അരുത്, ഈ അതിവൈകാരികത; അതപകടം ഉറപ്പാക്കും

Glint Staff
Fri, 07-04-2017 12:30:45 PM ;

 

കേരളം ഒന്നാംതരം പൈങ്കിളി സംസ്ഥാനമാണ്. അതുകൊണ്ടുതന്നെ മലയാളികളെ വൈകാരികതയാണ് എപ്പോഴും നയിക്കുന്നത്. വിവേകമല്ല. വിവേകത്തെപ്പോലും വൈകാരികതയുടെ ഉള്ളിലാക്കുന്ന പൈങ്കിളിത്തരം. ഈ പൈങ്കിളി നിറഞ്ഞ രാഷ്ട്രീയപ്രസ്ഥാനങ്ങളും മാധ്യമങ്ങളും സാഹിത്യവും ഇവയുടെയെല്ലാം വെളിച്ചത്തിലുള്ള സാംസ്‌കാരിക കാഴ്ചപ്പാടുമാണ് സംസ്ഥാനത്തെ അങ്ങനെയാക്കിത്തീർത്തത്. കേരളത്തിലെ ഹർത്താൽ  ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഒന്നായിരിക്കും 2017 ഏപ്രിൽ ആറിലെ ഹർത്താൽ. ആദ്യ ഐക്യകേരള മന്ത്രിസഭയുടെ അറുപതാം വാർഷികത്തിന്റെ പിറ്റേന്നു നടന്ന ഹർത്താലായതുകൊണ്ടു മാത്രമല്ല. മകൻ നഷ്ടപ്പെട്ട അമ്മയോട് പോലീസ് ആസ്ഥാനത്ത് പോലീസ് മേധാവിയുടെ സാമീപ്യത്തിൽ കാട്ടിയ ദ്രോഹവും കൂസലില്ലായ്മയുമാണ് ഹർത്താലിനാധാരമായത്.

 

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയേയും അമ്മാവൻ ശ്രീജിത്തിനേയും പോലീസ് ബലമായി പിടിച്ച് വലിച്ച് നീക്കം ചെയ്യുന്നതാണ് ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. അത് കേരളാ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ കഴിവുകേടും അരുതായ്മയുമാണ്. സംശയം വേണ്ട. ശാരീരികമായി നല്ല ഉലച്ചിലും കൈത്തണ്ടകളിൽ മാംസം അമരുന്ന വിധത്തിൽ പിടിക്കപ്പെട്ടതിനാലും അവർക്ക് ശാരീരികമായി വേദന ഉണ്ടായിട്ടുണ്ടാകുമെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാകുന്നതാണ്. അത് ഗുരുതരവുമല്ല. അതിനേക്കാളേറെ സർക്കാരിന്റെ പരിപൂർണ്ണ ശ്രദ്ധയിൽ അവിടെയെത്തിയ അവരോട് പോലീസ് കാട്ടിയത് അവർക്കും  ആ രംഗങ്ങൾ കണ്ട സാധാരണക്കാർക്കും കാടത്തമായിട്ടാണ് തോന്നിയത്. പോലീസ്  നടപടിയെ സർക്കാർ നിലപാടായേ കാണാന്‍ കഴിയൂ. മുറിവ് ആർക്കുണ്ടായാലും അതുണങ്ങുന്നതിലേക്ക് നയിക്കുന്ന നടപടിയാണ് സാമൂഹ്യജീവിയായ മനുഷ്യന്റെ ഭാഗത്തു നിന്നുണ്ടാകേണ്ട സമീപനം. അത് അധികാരത്തിലിരിക്കുന്നവർക്കും ബാധകമാണ്. കാരണം ആ അടിസ്ഥാനമൂല്യങ്ങളുടെ അടിത്തറയിലാണ് ജനായത്തത്തിന്റെ പിറവിയും നിലനിൽപ്പും. അതാണ് ഇവിടെ നഗ്നമായി ലംഘിക്കപ്പെട്ടത്. അതിന്റെ പേരിലാണ് ഏപ്രിൽ ആറിലെ ഹർത്താൽ നടന്നത്. അല്ലാതെ മഹിജയെയും ബന്ധുക്കളെയും പോലീസ് തല്ലിച്ചതയ്ക്കുകയോ മർദ്ദിക്കുകയോ ഒന്നും ചെയ്തിട്ടല്ല.

 

എന്നാൽ അതിപൈങ്കിളിവത്ക്കരിക്കപ്പെട്ട കേരളസമൂഹത്തിൽ പൈങ്കിളി വ്യാപാരത്തിലേർപ്പെട്ടിരിക്കുന്ന മാധ്യമങ്ങൾ, പത്രങ്ങളും ചാനലുകളും, കിട്ടിയ അവസരത്തെ നന്നായി വിൽക്കുന്നതിലൂടെ വിഷയം മാറിപ്പോയിക്കൊണ്ടിരിക്കുന്നു. മഹിജയേയും ബന്ധുക്കളേയും മർദ്ദിച്ചവശരാക്കിയ പോലീസ് നടപടിക്കെതിരെ എന്നാണ് നേതാക്കളും പ്രസ്താവനക്കാരും എല്ലാം പറയുന്നത്. അത് വസ്തുതാ വിരുദ്ധമാണ്. രക്തം ഛർദ്ദിച്ചതിനെ അതായി പറയുകയാണ് വേണ്ടത്. അല്ലാതെ കാക്കയെ ഛർദ്ദിച്ചു എന്നു പറഞ്ഞാൽ രക്തം ഛർദ്ദിച്ച രോഗിയെ സഹായിക്കാൻ ആൾക്കാർ തുനിയുന്നതിനു പകരം ഛർദ്ദിച്ച കാക്കയെ കാണാനായിരിക്കും ആൾക്കാർ കൂട്ടം കൂടുക. ആ കൂട്ടത്തിൽ രക്തം ഛർദ്ദിച്ച രോഗിയുടെ കഥ കഴിയും. അതു തന്നെയാണ് അതിപൈങ്കിളിവത്ക്കരണത്തിൽ ഇവിടെയും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

 

ഏപ്രിൽ ആറിന് വൈകിട്ടു മുതൽ മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിക്കുന്ന നേതാക്കളും മന്ത്രിമാരും വളരെ വ്യക്തമായ പ്രചാരണോദ്ദേശ്യത്തോടെ രംഗത്തെത്തി. മഹിജയേയും ബന്ധുക്കളേയും പോലീസ് മർദ്ദിക്കുകയോ വലിച്ചിഴയ്ക്കുകയോ ചെയ്തിട്ടില്ല. ഉണ്ടെങ്കിൽ  ഏതെങ്കിലും ചിത്രങ്ങളോ ദൃശ്യങ്ങളോ കാണിക്കൂ എന്നാണ് ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നവരും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചോദിക്കുന്നത്.  ആ ചോദ്യം വളരെ പ്രസക്തമാണ്. അവർ പറയുന്നത് ശരിയാണ്. എന്നാൽ മഹിജയ്ക്കും അവരുടെ സഹോദരനും ശാരീരികമായും മാനസികമായും വേദനിക്കുന്ന രീതിയിലാണ് പോലീസ് പെരുമാറിയത്. അത് കേരള സമൂഹത്തിനും അനുഭവപ്പെട്ടു. അതാണിവിടെ വിഷയം. അതിനേക്കാൾ ആശങ്കപ്പെടുത്തുന്നത് അവരോടൊപ്പം ഐക്യദാർഢ്യം പ്രകടിപ്പിച്ചെത്തിയ നാലു പേരെ ജാമ്യമില്ലാവകുപ്പിട്ട് ജയിലിലടച്ചതാണ്. ഒരുപക്ഷേ മഹിജയെ ഉപദ്രവിച്ചതിനേക്കാൾ ഗൗരവകരമായ വിഷയം അതാണ്. അടിയന്തരാവസ്ഥ കാലത്തുപോലും ഇവ്വിധം കാര്യങ്ങൾ പരസ്യമായി നടന്നില്ല. എന്താണ് അവർക്കെതിരെ ജാമ്യമില്ലാതെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനിടയായ കാരണം എന്നത് വെറും പരാമർശമല്ലാതെ ചർച്ചയിലേക്ക് ഇതുവരെ മുഖ്യമായി വരാതിരുന്നതിന്റെ കാരണവും അതിവൈകാരികതയാണ്.

 

പൈങ്കിളിവത്ക്കരണത്തിൽ നിന്ന് ആരും മോചിതമല്ലാത്തതിനാലാകും മരിച്ച ജിഷ്ണുവിന് നീതി തേടിയെത്തിയ അമ്മയെന്ന സീരിയൽ വാചകമാണ് നേതാക്കളും മാധ്യമങ്ങളും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ജിഷ്ണു മരിച്ചു. ആ കുട്ടിക്ക് ഇനി ആര് വിചാരിച്ചാലും നീതി ലഭ്യമാക്കാനാകില്ല. അതിഭൗതികവാദികൾ പോലും പൈങ്കിളിക്ക് അടിമപ്പെട്ടതിനാലാണ് അവ്വിധം പ്രയോഗം നടത്തുന്നത്.  ഇവിടെ അമ്മയെന്ന വൈകാരികതയെ ഊതിപ്പെരുപ്പിച്ച് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കാനുള്ള ശ്രമവും മാധ്യമങ്ങളിലൂടെ പ്രകടമാകുന്നുണ്ട്. പ്രത്യക്ഷത്തിൽ അമ്മയ്ക്ക് നീതിയുറപ്പിക്കാനെന്ന രീതിയിലും.  വിഷയത്തിൽ നിന്നുള്ള വഴിമാറിപ്പോകലാണ്  അവിടെ സംഭവിക്കുന്നത്. ജിഷ്ണുവിനെ നഷ്ടമായ കുടുംബാംഗങ്ങള്‍ കടന്നു പൊയിക്കൊണ്ടിരിക്കുന്ന സ്വകാര്യദു:ഖത്തില്‍ നിന്ന്‍, അതിന്റെ വേദനയിൽ നിന്ന് അവരെ കാലത്തിന് മാത്രമേ മുക്തമാക്കാൻ പറ്റുകയുള്ളു. ഇവിടെ വിഷയം സാമൂഹിക പ്രാധാന്യമർഹിക്കുന്നത് അവരുടെ സ്വകാര്യദു:ഖത്തിന്റെ പേരിലല്ല. ആവരുത്.

 

വിഷയം ഇതാണ്-

1) ജിഷ്ണു കൊല ചെയ്യപ്പെട്ടതാണോ അല്ലയോ? ആണെങ്കിൽ കേരളത്തിൽ പണസ്വാധീനവും അതിലൂടെ നേടുന്ന രാഷ്ട്രീയ സ്വാധീനവുമുണ്ടെങ്കിൽ ആരെയും കൊല്ലാം. എന്തും നടത്താം. ആ സാഹചര്യങ്ങളെ സൂചിപ്പിക്കുന്ന സമീപകാല ഉദാഹരണങ്ങൾ ധാരാളം.

2) ജിഷ്ണുവിന്റെ മരണം ആത്മഹത്യയായിക്കൊളളട്ടെ, കൊലപാതകമായിക്കൊളളട്ടെ. ഇതുവരെ നടന്ന പോലീസ് അന്വേഷണം കാരണം കണ്ടെത്തുന്നതിനു പകരം അതു മറച്ചുവയ്ക്കുന്നതിനുള്ളതാണെന്ന് ബോധ്യമാകുന്നു.

3) പ്രതികളെന്ന് സംശയിക്കുന്നവർക്ക് സ്വൈരവും അനീതി നേരിട്ടവർക്ക് ദുരിതവും

4) അനീതി നേരിട്ടവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവരോടൊപ്പമെത്തിയവരെ ജാമ്യമില്ലാ വകുപ്പിട്ട് ജയിലിലടച്ചു. ആവശ്യമുള്ളതിനും ഇല്ലാത്തതിനും എപ്പോഴും ഉപയോഗിച്ച് തേഞ്ഞു പോയ വാക്കാണ് ഫാസിസം കേരളത്തിൽ. കഴിഞ്ഞ അറുപതു വർഷത്തിനിടയിൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ ഫാസിസ്റ്റ് നടപടിയായി ഇതിനെ ചരിത്രം രേഖപ്പെടുത്തും. ഫാസിസം എന്ന വാക്ക് പരിചയപ്പെടുത്തിയ പ്രസ്ഥാനം അധികാരത്തിൽ വന്നപ്പോൾ ഐക്യകേരളത്തിൽ നടന്ന ഏറ്റവും വലിയ ഫാസിസ്റ്റ് നടപടി.

 

പോലീസ് നയം, അമ്മയോടുള്ള ക്രൂരത, മഹിജയെ മുഖ്യമന്ത്രി കാണാത്തത്, അവരോട് മാപ്പ് പറയുക, ഹർത്താൽ കേരളം ഏറ്റെടുത്തു, കൊലയാളികളെ സർക്കാർ സംരക്ഷിക്കുന്നു, അവർക്ക് ഈസി ചെയർ ഇരകൾക്ക് മർദ്ദനവും ജയിലും എന്നിത്യാദിയുള്ള, മാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള അതിവൈകാരികത എല്ലാം മുഖ്യമന്ത്രിയെയും സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തുന്നതിനെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. അതിലൂടെ ശ്രദ്ധിക്കപ്പെടേണ്ടതും പരിഹരിക്കപ്പെടേണ്ടതുമായ വിഷയത്തിൽ നിന്ന് ജനശ്രദ്ധയും അധികാരികളുടെ ശ്രദ്ധയും മാറിപ്പോകുന്നു. ഈ അതിവൈകാരികതയാണ് മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ ഇറങ്ങിയിട്ടുള്ള സംഘത്തിനും മുഖ്യമന്ത്രിക്കും പ്രതിരോധമുയർത്താനും അവർ പറയുമ്പോൾ അതിൽ സത്യമുണ്ടെന്നു തോന്നാനും കാരണം. അതാണ് മുഖ്യമന്ത്രിയും കൂട്ടരും ഇപ്പോൾ ലക്ഷ്യമിടുന്നതും. അതിവൈകാരികതയിൽ ആർക്കെതിരെയാണോ യുദ്ധം ചെയ്യുന്നത് അവരായിരിക്കും ശക്തിയാർജ്ജിക്കുക. അതൊരു ലഘുവായ തത്വമാണ്. അതിനും ഉദാഹരണം കേരളം തന്നെ. ഇവിടെ മുഖ്യമന്ത്രിക്കും അദ്ദേഹത്തെ ന്യായീകരിക്കുന്നവർക്കും ഉഗ്രൻ ആയുധം വീണുകിട്ടിയിരിക്കുന്നു.

 

ഈ യഥാർഥ വസ്തുതകളുടെയും അതിവൈകാരികതയുടെയും ഇടയിലുള്ള വിടവിലൂടെയാണ് എല്ലാവിധ വിധ്വംസക സ്വഭാവുമുള്ള കാര്യങ്ങളിലും ഏർപ്പെടാൻ  വർത്തമാനകാലത്തെ സുതാര്യ അന്തരീക്ഷത്തിൽ അധികാരം കൈയ്യാളുന്നവർക്ക് അവസരമൊരുക്കിക്കൊടുക്കുന്നത്. ഇന്ന് അധികാരം കൈയ്യാളുന്നവർ ഭരണത്തിലിരിക്കുന്ന പാർട്ടിയും മുന്നണിയും മന്ത്രിമാരും മാത്രമല്ല. അവരുടെ പിൻബലമായി നിൽക്കുന്ന ധനാഢ്യവ്യക്തികളാണ്. ആ അധികാരി വർഗ്ഗത്തിന്റെ കൊല്ലും കൊലയും സമൂഹം ജാഗ്രത പുലർത്തിയാൽ ജനായത്തത്തിൽ ബുദ്ധിമുട്ടാകും. അതിവൈകാരികതയിൽ ജാഗ്രത അസാധ്യമാണ്. ആ ജാഗ്രത കൈമോശം വരാതിരിക്കാൻ  ആവശ്യമായത് ശ്രദ്ധിക്കപ്പെടേണ്ട വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിയാതെ വസ്തുതകളെ വസ്തുതകളായി അവതരിപ്പിച്ച് അതിവൈകാരികത പ്രയോഗിക്കാതെ സമചിത്തതയോടും ധൈര്യത്തോടും വ്യക്തതയോടും നേരിടാൻ ജനങ്ങളെയും സംവിധാനങ്ങളെയും പര്യാപ്തമാക്കുന്ന മാധ്യമ പ്രവർത്തനമാണ്. അത് സാമൂഹ്യമാധ്യമങ്ങളും പാലിക്കേണ്ടതാണ്.

 

അമ്മയെന്ന വികാരത്തെ മറ്റാവശ്യങ്ങൾക്ക് വൈകാരികമായി ഉപയോഗിക്കുന്നത് മാതൃത്വത്തോടു കാട്ടുന്ന ഏറ്റവും വലിയ ഹീനതയാണ്. ബന്ധങ്ങളുടെ ഭംഗിയും ആ ഭംഗിയുടെ ആധാരങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തിൽ താൽക്കാലിക ലാഭത്തിനും വൈകാരികതയിലൂടെ ലഭിക്കുന്ന നേട്ടത്തിനും വേണ്ടി  അവയെ ദുരുപയോഗം ചെയ്യുന്നത് മനുഷ്യനു ചേർന്ന പ്രവൃത്തിയല്ല. ഇവിടെ യഥാർഥ വിഷയങ്ങൾ ഗുരുതരമായതുള്ളപ്പോൾ അതിവൈകാരികതയുടെ ഒരാവശ്യവുമില്ല.

Tags: