ഒരു തലമുറയിലേക്ക് ‌വിഷം കോരിയിടുന്ന നിവിന്‍ പോളിയുടെ വീഡിയോ

Glint Staff
Tue, 02-05-2017 05:00:00 PM ;

nivin pauly video on child abuse

 

വികസിത രാജ്യങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുന്നത് ശാസ്ത്രത്തെ നിക്ഷിപ്ത താത്പര്യ വിപണിയിലൂടെ പ്രയോഗിച്ചുകൊണ്ടാണ്. അതിനാൽ ശാസ്ത്രത്തെയും യുക്തിയെയും മുന്നിൽ നിർത്തും. അപ്പോൾ ആർക്കും അതിനെ തള്ളാൻ പറ്റില്ല. കേരളം ഇപ്പോൾ പുഴുത്തുകൊണ്ടും തിളച്ചുകൊണ്ടുമിരിക്കുന്നത് അത്തരം സമീപനത്തിന് ഇരയായതുകൊണ്ടാണ്. ആ ഇരയാകൽ സംഭവിക്കുന്നത് ഇതിനെയെല്ലാം ഇര തങ്ങളുടെ രക്ഷയ്ക്കാണെന്ന് കരുതി ആവേശത്തോടെ സ്വീകരിക്കുന്നത് കൊണ്ടാണ്. ഈ തന്ത്രം അവർ നടപ്പിലാക്കുന്നത് സമൂഹത്തിലെ ബുദ്ധിജീവികളെന്നും ആധുനികരെന്നും സ്വയം ചിന്തിക്കുന്നവരിലൂടെയായിരിക്കും. അവർ ചിന്താശേഷിയുള്ളവരുമായിരിക്കും. അവരെ ഏതെങ്കിലും ചിന്തയിൽ കുടുക്കിയിട്ടാൽ അതിൽ കടന്ന് അവർ സർക്കസ് കാണിച്ചുകൊള്ളുമെന്ന് ഈ നിക്ഷിപ്ത താൽപ്പര്യ വിപണിക്കറിയാം. ബുദ്ധി സർക്കസ്സാണ് ബുദ്ധിജീവികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദം. അതുവഴി തങ്ങളുടെ തന്ത്രം മനസ്സിലാക്കാൻ ശേഷിയുള്ളവരെ  അതിന്റെ നേർക്ക് നോക്കാതിരിപ്പിക്കുകയും ചെയ്യാം. അതോടൊപ്പം തങ്ങളുടെ ഭാവനയിൽ ശാസ്ത്ര-സാങ്കേതികത കൊണ്ടുണ്ടാക്കാവുന്ന ഉൽപ്പന്നങ്ങൾ എന്തും വിറ്റഴിക്കുകയും ചെയ്യാം. അതിനേക്കാളുപരി ലോകത്തിന്റെ കോണുകളിൽ സംഘട്ടനങ്ങളും യുദ്ധവും വിതയ്ക്കുകയും കൊയ്യുകയും ചെയ്യാം, വിപണി വികസനത്തിനായി.

 

വളരെ പ്രസക്തവും പുരോഗമനവുമെന്നു തോന്നുന്ന വിഷയങ്ങളായിരിക്കും നിക്ഷിപ്ത താൽപ്പര്യ വിപണി തുറന്നു വിടുക. മനുഷ്യാവകാശം മുതൽ മനുഷ്യന്റെ മാനസിക ആരോഗ്യ കാര്യങ്ങളിൽ എല്ലാം ഇവര്‍ നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കും. ഇങ്ങനെ ഇടപെടുന്ന സംഘടനകൾ ധാരാളം. അവരിൽ 99 ശതമാനവും എൻ.ജി.ഒകൾ എന്നറിയപ്പെടുന്ന സന്നദ്ധ സംഘടനകളും. ഈ എൻ.ജി.ഒകൾക്കെല്ലാം യഥേഷ്ടം ഫണ്ട് വിദേശത്തു നിന്നു ലഭിക്കുന്നതിന്റെ കാരണവും ഇതാണ്. ഈ പദ്ധതി നടപ്പാക്കുന്ന വ്യക്തികളിൽ നല്ലൊരു ശതമാനം പോലും ഈ ഫണ്ടു വരുന്ന സ്രോതസ്സുകളുടെ താൽപ്പര്യം അറിയാത്തവരാണ്. നല്ല കാര്യങ്ങളാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് അവർ ഇതിനിറങ്ങിത്തിരിക്കുന്നത്.

 

ഇതിലൂടെ യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെയും നേതാക്കളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിന്തിരിപ്പിക്കാനും ഈ ശക്തികൾക്കു കഴിയുന്നു. അതവരുടെ ആവശ്യമാണ്. ഓരോ വിഷയങ്ങൾ പ്രചാരത്തിലാക്കി അതിനുള്ള ആക്ടിവിസ്റ്റുകളെ സൃഷ്ടിച്ച് സർക്കാരുകളെക്കൊണ്ട് പദ്ധതികളിൽ ഈ വിഷയങ്ങൾ ഉൾപ്പെടുത്തിക്കഴിഞ്ഞാൽ ആ മേഖലയിലേക്ക് പിന്നെ ഈ ശക്തികൾക്ക് വലുതായി ഒന്നും ചെയ്യേണ്ട കാര്യമില്ല. അപ്പോൾ അടുത്ത വിഷയത്തെ അവർ അവതരിപ്പിക്കും. ഒന്നുകൂടി ഓർക്കാം, ഈ വിഷയങ്ങളെ സംസ്‌കാരചിത്തരും മനുഷ്യസ്‌നേഹികളുമായ ആർക്കും തള്ളിപ്പറയാൻ പറ്റില്ല. ട്രാൻസ്ജൻഡർ വിഷയം ഏതാണ്ട് പാളത്തിൽ കയറി. ഇനി അടുത്തതായി ഈ ശക്തികൾ തുറന്നുവിട്ടിരിക്കുന്നത് പീഡോഫീലിയ അഥവാ ബാലപീഡനം എന്ന വിഷയമാണ്. കേരളത്തിലെ മുഖ്യധാരയിലുള്ള മിക്ക പ്രസിദ്ധീകരണങ്ങളും ഇപ്പോൾ കൊണ്ടുപിടിച്ച് പീഡോഫീലിയ ചർച്ചയിലാണ്. ആ ചർച്ചയുടെ മൂർധന്യ സമയത്താണ് നടി റീമാ കല്ലിങ്കലിന്റെ ഒരു വീഡിയോ ഇറങ്ങിയത്. കൊച്ചുകുട്ടികൾ മനസ്സിലാക്കിയിരിക്കേണ്ട ഗുഡ് ടച്ചും ബാഡ് ടച്ചും. ശരീരത്തിന്റെ ഏതൊക്കെ ഭാഗത്ത് ആർക്കൊക്കെ തൊടാം, ആരൊക്കെ തൊട്ടാൽ അത് ഏത് ടച്ച്, ബാഡ് ടച്ചാണെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ - ഇവയാണ് റീമാ കല്ലിങ്കൽ കുട്ടികളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നത്. എന്തുകൊണ്ടോ അത്രയ്ക്കങ്ങ് അത്ര വൈറലായില്ല. ഒരുപക്ഷേ, റീമാ കല്ലീങ്കൽ ഏതാനും നാൾ മുൻപ് കൊച്ചിയിൽ നിശാപാർട്ടിയാഘോഷങ്ങൾ വ്യാപകമാകാത്തതിൽ മാതൃഭൂമി നഗരം പേജിലൂടെ വിലപിച്ചത് ജനമനസ്സുകളിൽ നിന്ന് മറഞ്ഞു പോകാതിരുന്നതുകൊണ്ടാകാം അത്ര വൈറലാകാതിരുന്നത്. കാരണം, അതിനു ശേഷമാണ് ലൈംഗിക അഴിഞ്ഞാട്ടത്തിന്റെയും മയക്കുമരുന്നുപയോഗത്തിന്റെയും പേരിൽ നിശാപാർട്ടികൾക്ക് മേൽ കൊച്ചിയിൽ ചില നിയന്ത്രണങ്ങൾ വന്നത്.

 

എന്തായാലും റീമ പറഞ്ഞ അതേ രീതിയിൽ അതേ തിരക്കഥയിൽ  അതേ സംഭാഷണത്തിൽ ഇപ്പോൾ കുട്ടികളുടെയും യുവതലമുറയുടെയും പ്രിയ താരമായ നിവിൻ പോളിയുടെ വീഡിയോ വൈറലായിരിക്കുന്നു. ഇറക്കിയിരിക്കുന്നത് കേരളാ സംസ്ഥാന ബാലാവകാശ കമ്മീഷനു വേണ്ടി. തയ്യാറാക്കിയിരിക്കുന്നത് 'ബോധിനി'. ബോധിനിയുടെ അടിയിൽ കൊടുത്തിരിക്കുന്ന ക്യാച്ച് വേഡ് അഥവാ കുറിവാചകം ഇങ്ങനെ: 'ഫ്രീഡം ഫ്രം ഫീയർ'. എത്ര മനോഹരമായ കുറിവാചകം. ആർക്കാണ് ഇതിനെ നിഷേധിക്കാൻ പറ്റുക. ഇതിന്റെ സംഘാടകർ പേടിയകറ്റാൻ വേണ്ടി തന്നെയായിരിക്കും നിലകൊളളുന്നത്. പക്ഷേ അവരറിയുന്നില്ല, ഇതുവരെ ഇല്ലാതിരുന്ന തരത്തിലുള്ള പേടിയായിരിക്കും കുട്ടികളിലേക്ക് നിക്ഷേപിക്കപ്പെടുകയെന്ന്. ധ്യാനിക്കാൻ വാശിപിടിച്ച ശിഷ്യനോട് ദൂരെ ഒരു സ്ഥലത്തു പോയി ശാന്തമായി കണ്ണടച്ചിരിക്കുക. കുരങ്ങനെ കുറിച്ച് മാത്രം ചിന്തിക്കരുത് എന്നുപദേശിച്ച ഗുരുവിന്റെ കഥ ഓര്‍ക്കുക. അപ്പോള്‍ മനസ്സിലാകും എങ്ങനെയാണ് പേടിക്കരുത് എന്ന് നേരിട്ടു പറയുമ്പോൾ പേടി വർധിക്കുക എന്ന്. ജൂഡ് ആന്റണിയാണ് ഈ വീഡിയോ സംവിധാനം ചെയ്തിട്ടുള്ളത്. ഷൂട്ടിംഗിന് സുഭാഷ് പാർക്ക് വിട്ടുകൊടുക്കാൻ പ്രയാസമുണ്ടെന്ന് കൊച്ചി കോർപ്പറേഷൻ മേയർ സൗമിനി ജെയിൻ പറഞ്ഞപ്പോൾ ഉണ്ടായ നിമിഷങ്ങൾ ഇപ്പോൾ പോലീസ് കേസ്സിലായിരിക്കുന്നു. തനിക്കെതിരെ പോലീസ് കേസ്സെടുത്തതിൽ ജൂഡ് ആന്റണിയുടെ പ്രതികരണം വന്നത് വിചിത്രമായിരുന്നു. ഒരു പോലീസ് കേസ്സു വന്നപ്പോൾ പേടിച്ചുപോയ ജൂഡ് പറഞ്ഞിരിക്കുന്നു, ഇങ്ങനെയാണെങ്കിൽ താൻ സാമൂഹ്യ പ്രവർത്തനത്തിനില്ലെന്ന്. ഇങ്ങനെയൊരു വീഡിയോ എടുത്ത ജൂഡ് ആന്റണി പോലും ഇങ്ങനെ പേടിക്കുന്നു. സമൂഹം, സാമൂഹ്യ പ്രവർത്തനം, മനുഷ്യമനസ്സ്, കുട്ടികളുടെ മനശ്ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നിങ്ങനെയുളളവയിൽ ജൂഡ് ആന്റണി സ്വയം നിർവചിക്കുന്നു, ഈ വീഡിയോയിലൂടെ.

 

പീഡോഫീലിയയെ കുറിച്ച് നെറ്റിലും വിവാദങ്ങൾ അരങ്ങു തകർത്തുകൊണ്ടിരിക്കുന്ന വേളയിലാണ് മുഖ്യധാരാ അച്ചടി പ്രസിദ്ധീകരണങ്ങളും ഇവ മുഖച്ചിത്ര ചർച്ചാവിഷയമാക്കുന്നത്. നിവിൻ പോളി അറിയുന്നുണ്ടാവില്ല താൻ ചെയ്യുന്ന മഹാപാപം അഥവാ അപരാധം എന്താണെന്ന്. നിവിൻ പോളിയുടെ കുസൃതിയുള്ള മാന്യനായ യുവാവ് എന്ന വ്യക്തിജീവിതത്തിലെ പോലും പ്രതിഛായയാണ് വളരെ വിദഗ്ധമായ രീതിയിൽ ചൂഷണം ചെയ്യപ്പെട്ടിട്ടുള്ളത്. തന്റെയടുത്ത് നല്ലൊരു ആശയവുമായി സമീപിച്ചപ്പോൾ വർത്തമാനകാലത്തെ മുഖ്യ പ്രശ്‌നമെന്ന നിലയ്ക്ക് ഒരു കൊച്ചു കുഞ്ഞിന്റെ അച്ഛൻ കൂടിയായ നിവിൻ പോളി നല്ല ഉദ്ദേശത്തിൽ തന്നെയായിരിക്കും ഇത് ചെയ്തിരിക്കുന്നത്.

 

ഈ വീഡിയോയുടെ നിർമ്മാണത്തിന്റെ ചാലു പിടിച്ച് ചെറിയൊരന്വേഷണം നടത്തുകയാണെങ്കിൽ ഒരു സംശയവും വേണ്ട അത് ചെന്നു നിൽക്കുന്നത് ഈ ആശയപ്രചാരണ പ്രഭവകേന്ദ്രത്തിന്റെ പ്രചാരകസ്രോതസ്സിലായിരിക്കും. അത്തരത്തിലൊരന്വേഷണമൊന്നും നടന്നിട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ ആരോഗ്യ മന്ത്രാലയവും ഇത്തരം പ്രചാരണ പരിപാടികളുമായി മുന്നോട്ടു വരും. അച്ചടി മാധ്യമങ്ങളിൽ ഗുഡ് ടച്ച്, ബാഡ് ടച്ച് എന്താണെന്ന് വിശദമാക്കുന്ന പഠനക്ലാസ്സുകൾ പോലുള്ള പംക്തികളും തുടങ്ങും. കൂട്ടത്തിൽ ആ ഭാഗങ്ങളുടെ ചിത്രങ്ങളും ഉണ്ടാകും. കാരണം ആത്യന്തികമായി സെക്‌സിനെ ഉള്ളടക്കത്തിലേക്ക് ഏതെങ്കിലും രീതിയിൽ ഉൾപ്പെടുത്തി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. ജന്മമെടുത്ത നാൾ മുതൽ ഇന്നുവരെ വനിതാപ്രസിദ്ധീകരണങ്ങൾ ലിംഗങ്ങളെ ചുറ്റിപ്പററിയുളള ശാസ്ത്രീയവും ആരോഗ്യകരവുമായ ചർച്ചകളും പംക്തികളും തുടരുന്നതുപോലെ.

 

നിവിൻ പോളി വീഡിയോയിൽ കുഞ്ഞുങ്ങളോട് ചോദിക്കുന്നു, നിങ്ങൾക്കെന്നെ അറിയാമോ എന്ന്‍. അത്രയ്ക്ക് കുഞ്ഞുങ്ങളാണ്. പിന്നെ ഇഷ്ടമാണോ എന്ന്, ഞാൻ പറഞ്ഞാൽ കേൾക്കുമോ എന്നൊക്കെ. അപ്പോൾ കുട്ടികൾ പറയുന്നു, നല്ലതാണെങ്കിൽ കേൾക്കും. നോക്കൂ, കയ്യും കാലും നേരാം വണ്ണം ഉറച്ചിട്ടില്ലാത്ത കുട്ടികളാണ് പറയുന്നത് നല്ലതാണെങ്കിൽ കേൾക്കുമെന്ന്. തൊണ്ണൂറ്റിമൂന്നു വയസ്സായ, കേരളത്തിൽ ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും കൂടുതൽ വൈവിദ്ധ്യകരമായ അനുഭവസമ്പത്തുള്ള മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനു പോലും നല്ലതും മോശമായതും തിരിച്ചറിയാൻ പറ്റാത്തതിന്റെ പേരിൽ ഇപ്പോഴും പാർട്ടിയിൽ നിന്ന് ശാസന കേട്ടുകൊണ്ടിരിക്കുന്നു. അപ്പോൾ ഈ കുഞ്ഞുങ്ങൾ എങ്ങനെ നല്ലതും ചീത്തയും തിരിച്ചറിയും. തങ്ങൾക്ക് പ്രിയങ്കരനായ നിവിൻ പോളിച്ചേട്ടന്‍ തങ്ങളോട് ചീത്ത കാര്യം പറയുമെന്ന് ഈ പിഞ്ചു കുഞ്ഞുങ്ങൾ കരുതുമോ. അവർക്ക് അവരുടെ ശരീരഭാഗങ്ങളിൽ ഇതുവരെ നാണം വന്നു തുടങ്ങാത്ത പ്രായം. ഒരു ചിത്രം ഉയർത്തിക്കാണിച്ച് ഏതൊക്കെയാണ് സ്വകാര്യ ഭാഗങ്ങൾ എന്ന് നിവിൻപോളി കാണിച്ചുകൊടുക്കുന്നു.

 

സ്വകാര്യ ഭാഗങ്ങൾ ഏതെന്നു പോലും സ്വയം അറിയാൻ പ്രായമായിട്ടില്ലാത്ത  കുരുന്നുകളുടെ മനസ്സിലേക്ക് ഭീതിയുടെ ചിത്രങ്ങളും സന്ദേശങ്ങളും അയൽക്കാരന്റെ പറമ്പിലേക്കോ നിരത്തിലേക്കോ മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെയാണ് കടത്തിവിടുന്നത്. മാധ്യമങ്ങളിലൂടെ സൃഷ്ടമായ അന്തരീക്ഷം ഇപ്പോൾ തന്നെ മുതിർന്നവരെ പോലും സംശയരോഗികളും മാനസിക രോഗാവസ്ഥയിലുമെത്തിച്ചിരിക്കുകയാണ്. ഒരു കോളേജ് പ്രൊഫസറായ അമ്മ തന്റെ പതിനെട്ടു വയസ്സായ മകളെ മുത്തച്ഛൻ മാത്രമുള്ളതിനാൽ വീട്ടിൽ നിർത്താൻ ഭയന്നിട്ട് സുഹൃത്തിന്റെ വീട്ടിലെത്തിച്ചിട്ട് കേളേജിൽ പോകുന്നു. നാളിതുവരെ മുത്തച്ഛന്റെ ഭാഗത്തു നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ല. എങ്കിലും മുൻകരുതൽ എന്ന നിലയ്ക്കാണത്രെ അവരങ്ങനെ ചെയ്തത്.

    

നിവിൻ പോളി കുഞ്ഞുങ്ങളോട് ചോദിക്കുന്നു ഡേഞ്ചർ എന്നാൽ എന്താണെന്നറിയാമോ എന്ന്. അതിന്റെ അർഥം തന്നെ എല്ലാ കുട്ടികൾക്കും തിട്ടമില്ല. അദ്ദേഹം പറയുന്നു അപകടം. അപകടം വരുന്ന വഴി. റോഡപകടങ്ങൾ അങ്ങനെ. അതിൽ നിന്ന് രക്ഷപ്പെടാൻ ഹെൽമറ്റും സീറ്റ് ബൽട്ടും ധരിക്കുന്നു. അതുപോലെ നമ്മുടെ ബോഡിയും രക്ഷിക്കാൻ ചില സേഫ്ടി മെഷേഴ്‌സ് പാലിക്കണമത്രെ. എന്നിട്ടാണ് അദ്ദേഹം സ്വകാര്യ ഭാഗം ഏതൊക്കെയാണെന്നുള്ള ചിത്രം കാണിക്കുന്നത്. അഞ്ചു പേരെ മാത്രം വിശ്വസിക്കുക. അച്ഛനമ്മമാർ, മുത്തച്ഛൻ, മുത്തശ്ശി, ടീച്ചർ. ഗുഡ് ടച്ച് നടത്താവുന്നവർ ആരൊക്കെ. ബാഡ് ടച്ച് നടത്തിയാൽ ആദ്യം നോ എന്നലറുക. പിന്നെ ഗോ എവേ, ഓടിപ്പോവുക. അതും കഴിഞ്ഞ് ടെൽ. ആ അഞ്ചു പേരിൽ ആരോടെങ്കിലും പറയുക. ഇങ്ങനെയാണ് വീഡിയോ മുന്നോട്ടുപോകുന്നത്.

 

സ്വന്തം വീട്ടിൽ തന്നെ വ്യക്തികൾ പരസ്പര വിശ്വാസമില്ലാതെ ജീവിക്കുന്ന വർത്തമാനകാലത്തിൽ കുഞ്ഞു മനസ്സുകളിൽ കൊടിയ വിഷം കോരിയിടുന്നതാണ് നിവിൻ പോളിയുടെ ഈ വീഡിയോ. നിവിൻ പോളി തന്നെ രണ്ടു മിനിട്ട് ആലോചിച്ചാൽ മനസ്സിലാകുന്നതേ ഉള്ളൂ ഇത്. അല്ലാതെ വലിയ പഠനത്തിന്റെ ആവശ്യമില്ല. കേരളത്തിലെ പൊതു മാനസിക നില അധ:പതിച്ചതിന്റെ ഉദാഹരണമാണ് ഒരു റോബിനച്ചൻ എന്ന പാതിരിയിൽ നിന്ന് കുട്ടിയുണ്ടായ പെൺകുട്ടിയെക്കൊണ്ട് തന്റെ അച്ഛനിൽ നിന്നാണ് ഗർഭമുണ്ടായതെന്ന് പറയിപ്പിക്കാൻ തോന്നിയത്. കാരണം ചാനലുകളിൽ അച്ഛനാൽ മാനഭംഗപ്പെടുന്ന പെൺകുട്ടികളുടെ വാർത്ത പതിവായി കേട്ടതിൽ നിന്നുണ്ടാകുന്ന, മാറുന്ന മാനസിക നിലയാണത്. മൂന്നരക്കോടിയോടടുത്ത് ജനസംഖ്യയുളള കേരളത്തിൽ വളരെ നേരിയ കുറ്റകൃത്യമാണത്. എന്നാൽ അതിനെ മാധ്യമങ്ങൾ സാമാന്യവത്ക്കരിച്ച് പൊതുസംഭവം പോലെയാക്കുന്നതിന്റെ ഫലമാണത്.

 

ഗുഡും ബാഡും അറിയാത്ത കുട്ടികൾ സ്വന്തം ശരീരത്തെ കുറിച്ച് എന്തായിരിക്കും ധരിക്കുക. അവരുടെ ശരീരവും, ബൈക്കും കാറും പോലുള്ളതാണെന്ന് അവർ ധരിച്ചാൽ എങ്ങനെ കുറ്റം പറയാൻ കഴിയും. വെറും ശരീരം മാത്രമാണ് മനുഷ്യൻ എന്നുള്ള ബോധം മനുഷ്യമനസ്സിൽ അടിച്ചുറപ്പിക്കുന്നതിലാണ് നിക്ഷിപ്ത താൽപ്പര്യ വിപണി പിടിച്ചു നിൽക്കുന്നതും തഴയ്ക്കുന്നതും. അതിൽ ഏറ്റവും പ്രധാനമാണ് വിവിധങ്ങളായ പേടി വ്യക്തിയുടെയും സമൂഹത്തിന്റെയും മനസ്സിൽ രൂഢമൂലമാക്കിക്കൊണ്ടിരിക്കുക എന്നത്. അതു വേണ്ടുവോളം മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളും നേതാക്കളും ചെയ്യുന്നുണ്ട്. ജനായത്തത്തിൽ പേടി വേരോടിയാൽ അത് ഏത് ഏകാധിപത്യത്തേക്കാളും ദുഷിച്ചതാവുകയും ചെയ്യും. ഈ കുഞ്ഞുങ്ങൾ ഏതാനും നാൾ കഴിയുമ്പോൾ അവരുടെ ശാരീരിക വളർച്ചയെക്കുറിച്ച് അറിഞ്ഞു തുടങ്ങും. അതവരുടെ ജീവിതത്തിലെ ആദ്യാനുഭവങ്ങളായിരിക്കും. ആ ബോധമുണ്ടാകുന്നതിനു മുൻപു തന്നെ എവിടേയ്‌ക്കെങ്കിലും തിരിയുമ്പോൾ തന്റെ ശരീരിത്തിൽ സംഭവിക്കുന്ന തൊടീലുകൾ ഗുഡ് ആണോ ബാഡാണോ എന്നു നോക്കി നടക്കുന്ന കുട്ടികൾ കൗമാരത്തിലേക്കു പ്രവേശിക്കുമ്പോൾ അവരിലുണ്ടാകുന്ന മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ഇനി കാണേണ്ടിയിരിക്കുന്നു.

 

ചിരിയും പാട്ടും കളിയുമൊക്കെയായി ചുറ്റുപാടിലും വിശ്വാസത്തോടും ആത്മവിശ്വാസത്തോടും സാമൂഹിക ജീവിയായി പരിണമിക്കേണ്ട കുഞ്ഞുങ്ങളിലാണ് ഈ ഉഗ്രഭീതിയുടെ വിത്തുകൾ ബോധപൂർവ്വം പാകുന്നത്. രോഗം വന്നാൽ ചികിത്സ ചെയ്ത് ഭേദമാക്കണം. എന്നു കരുതി ആരോഗ്യത്തിനായി മരുന്നു കഴിക്കുകയല്ല വേണ്ടത്. ശരീരത്തിന്‍റെ രക്ഷയ്ക്ക് പോഷകമുള്ള ആഹാരം രുചികരമായി കഴിച്ച് ചിരിച്ച് രസിച്ചു ജീവിക്കുകയാണ് വേണ്ടത്. നിവിൻ പോളി ചെയ്യുന്നത് വരാവുന്ന രോഗത്തെ കാട്ടി പേടിപ്പിച്ച് എങ്ങനെ ചികിത്സിച്ച് ശരീരത്തെ രക്ഷിക്കാമെന്നാണ്. 

 

ശരീരഭാഗങ്ങളും രതിയുമൊക്കെ പാപമാണെന്ന്‍ അറിഞ്ഞോ അറിയാതെയോ വിശ്വാസം മൂടി നിൽക്കുന്ന സമൂഹമാണ് നമ്മുടേത്. അതിന്റെ മുകളിലാണ് നിവിൻ  പോളിയുടെ ചിത്രം കാണിച്ച് കുട്ടികളിലുള്ള ബോധവൽക്കരണവും. മുതിർന്ന വ്യക്തിയോട് മൂക്കോ കണ്ണോ സ്വകാര്യ ഭാഗമാണ് എന്ന് പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടിനോട് സമമായിരിക്കും നിവിൻപോളി കാണിക്കുന്ന ചിത്രം നോക്കി അദ്ദേഹം പറയുന്നതനുസരിക്കാൻ. വീട്ടിലുള്ളവരെയും പുറത്തുള്ളവരെയും വിശ്വാസമില്ലാത്ത, എല്ലാവരെയും പേടിക്കുന്ന ഒരു തലമുറയെ വളർത്തിയെടുക്കുന്നതിന് പര്യാപ്തമാണ് നിവിൻ പോളിയുടെ ഈ വീഡിയോ.

 

കഴിഞ്ഞ ഏപ്രിൽ ഏഴു മുതൽ കേരളത്തിലെ മാനസികാരോഗ്യ നില കണ്ടെത്താനുള്ള ശ്രമം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി തുടങ്ങിയിട്ടുണ്ട്. അതിന്റെ കൂട്ടത്തിൽ അഞ്ചോ എട്ടോ വർഷം കഴിയുമ്പോൾ പാരനോയിഡ് ആയ അഥവാ താൻ ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന മാനസികാവസ്ഥയുള്ള ഒരു തലമുറയെ ബോധപൂർവ്വം വളർത്തിയെടുക്കാനുള്ള ബോധപൂർവ്വമായ നിക്ഷിപ്ത താൽപ്പര്യ വിപണിയുടെ ശ്രമമാണിത്. കുട്ടികളുടെ അവകാശത്തിനായുളള കമ്മീഷന് പോലും നിക്ഷിപ്ത താൽപ്പര്യ വിപണിയുടെ താൽപ്പര്യമാണെന്ന് ആലോചിച്ചു നോക്കിയാൽ മനസ്സിലാകും. രാഷ്ട്രീയം ജീർണ്ണിക്കുന്നതിനു വേണ്ടി ആദ്യം ചെയ്യാനുള്ളതു ചെയ്യും. പിന്നീട് ആ ജീർണ്ണതയെ ചോദ്യം ചെയ്യുന്ന ആക്ടിവിസ്റ്റുകളെ സൃഷ്ടിക്കും. അവരിലൂടെ യുക്തിയുടെയും ശാസ്ത്രത്തിന്റെയും ഭാഷ സംസാരിക്കും. മാധ്യമങ്ങൾ അവ ഏറ്റുപിടിക്കും. പിന്നെ എന്തും സംഭാവ്യം. ഈ ദൂഷിത വലയത്തെ പെട്ടന്ന് ഇല്ലാതാക്കുക എളപ്പമല്ല. എല്ലാ തിന്മകളുടെയും ഉറവിടം പേടിയാണെന്ന് ഒന്നുകൂടി ഓർക്കാം.

 

കുറഞ്ഞ പക്ഷം കൊച്ചു കുഞ്ഞുങ്ങളുള്ള രക്ഷിതാക്കൾ നിവിൻ പോളിയുടെ ഈ വീഡിയോ ഷെയർ ചെയ്യാതിരിക്കുക. ചാനലുകളിലൂടെയും തീയറ്ററുകളിലൂടെയും വരാതിരിക്കട്ടെ എന്ന് ആശിക്കാം. ഇതു കുട്ടികളെ ഉദ്ദേശിച്ചാണെങ്കിലും മുതിർന്നവരെയാണ് ലക്ഷ്യം വയ്ക്കുന്നത്. തങ്ങളുടെ കുട്ടികളിൽ അകാരണമായ ആകാംക്ഷയുണ്ടാക്കി മനോരോഗികളും പിന്നീട് നിക്ഷിപ്ത താൽപ്പര്യ വിപണിയുടെ നിർദ്ദിഷ്ട മരുന്നുകളുടെയും ഉത്പ്പന്നങ്ങളുടെയും വരിക്കാരാക്കുകായാണ്  ലക്ഷ്യം. ഉദ്യോഗസ്ഥകളായ യുവതികളായ അമ്മമാർ എങ്ങനെ കുട്ടികളെ (ആൺകുട്ടിയായാലും പെൺകുട്ടിയായാലും) ക്രഷുകളിലും വീട്ടിലുമാക്കിയിട്ട് സ്വസ്ഥതയോടെ ജോലിക്കു പോകും. പീഡോഫീലിയ! അവിടെച്ചെന്നാലും അവർക്ക് സമാധാനമുണ്ടാകില്ല. അതോടൊപ്പം ജോലിയുടെ സമ്മർദ്ദം. അതിനെല്ലാമുപരി അവരുടെ ഭാഗത്തേക്ക് ആരെങ്കിലും മോശമായി വരുന്നോ എന്നു നോക്കണം. വീട്ടിലെത്താൻ സമ്മർദ്ദം. വീട്ടിലെത്തിയാലും സമ്മർദ്ദം. ഇങ്ങനെ പൊതുവേ സ്ത്രീകളെ അതിസമ്മർദ്ദത്തിലാക്കി സാമൂഹികമായ സങ്കീർണ്ണതകളുണ്ടാകുമ്പോൾ അതിനുള്ള പരിഹാരമായി നിക്ഷിപ്ത താൽപ്പര്യ വിപണി രംഗപ്രവേശം ചെയ്യും. കാരണം എന്തിനും അവർക്ക് പരിഹാരമുണ്ട്. ഇതുമൂലം തകരുന്നത് വ്യക്തിയും കുടുംബവും സമൂഹവുമായിരിക്കും. നിക്ഷിപ്ത താൽപ്പര്യ വിപണിയുടെ കൊയ്ത്തവിടെയാണ്. പാവം നിവിൻ പോളി ഇവിടെ കബളിക്കപ്പെട്ടിരിക്കുന്നു. നിവിൻ പോളി തന്നെ ഈ വീഡിയോ തുറന്ന മനസ്സോടെ ഒന്നുകൂടി കണ്ടു നോക്കുന്നത് നന്നായിരിക്കും.

Tags: