മലയാളി എന്ന വ്യക്തി ആള്‍കൂട്ടമായപ്പോള്‍ പ്രേമവിജയം

Glint Staff
Wed, 17-06-2015 12:15:00 PM ;

അള്‍ഫോണ്‍സ് പുത്രന്‍ തിരക്കഥയെഴുതി സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ച് വന്‍ വിജയമായ സിനിമ പ്രേമം എങ്ങിനെ വന്‍ വിജയമായി എന്നുള്ള അന്വേഷണം തുടരുന്നത് നല്ലതാണെന്നു തോന്നുന്നു. ചെറുപ്പക്കാര്‍ വിശേഷിച്ചും പതിനാറിനും ഇരുപത്തിനാലിനുമിടയക്കുള്ളവരോട് ചോദിച്ചാല്‍ ഈ സിനിമയെക്കുറിച്ച് ആയിരം നാവാണ്. ഉഗ്രന്‍ എന്റര്‍ടെയിനര്‍ എന്നാണ് അവര്‍ ഈ സിനിമയെ വിശേഷിപ്പിക്കുക. അതിനെ പിന്തുണയ്ക്കുന്നവര്‍ക്കൊക്കെ ഇത് തങ്ങളുടെ സിനിമയാണെന്നുളള ഒരു തോന്നലും ഉണ്ടായിരിക്കുന്നു. എന്നാല്‍ എന്താണ് യുവാക്കളെ ഇത്ര സന്തോഷിപ്പിച്ചതെന്നു ചോദിക്കുമ്പോള്‍ അവര്‍ ആവര്‍ത്തിക്കുന്ന ഉത്തരം നല്ല എന്റര്‍ടെയിനര്‍ എന്നാണുത്തരം. എന്നാല്‍ മേല്‍പ്പറഞ്ഞ വയസ്സുകാരുടെ ഇടയിലെ പെണ്‍കുട്ടികളോട് ചോദിച്ചാല്‍ അവര്‍ക്ക്  ഈ സിനിമ അത്ര ദഹിച്ച മട്ടില്ല. അവരുടെ മുഖത്ത് അരുതാത്തത് എന്തോ കണ്ട ലക്ഷണമാണ്. വന്‍ വിജയത്തിന്റെ മുന്നില്‍ കണ്ടവര്‍ കാണാത്തവരോട് കാണേണ്ട എന്നു പറയാനുള്ള ധൈര്യം കാണിക്കുന്നില്ല. കണ്ടുനോക്കൂ എന്നാണ് പറയുന്നത്. അതിനാലാണ് മുതിര്‍ന്നവരും യുവതികളുമെല്ലാം ഒരേപോലെ തീയറ്ററുകളിലേക്കൊഴുകുന്നത്. ഏത് ഘടകമാണ് ഈ സിനിമയുടെ വിജയമെന്നറിയാന്‍ പതിനെട്ടിലേക്ക് കാലുയര്‍ത്തി നില്‍്ക്കുന്ന ഒരു പുത്തന്‍ യുവാവിനോടന്വേഷിച്ചു.

ചോ- ഈ സിനിമ യഥാര്‍ഥമായിട്ടാസ്വദിച്ചോ

യുവാവ്- എനിക്കസ്സലായി ഇഷ്ടപ്പെട്ടു

ചോ-ഇതിലെന്താ താങ്കളെ ആകര്‍ഷിച്ച ഘടകം

യു-ഇതൊരു മാസ്സ് മൂവിയാ. അതാണതിന്റെ വിജയം

ചോ-മാസ്സ് മൂവീന്ന് വെച്ചാല്‍

യു-അതൊരു സെക്ഷനാണ്. തമിഴില്‍ വിജയ് ഒക്കെ ചെയ്യുന്ന സിനിമ കണ്ടിട്ടില്ലേ. വിജയ്‌ക്കൊക്കെ കേരളത്തിലുള്ള ആരാധകരെത്രയാന്നറിയുമോ

ചോ-അപ്പോ തമിഴ് സ്വഭാവത്തിലുള്ളതാണോ പ്രേമം

യു- തമിഴ് രീതിയില്‍ വിജയിനെ വച്ച് മലയാളം സിനിമയെടുത്താല്‍ ഇവിടെ ഓടില്ല. അതിനാല്‍ ഇവിടുത്തെ സ്‌റ്റൈലില്‍ നിവിന്‍ പോളിയെ ഇട്ട് തമിഴ് സ്‌റ്റൈലില്‍ എടുത്തു. അതാണ് പ്രേമത്തിന്റെ വിജയം.

ചോ-അപ്പോ മലയാളി ആസ്വാദനരീതിയില്‍ നിന്നു പ്രകടമായി മാറിക്കൊണ്ടുള്ള ഒരു ചിത്രം, അല്ലേ

യു-തീര്‍ച്ചയായും. അതാണ് മാസ്സ് മൂവിയെന്നു പറയുന്നത്. അവിടെ വലിയ യുക്തിക്കോ ഒന്നിനും സ്ഥാനമില്ല. ഒരുതരം ഫീക്ക് അഥവാ അടിച്ചുപൊളി

 ചോ-അപ്പോ തുടക്കം മുതല്‍ അവസാനം വരെ മദ്യപാനത്തെ മഹത്വവല്‍ക്കരിച്ചുകൊണ്ടുള്ള രംഗങ്ങളൊക്കെ നിങ്ങള്‍ അംഗീകരിക്കുന്നു അല്ലേ

യു-മാസ്സ് മൂവിയില്‍ അത്തരം ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. മാസ്സില്‍ കാണുന്നതൊക്കെ അതുപോലെ അതിലുമുണ്ടാകും.

    യുവാവ് പറഞ്ഞതു ശരിയാണ്. ഇതൊരു മാസ്സ് മൂവിയാണ്. മാസ്സ് മൂവിയെന്നതിന് വേണമെങ്കില്‍ ജനക്കൂട്ടസിനിമ എന്ന് പരിഭാഷ നല്‍കാം.ജനക്കൂട്ടസിനിമ തന്നെയാണ് പ്രേമം. ജനക്കൂട്ട ഘടകം തന്നെയാണ് അതിനെ ചരിത്രവിജയത്തിലേക്ക് നയിച്ചത്. ഒരു സിനിമയ്ക്ക് പോവുക എന്നത് വ്യക്തിയുടെ തീരുമാനമാണ്. ആ വ്യക്തിയെ ജനക്കൂട്ടം സ്വാധീനിക്കുന്നു. അല്ലെങ്കില്‍ താന്‍ ജനക്കൂട്ടമാണെന്ന് വ്യക്തി സ്വയം അറിയുന്നു. വ്യക്തി ജനക്കൂട്ടമാകുന്ന അവസ്ഥ. കേരളക്കരയിലെ വ്യക്തിയുടെ അവസ്ഥ ഇന്ന് അതായിക്കഴിഞ്ഞിരിക്കുന്നു എന്നതാഅ പ്രേമം സിനിമ ഓര്‍മ്മിപ്പിക്കുന്നത്. മോബ് സൈക്കോളജി അഥവാ ജനക്കൂട്ട മനശ്ശാസ്ത്രം എപ്പോഴും കേള്‍ക്കപ്പെടുന്ന ഒന്നാണ് . ജനക്കൂട്ടം വൈകാരികവും അന്ധവുമായാണ് പ്രതികരിക്കുക. ജനക്കൂട്ടത്തിനിടയില്‍ പെടുന്ന അഹിംസാവാദിയാണെങ്കില്‍ പോലും ചിലപ്പോള്‍ കൊടിയ ഹിംസയിലേര്‍പ്പെട്ടെന്നിരിക്കും. ജനക്കൂട്ടം ഒരു പ്രവാഹം പോലെയാണ് പെരുമാറുക. ആ പ്രവാഹത്തിനിടയില്‍ സംസ്‌കാരസമ്പന്നനായ വ്യക്തിയുടെ സംസ്‌കാരം പോലും അപ്രത്യക്ഷമായ രീതിയില്‍ പ്രവര്‍ത്തിക്കും. അതുകൊണ്ടാണ് അക്രമാസക്തമാകുന്ന ജനക്കൂട്ടം അപകടമെന്നു പറയുന്നത്. ജനക്കൂട്ടും അക്രമാസക്തമായാല്‍ യുക്തിയുടെ ഭാഷ ജനക്കൂട്ടത്തിന് മനസ്സിലാകില്ല. അതുകൊണ്ടാണ് അവരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകവും ജലപീരങ്കിയുമൊക്കെ പോലീസ് പ്രയോഗിക്കുന്നത്. ചിലപ്പോള്‍ വെടിവെയ്പ്പും വേണ്ടിവരുന്നു. ജനക്കൂട്ടം അവ്വിധമാണ് പെരുമാറുക. അത്തരം അവസ്ഥയില്‍ വ്യക്തിപരമായുണ്ടാകുന്ന വേദനയോ നഷ്ടമോ ഒന്നും ചിന്തിക്കാത്ത അവസ്ഥയിലേക്ക് വഴുതിവീണ് വ്യക്തിയുടെ പ്രജ്ഞ ആള്‍ക്കുട്ടത്തിന്റെ അബോധതലത്തിലേക്ക് പതിക്കുന്നു.

        വ്യക്തിയുടെ ഉള്ളില്‍ ഒന്നിലധികം എപ്പോഴും ഒരു ജനക്കൂട്ടം കുടിയേറിയിരിക്കുന്നു. അതാണ് ചെറിയൊരു പ്രകോപനത്തില്‍ പോലും ജനക്കൂട്ടത്തെ പോലെ വ്യക്തികള്‍ പൊതുസ്ഥലങ്ങളില്‍ പെരുമാറുന്നത് പതിവായിട്ടുണ്ട്. ഒരു ബസ്സപകടം ഉണ്ടായാല്‍ പരിക്കുപറ്റിയ ആളെ ആശുപത്രിയില്‍ ആക്കുന്നതിനേക്കാള്‍ മുന്‍പ് കണ്ടുനില്‍ക്കുന്നവരും പരിക്കേല്‍ക്കാത്തവരും ചെര്‍ന്ന ബസ്സ് തല്ലിപ്പൊളിക്കുകയും ബസ്സിന് തീവെയ്ക്കുകയും ചെയ്യുന്നത്. വ്യക്തി ആള്‍ക്കകൂട്ടമായി പ്രതികരിക്കുന്നതിന്റെ ഉദാഹരണം. മാത്രവുമല്ല, വ്യക്തിയാകുമ്പോള്‍ ഉണ്ടാവുന്ന വ്യക്തിപരമായ പേടിയില്‍ നിന്ന് വ്യക്തി മാറി പേടിയില്ലാത്ത അവസ്ഥയിലേക്കെത്തുകയും ചെയ്യുന്നു. പേടിക്കുന്നവരുടെ മനശ്ശാസ്ത്രമാണ് ധൈര്യം കൈവരിക്കുക , ധൈര്യത്തോടെ പ്രവര്‍ത്തിക്കുക എന്നൊക്കെ. ദാരിദ്ര്യമനുഭവിക്കുന്നവന്‍ പണത്തെ കാംക്ഷിക്കുന്നതുപോലെ. ആള്‍ക്കകൂട്ടം അക്രമാസക്തമാകുന്നതിനു പിന്നില്‍ വ്യക്തി അനുഭവിക്കുന്ന ഭീതിയും കാരണമാണ്. മലയാളി വല്ലാതെ പേടിയില്‍ ജീവിക്കുന്ന സാഹചര്യം വന്നിരിക്കുന്നു. നഷ്ടപ്പെടാന്‍ ഇന്ന് മലയാളിക്ക് ഒരുപാടുണ്ട്. അതുകൊണ്ടുകൂടിയായിരിക്കാം മലയാളിക്കിത്ര പേടി. അതിനാല്‍ ഉത്തരവാദിത്വമില്ലാതെ ഏത് വിധ്വസംക പ്രവൃത്തിയിലും ഏര്‍പ്പെടാന്‍ മലയാളി തയ്യാറാകുന്നു. പേടിത്തൊണ്ടന്മാരുടെ ലക്ഷണമാണ് ഉത്തരവാദിത്വമില്ലായ്മ അതേറ്റെടുക്കാനുള്ള മടിയും. ഉത്തരവാദിത്വത്തിന്റെ സ്ഥാനത്ത് അവര്‍ പേടിയിലായിരിക്കും എല്ലാം നിര്‍വ്വഹിക്കുക. ചിലരുടെ ജോലി നിര്‍വഹണം നോക്കിയാല്‍ അതു മനസ്സിലാകും.

         വ്യക്തിയുടെ വികാസം വ്യക്തിയിലെ ശാന്തതയുടെ ആഴത്തിന്റെ അടിസ്ഥാനത്തിലാണ്. ശാന്തമായ വ്യക്തി മാത്രമേ സന്തോഷം അറിയുന്നുണ്ടാവുകയുള്ളു. അനേകം ചിന്തകള്‍ ഒരു വ്യക്തിക്കുള്ളില്‍ വരുമ്പോള്‍ അത് സംഘട്ടനത്തിലേക്ക് നയിക്കുന്നു. ഒന്നിലധികം ചിന്ത വ്യക്തിയില്‍ സംഭവിക്കുമ്പോള്‍ അനേകം ചിന്തകള്‍. എന്നുവെച്ചാല്‍ വ്യക്തിക്കുള്ളില്‍ ആള്‍ക്കുട്ടം. ആള്‍ക്കൂട്ടത്തിന്റെ സന്തോഷം ആരവം ഉണ്ടാക്കിയാണ്. അതായത് ബഹളം വച്ച്. ആ ബഹളം വയ്പ്പാണ് പ്രേമം സിനിമ പകര്‍ന്നുകൊടുക്കുന്നത്. അല്ലാതെ പ്രേമത്തിന്റെ മാധുര്യമോ ഭാവുകത്വമോ ഈ സിനിമ പകര്‍ന്നുകൊടുക്കുന്നതുകൊണ്ടല്ല അതു വിജയിച്ചത്. മലയാളി ആള്‍ക്കൂട്ടമായി മാറിയതിന്റെ ലക്ഷണമാണ് പ്രേമം സിനിമയുടെ വിജയം. ആള്‍ക്കുട്ടത്തിന്റെ ആരവം നിലയക്കാതെ വ്യക്തിയില്‍ വരുന്ന അവസ്ഥയുണ്ട്. അത് എന്താണെന്ന് ആലോചിക്കാന്‍ പറ്റുന്നവര്‍ക്ക് മനസ്സിലാകും. എന്തായാലും വ്യക്തി ആള്‍ക്കുട്ടമായി മാറുന്നത് നല്ല ലക്ഷണമല്ല. രോഗലക്ഷണം തന്നെയാണ്.