എസ്.എഫ്.ഐയുടെ മുന്നിലെ ഉത്തരവാദിത്വം

മുഹമ്മദ്‌ ഇബ്രാഹിം
Thu, 16-03-2017 04:30:45 PM ;

sfi

 

പാമ്പാടി നെഹ്രു കോളേജിലെ എൻജിനീയറിംഗ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയ്ക്ക് ശേഷമുണ്ടായ ചർച്ചകളാണ് കേരളത്തിലെ സ്വാശ്രയ - എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥി പീഡനങ്ങൾ പുറത്തു കൊണ്ടുവന്നത്. അനുസരണക്കേടിന്  മാനേജ്മെന്റിന്റെ ഗുണ്ടാപ്പട നടത്തുന്ന ഇടിമുറിയിലെ അക്രമം മുതൽ രാത്രി കാലത്ത് പെൺകുട്ടികളുടെ ഹോസ്റ്റലുകളിൽ നടത്തിയ അതിക്രമങ്ങൾ വരെ. ഇത്തരം കാമ്പസുകളിലെ  വലിയ അരക്ഷിതാവസ്ഥയില്‍ നിന്ന് തങ്ങളുടെ കുട്ടികളെ എങ്ങനെ രക്ഷിക്കുമെന്ന ആശങ്ക മാതാപിതാക്കളെ പോലും എത്തിച്ചത് വിദ്യാർത്ഥി സംഘടനകളുടെ ആവശ്യകതയിലാണ്. മറ്റക്കര റ്റോംസ് കോളേജ് പരിസരത്ത് നടന്ന സമരം രക്ഷിതാക്കളും വിദ്യാർത്ഥി സംഘടനകളും ഒരുമിച്ചാണ് നടത്തിയതെന്നത് ഇതിനോട് ചേർത്തു വായിക്കണം. സംഘടനകൾ ഇല്ലാത്തിടത്ത് കുട്ടികളെ പഠിപ്പിക്കണമെന്നാഗ്രഹച്ചിരുന്ന രക്ഷിതാക്കളിലാണ് ഇത്ര പ്രകടമായി മാറ്റം വന്നിട്ടുള്ളത്. എന്നാൽ കാമ്പസിൽ സംഘടനകൾ വേണമെന്ന രീതിയിൽ ഉയർന്നു വന്ന ചർച്ചകളുടെ ഇന്നത്തെ അവസ്ഥ പരിശോധിക്കപ്പെടേണ്ടതാണെന്ന് കരുതുന്നു.

 

ജിഷ്ണു എസ്.എഫ്.ഐക്കാരനായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ, ശക്തമായ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രവർത്തകൻ. അത് കൂടിയാവാം അയാളുടെ മരണത്തിനു ശേഷമുള്ള പ്രക്ഷോഭം ഇത്ര ശക്തമാവാൻ കാരണം. എല്ലാ സ്വാശ്രയ കോളേജുകളിലും യൂണിറ്റിടുമെന്നും കൊടിമരം സ്ഥാപിക്കുമെന്നുമുള്ള പ്രസ്താവന സംഘടനയുടെ സംസ്ഥാന നേതാക്കളിൽ നിന്ന് തന്നെയുണ്ടായി. മറ്റു വിദ്യാർത്ഥി സംഘടനകളും പ്രവർത്തന സ്വാതന്ത്ര്യത്തിനായി വാദങ്ങളെങ്കിലും ഉന്നയിച്ചു. കേരളത്തിലെ കാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിച്ചതിൽ താനുൾപ്പടെയുള്ളവർ കുറ്റക്കാരാണെന്ന് മുൻ മുഖ്യമന്ത്രി എ.കെ ആന്റണി ഏറ്റുപറഞ്ഞു. സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കണമെന്ന് ശുപാർശ ചെയ്തു കൊണ്ടുള്ള രാജൻ ഗുരുക്കൾ കമ്മീഷൻ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കപ്പെട്ടു. പക്ഷെ വളരെ പെട്ടെന്ന് ഈ ചർച്ചകൾ വഴി മാറുന്നതാണ് കണ്ടത്. എസ്.എഫ്.ഐയും വിദ്യാർത്ഥി രാഷ്ട്രീയം പൊതുവെയും കുറ്റക്കാരായ ചില സംഭവങ്ങൾ വലിയ ചർച്ചയായത് പൊടുന്നനെയാണ്.

 

ലോ അക്കാദമി സമരത്തിൽ സി.പി.ഐ.എം ഒത്തുകളിക്കുകയാണെന്നും എസ്.എഫ്.ഐ മാനേജ്മെന്റിനെ രക്ഷിക്കാനാണ്  സമരം ചെയ്യുന്നതെന്ന് വരെ ആരോപണങ്ങളുയർന്നു. ഒരു വശത്ത് എസ്.എഫ്.ഐയും മറുവശത്ത് മറ്റു വിദ്യാർത്ഥി സംഘടനകളും എന്നായി സമരത്തിന്റെ ഗതി. മാനേജ്മെന്റുമായുള്ള ആദ്യ ചർച്ചയിൽ എസ്.എഫ്.ഐയോട് സമ്മതിച്ചതേ രണ്ടാമത് മറ്റു സംഘടനകളോടും സമ്മതിച്ചിള്ളുവെന്നും മറ്റും ന്യായം പറഞ്ഞെങ്കിലും വലിയ സംശയങ്ങൾ ബാക്കിയായി. ജാമ്യമില്ലാ കേസുള്ളയാളെ അറസ്റ്റ് ചെയ്യാത്തതും സർക്കാറിനെതിരെ ആയുധമായി. ആവശ്യങ്ങൾ നേടി  സമരം അവസാനിക്കുമ്പോഴും വലിയ വിള്ളലുകൾ അത് വീഴ്ത്തി. വിദ്യാർത്ഥി രാഷ്ട്രീയം രാഷ്ട്രീയ കക്ഷികളുടെ ആവശ്യം നടത്തിക്കലാണെന്നുള്ള വാദത്തിന് നേരിയ ബലമെങ്കിലും അത് കൊടുത്തു. ഇവിടെയാണ് ജിഷ്ണുവിന്റെ മരണത്തിനു ശേഷം നടന്നു വന്ന സംഘടനാ സ്വാതന്ത്ര്യത്തിനായുള്ള വാദങ്ങൾക്ക് ആദ്യ പ്രഹരമേറ്റത്.

 

സംഘടനാ സ്വാതന്ത്ര്യമുള്ള കാമ്പസുകളിലെ ചില സംഭവങ്ങളാണ് പിന്നീട് ചർച്ചയായത്. യൂണിവേഴ്സിറ്റി കോളേജ് മുതല്‍ ഏറ്റവുമൊടുവില്‍ കേരളവര്‍മ കോളേജ് വരെയുള്ള ഇടങ്ങളിലുണ്ടായ പ്രശ്നങ്ങള്‍ എസ്.എഫ്.ഐയെ പ്രതിസ്ഥാനത്ത് നിര്‍ത്തി. ഇതര സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യമനുവദിക്കുന്നില്ലെന്നത് മുതൽ സദാചാര ആക്രമണം വരെ ആ വിദ്യാർത്ഥി സംഘടനക്കു മേൽ  ആരോപിക്കപ്പെട്ടു. ഇവിടെ എസ്.എഫ്.ഐയുടെ പ്രവർത്തനരീതികളെ പ്രധാനമായും രണ്ടായി തരം തിരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ഒന്ന്, സർക്കാർ കോളേജുകളിലെയും ശക്തമായ സംഘടനാ സാന്നിധ്യങ്ങളുള്ള കാമ്പസുകളിലെയും പ്രവർത്തനമാണ്. രണ്ട്, മാനേജ്മെന്റുകൾ സംഘടനകളെ നിരോധിക്കുകയോ ശക്തമായി നിയന്ത്രിക്കുകയോ ചെയ്യുന്ന കാമ്പസുകളിലെ പ്രവർത്തനം.

 

ഒന്നാമത്തെ വിഭാഗത്തിൽ പെടുന്ന കാമ്പസുകളെ കുറിച്ചുള്ള ഒരു  പൊതുധാരണ അവ എക്കാലവും എസ്.എഫ്.ഐയുടെ ആധിപത്യത്തിന് കീഴിലായിരുന്നുവെന്നാണ്. തികച്ചും ചരിത്രവിരുദ്ധമായ ഒരു ധാരണയാണത്. കേരളത്തിലെ സർവ്വകലാശാലകളും കോളെജുകളും കെ.എസ്.യു ഭരിച്ചിരുന്ന ഒരു കാലം അവരെ കുറിച്ച് ഇന്ന് ആരോപിക്കപ്പെടുന്നത് പോലെ സമാധാനത്തിന്റെ വസന്തകാലമൊന്നുമായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ആധിപത്യം കായികമായിട്ടു കൂടിയായിരുന്നു. എന്നാൽ ആ ആധിപത്യം തകർത്ത് യൂണിയനുകൾ പിടിച്ചെടുത്ത എസ്.എഫ്.ഐയും പിന്നീട് പഴയ കെ.എസ്.യു ശൈലി പിന്തുടർന്നതായി കാണാം. വിദ്യാഭ്യാസ കച്ചവടത്തിനെതിരെ വലിയ സമരങ്ങൾ നയിച്ച സംഘടന ആയിരുന്നിട്ട് കൂടി എസ്.എഫ്.ഐയെ കുറേയധികം കാമ്പസുകളിൽ നിന്ന് പുറത്താക്കാൻ ഈ അക്രമ പരിവേഷം സഹായകരമായിരുന്നു. ഇന്ന്, ഒരിക്കൽ കൂടി സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ ചതിക്കുഴികൾ സമൂഹം ചർച്ച ചെയ്തു തുടങ്ങിയ സമയത്ത് എസ്.എഫ്.ഐക്കെതിരെ പഴയ പ്രചരണം വീണ്ടും ഉപയോഗിക്കുകയാണ്. തങ്ങൾ ചങ്കുറപ്പുള്ള പിള്ളേരാണെന്ന് അഭിമാനത്തോടെ  സമ്മതിച്ച് അവർ ആ കെണിയില്‍ വീഴുകയും ചെയ്യുന്നു. ഫാസിസത്തിനെതിരെ വലിയ പ്രതിരോധങ്ങൾ തീർക്കുകയാണെന്ന് കരുതുമ്പോഴും അകമേ ജനാധിപത്യവിരുദ്ധതയുടെയും സ്ത്രീവിരുദ്ധതയുടെയും ഘടകങ്ങൾ ഉൾകൊള്ളുകയും ചെയ്യുന്നു.  ഇവിടെ പ്രയോജനം നേടുന്നത് പ്രതിലോമ ശക്തികളാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തനരീതിയിൽ ആത്മപരിശോധന നടത്തേണ്ടത് കാലത്തിന്റെ ആവശ്യമായാണ് എസ്.എഫ്.ഐ തിരിച്ചറിയേണ്ടത്.

 

ഇനി രണ്ടാമത്തെ വിഭാഗത്തിലുള്ള കാമ്പസുകളിലേക്ക് വരാം. വിദ്യാർത്ഥി സംഘടനകളെ നിരോധിച്ചിട്ടുള്ള ഇവിടങ്ങളിൽ കൂട്ടം കൂടി നിന്നാൽ വരെ പ്രിൻസിപ്പൽ തന്റെ റൂമിലേക്ക് വിളിപ്പിക്കും. മുദ്രാവാക്യം വിളിച്ചാൽ സസ്പെൻഷൻ ഉറപ്പ്. ജനാധിപത്യത്തെ കുറിച്ച് വലിയ സെമിനാറുകളും ചർച്ചകളും നടത്താറുള്ള പല എയ്ഡഡ് കോളേജുകളിലും വിദ്യാർത്ഥികൾക്ക് കാര്യമായ ജനാധിപത്യാവകാശമൊന്നും കാണില്ല.  ഇവിടങ്ങളിലെ എസ്.എഫ്.ഐയുടെ പ്രവർത്തനരീതി പരിശോധിക്കാവുന്നതാണ്. സംഘടനാ നിരോധനമുള്ള തേവര എസ്.എച്ച് കോളേജിൽ കഴിഞ്ഞ വർഷം ഒരു വലിയ വിദ്യാർത്ഥി സമരം നടന്നു. ഫ്ലാഷ് മോബ് സംഘടിപ്പിച്ചതിന് വിദ്യാർത്ഥി യൂണിയൻ ഭാരവാഹിയെ അടക്കം സസ്പെന്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. സമരത്തെ തുടർന്ന് മാനേജ്മെന്റ് വിദ്യാർത്ഥികൾക്കെതിരെയുള്ള നടപടി പിൻവലിക്കാൻ നിർബന്ധിതമായി. സമര നേതൃത്വത്തിൽ എസ്.എഫ്.ഐ ആയിരുന്നു. കോളേജിനു പുറകിലുള്ള കായലിലേക്ക് മാലിന്യം തള്ളുന്നത്, സ്വയംഭരണ കോളേജായതിന് ശേഷം ഡിഗ്രി സർട്ടിഫിക്കറ്റിനായി നിർബന്ധിത സേവനം ചെയ്യിക്കുന്നത് തുടങ്ങിയ വിഷയങ്ങളിൽ സോഷ്യൽ മീഡിയ പ്രചരണങ്ങളിലൂടെയും കാമ്പസിന് പുറത്തുള്ള പ്രകടനങ്ങളിലൂടെയും സംഘടന ഇടപെട്ട് പോകുന്നു.

 

കഴിഞ്ഞ വർഷം തന്നെയാണ് ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ എം.പി ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടത്തില്‍ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി വ്യത്യസ്ത ബോർഡുകൾ വച്ചത്. ലിംഗവിവേചനത്തിനെതിരെ എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ നടന്ന സോഷ്യൽ മീഡിയ പ്രചരണത്തെ തുടർന്ന് മാനേജ്മെന്റ് ബോർഡ് നീക്കം ചെയ്യുകയായിരുന്നു. തൊട്ടടുത്തുള്ള എൻ.എസ്.എസ് കോളേജിലെ വിദ്യാർത്ഥി യൂണിയന് വാലന്റൈൻ ദിനത്തിൽ പരിപാടി നടത്താൻ വരെ അധികൃതർ അനുമതി നിഷേധിച്ചു. ഇവിടെയും ഗേറ്റിന് പുറത്ത് പ്രതിഷേധിക്കാൻ എസ്.എഫ്.ഐയെ ഉണ്ടായിരുന്നുള്ളു. ഇവ ചില ഉദാഹരണങ്ങള്‍ മാത്രം. സംസ്ഥാനത്തെങ്ങും ഇങ്ങനെ ന്യായമായ പല അവകാശങ്ങളും ഹനിക്കപ്പെടുന്ന കലാലയങ്ങളിൽ സമരപക്ഷത്ത് എസ്.എഫ്.ഐയെ കാണാം. സാന്നിധ്യമുണ്ടന്നല്ലാതെ അത്തരം അവകാശങ്ങൾക്ക്  വേണ്ടി സമരം ചെയ്യാൻ ഇതര സംഘടനകളെ കാണാറില്ലെന്നതും വാസ്തവം.

 

കാമ്പസുകളിലെ വിദ്യാർത്ഥികളുടെ സംഘടനാ സ്വാതന്ത്രത്തിലേക്ക് തിരിച്ചു വരാം. ഇത് കേവലം വിദ്യാർത്ഥികളുടെ പ്രശ്നമല്ല. ഒരു സാമൂഹ്യ പ്രശ്നമാണ്. വിദ്യാർത്ഥികൾക്ക്  സംഘടിക്കാനും ആശയപ്രചരണം നടത്താനും മൗലിക അവകാശമുണ്ട്. അതിനായി സംഘടനാ സ്വാതന്ത്ര്യത്തിനായുള്ള നിയമനിർമാണത്തെ കുറിച്ച് സർക്കാർ അടിയന്തരമായി ആലോചിക്കേണ്ടതുണ്ട്. ഇടതുപക്ഷം എന്ന നിലയില്‍ എൽ.ഡി.എഫ് സർക്കാരിനാകട്ടെ അതിലൊരു രാഷ്ട്രീയ ഉത്തരവാദിത്വം തന്നെയുണ്ട്. അതിലേക്ക് സര്‍ക്കാറിനെ നയിക്കുന്നതിലും തങ്ങളുടെ സ്വാധീനമേഖലകളില്‍ വാക്കിലെന്ന പോലെ പ്രവൃത്തിയിലും പുരോഗമന പക്ഷമായി തന്നെ നിലനില്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ എസ്.എഫ്.ഐയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടത് അനിവാര്യമാണ്.

Tags: