എം.മുകുന്ദൻ നാട്യക്കാരനോ സ്ത്രീപക്ഷക്കാരനോ?

Glint Staff
Thu, 08-09-2016 02:00:15 PM ;

 

തീവണ്ടിയുടെ എ.സി കമ്പാർട്ട്‌മെന്റ്. നാല് യുവതികൾ. ഇടയ്ക്കിടെ മൊബൈലിൽ സംഭാഷണം. അതോടൊപ്പം വാട്ട്‌സാപ്പിലും ധൃതിപിടിച്ച് സന്ദേശം അയയ്ക്കുന്നുണ്ട്. അവർ തങ്ങളുടെ തട്ടകത്തിൽ നിന്ന് അൽപ്പനേരം മാറിനിൽക്കേണ്ടി വന്നതിനാൽ അവിടമെല്ലാം ആകെ പ്രശ്‌നത്തിലാകുമോ എന്ന ആശങ്ക ഇതിൽ ഒന്നു രണ്ടു പേരിൽ പ്രകടം. അതൊഴിവാക്കുന്നതിനും തങ്ങളുടെ സാന്നിദ്ധ്യം അവിടെയുണ്ടെന്ന് വരുത്തിത്തീർക്കാനും അവർ മൊബൈലിലൂടെ നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ട്. ചില കാര്യങ്ങൾ മറുതലയ്ക്കലുള്ളവർ വേണ്ടവിധം മനസ്സിലാക്കാൻ വൈകുന്നതിൽ അവർ കുണ്ഠിതപ്പെടുകയും ചിലപ്പോൾ അൽപ്പം ആക്രോശഭാവത്തില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഫോൺ വച്ചു കഴിഞ്ഞ് ഇപ്പോഴത്തെ ആൾക്കാർക്ക് വിശേഷിച്ചും ഫ്രഷേഴ്‌സിന് കാര്യം പറഞ്ഞാൽ മനസ്സിലാകുന്നതിനുളള ബുദ്ധിമുട്ട് അവർ പങ്കു വച്ചപ്പോൾ അതു പൊതുവേ ന്യൂജന്നിന്റെ പ്രശ്‌നമാണെന്നുള്ള പ്രമേയം നാലു പേരിൽ ഭൂരിപക്ഷവും പാസ്സാക്കി. എന്നാൽ ഇവർ അതിനും വേണ്ടി ഓൾഡ് ജൻ ആയിട്ടുമില്ല. ന്യൂജന്നിനേക്കാൾ അധികം ദൂരെയൊന്നുമല്ല ഇവരുടെയും ജൻ. നാലുപേരിൽ രണ്ടു പേർ ഉള്ളതിലും കൂടുതൽ പ്രായം തോന്നിപ്പിക്കും വിധമാണ് സംസാരിക്കുന്നത്. അവരുടെ വേഷവും ഏതാണ്ട് അപ്പടി തന്നെ. ഈ രണ്ടു പേർ ലോക കാര്യത്തിൽ വലിയ ആശങ്കയുള്ളവരാണ്. അവരിൽ ഒരാൾ മാദ്ധ്യമ പ്രവർത്തകയും മറ്റേയാൾ പൊരിഞ്ഞ ആക്ടിവിസ്റ്റുമാണെന്ന ഊഹത്തെ അസ്ഥാനത്താക്കിയില്ല. ആക്ടിവിസ്റ്റിനെ ഏതോ ചാനലിൽ ഏതോ നേരത്ത് കണ്ടതിന്റെ ലക്ഷണങ്ങളുണ്ട്. താൻ നാലുപേരാൽ അറിയപ്പെടുന്ന ആക്ടിവിസ്റ്റാണെന്ന ശരീരഭാഷ അഥവാ ബോഡി ലാംഗ്വേജ് പ്രകടം. ചുംബന സമരമുൾപ്പടെയുള്ള ആക്ടിവിസ്റ്റ് സമരങ്ങളെ മനസ്സിന്റെ സ്‌ക്രീനിൽ വിളിച്ചു വരുത്തി നോക്കി. പെട്ടന്ന് തെളിഞ്ഞു വന്നില്ല.

 

ഇവർ സംസാരിക്കുന്ന വിഷയങ്ങളിൽ കംമ്പാർട്ടുമെന്റിലെ ശരാശരി മനുഷ്യരൊക്കെ ശ്രദ്ധിക്കുന്നുണ്ട്. അതോ, അവരുടെ സംഭാഷണം നിമിത്തം മറ്റുള്ളവർക്ക് സംസാരിക്കാൻ കഴിയാതെ വന്നതോ എന്നതിൽ നിശ്ചയമില്ല. പക്ഷേ അവർ അതിലൊന്നും ശ്രദ്ധാലുക്കളല്ല. ഇടയ്ക്കിടെ ഒരു ശരാശരി യാത്രക്കാരിയുടെ മടിയിൽ ഉണ്ടായിരുന്ന കൈക്കുഞ്ഞ് കരയുന്നത് ഈ നാൽവർ സംഘത്തിന് അസുഖകരമായി അനുഭവപ്പെടുന്നുണ്ടായിരുന്നു. അവരുടെ ഗഹനമായ വിഷയത്തെക്കുറിച്ച് കാടും മലയും ഒക്കെ കയറിക്കൊണ്ടിരിക്കുമ്പോൾ വാവയുടെ കരച്ചിൽ! പക്ഷേ കുഞ്ഞിന്റെ കരച്ചിൽ പോലും കാര്യമാക്കാതെ ആ അമ്മ ഈ അസാധാരണ യുവതികളുടെ സംഭാഷണത്തെ ശ്രദ്ധിക്കുകയും കുഞ്ഞിനെ തട്ടിയുറക്കി അവരുടെ സംഭാഷണത്തിനുണ്ടാകുന്ന അസൗകര്യം മാറ്റിക്കൊടുക്കാൻ പാടുപെടുകയും ചെയ്തു.

 

ഒടുവിൽ സംഭാഷണം ഹിപ്പോക്രസ്സിയെക്കുറിച്ചായി. അതായത് കപടനാട്യങ്ങൾ. പ്രാകൃതമായ ആക്രമണത്തേക്കാൾ സൂക്ഷിക്കേണ്ടത് പുരോഗമനമെന്ന് തോന്നുന്ന കപടനാട്യങ്ങളെയാണെന്ന് അവർ ഏകകണ്‌ഠമായി പ്രമേയം പാസ്സാക്കി. ആക്ടിവിസ്റ്റും മാദ്ധ്യമപ്രവർത്തകയെന്നു തോന്നിക്കുന്ന യുവതിയുമാണ് രോഷാകുലമായി സംസാരിച്ചത്. അവർ ഇടയ്ക്കിടെ 'എനിക്കത് തീരെ സഹിക്കാൻ പറ്റില്ല' എന്ന് പറഞ്ഞുകൊണ്ടിരുന്നു. പുരോഗമനമെന്ന് തോന്നിക്കുന്ന നാട്യങ്ങളെ സഹിക്കാൻ പറ്റാത്തതിനെ വിവരിക്കാനായി അവർ രണ്ടു പേരും ഇടയ്ക്കിടെ സാറാ ജോസഫിനെയും മാധവിക്കുട്ടിയെയുമൊക്കെ ഉദ്ധരിക്കുന്നുണ്ടായിരുന്നു. ആക്ടിവിസ്റ്റ് പെട്ടെന്ന് തന്റെ മടിമേൽ ഉണ്ടായിരുന്ന വളരെ വിചിത്ര രൂപമുള്ള ബാഗിനടിയിൽ നിന്ന് 2016ലെ മാതൃഭൂമി ഓണപ്പതിപ്പ് എടുത്ത് പേജുകൾ മറിച്ചു. എന്നിട്ടവർ മറ്റുള്ളവർക്കായി വായിച്ചു. 'പുകഞ്ഞ ബ്രാണ്ടിയുടെ മണമുള്ള തുർക്കിക്കോഴിയിറച്ചിയും അവോക്കാ പഴത്തിൽ നിറച്ച പാൽക്കട്ടിയും ഒലീവും ഉണ്ടായിരുന്നു. വിശപ്പുണ്ടാക്കാൻ കാംപാരിയും ദഹനത്തിന് കൊഞ്ഞ്യാക്കും ഉണ്ടായിരുന്നു. എന്തൊക്കെയുണ്ടായാലും നിന്റെ കൈകൊണ്ടു വിളമ്പുന്ന ഇത്തിരിച്ചോറും പരിപ്പുകറിയും എനിക്ക് വേണം. ഉറക്കം വരാനായി........'

 

ഓണപ്പതിപ്പിൽ വന്നിട്ടുളള എം.മുകുന്ദന്റെ ഫ്രഞ്ച് എംബസി അനുഭവങ്ങളെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പിലെ അവസാനത്തെ രണ്ടു പാരഗ്രാഫിന് തൊട്ടുമുൻപുള്ള വാചകമാണ് ആക്ടിവിസ്റ്റ് വായിച്ചത്. അതു കേട്ടപ്പോൾ മാദ്ധ്യമപ്രവർത്തകയുടെ കണ്ണുകൾ വിടർന്നു. ഒരു നല്ല സ്ത്രീപക്ഷ ചർച്ചയ്ക്ക് വീണുകിട്ടിയ വിഷയം പോലെ. അതോ അവർ അതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നോ എന്നറിയില്ല.

 

മാദ്ധ്യമ പ്രവർത്തക: എല്ലാ പുരുഷൻമാരും അടിസ്ഥാനപരമായിട്ട് മെയിൽ ഷോവനിസ്റ്റിക്കാണ്. ആ ഫ്യൂഡൽ മാനസികാവസ്ഥയിൽ നിന്ന് അവർക്ക് ഒരിക്കലും മോചനമില്ല. അതേസമയം തങ്ങൾ അങ്ങനെയല്ല എന്ന സ്ഥാപിക്കാനായി അവർ തങ്ങളുടെ കലാസൃഷ്ടികളെ ഉപയോഗിക്കുകയും ചെയ്യും. ശരിയാണ്, അത്തരത്തിലുള്ള ഒന്നാം തരം നാട്യക്കാരൻ തന്നെയാണ് മുകുന്ദൻ. മുകുന്ദന്റെ സൃഷ്ടികളിലെല്ലാം ഗുപ്തമായി കിടക്കുന്നത് അതാണ്.

ആക്ടിവിസ്റ്റ്: ഇവരാണ് നമ്മൾ വളരെ പാടുപെട്ട് ഉയർത്തിക്കൊണ്ടുവരുന്ന അവബോധത്തെ വിദഗ്ധമായി റാഞ്ചിക്കൊണ്ടു പോകുന്നവർ. മുകുന്ദന്റെ അടുത്തിടെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ഒരു കഥയുണ്ടല്ലോ ഒരു യുവതിയെ ആട്ടോറിക്ഷ ഡ്രൈവറാക്കി ചിത്രീകരിച്ചുകൊണ്ടുള്ളത്. ആദ്യരാത്രിയിൽ കോണ്ടം കരുതിയിരുന്ന യുവതി. അതു വായിച്ചാൽ ഉഗ്രൻ സ്ത്രീപക്ഷ കഥയാണ്. സ്ത്രീ അവളുടെ പരിമിതികളെ അത്യുഗ്രമായി അതിജീവിച്ച് അവളുടെ ശരീരത്തിന്റെ മേലുള്ള അധികാരം ആർക്കും അടിയറ വയ്ക്കാതെ ഏറ്റെടുത്ത് വിജയം കണ്ട് മോചിതയാകുന്നതിന്റെയാണ്.

മാ.പ്ര: ഒറ്റക്കഥകൊണ്ട് മുകുന്ദൻ സ്ത്രീപക്ഷ എഴുത്തുകാരനും പുരോഗമനക്കാരനുമായി. മുകുന്ദന് നന്നായി സ്വയം മാർക്കറ്റ് ചെയ്യാനറിയാം. അദ്ദേഹം എഴുതിത്തുടങ്ങിയ കാലത്ത് വിപണന സാധ്യതയുള്ളതാണെഴുതിയത്. അതുപോലെ ഓരോ കാലത്തും എന്താണ് കമ്പോളമൂല്യമുള്ളതെന്ന് നന്നായി അറിയുകയും നല്ല ക്രാഫ്റ്റ് കൈവശമുള്ളതുകൊണ്ട് അതനുസരിച്ച് എഴുതുകയും വായിക്കപ്പെടുകയും ചെയ്യുന്നു.

ആക്ടി: എന്തായിരുന്നു ആ കഥയെക്കുറിച്ചുള്ള പ്രതികരണങ്ങൾ? അതിൽ ഏറ്റവും കൂടുതൽ ഉണ്ടായത് സ്ത്രീപക്ഷ ചിന്താഗതിയെ പ്രോത്സാഹിപ്പിക്കുന്നവരുടെ ഭാഗത്തു നിന്നായിരുന്നു. എന്നാൽ മുകന്ദന്റെ യഥാർഥ മുഖമല്ലേ ഈ ഓണപ്പതിപ്പിലെ വരികളിലൂടെ പ്രകടമാകുന്നത്. എന്തൊരു ദുഷിച്ച മന:സ്ഥിതിയാണത്.

മൂന്നാമത്തെ യുവതി: ഏയ്,  അങ്ങനെ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. മുകുന്ദന്റെ എഴുത്തുകളിൽ എന്നും പുരോഗമനാശങ്ങൾ തന്നെയാണുള്ളത്. അപ്പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല.

ആക്ടി: എന്തുകൊണ്ട്? നിന്നെപ്പോലുള്ളവരാണ് യഥാർഥത്തിൽ സ്ത്രീകളുടെ മുന്നേറ്റത്തിനു തടസ്സമാകുന്നത്. മുകുന്ദന്റെ ആ വരികളിലെ സ്ത്രീവിരുദ്ധവും ഫ്യൂഡലിസ്റ്റിക്കുമായ ഭാഗം നിനക്കു കാണാൻ കഴിയാത്തതുകൊണ്ടാണ്.

മൂ.യു: ആ വാചകങ്ങളിലെന്താ കുഴപ്പം? എനിക്കതിൽ പുരുഷന്റെ ഭാര്യയോടുള്ള പ്രണയം മാത്രമേ കാണാൻ കഴിയുന്നുള്ളു. നമ്മൾ ഇത്തരത്തിൽ വിഷയങ്ങളെ സമീപിക്കുന്നതുകൊണ്ടാണ് പൊതുജനത്തിൽ നിന്ന് പലപ്പോഴും സ്വീകാര്യത ലഭിക്കാതെ പോകുന്നത്.

(ആക്ടിവിസ്റ്റും മാദ്ധ്യമപ്രവർത്തകയും ആവേശത്തിന്റെ പാരമ്യത്തിലെത്തി. തങ്ങളുടെ സുഹൃത്തല്ലായിരുന്നു മൂന്നാമത്തെ യുവതിയെങ്കിൽ ഉറപ്പായിട്ടും അവരുടെ കയ്യിൽ നിന്ന് മൂന്നാമത്തിക്ക് അടി കിട്ടുന്ന കാര്യം ഉറപ്പായിരുന്നു. രണ്ടു പേരും ഒന്നിച്ചു സംസാരിക്കാൻ തുടങ്ങിയപ്പോൾ ആക്ടിവിസ്റ്റിനുവേണ്ടി മാദ്ധ്യമപ്രവർത്തക ബലം പിടിച്ച് നിശബ്ദത പാലിച്ചു)

ആക്ടി: പൊതുജനത്തിന്റെ ധാരണ മാറ്റുമ്പോൾ മാത്രമേ സ്ത്രീപക്ഷമായ ഒരു കാഴ്ചപ്പാടിന് പ്രസക്തിയുള്ളു. അതുകൊണ്ട് പൊതുജനങ്ങളുടെ പിന്തണ നേടുകയല്ല നമ്മുടെ ലക്ഷ്യം.

മാ.പ്ര: മാദ്ധ്യമങ്ങളിലും ഞങ്ങൾ എത്രമാത്രം യുദ്ധം ചെയ്താണെന്നോ ചില സ്ലോട്ടുകൾ നേടിയെടുക്കുന്നത്. കൂട്ടത്തിൽ പറയണമല്ലോ, ചില ചങ്ങാതിമാരുണ്ട് തലപ്പത്തും അല്ലാതെയും. അവന്മാരെ നമ്മളൊന്ന് അംഗീകരിക്കുന്നുവെന്നു കണ്ടാൽ അവന്മാർ പെട്ടെന്ന് സ്ത്രീപക്ഷക്കാരായിക്കൊള്ളും. അതും ഈ നാട്യക്കാരു തന്നെ. പിന്നെ അവൻമാരെ പതുക്കെ മാറ്റിയെടുക്കാൻ കഴിയുന്നുണ്ട് എന്നുള്ളത് വേറൊരു കാര്യം. അതുകൊണ്ടല്ലേ, മാദ്ധ്യമങ്ങളിൽ സ്ത്രീപക്ഷ കാഴ്ചപ്പാടിന് ഇപ്പോൾ കൈവന്നിട്ടുള്ള ഒരു പ്രാധാന്യം. പക്ഷേ അവർക്കൊന്നും അടിസ്ഥാന കാഴ്ചപ്പാടില്ല. അതിന്റെ പ്രശ്‌നമാണ് മുകുന്ദന്റെ ഇത്തരത്തിലുള്ള സാധനങ്ങളൊക്കെ വരുന്നത്. ഞാനാണ് അത് എഡിറ്റ് ചെയ്തിരുന്നതെങ്കിൽ തീർച്ചയായും അതൊഴിവാക്കുമായിരുന്നു.

മൂ.യു: അതു ശരിയാണോ. എഴുതുന്നത് ഒരാളുടെ സ്വാതന്ത്ര്യമല്ലേ? മറ്റൊരാളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നത് എന്തിന്റെ പേരിലായാലും സ്വേച്ഛാധിപത്യത്തിലേക്ക് വഴി തെളിക്കുകയേ ഉള്ളു.

ആക്ടി: അവിടെയാ ഇയ്യാക്ക് തെറ്റ് പറ്റിയെ. സ്ത്രീകളെ പുരുഷന്റെ സന്തോഷത്തിനുള്ള ഉപാധിയായി ചിത്രീകരിക്കുന്ന ഒന്നും തന്നെ വരാതിരിക്കാനുള്ള ജാഗ്രത സ്ത്രീപക്ഷ ചിന്തയിലും പ്രവൃത്തിയിലും ഉണ്ടാകണം. മുകുന്ദന്റെ ആ വരികളിലേക്കു നോക്കൂ. അതിൽ പ്രകടമാകുന്നത് അയാളുടെ സന്തോഷത്തിനു വേണ്ടിയുള്ള വെറും ഉപകരണം മാത്രമാണ് ഭാര്യയെന്നുള്ളതല്ലേ. അയാൾക്ക് ഉറങ്ങാൻ വേണ്ടി ഉറക്കമൊഴിച്ചിരിക്കുകയും അയാൾക്ക് ഇഷ്ടപ്പെട്ട ചോറും പരിപ്പുകറിയും ഉണ്ടാക്കി വയ്ക്കുകയും ചെയ്യാൻ വിധിക്കപ്പെട്ടവൾ. അവൾക്ക് ജീവിതമില്ല. അവൾക്കും പുകഞ്ഞ  ബ്രാണ്ടിയും തുർക്കിക്കോഴിയും അവാക്കോപ്പഴവുമൊന്നും ദഹിക്കില്ലേ? അതെല്ലാം ആസ്വദിച്ചു വന്നിട്ടു അതിന്റെ പുറത്ത് ഭാര്യയെ സുഖിപ്പിക്കാൻ വേണ്ടി ചോറ് കഴിക്കുന്നു. തനിക്ക് ഉറങ്ങാൻ വേണ്ടിയാണത്രെ. എന്തൊരു ക്രൂരതയാണെന്നു നോക്കൂ. ആ സ്ത്രീയുടെ സന്തോഷം പോലും തനിക്കു വേണ്ടി ജീവിതം എരിച്ചു തീർക്കുന്നതാണെന്ന് ആ സ്ത്രീയെപ്പോലും ധരിപ്പിക്കുന്നു. അവരുടെ ജീവിതമെന്നാൽ അതാണെന്ന് അവരെക്കൊണ്ട് തന്നെ സന്തോഷപൂർവ്വം അംഗീകരിപ്പിക്കുന്ന തന്ത്രം. തന്റെ ഉറങ്ങാനുള്ള ഉപാധിയായി ഭാര്യയെ കാണുന്ന കാഴ്ചപ്പാട് സ്ത്രീവിരുദ്ധം തന്നെ.

മൂ.യു: എനിക്കതിനോട് യോജിപ്പില്ല. എനിക്ക് അങ്ങേയറ്റം പ്രണയാർദ്രമായ നിമിഷമാണ് അതിൽ നിന്നും വായിച്ചെടുക്കാൻ തോന്നിയതും ഞാനറിഞ്ഞതും. അതിൽ മുകന്ദൻ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം കൂടി കൂട്ടിവായിക്കേണ്ടതാണ്. ഫ്രഞ്ചുകാരുടെ സ്വഭാവമായ സ്ത്രീസൗഹൃദം തനിക്കില്ലെന്ന്. മാത്രവുമല്ല, പാചകം കലയുമാണ്. എനിക്കും പാചകം വളരെ ഇഷ്ടമാണ്. ഞാൻ ഏറ്റവും കൂടുതൽ സുഖമനുഭവിക്കുന്ന നിമിഷങ്ങളിലൊന്നാണ് പാചകം ചെയ്യുന്നതും അതു രുചിയോടെ മറ്റുള്ളവർ കഴിക്കുന്നതു കാണുന്നതും.

മാ.പ്ര: ഇതാണ് പറയുന്നത് ഇത് ചരിത്രപരമായുള്ള വിഷയമാണെന്ന്. സ്ത്രീപക്ഷ ചിന്താഗതി പുലർത്തുന്നവർക്കു പോലും തങ്ങൾക്ക് ദോഷവും വിരുദ്ധവുമായ സമീപനങ്ങൾ കാണുമ്പോൾ തിരിച്ചറിയാൻ കഴിയാതെ വരുന്നു. ഇത് ചരിത്രപരവും ജനട്ടിക്കലുമാണ്.

മൂ.യു: എനിക്കതിനോട് യോജിപ്പില്ല. ചരിത്രപരമായ കാരണങ്ങളൊന്നും ഞാനിതിൽ കാണുന്നില്ല. സ്ത്രീ-പുരുഷ സ്‌നേഹവായ്പുകളുടെ രസതന്ത്രത്തെ കണ്ടില്ലെന്നു നടിക്കുന്നത് അങ്ങേയറ്റം അപകടമാ. മുകുന്ദന്റെ നോവലുകളിലായാലും ചെറുകഥകളിലായാലും പുരുഷന്റെ ഗതികേടുകളും അവന്റെ ധർമ്മസങ്കടങ്ങളുമാണ് കൂടുതൽ പ്രകടമാകുന്നത്. അതുപോലെ സ്ത്രീ കഥാപാത്രങ്ങളിലാണ് മുകുന്ദൻ ശക്തിയെ നിക്ഷേപിച്ചിരിക്കുന്നതും.

 

(മൂന്നാമത്തെ യുവതി സാഹിത്യ വിമർശക കൂടിയായ മലയാളം അധ്യാപികയാണോ അതോ സാഹിത്യ അധ്യാപികയാണോ എന്നും സംശയം ജനിക്കുമാറായിരുന്നു അവരുടെ സംഭാഷണം. കമ്പാർട്ട്മെന്റിലെ ഭൂരിപക്ഷത്തിനും അവരുടെ സംഭാഷണത്തിൽ കൗതുകം ജനിച്ചത് ആക്ടിവിസ്റ്റും മാദ്ധ്യമപ്രവർത്തകയും മനസ്സിലാക്കിയതിന്റെ പശ്ചാത്തലത്തിലാവണം അവരുടെ വാദങ്ങൾക്ക് മൂർച്ച കൂടി)

ആക്ടി: മനുഷ്യൻ പ്രാഥമികമായി അവനവനോടാണ് നീതി പുലർത്തേണ്ടത്. മുകുന്ദൻ എഴുതിയിരിക്കുന്നത് വായിച്ചാൽ തന്നെ വായിക്കുന്നവർക്ക് വയറ് നിറയും. അത്രയും ഭക്ഷണ പദാർഥങ്ങൾ കഴിച്ചിട്ട് വീണ്ടും വീട്ടിൽ നിന്ന് വന്ന് കഴിക്കുന്നത് വിശക്കുന്നതുകൊണ്ടല്ല. അവരുടെ കൈകൾ കൊണ്ടെന്നു പറയുന്നതിൽ നിന്നു വ്യക്തമാണ് അവരെ സുഖിപ്പിക്കാൻ വേണ്ടിയാണെന്ന്. ഇത് മുകുന്ദൻ തന്റെ ഭാര്യയോടു കാണിക്കുന്ന ഔദാര്യമാണ്. സ്‌നേഹമെന്നത് ഔദാര്യമല്ല. അത് പരസ്പര ബഹുമാനവും സ്വാതന്ത്ര്യവുമാണ്. ഇതു രണ്ടും ഇവിടെ കാണുന്നില്ല.

മൂ.യു: അത് നമ്മളല്ല നിശ്ചയിക്കുന്നത്. ഓരോ വ്യക്തിക്കും ഓരോ ജീവിതമല്ലേ. അത് മുകുന്ദന്റെ ഭാര്യ മാത്രം നിശ്ചയിക്കേണ്ട കാര്യമാ. വ്യക്തികളുടെ വൈശിഷ്ട്യങ്ങളെ അംഗീകരിക്കണം. അതിലൂടെയാകണം സ്ത്രീപക്ഷ ചിന്തകൾ നീങ്ങേണ്ടത്.

മാ.പ്ര: അങ്ങിനെയെങ്കിൽ സ്ത്രീ പക്ഷമെന്നമല്ല, ഒരു ചിന്താഗതിക്കും പ്രസക്തിയില്ലല്ലോ. എല്ലാ വ്യക്തികളും വ്യത്യസ്തരായതുകൊണ്ട് അതുപോലെ ആയിക്കൊളളട്ടെ എന്നു വിചാരിച്ചാൽ മതിയല്ലോ. അതല്ലല്ലോ വേണ്ടത്. തന്റെ തന്നെ അവസ്ഥയെ കുറിച്ച് അജ്ഞതയുണ്ടാവുന്നതുകൊണ്ടാണ് അടിമ സൃഷ്ടിക്കപ്പെടുന്നത്. അത്തരമവസ്ഥയിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ ലോകത്തെക്കുറിച്ചുള്ള ബോധവത്കരണത്തിലൂടെ ഉയർത്തിക്കൊണ്ട് വരേണ്ടത് സാമൂഹികമായി ഇടപെടുന്നവരുടെ ഉത്തരവാദിത്വമാണ്. അത് വളരെ ഉത്തരവാദിത്വപ്പെട്ടതും ശ്രമകരവുമാണ്. എന്റഭിപ്രായത്തിൽ വയറും നിറഞ്ഞ് മത്തിൽ അർധരാത്രിയിൽ വീട്ടിൽ വന്നു കയറിയ മുകുന്ദൻ ഭാര്യയെ സ്‌നേഹിക്കുന്നുവെന്ന് വരുത്തിത്തീർക്കുവായിരുന്നു. അതു ഒരുതരം കുറ്റബോധത്തിൽ നിന്നുണ്ടാകുന്നതാണ്. അതിനെ സ്‌നേഹമെന്ന് കാണാൻ കഴിയില്ല. അതാണ് നാട്യമെന്നു പറയുന്നത്.

മൂ.യു    : ഇതാണ് അപകടം. ഇത്തരം ചിന്താഗതികൾ പ്രചരിപ്പിക്കുന്നത് അരാജകത്വത്തിലേക്ക് നയിക്കും. കേരളത്തിൽ കൂടിവരുന്ന വിവാഹമോചനക്കേസ്സുകൾ പരാമർശിക്കപ്പെടുമ്പോൾ സ്ത്രീപക്ഷ പ്രവർത്തകർ പലപ്പോഴും പ്രതിസ്ഥാനത്തു വരുന്നതിന്റെ കാര്യമിതാണ്.

ആക്ടി: ഹ് ഹ് ഹ്. അതുകൊള്ളാം. വിവാഹമോചനം കൂടുന്നതുകൊണ്ട് എന്താണ് പ്രശ്‌നം? പ്രശ്‌നമുള്ളവർ പരസ്പരം പിരിയുന്നു. അത് മോചനത്തിന്റെ മാർഗ്ഗം തന്നെയാണ്. അല്ലാതെ ചേരാൻ താൽപ്പര്യമില്ലാത്തവർ കലഹിച്ചും സഹിച്ചും ദാമ്പത്യമെന്ന കുരുക്കിൽ കഴിയണോ?

മൂ.യു: വിവാഹമോചനം, അതിലുൾപ്പെടുന്ന വ്യക്തികളെ സംബന്ധിച്ച് സാമൂഹ്യ പ്രശ്‌നമല്ലായിരിക്കാം. പക്ഷേ അതൊരു സാമൂഹ്യ പ്രശ്‌നമാണ്.

ആക്ടി: ഒരിക്കലുമല്ല. പരസ്പര യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന കുടുംബങ്ങൾ സൃഷ്ടിക്കുന്നതിന്റെ നൂറിലൊന്നു സാമൂഹ്യ പ്രശ്‌നങ്ങൾ വിവാഹമോചനങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്നില്ല. യാഥാർഥ്യങ്ങളെ കാണാതെ സംസാരിക്കരുത്. വിവാഹമെന്നത് പൈങ്കിളി സ്വപ്‌നങ്ങളുമായി ചേർത്തുവെച്ചു കാണുന്നതിന്റെ പ്രശ്‌നമാ. പ്രണയത്തേയും വിവാഹത്തേയുമൊക്കെ പൈങ്കിളി സമീപനങ്ങളിൽ നിന്ന് അടർത്തിമാറ്റി ജീവിത യാഥാർഥ്യത്തിന്റെ വെളിച്ചത്തിൽ കാണുകയാണ് വേണ്ടത്. ഒരുതരം അബോധാവസ്ഥയ്ക്കു തുല്യമായ മാനസികാവസ്ഥയിൽ സ്ത്രീ നിലകൊള്ളുന്നതുകൊണ്ട് നാട്യങ്ങളാൽ ബഹുഭൂരിപക്ഷം സ്ത്രീകളും വഞ്ചിക്കപ്പെടുന്നുവെന്നുള്ളതാണ് യാഥാർഥ്യം. മുകുന്ദന്റെ ഭാര്യ അത്തരത്തിൽ വഞ്ചിക്കപ്പെട്ടുവെന്നു പറയുന്നില്ല. എന്നാൽ മുകുന്ദന്റെ ഇവ്വിധമുള്ള മനോഭാവം സ്ത്രീകളേയും പുരുഷന്മാരേയും ഒരേപോലെ നാട്യം പഠിപ്പിക്കാനും നാട്യം പ്രതീക്ഷിക്കാനും മാത്രമേ സഹായിക്കുകയുള്ളു.

മൂ.യു: ഒരിക്കലും അതിനോട് യോജിക്കാൻ പറ്റില്ല. ഇന്ന് കേരളവും ഇന്ത്യയുമൊക്കെ നേരിടുന്ന മുഖ്യ പ്രശ്‌നം ആരോഗ്യവും ഭക്ഷണരീതികളും ജങ്ക് ഭക്ഷണങ്ങളോടുള്ള പ്രിയവുമൊക്കെയാണ്. ഇത് വിദേശക്കമ്പനികളേയും മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികളെയും മാത്രമേ സഹായിക്കുകയുള്ളു. അതിനെ നേരിടണമെങ്കിൽ ആണായാലും പെണ്ണായാലും നാടിന്റെ രുചി കാത്തു സൂക്ഷിക്കകയാണ് ഏറ്റവും വലിയ പ്രതിരോധം. അത് നമ്മുടെ പാചക കലയിലൂടെ മാത്രമേ പറ്റുകയുള്ളു.

 

ചർച്ച ഇത്രയുമായപ്പോഴത്തേക്കും ചുവന്ന സിഗ്നൽ കണ്ട് തീവണ്ടിയുടെ വേഗത കുറഞ്ഞു. എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് വണ്ടി എത്തിത്തുടങ്ങി. യാത്രക്കാരെല്ലാം ഒരുഗ്രൻ ചാനൽ ചർച്ച കണ്ടതിന്റെ അനുഭൂതിയിൽ ഇറങ്ങാൻ തുടങ്ങി. യാത്ര തുടരുന്നവർ വണ്ടിയിറങ്ങുന്ന പാനലംഗങ്ങളെ നഷ്ടബോധത്തിൽ നോക്കി. അവർ എല്ലാവർക്കുമായി ഒരു പൊതുചിരി മുഖത്തു വരുത്തി എന്നാൽ ആരെയും നോക്കാതെ പരസ്പരം സംസാരിച്ചുകൊണ്ട് തീവണ്ടിയിറങ്ങി.


അഭിപ്രായങ്ങള്‍ എഴുതാം: mail@lifeglint.com

Tags: