കല്യാണിന്റേയും മാദ്ധ്യമങ്ങളുടേയും മുന്നിലെ ഇരിക്കല്‍ സമരം

Glint Staff
Wed, 21-01-2015 03:00:00 PM ;

 

തൃശ്ശൂരിൽ കല്യാൺ സാരീസിന്റെ മുന്നിൽ അവിടുത്തെ ആറു വനിതാ ജീവനക്കാർ ഇരിക്കല്‍ സമരം തുടങ്ങിയിട്ട് കുറച്ചു നാളായി. അവർ ഒരുപക്ഷേ നിൽപ്പ് സമരം ഒഴിവാക്കിയത് നിൽപ്പിന്റെ കാഠിന്യം അറിയാവുന്നത് കൊണ്ടായിരിക്കാം. അതുമല്ലെങ്കിൽ ജീവിതത്തിന്റെ നല്ലൊരുഭാഗം നിന്നുകൊണ്ട് ജീവിതസമരത്തെ നേരിട്ടതിനാലാകാം. എന്തായാലും ഈ സമരം മാദ്ധ്യമ അതിസാന്നിദ്ധ്യമുള്ള കേരളത്തിൽ അധികം ആരും അറിഞ്ഞിട്ടില്ല. കാരണം, കല്യാണിന്റെ വിശ്വാസ്യത അത്രയ്ക്കാണ്. വിശ്വാസം അതല്ലേ എല്ലാം. കല്യാൺ സാരീസിന്റെ ഉടമയ്ക്ക് മാദ്ധ്യമങ്ങളിലുള്ള വിശ്വാസം തകർന്നാൽ മാദ്ധ്യമങ്ങൾക്ക് നഷ്ടമാകുന്നത് കോടികളാണ്. കോടികളാണ് പരസ്യരൂപത്തിൽ ദൃശ്യ-ശ്രാവ്യ-അച്ചടി മാദ്ധ്യമങ്ങളിലേക്ക് ഇടതടവില്ലാതെ എത്തിക്കൊണ്ടിരിക്കുന്നത്. അത് നിലച്ചുപോകുമെന്നുള്ള പേടി കൊണ്ടാകണം ഡിസംബര്‍ 30 മുതല്‍ നടന്നുവരുന്ന ആ ഇരിപ്പുസമരത്തെ കണ്ടെന്നുപോലും നടിക്കാൻ കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളൊന്നും തയ്യാറാകാത്തത്.

 

ലോകത്തെ മുഴുവൻ വിറപ്പിച്ചുകളയുന്ന ധാർഷ്ട്യത്തോടെയാണ് ചില കവർ സ്റ്റോറികളും കവർ പൊളിച്ചുകൊണ്ടുള്ള സ്റ്റോറികളുമായി ആഴ്ചകളിലും ദിവസവുമെന്നവണ്ണം ചാനലുകൾ  അരങ്ങുതകർക്കുന്നത്. ആ പരിപാടിയുടെ അവതാരകയോ അവതാരകനോ അല്ലാതെ ലോകത്തുള്ളവരെല്ലാം അപ്രസക്തരും അസന്മാർഗികളും എന്ന വിധിയെഴുത്തോടെയാണ് ഈ പരിപാടികൾ പലപ്പോഴും പുരോഗമിക്കുക. ഈ പരിപാടികളിലൂടെ തൊടുത്തുവിടുന്ന വിമർശന ശരങ്ങളൊക്കെയും ലംഘിക്കപ്പെടുന്ന ഔചിത്യത്തിന്റേയും നിയമലംഘന സ്വഭാവത്തിന്റേയും മൂല്യരാഹിത്യത്തിന്റേയും പേരിലാണ്. എവിടെയെങ്കിലും ആരെങ്കിലും ചൂഷിതരാവുകയാണെങ്കിൽ അവരുടെ അപ്പോസ്തലകളേയും അപ്പോസ്തലന്മാരേയും പോലെയാണ് അവതാരകർ രൂപാന്തരം പ്രാപിക്കുന്നത്. ഞൊടിയിടയിൽ അവർ ആക്ടിവിസ്റ്റുകളായി മാറുന്നു. ഈ അവതാരക ആക്ടിവിസ്റ്റുകൾ ഇതിനിടയിൽ ഒരു ചെറിയ ഇടവേള പ്രഖ്യാപിക്കും. അപ്പോഴാണ് കല്യാൺ സാരീസും അതുപോലുള്ളവരുടേയും ബ്രേക്കിനിടയിലൂടെയുള്ള തിരനോട്ടം. പ്രചാരമുള്ള ചാനലുകൾക്കാണ് കല്യാൺ സാരീസല്ല ഏതു വ്യാപാര സ്ഥാപനവും പരസ്യം നൽകുക. ആ മാദ്ധ്യമങ്ങളിലൂടെ അവർ ഉദ്ദേശിച്ച ജനത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരെ സ്വാധീനിച്ച് ഷോറൂമുകളിലേക്ക് എത്തിച്ചാണ് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള പരസ്യ കോലാഹലമില്ലെങ്കിൽ ഇത്രയും വൻ തോതിൽ ഇവർക്ക് തങ്ങളുടെ വ്യാപാരത്തെ വികസിപ്പിക്കാൻ പറ്റുകയുമില്ല. അവർക്ക് ലഭിക്കുന്ന ലാഭത്തിന്റെ ചെറിയ ഒരു ശതമാനം മാത്രമാണ് അവർ പരസ്യത്തിന് നീക്കിവയ്ക്കുക. അതു തന്നെ കോടികൾ വരുന്നു. അപ്പോൾ അവർക്ക് ലഭിക്കുന്ന ലാഭത്തിന്റെ തോത് ഊഹിക്കാവുന്നതേ  ഉള്ളൂ. ലാഭത്തിന്റെ കനം നിമിത്തമാണ് നാട്ടിൽ സഞ്ചരിക്കുന്നതിന് സ്വകാര്യ വിമാനങ്ങൾ വരെ വാങ്ങാൻ അവരെ പ്രേരിപ്പിക്കുന്നത്. 

 

ഈ ലാഭം നേടിക്കൊടുക്കുന്നതിൽ ശാരീരികമായി ഏറ്റവും കൂടുതൽ അധ്വാനിക്കുന്നവരാണ് ഇവരുടെ തുണിക്കടകളിലെ സെയിൽസ് ഗേൾസ് എന്നറിയപ്പെടുന്ന യുവതികൾ. യൗവനം കഴിയുന്നതിനു മുൻപു തന്നെ ഈ യുവതികൾ വാതരോഗത്തിനും അതുപോലുളള സന്ധിസംബന്ധമായ അസുഖങ്ങൾക്കും ഇരകളായെന്നിരിക്കും. കാരണം അതിരാവിലെ ജോലിക്കു കയറിയാൽ രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തും വരെ ഇവർക്ക് ഇരിക്കാൻ പാടില്ല. മലമൂത്ര വിസർജനത്തിനുപോലും നിശ്ചയിക്കപ്പെട്ട സമയത്തേക്കാൾ കൂടുതൽ ഉപയോഗിച്ചാൽ ശിക്ഷാനടപടികളും ഭർത്സനവും. ജോലി തുടങ്ങി കഴിയും വരെ ഇരുകൈകൾക്കും വിശ്രമം അന്യം. സ്ത്രീസഹജമായ അസ്വാസ്ഥ്യങ്ങളൊന്നും തന്നെ പ്രകടിപ്പിക്കാനോ അവ ഉണ്ടായാൽ ഉണ്ടായിട്ടില്ലെന്ന വിധം പെരുമാറാനും ഇവർ തയ്യാറാകണം. ഉപഭോക്താക്കൾ കയർക്കുകയാണെങ്കിൽ ചിരിച്ചുകൊണ്ടിരിക്കണം. മാനേജ്‌മെന്റിന്റെ വിശ്വാസം സംരക്ഷിച്ച് അവർക്കുവേണ്ടി ലാഭമുണ്ടാക്കാൻ സ്വന്തം ആരോഗ്യത്തെ കുരുതി കൊടുക്കുന്ന ഇവർക്ക് പ്രതിമാസം കിട്ടുന്ന ശമ്പളം യഥാർഥത്തിൽ എത്രയാണെന്ന് മാനേജ്‌മെന്റിനും ഈ സെയിൽസ് ഗേൾസിനും മാത്രമേ അറിയുകയുള്ളൂ. വർഷങ്ങൾ അവിടെ പണിയെടുത്ത് പരിചയം നേടിയതിന്റെ പശ്ചാത്തലത്തിൽ സൂപ്പർവൈസർമാരായി ഉയർത്തപ്പെട്ട സ്ത്രീകൾക്ക് കിട്ടുന്നത് ഏഴായിരം രൂപയാണെന്ന് പറയപ്പെടുന്നു. അപ്പോൾ സെയിൽസ് ഗേളിന് എത്ര കിട്ടുമെന്ന് ഊഹിക്കാവുന്നതേ ഉള്ളു. ഒരു ഇടത്തരം നല്ല സാരിവാങ്ങാനുള്ള തുകപോലും ഈ സ്ത്രീകൾക്ക് മാസശമ്പളമായി നൽകുന്നില്ല. ലീവും ഓഫും ഇല്ലാതെ ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സ്വകാര്യ യാത്രകളും സന്ദർശനങ്ങളും നിഷേധിക്കപ്പെട്ടിരിക്കുന്നതിനാൽ അവർക്ക് തങ്ങളുടെ യൂണിഫോമിന് പുറമേ മറ്റ് സാരിയുടെ ആവശ്യകതയില്ലെന്ന് ഒരുപക്ഷേ കല്യാൺ സാരീസ് മാനേജ്‌മെന്റ് കരുതുന്നുണ്ടാകും.

 

എന്നാല്‍, ഇവരും കൂടി, നിന്നും വിശ്രമമില്ലാതെ കൈകൾ ചലിപ്പിച്ചും കൃത്രിമമായി മാനേജ്‌മെന്റിന് വേണ്ടി ചിരിച്ചും ഉണ്ടാക്കുന്ന ലാഭവിഹിതത്തിന്റെ ഒരംശമാണ് സ്വകാര്യവിമാനം പറപ്പിച്ച് മണിക്കൂറിൽ ലക്ഷങ്ങൾ പൊടിച്ച് മുതലാളിയും മുതലാളിമാരുടെ സന്തതികളും ആസ്വദിക്കുന്നതും മാദ്ധ്യമങ്ങൾക്ക് ലഭിക്കുന്ന പരസ്യവിഹിതവുമൊക്കെ. പക്ഷെ, അസംഘടിത മേഖലാ തൊഴിലാളി യൂണിയൻ (എ.എം.ടി.യു) എന്നൊരു സംഘടനയില്‍ അംഗങ്ങളായി ശമ്പള വർധന വേണമെന്ന്  ആവശ്യപ്പെട്ടതോടെ കല്യാണിന് സ്ത്രീ തൊഴിലാളികളിലുണ്ടായിരുന്ന വിശ്വാസം തകർന്നുപോയി. വിശ്വാസത്തകർച്ച വരുത്തിയവരെ വകവരുത്താൻ മാനേജ്‌മെന്റ് കണ്ടെത്തിയ വഴിയാണ് അവരെ തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സ്ഥലം മാറ്റാനുള്ള നടപടി. ഏഴായിരം രൂപ ശമ്പളം വാങ്ങുന്നവർ തൃശ്ശൂരിലെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തും കണ്ണൂരും പോയി ജോലി ചെയ്യണമെങ്കിൽ അവരുടെ വീട്ടിൽ നിന്നും സാമ്പത്തിക സഹായം ഇല്ലാതെ പറ്റില്ല. എന്നാൽ തൊഴിലാളികളെ സ്ഥലം മാറ്റാനുള്ള അധികാരം മാനേജ്‌മെന്റിനുണ്ട്. അതിനാൽ തൊഴില്‍ വകുപ്പിനും ഈ വിഷയത്തിൽ നിയമപരമായി ഇടപെട്ട് ഒന്നും ചെയ്യാനാവില്ല. പിന്നെ ചെയ്യാവുന്നത് ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾക്കാണ്. കല്യാൺ മാനേജ്‌മെന്റും മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളും അവയുടെ നേതാക്കളും തമ്മിലുളള വിശ്വാസം തകരുന്നതല്ല. അതിനാൽ സമരം മാത്രം രാഷ്ട്രീയപ്രവർത്തനമായി സ്വീകരിച്ചിട്ടുള്ള പാർട്ടികൾ പോലും ഈ ഇരിക്കല്‍ സമരം കണ്ട ലക്ഷണം കാണിച്ചിട്ടില്ല.

 

ചുംബനം, സരിത, സുനന്ദ പുഷ്‌കർ എന്നിത്യാദി വിഷയങ്ങളിൽ പറ്റുമെങ്കിൽ ദിനംപ്രതിയെന്നോണം ചർച്ച നടത്തുന്ന ചാനലിലെ ആക്ടിവിസ്റ്റുകൾ അഥവാ അവരുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ ചാനൽ മാവോമാരും മാവോയിനിമാരും ഇതൊരു വിഷയമായിപ്പോലും ഇതുവരെ കണ്ടിട്ടില്ല. ഇരിക്കല്‍ സമരത്തിലേർപ്പെട്ടിരിക്കുന്ന കഥകൾ ചാനലുകൾക്ക് വിൽപ്പനാ റേറ്റിംഗ് നന്നായി നേടിക്കൊടുക്കുന്നതായിട്ടുകൂടി അവർ അത് കേൾക്കുന്നില്ല. ഭ്രമിപ്പിക്കുന്ന സാരിയുടേയും അതുപോലുള്ള ചില വസ്ത്രങ്ങളുടേയുമൊക്കെ വില അമ്പതിനായിരത്തിൽ നിന്ന് ഒരു നിമിഷംകൊണ്ട് വാങ്ങാൻ വരുന്നവരുടെ താൽപ്പര്യം മനസ്സിലാക്കി ഒന്നര ലക്ഷമായി മാറുന്ന വിദ്യയുമൊക്കെ ഇവരിലൂടെ പുറത്തു വരുന്നു. അത്തരത്തിൽ ജനങ്ങളുടെ കൈയ്യിലിരിക്കുന്ന ധനം തങ്ങളുടെ പെട്ടിയിലേക്കിട്ടിട്ടാണ് അതിന്റെ ചെറിയൊരംശം മാദ്ധ്യമങ്ങൾക്കും നൽകുന്നത്. ഇത് തങ്ങൾക്ക് എറിഞ്ഞുനൽകുന്നതായി മാദ്ധ്യമങ്ങൾ കാണുന്നു. കല്യാൺ സാരീസ് മാനേജ്‌മെന്റ് മാദ്ധ്യമങ്ങളുടെ അടുത്ത് ആവശ്യപ്പെട്ടിട്ടാണ് ഇവ്വിധം ഇരിക്കല്‍ സമരത്തെ തമസ്കരിച്ചതെന്ന് കരുതുക വയ്യ. കാരണം, എന്തുകൊണ്ടാണ് മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ ഈ സമരത്തെ കാണാതെ പോകുന്നതെന്ന വിഷയത്തിൽ മാദ്ധ്യമങ്ങളിലെ ആക്ടിവിസ്റ്റുകളുടെ മുഖമെങ്കിലും രക്ഷിക്കാൻ വഴിപാട് ചർച്ച പോലും ഉണ്ടായില്ല. കല്യാണിന്റെ വിശ്വാസത്തെ തകർക്കുന്ന വിധം ആരും പെരുമാറില്ലെന്നുള്ളത് കല്യാണിനറിയാം. ഇതൊരു അലിഖിത നിയമം പോലെ പ്രവർത്തിക്കുന്നു. അലിഖിതവും എന്നാൽ നിർണ്ണായക സ്വാധീനം വർത്തമാന ലോകത്തിൽ ചെലുത്തുന്ന പ്രതിഭാസത്തെയാണ് സംസ്കാരം എന്നു പറയുന്നത്. മുഖ്യധാരാ മാദ്ധ്യമങ്ങൾ ഈ സംസ്കാരത്തിലേക്ക് പൂർണ്ണമായും മാറിക്കഴിഞ്ഞു എന്നുള്ളതിന്റെ മകുടോദാഹരണമാണ് കല്യാൺ സാരീസിന്റെ മുന്നിലെ ഇരിക്കല്‍ സമരം. ചുംബന സമരത്തിനു മുഖ്യധാരാ മധ്യമങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന പ്രാധാന്യത്തിന്റെ വെളിച്ചത്തിൽ വേണം ഇരിക്കല്‍ സമരത്തേയും കാണാൻ. ഈ ഇരിക്കല്‍ സമരത്തിൽ പങ്കെടുക്കുന്ന യുവതികളുടെ ലോകം കല്യാൺ ഷോറൂമും തങ്ങളുടെ വീടും മാത്രമായി ചുരുങ്ങുന്നത് കൊണ്ടാവാം ഭൂഗോളത്തിലെ മുഴുവൻ ഫാസിസത്തിനെതിരെ ചുംബിച്ച് സമരം ചെയ്യാൻ ചുണ്ടുമായി ഇറങ്ങിത്തിരിച്ചവർ പോലും ഇവർക്കുവേണ്ടി ഒരു ഫ്ലൈയിംഗ് കിസ്സ് പോലും നൽകാൻ തയ്യാറാകാത്തത്. സമരം ഇനിയും നീളുകയാണെങ്കിൽ ചിലപ്പോൾ കല്യാൺകാരും അവരുടെ വിശ്വാസത്തിലുള്ള മുഖ്യധാരാ മാദ്ധ്യമങ്ങളും ചേർന്ന ഈ ഇരിക്കല്‍ സമരം ചെയ്യുന്ന സ്ത്രീകളെ മാവോയിസ്റ്റുകളാക്കിയേക്കും. വിശ്വാസമല്ലേ എല്ലാം. മാവോയിസ്റ്റുകളാണെന്ന കല്യാൺ മാനേജ്‌മെന്റിന്റെ വിശ്വാസം കേരളാ പോലീസിനു് സംശയമായാൽ ഇവരുടെ പേരിൽ നല്ല വകുപ്പുകൾ ചേർത്ത് വേണമെങ്കിൽ അകത്തിടുകയും ചെയ്യാം. അങ്ങിനെ വന്നാൽ പിന്നെ അധികമാരും എ.എം.ടി.യു പോലുള്ള സാഹസത്തിനോ ഇരിപ്പിനോ നിൽപ്പിനോ ഒന്നും തന്നെ തയ്യാറാവില്ല. ഇരിപ്പുകാരിൽ ആർക്കെങ്കിലും സർഗ്ഗശേഷിയുണ്ടെങ്കിൽ അവർ ചിലപ്പോൾ പിന്നീടെഴുതിയെന്നിരിക്കും, നിങ്ങൾ ഞങ്ങളെ മാവോയിസ്റ്റാക്കി എന്ന്. ഇവിടെ നിങ്ങൾ ആരാണെന്ന് ആലോചിക്കാവുന്നതാണ്. കല്യാണാണോ മാദ്ധ്യമങ്ങളാണോ രാഷ്ട്രീയപാർട്ടികളാണോ. ഒരു കാര്യം ഉറപ്പാണ് കല്യാണും രാഷ്ട്രീയപാർട്ടികളും മാത്രം വിചാരിച്ചാൽ അതു സാധ്യമാവില്ല. മാദ്ധ്യമങ്ങൾ കൂടി വിചാരിക്കാതെ.

Tags: