ധനസംസ്‌കാരത്തിൽ നിന്ന് സംസ്‌കാരധനത്തിലേക്ക്

Glint Staff
Sun, 20-11-2016 03:30:30 PM ;

demoetisation

source

 

ധനം സംസ്‌കാരത്തെ മാറ്റിക്കൊണ്ടിരിക്കും. അത് സ്വാഭാവികം. എന്നാൽ ധനം സംസ്‌കാരത്തെ നിയന്ത്രിക്കാൻ തുടങ്ങുമ്പോൾ സംസ്‌കാരം സംസ്‌കാരത്തിന്റെ വഴിയിൽ നിന്നും മാറുന്നു. നിയമം കൊണ്ടോ അധികാരം കൊണ്ടോ ബലമായി അടിച്ചേൽപ്പിക്കാതെ സ്വാഭാവിക രൂപത്തിൽ പ്രകടമാകുന്നതാണ് സംസ്‌കാരം. അത് മുഖ്യധാരയായി മാറുന്ന സമൂഹത്തിലേ നിയമവും ചട്ടങ്ങളും അധികാരവും ക്രിയാത്മകമാവുകയുള്ളു. സംസ്‌കാരം ആധാരമായി നിന്നുകൊണ്ട് ധനവിനിയോഗത്തിന്റെ ഗതിക്കനുസരിച്ച് സംസ്‌കാരം മാറുമ്പോഴാണ് സമൂഹം ജീർണ്ണതയിൽ നിന്ന് രക്ഷപ്പെട്ടുപോകുന്നത്. എന്നാല്‍, ഒരു മഹാജീർണ്ണതയുടെ നേർക്കു സമൂഹം കൂപ്പുകുത്താൻ തുടങ്ങിയതിന്റെ മധ്യഘട്ടത്തിലാണ് കേന്ദ്രസർക്കാർ 500, 1000 നോട്ടുകൾ അസാധുവാക്കിയത്.

 

ഈ ജീർണ്ണതയുടെ ലക്ഷണം വളരെ ലളിതമാണ്. അദ്ധ്വാനവും (ബൗദ്ധിക പ്രവൃത്തിയും അധ്വാനം തന്നെ) സമ്പത്തും തമ്മിൽ ബന്ധം കുറയുന്നു. പൊതുസമ്പത്ത് മെലിയുമ്പോൾ വ്യക്തിസമ്പത്ത് തടിച്ചു കൊഴുക്കുന്നു. തുടർന്ന് എല്ലാത്തിന്റെ പ്രാഥമിക സ്വഭാവം അപ്രസക്തമാകുന്നു. മനുഷ്യന് മനുഷ്യത്വം പ്രാഥമികമല്ലാതാകുന്നു. വിദ്യാഭ്യാസത്തിൽ വിദ്യാഭ്യാസം അപ്രസക്തമാകുന്നു. ഭൂമി ഭക്ഷണമുണ്ടാക്കുന്നതിനുള്ള പ്രതലമല്ലാതാകുന്നു. അത് പ്രാഥമികമായി ക്രയവിക്രയവസ്തുവായി മാറുന്നു. കുടുംബം താമസിക്കുന്നത് കൂറ്റൻ വീടുകളിലാണെങ്കിലും ബന്ധം നശിക്കുന്നു. മൂന്നു വയസ്സുള്ള കുട്ടിയും 95 വയസ്സുള്ള മുത്തശ്ശിയും ബലാൽസംഗം ചെയ്യപ്പെടുന്നു. ഭക്ഷണം വിശപ്പിനും ആരോഗ്യത്തിനും പകരം ആഘോഷത്തിനുള്ള ഉപാധിയായി മാറുന്നു. ഇത്തരം ജീർണ്ണതകൾ എല്ലാം കേരളത്തിൽ തലപൊക്കി സംഹാരനൃത്തമാടുന്ന വേളയിലാണ് ഈ നോട്ടസാധുവാക്കൽ സംഭവിച്ചത്.

 

മനുഷ്യനും മനുഷ്യനും തമ്മിൽ ഒന്നു പറഞ്ഞ് രണ്ടാമത്തെ വാചകത്തിൽ സംഘർഷത്തിലേക്കും അടിപിടിയിലേക്കും പോവുക പൊതുസ്ഥലങ്ങളിൽ ഏറെക്കാലമായി കേരളത്തിൽ പതിവായിരുന്നു. വ്യക്തി സ്വയം അറിയുകയും ആ അറിവിലൂടെ മറ്റുള്ളവരേയും ലോകത്തേയും അറിയുകയും ആ അറിവിലൂടെ ജീവിക്കുകയും ചെയ്യുന്ന നിലയുടെ ദിശയിലേക്ക് മനുഷ്യൻ ചലിച്ചു തുടങ്ങുന്നതിനെയാണ് സംസ്‌കാരമെന്നു പറയുന്നത്. ആ സംസ്‌കാരത്തിൽ മനുഷ്യൻ സ്വയം ബഹുമാനിക്കും. ആ ബഹുമാനത്തിന്റെ പശ്ചാത്തലത്തിൽ മറ്റുള്ളവരെ ബഹുമാനിക്കും. അതാണ് പരസ്പരബഹുമാനം. അല്ലാതെ ബാഹ്യമായ ഉപചാരാധിഷ്ഠിതമല്ല. സ്വയം ബഹുമാനാധിഷ്ഠിതമാണ്. ആ സംസ്‌കാരത്തിൽ മനുഷ്യന്റെ പ്രകൃതിയും മറ്റ് ജീവജാലങ്ങളുമായും ഒക്കെയുള്ള ഇടപഴകലിൽ പാരസ്പര്യം സംഭവിക്കുന്നു. ആ ഇടപഴകലാണ് തൊഴിലിനെ സൃഷ്ടിക്കുന്നത്. ആ തൊഴിൽ ധനത്തെ സൃഷ്ടിക്കുകയും വർധിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് ധനം സംസ്‌കാരത്തിന്റെ ഉള്ളിൽ ഭദ്രമാകുന്നു. ആ സംസ്‌കാരത്തിൽ ധനത്തിന് മൂല്യം വർധിക്കുന്നു. ഈ സമവാക്യം തിരിഞ്ഞു വീഴുമ്പോൾ തുടക്കത്തിൽ ആർക്കും സ്വീകാര്യവും യുക്തിഭദ്രവുമായി തോന്നും. ക്രമേണ ആ സംസ്‌കാരം സമൂഹത്തിന്റെ മേലുള്ള സംസ്‌കാരത്തിന്റെ പൊതിയലിനെ അഥവാ കവചത്തെ ഉരുക്കിക്കളയുന്നു. കമ്പിയുടെ ചൂടുകൂടി വയറിന്റെ മേലുള്ള ഇൻസുലേഷൻ ഉരുകിപ്പോകുന്നതുപോലെ.

 

നോട്ടസാധുവാക്കൽ ഇന്ത്യയിലേയും കേരളത്തിലെയും ജനങ്ങൾ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമുണ്ടാക്കില്ല. എങ്കിലും ദിശാമാറ്റത്തിന് അതു സഹായിക്കുക തന്നെ ചെയ്യും. ചില സമൂഹങ്ങളിൽ വളരെ ഗുണപരവും ക്രിയാത്മകവുമായ മാറ്റങ്ങൾ ഉണ്ടാക്കാനുള്ള ശേഷി ഇതിനുണ്ട്. ചിലയിടങ്ങളിൽ അതു സംഭവിക്കുകയും ചെയ്യും. അങ്ങനെയാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് കേരളം. കാരണം അതിനുള്ള എല്ലാ ഘടകങ്ങളും മലയാളിയുടെ പക്കലുണ്ട്. എന്നാൽ അത് ഏകോപിതമല്ലാതെ കലങ്ങിയും മറിഞ്ഞും കിടക്കുന്നു. ആ കലക്കിമറിയലിലാണ് മുഖ്യസ്വഭാവത്തിലേക്ക് ശ്രദ്ധ തിരിയാതെ അലക്ഷ്യഗതിയിലേക്ക് മലയാളി കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്.

 

ചെറുതെങ്കിലും സ്വാഗതാർഹമായ ചെറിയ മാറ്റങ്ങൾ പൊതു ഇടങ്ങളിൽ നോട്ടസാധുവാക്കലിന്റെ പശ്ചാത്തലത്തിൽ മലയാളി പ്രകടമാക്കിത്തുടങ്ങിയിരിക്കുന്നു. അത്തരം കുഞ്ഞുമാറ്റങ്ങളെക്കുറിച്ച് ലൈഫ്ഗ്ലിന്റ് ഒരു പരമ്പര തുടങ്ങുന്നു. വായനക്കാരുടെ ശ്രദ്ധയിൽ പെട്ട അത്തരം മാറ്റങ്ങൾ ലൈഫ്ഗ്ലിന്റുമായി പങ്കുവയ്ക്കുകയാണെങ്കിൽ ആ മാറ്റത്തിന്റെ കൂടുതൽ വ്യക്തമായ ചിത്രം നമുക്ക് മനസ്സിലാക്കാനും ശ്രദ്ധിക്കാനും കഴിയും.


അഭിപ്രായങ്ങള്‍ എഴുതാം: mail@lifeglint.com

Tags: