യെദിയൂരപ്പക്കിത് കോണ്‍ഗ്രസിന്റെ സമ്മാനം

Glint Desk
Mon, 09-12-2019 07:15:45 PM ;

കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഒന്നാം മോദി സര്‍ക്കാരിനെ താഴെയിറക്കുമെന്ന ഒരു പ്രതീതി ജനിപ്പിച്ചിരുന്നു. ആ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് താന്‍ പ്രധാനമന്ത്രി ആയിക്കോളാമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ബി.ജെ.പി സര്‍ക്കാരിനെതിരെ രാജ്യത്ത് രൂപം കൊള്ളേണ്ട ഒരു പ്രതിപക്ഷ ഐക്യവും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോട്ട് വച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റക്കക്ഷി എന്നതിന്റെ പേരില്‍ സര്‍ക്കാര്‍ രൂപീകരിച്ച യെദിയൂരപ്പയെ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം താഴെ ഇറക്കിയത് ആ പ്രതീക്ഷയ്ക്ക് ശക്തി പകരുകയും ചെയ്തിരുന്നു. എന്നാല്‍ ചരിത്രം കുറിച്ചുകൊണ്ട് നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തി. പ്രതിപക്ഷത്തിന്റെ കപ്പിത്താന്‍ രാഹുല്‍ ഗാന്ധി ആത്മവിശ്വാസം നഷ്ടപ്പെട്ട് കപ്പലുപേക്ഷിച്ച് പോയി. 

ഇപ്പോള്‍ കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 15ല്‍ 12 സീറ്റും ബി.ജെ.പി പിടിച്ചു. കൂറുമാറ്റത്തെ തുടര്‍ന്ന് എം.എല്‍.എമാര്‍ അയോഗ്യരാക്കപ്പെട്ടതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആ 15 സീറ്റില്‍ 12 സീറ്റ് കോണ്‍ഗ്രസിന്റേതും മൂന്ന് സീറ്റ് ജെ.ഡി.എസിന്റെതുമായിരുന്നു. ഇതോടെ ബി.ജെ.പി 222 അംഗ നിയമസഭയില്‍ 118 സീറ്റ് നേടി വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു. 

ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ രാഹുല്‍ഗാന്ധി യെദിയൂരപ്പയ്ക്ക് സമ്മാനിച്ച സമ്മാനം.
രണ്ട് സീറ്റിലെങ്കിലും കോണ്‍ഗ്രസ് ഇന്നത്തെ സാഹചര്യത്തില്‍ ജയിച്ചു എന്ന് പറയുന്നത് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രാദേശിക സ്വാധീനം കൊണ്ടാകണം. കാരണം ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇന്ന് നേതൃത്വമില്ലാതെ അലയുന്ന ചിത്രമാണ് കാണുന്നത്. 2018 ല്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടതിനേക്കാള്‍ മോശമായ പ്രതിശ്ചായയുടെ പശ്ചാത്തലത്തിലാണ് ബി.ജെ.പി ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്.

മാന്ദ്യത്താല്‍ മരവിച്ചിരിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ, അതിന്റെ കാരണം ജനങ്ങള്‍ക്കുള്ള പേടിയാണെന്ന ബജാജ് ഗ്രൂപ്പ് ചെയര്‍മാന്‍ രാഹുല്‍ ബജാജിന്റെ തുറന്നു പറച്ചില്‍, ഉള്ളിയുടെ തീപിടിച്ച വില, തുടങ്ങി സാധാരണക്കാരന്റെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ മുന്നിലുള്ളപ്പോഴാണ് ബി.ജെ.പി ഈ ഉപതിരഞ്ഞെടുപ്പില്‍ വമ്പിച്ച നേട്ടം കൊയ്തിരിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് പ്രതിപക്ഷ സാന്നിധ്യത്തിന്റെ പൂര്‍ണമായ അഭാവമാണ്. 

ഒറ്റപ്പെട്ട ബുദ്ധിജീവികളുടെയും ചില ചാനല്‍ പാനലംഗങ്ങളുടെയും വിമത സ്വരവും ഒഴിച്ചു നിര്‍ത്തിയാല്‍  പ്രതിപക്ഷ സ്വരം തന്നെ ഇല്ലാതായിരിക്കുന്ന അവസ്ഥ. ദേശീയ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാല പരിഛേദവും കൂടി ഈ ഉപതിരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നുണ്ട്. ഇവിടെ 15 ല്‍ 12 സീറ്റും ബി.ജെ.പി ജയിക്കാന്‍ കാരണമായത് യെദിയൂരപ്പ സര്‍ക്കാരിന്റെയോ ബി.ജെ.പിയുടെയോ ഒട്ടും മേന്മകൊണ്ടല്ല എന്നുള്ളതാണ് തിരിച്ചറിയേണ്ട വസ്തുത. അഴിമതിയുടെ കാര്യത്തില്‍ പോലും കുപ്രസിദ്ധി ആര്‍ജിച്ച വ്യക്തിയാണ് യെദ്യൂരപ്പ. ഇത്തരത്തില്‍ എല്ലാ രീതിയിലും പ്രതികൂല സാഹചര്യമുണ്ടായിട്ടും ബി.ജെ.പി വിജയം കൊയ്യുന്നു എന്നത് കാണുമ്പോഴാണ് ആശങ്ക ഉയരുന്നത്. പ്രതികരണ ശേഷി നശിച്ച് അരാജകത്വത്തിന് ഫലഭൂഷ്ടമായ വിധത്തിലേക്ക് ഇന്ത്യന്‍ സാഹചര്യം മാറുന്നു എന്നതിന്റെ സൂചന. അതില്‍ ഭരണകക്ഷിയേക്കാള്‍ ഉത്തരവാദിത്വം പ്രതിപക്ഷത്തിനാണെന്നുള്ളത് വിസ്മരിക്കാനാവില്ല.

Tags: