മുറിയുന്ന പെൺസ്വപ്‌നങ്ങൾ

ദ്വിതീയ
Fri, 30-09-2016 11:45:30 AM ;

 

അര്‍ദ്ധരാത്രിയില്‍ എട്ടുദിക്കുപൊട്ടുമാറും അലറിക്കരഞ്ഞു ഞാന്‍ ഉറക്കമുണര്‍ന്നപ്പോള്‍ അടുത്തു ശാന്തനായി കിടന്നുറങ്ങുകയാണ് കുഞ്ഞ് . എന്റെ ശബ്ദം കേട്ടുണര്‍ന്ന ഭര്‍ത്താവ് എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എനിക്ക് കരച്ചില്‍ നിര്‍ത്താന്‍ കഴിയുന്നില്ല!! ശ്വാസത്തിന്റെ വേഗത ഇനിയും കുറഞ്ഞിട്ടില്ല. ആശ്വസിപ്പിച്ചു തളര്‍ന്നിട്ടാകണം, "നിന്റെയൊരു സ്വപ്നം കാണല്‍!” എന്നും പറഞ്ഞു അദ്ദേഹം തിരിഞ്ഞു കിടന്നു. എങ്ങലടക്കാന്‍ കഷ്ടപ്പെ ട്ടുകൊണ്ട് ഞാന്‍ അപ്പോഴും മലര്‍ന്നു കിടന്നു.

 

ഒരുവിധം സമനില വീണ്ടെടുത്തപ്പോള്‍ മന:ശാസ്ത്രം പഠിച്ചതിന്റെ പാര്‍ശ്വഫലം തലപൊക്കാന്‍ തുടങ്ങി. എന്തായിരിക്കും ഞാന്‍ കണ്ട സ്വപ്നത്തിന്റെ അര്‍ത്ഥം? എന്റെ ഉപബോധമനസ്സ് എന്തെങ്കിലും സന്ദേശം തരുന്നതാണോ? ഉറക്കം പോവാന്‍ ഇതിലും വലിയ ചിന്ത വേറെ വേണോ!! ഒടുവില്‍ ഞാന്‍ ചെയ്തു തീര്‍ക്കാന്‍ ബാക്കിയുള്ള എഴുത്തുകുത്തുകളും അതിനു പിന്നിലെ എന്റെ ചില ആത്മസംഘര്‍ഷങ്ങളുടെയും ചുമലില്‍ ആ ദു:സ്വപ്നത്തെ കെട്ട് കെട്ടി പറഞ്ഞയച്ചു.

 
ദൂരെയൊരിടത്ത് ദളിത് പെൺകുട്ടികൾക്കായുള്ള സ്‌കൂളിൽ ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികള്‍ക്ക് ഒരു ക്ലാസ് എടുക്കാന്‍ വരാമെന്നു സുഹൃത്തിനോട്‌ ഏറ്റത് അന്ന് രാവിലെയാണ്. അടുത്ത ദിവസം അതിരാവിലെ മൂന്ന് മണിക്ക് എഴുന്നേല്‍ക്കണം. കിടന്നത് തന്നെ ഒരു മണിക്ക്. ഞാന്‍ ഉറങ്ങി കിടക്കുന്ന ഭര്‍ത്താവിനെ തോണ്ടിവിളിച്ചു പ്രാരാബ്ധം പറഞ്ഞു വീണ്ടും ഉറങ്ങാന്‍ തുടങ്ങി.

***

രാവിലെ തീവണ്ടി കയറിയിട്ടും ആ സ്വപ്നം എന്നെ പിന്തുടരുന്നുണ്ടായിരുന്നു എന്നതാണ് സത്യം! ഫ്രോയ്ഡിനെ മനസ്സാ നമസ്കരിച്ചു ഞാന്‍ പിന്നെയും “ഡ്രീം അനാലിസിസ്” തുടങ്ങി.

സ്വപ്നം തുടങ്ങുന്നത് ഒരു പതിവ് ദിവസത്തിന്റെ ചിത്രത്തില്‍ നിന്നാണ്.
എന്നെ ജോലിക്ക് കൊണ്ട് പോകാന്‍ സ്ഥിരമായി വരുന്ന കാര്‍ ഡ്രൈവര്‍. പ്രായമായ മനുഷ്യനാണ്. ഓഫീസ് എത്തുന്നവരെയും  ഈ നാട്ടിലെ സര്‍വ്വ രാഷ്ട്രീയക്കാരെയും പ്രാകിയും പെട്രോള്‍ വില കൂടുന്നതിലുള്ള ആശങ്കയും എന്നുമാത്രമല്ല ഒരു ശരാശരി മലയാളിയുടെ എല്ലാ ആകുലതയും പങ്കുവെക്കുന്ന ഒരാൾ. കാറില്‍ കേറിയതും ഞങ്ങള്‍ പതിവുപോലെ ചര്‍ച്ചകള്‍ തുടങ്ങി. അല്‍പനേരം കഴിഞ്ഞപ്പോള്‍ അയാളുടെ സംസാരശൈലിയില്‍ ഒരു വ്യത്യാസം. എനിക്ക് ദഹിക്കാത്ത തരത്തില്‍ ആഭാസമായ പെരുമാറ്റവും.  ഒന്നുകൂടി സൂക്ഷിച്ച്  നോക്കിയപ്പോഴേക്കും അയാളുടെ മുഖം മാറിയിരിക്കുന്നു! അല്ല... അത് അയാളല്ല!! കണ്ണാടിയിലൂടെ നോക്കിയതും അയാളുടെ ചുവന്ന കണ്ണുകള്‍ എനിക്ക് നേരെ തീ തുപ്പി. പെട്ടന്ന് ചുറ്റും ഇരുട്ടായി... ആരായിരുന്നു അത്?! പത്രത്തില്‍ കണ്ട കൈ ഇല്ലാത്ത തമിഴനോ? അതോ... അല്ല, കണ്ടാല്‍ അസ്സംകാരനല്ല! ചിന്തകള്‍ ഒഴുകി തുടങ്ങിയതും, എനിക്കെന്തെങ്കിലും പറയാനോ ചെയ്യാനോ  പറ്റുന്നതിനു മുന്‍പേ അയാള്‍ ചാടി വീണു. അടിവയറ്റില്‍ ആഞ്ഞൊരു ചവിട്ട്! എന്റെ മുഖത്തേക് ചോര ചിന്നിത്തെറിച്ചു...

 

ഓർമ്മ വരുമ്പോള്‍ ഞാന്‍ എന്റെ വീട്ടിലെ കട്ടിലിലാണ്... അടുത്ത് കുഞ്ഞും ഭര്‍ത്താവും...
“ഉളുന്തു ബട വെനോ ചെചി??” മുഷിഞ്ഞ വസ്ത്രമിട്ടു പല്ലിളിച്ചു കൊണ്ട് ഒരു ഉത്തരേന്ത്യക്കാരന്‍ കച്ചവടക്കാരന്‍ എന്റെയടുത്ത്! എന്റെ കണ്ണ് തള്ളിയുള്ള നോട്ടം വടയിലേക്കാണെന്നു ധരിച്ചിരിക്കണം. ലേശം കടുത്ത ഭാഷയില്‍ ഉറക്കെ ഞാന്‍ പറഞ്ഞു “വേണ്ട“. 'അതിനിപ്പോ ഞാനെന്ത് തെറ്റ് ചെയ്തു?' എന്ന മട്ടില്‍ അയാള്‍ തിരിഞ്ഞൊരു നടത്തവും. അധികം താമസിയാതെ എനിക്ക് ഇറങ്ങാനുള്ള സ്ഥലമെത്തി. ചിന്തകള്‍ക്ക് വിട പറഞ്ഞു ഞാനും ഇറങ്ങിയോടി.

***
 
ക്ലാസ് വിചാരിച്ചതിലും നന്നായി തന്നെ നടക്കുന്നു. ഊർജസ്വലരായ ഒരു കൂട്ടം പെണ്‍കുട്ടികള്‍. രണ്ടു മൂന്നു മണിക്കൂര്‍ കളിയും കാര്യവുമായി അങ്ങനെ. സമൂഹത്തിലെ താഴെത്തട്ടില്‍ നിന്നുള്ള കുട്ടികളാണ്. അവര്‍ക്ക് പഠിക്കാനുള്ള പ്രചോദനം കൊടുക്കണം. മറ്റു കുട്ടികളെ പോലെ “സ്മാര്‍ട്ട്‌” ആകണം. ഇതൊക്കെയായിരുന്നു അധികാരികളുടെ ആവശ്യം. എന്നാല്‍ പഠിക്കാനിരിക്കുമ്പോള്‍ നൂറു ചിന്തകള്‍! ഇതാണ് പലരുടെയും പ്രശ്നം. പല കളികൾക്കുമിടയില് അവരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ “ഭയം” എന്താണെന്ന് കുറിക്കാന്‍ ഞാന്‍  ആവശ്യപ്പെട്ടു. പരീക്ഷാപ്പേടിയും ഇരുട്ടിനോടുള്ള ഭയവും ഒക്കെ പ്രതീക്ഷിച്ച എനിക്ക്, മറിച്ചു ആ പതിനഞ്ചു വയസ്സുകാരില്‍ നിന്നു കിട്ടിയത് ഒരുപാട് ആഴത്തിലുള്ള ചില വാക്കുകളായിരുന്നു...

“എനിക്ക് ആണുങ്ങളെ പേടിയാണ് ചേച്ചി..”
“മനുഷ്യരെ ഇഷ്ടമല്ല....”
“ദേഹം വേദനിപ്പിക്കുമോന്നു പേടിയാ ചേച്ചി..”
“എനിക്ക് വീട്ടില്‍ പോകണ്ട...”
“എനിക്ക് ആരെയും വിശ്വാസമില്ല..”
“മരിക്കാന്‍ എനിക്ക് പേടിയാ ചേച്ചി..”

ഇങ്ങനെ പോകുന്നു നിര.....ഒരുപാട് വിഷയങ്ങള്‍ പങ്കുവയ്ക്കാന്‍ കരുതിവച്ച ആ ദിവസത്തിന്റെ അടുത്ത പകുതി ഞാന്‍ വേണ്ടെന്നു വച്ചു. എന്നോട് ഒറ്റക്ക് സംസാരിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് വരാം എന്നും പറഞ്ഞു.

പിന്നീട്ട് കടന്നു പോയ നാല് മണിക്കൂര്‍... എന്റെ സ്വപ്നത്തിനെക്കാളും തീക്ഷ്ണതയേറിയതായിരുന്നു.
അച്ഛന്റെ ഉത്തമ  സുഹൃത്ത്..
ചേട്ടന്റെ കൂട്ടുകാരന്‍...
സ്കൂളിലെ ഡ്രൈവര്‍....
അച്ഛനോളം ബഹുമാനിക്കുന്ന അയല്‍വാസി....
സ്വന്തം അമ്മാവന്‍...
അങ്ങനെ...

ആ കുരുന്നുകളുടെ ബാല്യവും കൗമാരവും മാന്തി മുറിപ്പെടുത്തിയത്തിന്റെ മായാപ്പാടുകള്‍ എത്രയെത്ര!
ആ കുട്ടികളില്‍ പലരും തന്റേതല്ലാത്ത കുറ്റത്തിന്റെ കുറ്റബോധം പേറി നരകിക്കുകയായിരുന്നു. വീട്ടില്‍ പോയാല്‍ കൊല്ലുമോ എന്ന പേടിയില്‍ ചിലര്‍... ആണുങ്ങളുടെ മണം വന്നാല്‍ ഓക്കാനം വരുമെന്ന് ചിലര്‍... “എന്റെ വീടിന്റെയടുത്ത് തന്നെയാ ഇപ്പോള്‍ അയാള്‍ കല്യാണം കഴിച്ചു താമസിക്കുന്നത്... അയാള്‍ടെ മകള്‍ എന്‍റെ ക്ലാസിലായിരുന്നു... ഞാനെങ്ങനെ വീട്ടില്‍ പോകും ചേച്ചി?” അവള്‍ ഏങ്ങലടിച്ചു ചോദിച്ചു... “ചേച്ചിയോട് പറഞ്ഞു എന്നറിഞ്ഞാല്‍ അയാള്‍ എന്നെ കൊല്ലും!” ആ കുഞ്ഞിന്റെ കണ്ണില്‍ ഭയം തിളങ്ങി... “പഠിക്കാനിരിക്കുമ്പോള്‍ എനിക്കയാളുടെ മുഖം ഓര്‍മ വരികയാ ചേച്ചി...പിന്നെ ഞാനെങ്ങനെ.....” എന്ന് തേങ്ങിയ ആ പെണ്‍കുട്ടിക്ക് പതിനാലു വയസ്സ്...

 

ഈ ലോകത്ത് നന്മകളും ഉണ്ടെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ഞാന്‍ നന്നേ പാടുപെട്ടു!
തൊഴില്‍പരമായ നൈതികത പ്രകാരം ഇപ്പോഴും “ഞാന്‍” എന്ന വ്യക്തിയോ എന്റെ സദാചാര മൂല്യങ്ങളോ, മനഃസ്ഥിതിയോ ഒരിക്കലും മുന്നിലിരിക്കുന്ന ആളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിർണായകമാകരുത്. എന്നാല്‍ എനിക്ക് തോന്നിയിട്ടുള്ളത് മറ്റൊന്നാണ്. എത്രത്തോളം ആത്മാംശം കലരുന്നുവോ, ആത്മാര്‍ത്ഥത കൂടും. അത് ചികിത്സ ഫലിക്കാന്‍ ഏറെ  സഹായിച്ചിട്ടുമുണ്ട്. എന്റെ സ്വപ്‌നങ്ങള്‍ പലപ്പോഴും ഉപബോധമനസ്സിന്റെ മുന്നറിയിപ്പുകളായി മാറുന്നതായാണ് ഇത് വരെയുള്ള അനുഭവങ്ങള്‍. തലേ ദിവസം ഉണ്ടായ സ്വപ്നവും മറിച്ചായിരുന്നില്ല...

***

ഞാന്‍ വന്നതിനേക്കാള്‍ വലിയ മാനസികഭാരത്തോട് കൂടിയാണ് തിരിച്ചുതീവണ്ടി കയറിയത്..
വണ്ടിയിലെ കലപിലക്കിടയില്‍ ഞാന്‍ ഒറ്റക്കാണ്എന്ന് കണ്ടതും  എന്നോട് അലിവു തോന്നിയ യാത്രക്കാരന്‍ പറഞ്ഞു. "ഞങ്ങള്‍ ഇറങ്ങിയാല്‍ ഇവിടെ കാലിയാകും . കുട്ടി അപ്പുറത്തേക്ക് മാറിയിരുന്നോളൂ." ഞാന്‍ ചിരിച്ചു ശരി വച്ചു.

 

അല്പം മുഖം തിരിച്ചു അയാള്‍ ഭാര്യയോട്‌ പറയുന്നത് കേട്ടു. "അറിയില്ലേ... അന്ന് ഷോര്‍ണൂര് ആ പെൺകുട്ട്യേ കൊന്നത്? തമിഴന്‍?.ഇങ്ങനെയൊക്കെ രാത്രി ഒറ്റയ്ക്ക് പോയപ്പഴാ... മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? ഇവറ്റയോക്കെ ജീവനോടെ വീട്ടിലെത്തിയാല്‍ ഭാഗ്യം!”

 

എന്റെ ചെവിയിലും മനസ്സിലും അപ്പോഴും ആ കുഞ്ഞുങ്ങളുടെ തേങ്ങല്‍ ആര്‍ത്തിരമ്പിക്കൊണ്ടിരുന്നു.


അഭിപ്രായങ്ങള്‍ എഴുതാം: mail@lifeglint.com


തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയില്‍ സൈക്കോളജിസ്റ്റ് ആണ് ദ്വിതീയ.

Tags: