ഒരു യുക്തിവാദിയുടെ ശരണം വിളി

Glint Guru
Fri, 12-08-2016 11:15:45 AM ;

 

ഒരു വലിയ യുക്തിവാദി. രാജ്യത്തെ ഏറ്റവും ഉന്നതമായ വ്യവസ്ഥാപിത സാങ്കേതിക ബിരുദധാരി. കേന്ദ്ര സർവ്വീസിൽ ഉന്നതമായ സ്ഥാനം അലങ്കരിച്ചു. ശാസ്ത്രത്തിൽ അദ്ദേഹത്തിന് അന്ധമായ വിശ്വാസമാണ്. എന്നാൽ അന്ധവിശ്വാസിയാണെന്ന് സമ്മതിച്ചുകൊടുക്കാൻ അദ്ദേഹം തയ്യാറല്ല. മനുഷ്യന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നത് ശാസ്ത്രമാണെന്ന് അതിനാൽ ശാസ്ത്രീയതയല്ലാതെ മനുഷ്യന് മറ്റൊന്നിന്റെയും ആവശ്യമില്ലെന്നുമാണ് ഈ യുക്തിവാദിയുടെ മതം. ഏതിനെയും യുക്തികൊണ്ട് സമീപിക്കുന്നതാണ് ശാസ്ത്രീയ സമീപനമെന്നും അദ്ദേഹം കരുതുന്നു. അതുകൊണ്ടു തന്നെ വേദം, ഉപനിഷത്ത് എന്നൊക്കെ പറയുന്നത് ഊർജ്ജത്തെ പാഴാക്കി മനുഷ്യ പുരോഗതിയെ പിന്നോട്ടടിക്കാനുള്ള ഉപാധികൾ മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അദ്ദേഹത്തിന്‍റെ ഒരു സുഹൃത്ത് മരിച്ചു. മരണവീട്ടിൽ പോയിവന്നതിന് ശേഷം അദ്ദേഹം അവിടത്തെ ചില കാര്യങ്ങൾ പറയുന്നതിനിടയിൽ മൃതദേഹം എന്നു പരാമർശിക്കുകയുണ്ടായി. ആ പരാമർശത്തെ തുടർന്നുണ്ടായ യുക്തിവാദം ഇങ്ങനെ പോകുന്നു.

ചോദ്യം: അല്ല, അങ്ങ് യുക്തിവാദിയായിട്ട് എന്തുകൊണ്ടാണ് മൃതദേഹം എന്ന വാക്കുപയോഗിച്ചത്.

ഉത്തരം: അതുശരി. മരിച്ച ശരീരത്തെ പിന്നെന്താ ജീവനുള്ള ശരീരമെന്നു വിളിക്കണമോ?

ചോ: ആ മൃതദേഹം എന്ന പ്രയോഗത്തിൽ ഒരു അയുക്തികത ഉണ്ട്

ഉ: ഒരയുക്തികതയുമില്ല. ആർക്കാണ് മനസ്സിലാകാത്തത് മരിച്ചുകഴിഞ്ഞാൽ പിന്നെ മൃതദേഹമാണെന്ന്. അതിലെവിടെയാ അയുക്തി?

ചോ: ചെറിയ ഒരു യുക്തി ചോദിച്ചുകൊള്ളട്ടെ. അങ്ങനെയെങ്കിൽ മരിക്കുന്നതിനു മുമ്പുള്ള ദേഹത്തെ അമൃതദേഹമെന്നു പറയുന്നതിൽ തെറ്റുണ്ടോ?

ഉ: അതിന്‍റെയാവശ്യമില്ല. നാം വെറുതെ കാടുകയറിയിട്ട് കാര്യമില്ല. മരിക്കും വരെ ഒരാൾ വ്യക്തിയാണ്. അയാൾക്കു പേരുണ്ടാകും. അതുപയോഗിച്ച് അഭിസംബോധന ചെയ്യേണ്ട കാര്യമേ ഉള്ളു. അതാണ് യുക്തിയും ശാസ്ത്രവും.

ചോ: ഭാഷയും ഒരു ശാസ്ത്രമാണല്ലോ. അതിനാൽ ഭാഷയ്ക്കും ഒരു ശാസ്ത്രമുണ്ടാവുമല്ലോ. അതിന്റെ ഏറ്റവും വലിയ ശാസ്ത്രമാണല്ലോ വാക്കിൽ അർഥം ഗർഭമായിരിക്കുന്നത്.

ഉ: നിങ്ങൾ വെറുതെ അനാവശ്യ വാക്കുകളൊക്കെ ഉപയോഗിച്ച് ലളിതമായതിനെ സങ്കീർണ്ണമാക്കുന്നു. സങ്കീർണ്ണതയാണ് സംശയത്തെ ജനിപ്പിക്കുന്നത്. ആശയക്കുഴപ്പമാണ് ചൂഷണത്തിന് ഏറ്റവും ഉദാത്തമായ അന്തരീക്ഷം. അതിനു മാത്രമേ ഇത്തരം വ്യായാമങ്ങൾ സഹായിക്കുകയുള്ളു.

ചോ: എങ്കിലും ചെറിയ ക്ലാസ്സുകളിൽ തന്നെ വാക്കും വിപരീതവുമൊക്കെ പഠിക്കുന്നുണ്ടല്ലോ.ആ നിലയ്ക്ക് മൃതത്തിന്റെ വിപരീതം അമൃതമല്ലേ.

ഉ: മൃതത്തിന്റെ വിപരീതം അമൃതം തന്നെ.

ചോ: അങ്ങനെയാകുമ്പോൾ ജീവനുള്ള ശരീരത്തെ അമൃതശരീരം എന്നു പറയരുതോ?

ഉ: പറയാമല്ലോ. അതിനെന്താ കുഴപ്പം? മൃതമല്ലാത്തത് അമൃതം.

ചോ: അപ്പോള്‍ നമ്മൾ രണ്ടുപേരും അമൃതശരീരങ്ങളല്ലേ?

ഉ: അങ്ങനെ ചോദിച്ചാൽ അതു തന്നെ.

ചോ: അപ്പോൾ നമ്മൾ രണ്ടിലുമുള്ളത് അമൃതത്വമാണ്. അതല്ലേ യുക്തിഭദ്രമായി മനസ്സിലാക്കാൻ കഴിയുന്നത്.

ഉ: അതിനെ അമൃതത്വമെന്ന് പേരിട്ടു വിളിക്കേണ്ട ആവശ്യമെന്താ? ജീവനുണ്ടെന്നങ്ങു പറഞ്ഞാ പോരേ.

ചോ: ഏതിനും ഒരു യുക്തി വേണ്ടേ. അതുകൊണ്ട് അമൃതം എന്ന വാക്ക് വഹിക്കുന്ന ശാസ്ത്രത്തിന്റെ പൊരുൾ ജീവൻ എന്ന വാക്ക് ഉൾക്കൊള്ളില്ലല്ലോ?

ഉ: എവിടെ അതിൽ ശാസ്ത്രം?

ചോ: അതിൽ ശാസ്ത്രമല്ലാതെ എന്താണുള്ളത്? അമൃതം എന്നാൽ മൃതമാകാത്തത്. അതാണ് നമ്മളെങ്കിൽ നമുക്കെങ്ങനെ മരണം സംഭവിക്കും?

ഉ: എന്നുവെച്ചാൽ?  നിങ്ങൾ ആളെ കുഴപ്പത്തിലാക്കരുത്!

ചോ: ഈ ഞാനും അങ്ങയും ഇപ്പോൾ സംസാരിക്കുന്നത് മൃതമല്ലാത്തതിനാൽ. അതിനർഥം അമൃതമായതാണ് നമ്മെ മൃതമല്ലാതാക്കുന്നത്. അമൃതം പോയിക്കഴിയുമ്പോൾ ഈ ശരീരം മൃതദേഹമാകുന്നു. അപ്പോൾ അമൃതമായത് അപ്രത്യക്ഷമാകുമ്പോൾ ശരീരം മൃതമാകുന്നു. അമൃതത്തിന് ഒന്നും സംഭവിക്കുന്നില്ല. അമൃതം മൃതമാകുന്നില്ല.

ഉ: ശ്ശെ, നിങ്ങള് ആളെ ചുറ്റിക്കുകയാണല്ലോ?!

ചോ: വളരെ ലളിതമായ യുക്തിയല്ലേ അത്?

ഉ: അതെ. അതതു തന്നെ.

ചോ: അങ്ങ് അടുത്തു വരുന്നു!

ഉ: ജീവൻ പോകുമ്പാഴാണ് മരണം. ശരിയാണ് ജീവൻ പോകുമ്പോൾ എന്ന് പറയുമ്പോൾ നമ്മൾ പോകുമ്പോൾ എന്നു തന്നെ. അപ്പോൾ നമ്മൾ മരിക്കുന്നില്ല. അതു യുക്തി തന്നെ. അപ്പോ മരിക്കുമെന്നുള്ള ഭീതിയ്‌ക്കൊന്നും വകയില്ല അല്ലേ?

ചോ: അതറിയുമ്പോഴേ മരണഭീതിയില്ലാതാകുന്നുള്ളു. അതറിയാത്തിടത്തോളം കാലം നാം മരിച്ചുപോകുമെന്നുള്ള പേടി നമ്മെ പിന്തുടരും. അതുകൊണ്ടാണ് മരണഭീതി അജ്ഞത മൂലമാണുണ്ടാകുന്നതെന്ന് അങ്ങ് ആക്ഷേപിക്കുന്ന ഉപനിഷത്തുകളൊക്കെ പറയുന്നത്.

ഉ: ഓഹോ, അങ്ങനെയൊക്കെ പറയുന്നുണ്ടോ?

ചോ: അതു ജീവിച്ചിരിക്കുമ്പോൾ അറിഞ്ഞ് അജ്ഞതയിൽ നിന്നു പുറത്തു വന്ന അറിവോടെ ജീവിക്കാനാണ് അതൊക്കെ പറയുന്നത്.

ഉ: താങ്കൾ എന്നെ അജ്ഞനെന്നു വിളിക്കുകയാണോ?

ചോ: അങ്ങ് അതറിയുന്ന നിമിഷം അജ്ഞത മാറുകയാണ്. അത് ഞാനാണ് എന്ന് മനസ്സിലാക്കുമ്പോൾ അഹം ബ്രഹ്മാസ്മി. അത് നീയാണെന്നറിയിക്കുന്നത് തത്വമസി. ശബരിമലയിൽ കയറിച്ചെല്ലുമ്പോൾ എഴുതി വച്ചിരിക്കുന്നത് ഈ ഉപനിഷദ് മഹാവാക്യം തന്നെ.

ഉ: സ്വാമിയേ ശരണമയ്യപ്പാ. താങ്കളെന്നെ മലകയറ്റിക്കുമോ?

ചോ: നിർബന്ധമില്ല. അതറിയാത്തവരെ അറിയിക്കാനുള്ള വഴികളിലൊന്നാണത്. അങ്ങതറിഞ്ഞിട്ടുണ്ടെങ്കിൽ ശബരിമലയ്ക്കു പോകേണ്ട കാര്യമില്ല. മാലയിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും സ്വാമി എന്നു വിളിക്കുന്നതാലോചിച്ചാൽ അതു മനസ്സിലാകുന്നതേ ഉള്ളു.

ഉ: എങ്കിലും, സ്വാമിയേ ശരണമയ്യപ്പ!

Tags: