതെത്ര കണ്ടിരിക്കുന്നു എന്ന ഭാവമായിരുന്നു ആ മുഖത്ത്. അന്ന്‍, ലേഖനം തയ്യാറാക്കിയതിനുള്ള സന്തോഷപ്രകടനമെന്ന വണ്ണം, അദ്ദേഹമെഴുതിയ സ്വാതന്ത്ര്യം കൊണ്ട് നാം എന്തു ചെയ്തു? എന്ന പുസ്തകത്തിന്റെ ആദ്യ പേജുകളിലൊന്നില്‍ എന്റെ രേഖാചിത്രം വരച്ച് സമ്മാനമായി തരികയും ചെയ്തു.

 

പിന്നീടൊരിക്കല്‍ അദ്ദേഹമെന്നെ ഫോണില്‍ വിളിച്ചു. ‘തിരക്കില്ലെങ്കില്‍ ഒന്ന്‍ വീടുവരെ വരണം. ഒരു വോയ്സ് റെക്കോര്‍ഡര്‍ സുഹൃത്ത് തരാമെന്ന് ഏറ്റിട്ടുണ്ട് അതു പ്രവര്‍ത്തിപ്പിക്കുന്നതില്‍ വേണ്ടത്ര പരിജ്ഞാനം പോരാ. അതൊന്ന്‍ മനസ്സിലാക്കാനാണ്.’ അന്ന്‍ അദ്ദേഹത്തിന്റെ അടുത്തെത്തിയപ്പോള്‍ ഞാന്‍ ഒരു ആഗ്രഹം പറഞ്ഞു. സാഹിത്യകാരന്‍മാരുമായും മറ്റുമുള്ള ദേവന്‍ മാഷിന്റെ സഹവാസ കാലത്തെ സ്വകാര്യ അനുഭവങ്ങള്‍ ശേഖരിച്ച് ഒരു പുസ്തകമാക്കിയാല്‍ കൊള്ളാമെന്നുണ്ട്. അദ്ദേഹം അതില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ‘നല്ല ആശയം. ഞാനിവിടെയുള്ളപ്പോള്‍ വന്നോളൂ. ഓര്‍മ്മയിലുള്ള കാര്യങ്ങള്‍ ഞാന്‍ പറഞ്ഞുകൊണ്ടിരിക്കാം. ആവശ്യമായവ സാബു കുറിച്ചെടുത്തോളൂ.’ തുടര്‍ന്ന്‍ ബഷീറിനെ കുറിച്ചും വാസുവിനെ (എം.ടി) കുറിച്ചും എന്‍.പിയെ (മുഹമ്മദ്‌) കുറിച്ചുമെല്ലാം അദ്ദേഹം വാചാലനായി. ഒരു യാത്രയ്ക്കിടയില്‍ ഉറൂബിന്റെ കൈ തീവണ്ടിയുടെ ജനലില്‍ കുടുങ്ങിയ കഥ മാഷ്‌ സരസമായി ഓര്‍മ്മിച്ചു. തിരക്കിനിടയില്‍ പക്ഷെ, ആ പദ്ധതി നടക്കാതെ പോയി.

 

കുറേ നാളുകള്‍ക്ക് ശേഷം വേനല്‍പുഷ്പങ്ങള്‍  എന്ന പേരിലുള്ള എന്റെ നോവല്‍ പുസ്തകമാക്കിയപ്പോള്‍ പ്രകാശനത്തിന് അദ്ദേഹത്തെ ക്ഷണിക്കാന്‍ ചെന്നു. സഹധര്‍മ്മിണി സുഖമില്ലാതെ ഇരിക്കുന്നതിനാല്‍ പരിപാടികള്‍ കുറച്ചിരിക്കുകയാണെങ്കിലും പുസ്തക പ്രകാശനത്തിന് വരാമെന്നേറ്റു. അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരം നോവലിന്റെ ഒരു പ്രതി നേരത്തേ വായിക്കാന്‍ കൊടുക്കുകയും ചെയ്തു. കവി എന്‍.കെ ദേശവും പങ്കെടുത്ത സാംസ്കാരിക സമ്മേളനത്തില്‍ വെച്ചാണ് അദ്ദേഹം പ്രകാശനം നിര്‍വ്വഹിച്ചത്. കണിശക്കാരനായ ഒരു നിരൂപകന്റെ വീക്ഷണത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം പുസ്തകത്തെ കുറിച്ച് സംസാരിച്ചത്. രചനയിലുള്ള പോരായ്മകളും ആദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

 

സ്വന്തം അഭിപ്രായം ചങ്കൂറ്റത്തോടെ പ്രകടിപ്പിക്കുകയും അന്ത്യം വരെ യൗവനയുക്തമായ ആര്‍ജ്ജവം കൈവിടാതിരിക്കുകയും ചെയ്ത, ചിത്രകാരനും ശില്‍പ്പിയും എഴുത്തുകാരനും പ്രഭാഷകനും വാസ്തുശില്‍പ്പിയുമായ ദേവന്‍ മാഷിന്റെ വ്യക്തിത്വം പരിചയപ്പെടുന്നവരുടെയെല്ലാം ഹൃദയത്തില്‍ ഇപ്പോഴും ജ്വലിച്ചു നില്‍ക്കുന്നുണ്ടാകും.


മാതൃഭൂമി പത്രത്തിന്റെ ആലുവ ലേഖകനായിരുന്നു സാബു കരേടന്‍.                 

Tags: