പൊതുവേദികളിൽ അവശ്യം മര്യാദകൾ ആവശ്യമാണ്, മന്ത്രിയായാലും എം.എൽ.എ ആയാലും

Glint Staff
Tue, 07-03-2017 09:45:45 PM ;

thomas issac

 

ചാനൽ ചർച്ചകൾ വർത്തമാനകാല ജീവിതത്തിന്റെ ഭാഗമാണ്. വീട്ടിലെ സ്വീകരണ മുറിയിലാണ് അത് അരങ്ങേറുന്നത്. അതുകൊണ്ടു തന്നെ വീടിന്റെ സംസ്‌കാരവുമായി അതു ബന്ധപ്പെട്ടുകിടക്കുന്നു. മറ്റെല്ലാ പരിപാടികളും അങ്ങനെ തന്നെ. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ചാനൽ ചർച്ചകൾ. കാരണം അതിൽ പങ്കെടുക്കാൻ വരുന്നവരെല്ലാം ഏതെങ്കിലുമൊരു മേഖലയെക്കുറിച്ചോ അല്ലെങ്കിൽ പൊതുവായോ ചിന്തയിൽ വ്യാപരിക്കുന്നവരായിരിക്കും. അവരുടെ ചിന്തയുടെ ദിശ ഏതുമായിക്കൊളളട്ടെ, സമൂഹവുമായി കൂട്ടായി ചിന്തിക്കുന്ന പ്രക്രിയയാണ് അതിലൂടെ നടക്കുന്നത്. അതുകൊണ്ടു തന്നെ പങ്കെടുക്കുന്നവർക്ക് പ്രേക്ഷകർ അൽപ്പം മാന്യത കൽപ്പിക്കുകയും ചെയ്യും. അറിയാതെയാണെങ്കിൽ പോലും. അവരെ കൗമാരക്കാരും യുവാക്കളും വീക്ഷിക്കുന്നുണ്ട്. അവർ ലോകത്തെ അനുഭവങ്ങളിലേക്ക് കണ്ണു തുറക്കുന്ന സമയവുമാണ്.

 

ചർച്ചയിൽ പങ്കെടുക്കുന്നവർ പ്രമുഖരാണെങ്കിൽ അവരുടെ ഉത്തരവാദിത്വം വലുതാണ്. അവരുടെ ഓരോ വാക്കും ഭാവവും ചലനങ്ങളും പ്രത്യേകിച്ചും ഇളം തലമുറക്കാരില്‍ സ്വാധീനം ചെലുത്തും. പ്രമുഖർ പലപ്പോഴും അറിയാതെ മറ്റുള്ളവരിൽ ഒരു ഉരകല്ല് സ്വാധീനം ഉണ്ടാക്കും. അവർ ഉപയോഗിക്കുന്ന വാക്കുകൾ, അവർ പ്രകടമാക്കുന്ന സ്വഭാവം, രീതികൾ ഒക്കെ ഒരു മാനദണ്ഡമെന്നോണം പ്രേക്ഷകരിൽ അറിയാതെ അവരുടെ ഉപബോധമനസ്സിലേക്ക് ഊർന്നു വീണുകൊണ്ടിരിക്കും.

 

pradeep kumar സംസ്ഥാന ബജറ്റ് ദിവസമായ മാർച്ച് മൂന്നിന് വളരെ ദൗർഭാഗ്യകരമായ രണ്ടു സംഭവങ്ങൾ ഉണ്ടായി. ഒന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ ഭാഗത്തു നിന്നും മറ്റേത് കോഴിക്കോട് എം.എൽ.എ പ്രദീപ് കുമാറിൽ നിന്നും. രണ്ടും ബജറ്റ് ചർച്ചാ വേളയിൽ. ഏഷ്യാനെറ്റ് ന്യൂസിന്റെ  വിനു വി ജോൺ നയിച്ച ചർച്ചാ വേളയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ബജറ്റ് നിരീക്ഷണങ്ങളോട് ധനമന്ത്രി ഐസക് പ്രതികരിച്ചു തുടങ്ങി. അതിനിടയിൽ തിരുവഞ്ചൂർ ഒന്നിടപെട്ടു സംസാരിച്ചു. കുപിതനായ ഐസക് പെട്ടന്ന് തന്റെ സംഭാഷണം അവസാനിപ്പിച്ച് മൈക്ക് ഊരുന്ന ദൃശ്യമാണ് പിന്നീട് പ്രേക്ഷകർ കാണുന്നത്. വിനുവിന്റെ വിവരണത്തിൽ നിന്ന് അദ്ദേഹം ഇറങ്ങിപ്പോയി എന്നും മനസ്സിലായി. മീഡിയാ വണും ഹിന്ദു ദിനപ്പത്രവും ചേർന്നു സംഘടിപ്പിച്ച ചർച്ചയിൽ സമാനമായ അവസ്ഥയിൽ പ്രദീപ് കുമാർ പിണങ്ങി ഇനി താൻ സംസാരിക്കില്ലെന്ന് പ്രഖ്യാപിച്ചു. മറ്റുള്ളവർ കുട്ടികളോടെന്ന വണ്ണം സ്‌നേഹപൂർവ്വം അഭ്യർഥിച്ചെങ്കിലും പ്രദീപ് കുമാർ അതു ചെവിക്കൊണ്ടില്ല. രോഷം നിറഞ്ഞ മുഖവുമായി അദ്ദേഹം ഇരുന്നു.

 

ദേഷ്യത്തിൽ നിന്നാണ് ഇത്തരം പ്രകടനങ്ങൾ ഉണ്ടാകുന്നത്. പൊതുപ്രവർത്തകരിൽ ചുരുങ്ങിയ പക്ഷം പരസ്യമായെങ്കിലും ഉണ്ടാകാൻ പാടില്ലാത്ത  ഒന്നാണത്. പ്രത്യേകിച്ചും ഒരു ജനത മുഴുവൻ നോക്കിനിൽക്കുമ്പോൾ. മാനസികമായ പക്വതയില്ലാതെ, വികാരം കീഴടക്കുമ്പോൾ സംഭവിക്കുന്നതാണിത്. തികച്ചും വ്യക്തിപരമായ വൈകാരികഘടന കൊണ്ട് ഉണ്ടായിപ്പോകുന്നത്. അടുത്ത കാലത്ത് ഇത് ചാനൽ ചർച്ചയിൽ പതിവായി കണ്ടുവരുന്നുണ്ട്. പ്രദീപ് കുമാറിനേക്കാൾ ഗുരുതരമായ പ്രകടനം ഡോ.ഐസക്കിന്റേതായിപ്പോയി. അദ്ദേഹം ഒരദ്ധ്യാപകൻ കൂടിയായിരുന്നു. കുശുമ്പും കുന്നായ്മയും ഉളള വികാരജീവികൾ വഴക്കിട്ടതിനു ശേഷം പിന്നീടുള്ള വ്യവഹാര സന്ദർഭങ്ങളിൽ കുത്തുവാക്കുകളിലൂടെ തന്ന വേദനിപ്പിച്ചവരെ വേദനിപ്പിക്കുന്നതിനായി കുത്തുവാക്കുകൾ പ്രയോഗിക്കുന്ന ഏർപ്പാടുണ്ട്. അദ്ദേഹത്തിന്റെ 2017-18ലെ ബജറ്റ് പ്രസംഗത്തിന്റെ കാതൽ തന്നെ ഈ കുത്തുവാക്കു പ്രയോഗമായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിന്റെയും ഒരു ജനതയുടെ ജീവിതത്തിന്റെയും സൂക്ഷ്മവശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതിനു പകരം എം.ടിയെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളേയും നിരത്തി മോദിയെയും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിനെയും കുത്തിയിരിക്കുന്നു. ആ കുത്ത് കൊള്ളുക മുഖ്യമന്ത്രിക്കായിരിക്കും. ഈ മാനസികാവസ്ഥയുടെ സ്വാഭാവിക പ്രതിഫലനമാണ് ദേഷ്യം പൂണ്ട് ഐസക് കേരളീയരുടെ മുന്നിൽ വച്ച് ഇറങ്ങിപ്പോക്ക് നടത്തിയത്. ഒന്നുമില്ലെങ്കിൽ സ്വന്തം പ്രായത്തെയെങ്കിലും ഐസക് ബഹുമാനിക്കണമായിരുന്നു. മുതിർന്നവർ ചെയ്യുന്നതു കണ്ടല്ലേ താഴെയുള്ളവർ പഠിക്കുന്നതെന്ന ചൊല്ലെങ്കിലുമോർത്ത്.

 

ഈ ദേഷ്യത്തിന്റെ സാമൂഹിക രൂപമാണ് അസഹിഷ്ണുത എന്നു പറയുന്നത്. ഇതിന്റെ തോത് പലരിലും പല രീതിയിലാകുന്നു എന്നു മാത്രം. അതനുസരിച്ച് നിമിഷങ്ങളും മാറുന്നു. വാചികവും വൈകാരികവുമായി ദേഷ്യം പരാജയപ്പെടുന്നു എന്നു തോന്നുന്നിടത്താണ് കായികമായ ആക്രമം ഉണ്ടാകുന്നത്. ഇതെല്ലാം സമൂഹത്തിൽ ഹിംസയുടെ അത്യുൽപ്പാദനശേഷിയുള്ള വിത്തു വിതയ്ക്കലായി മാറുന്നു. ഡോ.ഐസക്ക് പൊതുവേ ചിരിച്ചുകൊണ്ട് ചാനലിൽ സംസാരിക്കാറുള്ള കൂട്ടത്തിലാണ്. ആ ചിരിയിൽ ചർച്ചയിൽ പങ്കെടുക്കുന്ന മറ്റുള്ളവർക്കൊന്നും തന്റെയത്ര വിവരമില്ല എന്ന ധ്വനിയും അദ്ദേഹം ഒളിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ ഐസക്കിന്റെ ചിരി പലപ്പോഴും നൈസർഗികമായി തോന്നാറില്ല. അതു ശരിയാണെന്ന് വ്യക്തമാക്കുന്നതായി ബജറ്റ് ദിവസത്തെ ചാനല്‍ ചർച്ചയിൽ നിന്നുള്ള ഇറങ്ങിപ്പോക്ക്. ഇതുവരെ അദ്ദേഹം തന്റെ ദേഷ്യത്തെ ചിരിയിൽ മറച്ചു വയ്ക്കുകയായിരുന്നു എന്നാണ് വെളിവായിരിക്കുന്നത്.

 

അച്യുതാനന്ദൻ മന്ത്രിസഭയിലെ ഏറ്റവും നല്ല മന്ത്രിയായിരുന്ന ഡോ.ഐസക്ക് വളരെ പരിതാപകരമായ അവസ്ഥയാണ് പിണറായി മന്ത്രിസഭയില്‍ പ്രകടമാക്കുന്നത്. വിപരീതാത്മകത അടിമുടി നിറഞ്ഞു നിൽക്കുന്നു. അതിന്റെ ബഹിർസ്ഫുരണങ്ങളിലൂടെയാണ് ഈ മന്ത്രിസഭയിൽ അദ്ദേഹം ഇതുവരെ സാന്നിദ്ധ്യമറിയിച്ചത്. അല്ലാതെ അദ്ദേഹത്തിന്റെ പ്രവർത്തനത്തിലൂടെയല്ല. താനെന്ന ഭാവം മാറ്റിവച്ച് യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ തയ്യാറായാൽ കേരളത്തിനു കിട്ടാവുന്ന ഏറ്റവും നല്ല ധനകാര്യമന്ത്രിയാണ് ഇപ്പോഴും ഡോ.ഐസക്. കേരളം കണ്ട ഏറ്റവും നല്ല ധനമന്ത്രി എന്ന ഖ്യാതി അദ്ദേഹത്തിന് ആദ്യതവണ നേടാനും കഴിഞ്ഞതാണ്. എന്തു തന്നെയായാലും പൊതുവേദികളിൽ, പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകൾ അവിടെ പ്രത്യക്ഷപ്പെടുന്നവർ കാണിക്കേണ്ടത് സാമൂഹികമായ അടിയന്തരാവശ്യമാണ്.

 

പ്രദീപ് കുമാറിന്റെ പ്രകടനം കാണികളിൽ സഹതാപമാണ് ഉളവാക്കിയത്. ബാലിശമായ രീതിയിലാണ് ആ ചർച്ചയിൽ അദ്ദേഹം പിണങ്ങിയിരുന്നത്. അദ്ദേഹവും ഒരു വ്യക്തിക്കപ്പുറം ഒരു വലിയ സമൂഹത്തിന്റെ പ്രതിനിധി കൂടിയാണ്. വ്യക്തിപരമായ വൈകാരികതകളെ മാറ്റിവച്ചു വേണം അദ്ദേഹവും പെരുമാറാൻ. തന്നെ തിരഞ്ഞെടുത്തവരെപ്പോലും മറ്റുളളവരുടെ മുൻപിൽ തലകുനിപ്പിക്കുന്നതായിപ്പോയി അദ്ദേഹത്തിന്റെയും പെരുമാറ്റം. വൈകാരികതയിൽ അകപ്പെട്ടു പെരുമാറുന്നതിനെയാണ് പൈങ്കിളി എന്നു പറയുന്നത്. തങ്ങളുടെ പ്രസ്ഥാനത്തിന്റെ തത്വശാസ്ത്രത്തിന്റെയോ അല്ലെങ്കിൽ അതിന്റെ പ്രയോഗത്തിന്റെയോ പോരായ്മ കൂടിയായിരിക്കും ഇവരിൽ വന്നു ചേരാത്ത വ്യക്തിപരമായ പരിവർത്തനമെന്ന് ആരെങ്കിലും ചിന്തിച്ചാൽ അവരെ കുറ്റം പറയാനാകില്ല.