പ്രതാപ് പോത്തനും അച്ഛന്‍ നിര്‍വചനവും

Sun, 07-07-2013 03:00:00 PM ;

2012 ഡിസംബറില്‍ നടന്ന ഒരു ദീര്‍ഘ അഭിമുഖം. അതിഥി ചലച്ചിത്രനടനും സംവിധായകനുമൊക്കെയായ പ്രതാപ് പോത്തന്‍. എണ്‍പതുകളില്‍ താരമായി വന്ന്‍ പിന്നെ മൂന്നു ദശാബ്ദങ്ങള്‍ക്കുശേഷം വീണ്ടും മലയാളത്തിലേക്ക് സ്വീകാര്യതയോടെ വന്നതിന്റെ പശ്ചാത്തലത്തിലാണ് അഭിമുഖം നടക്കുന്നത്. ഒരു വ്യക്തി അഭിമുഖത്തില്‍ അതിഥിയാകാന്‍ യോഗ്യത നേടുന്നത് ആ വ്യക്തിയുടെ പ്രത്യേകത കൊണ്ടാണ്. തന്റെ ജീവിതത്തിലൂടെ സൃഷ്ടിച്ച പ്രത്യേകത. ഏത് നടനും ഒരു പ്രത്യേകതയുണ്ടാവും. ആ പ്രത്യേകതയെ - ഒരു പക്ഷേ ആ നടനു തന്നെ അതറിയണമെന്നില്ല - പ്രത്യക്ഷമാക്കുകയാണ് അഭിമുഖത്തിന്റെ ധര്‍മം. ആ വ്യക്തിയോടുള്ള വ്യക്തിപരമായ ചോദ്യങ്ങള്‍പോലും ആ ഉദ്ദേശ്യത്തിലേക്കു നയിക്കുന്നതാകണം. അല്ലെങ്കില്‍ മറ്റൊരു വ്യക്തിയുടെ ജീവിതത്തിലേക്കു ഒളിഞ്ഞുനോക്കാനുള്ള ശരാശരി മനുഷ്യരില്‍ നല്ലൊരു ശതമാനത്തിനുമുള്ള ആകാംക്ഷയെ തൃപ്തിപ്പെടുത്തുന്നതായി ആ അഭിമുഖം മാറും. മാധ്യമത്തിന്റെ ആധികാരികസ്വഭാവത്താല്‍ അത്തരം ഒളിഞ്ഞുനോട്ടത്തെ അറിയുന്നതും അറിഞ്ഞത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതും മാന്യമാണെന്ന ധാരണ കാണികളില്‍ ഉണ്ടാവും. ഇത് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ വൈകല്യമാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു.

 

പ്രതാപ് പോത്തന്‍ എന്തുകൊണ്ട് മൂന്നു ദശാബ്ദം മലയാളസിനിമയില്‍ നിന്ന്‍ മാറിനില്‍ക്കാനിടയായി എന്നതിലായിരുന്നു അഭിമുഖത്തിന്റെ ആദ്യ പകുതിയിലെ ഊന്നല്‍. എന്നാല്‍ അദ്ദേഹം ഉടനീളം പറയുന്നു, താന്‍ ഒന്നിനേയും വിലയിരുത്തുന്നില്ല. വരുന്നത് അതേപടി സ്വീകരിച്ച് സന്തോഷവാനായി ജീവിക്കുന്നു എന്ന്‍. ആ വശത്തിലാണ് അദ്ദേഹം വ്യത്യസ്തമായ ജീവിതം നയിക്കുന്നത്. ആ അഭിമുഖം പുരോഗമിച്ചപ്പോള്‍ വീണ്ടും വ്യക്തിപരമായ തലങ്ങളിലേക്ക് നന്നായി വഴുതിവീണു. അതും ആകാമായിരുന്നു, ആ നടനെ സൃഷ്ടിച്ച വ്യക്തിയിലേക്ക് ചോദ്യങ്ങളും ഉത്തരങ്ങളും നീങ്ങിയിരുന്നുവെങ്കില്‍. അവിടെ ഒരു വ്യക്തിയുടെ തികച്ചും വ്യക്തിപരമായ അംശങ്ങള്‍ ഒളിഞ്ഞുനോട്ടതൃഷ്ണാശമനത്തില്‍ നിന്ന്‍ ഒരു ജീവിതപുസ്തകവായനയിലേക്ക് ഉയരും. അത് കാഴ്ചക്കാരനെ സംബന്ധിച്ചിടത്തോളം അനുഭവമായി മാറും. ഒളിഞ്ഞുനോട്ടതൃഷ്ണാശമനചോദ്യങ്ങളേക്കാള്‍ ആസ്വാദ്യകരവും ആഴത്തിലുള്ളതുമായിരിക്കും ആ വഴിക്കു നീളുന്ന സംഭാഷണങ്ങള്‍. അത്തരത്തിലൊരു സംഭാഷണത്തിലേക്കു പോകാന്‍ പറ്റുമായിരുന്ന ഒരതിഥിയായിരുന്നു പ്രതാപ് പോത്തന്‍. എന്നാല്‍ അഭിമുഖക്കാരന്‍ തെറ്റിയോ ഒഴിഞ്ഞോ മാറിക്കളഞ്ഞു.

 

നടനെ സൃഷ്ടിച്ച വ്യക്തിയിലേക്ക് ചോദ്യങ്ങളും ഉത്തരങ്ങളും നീങ്ങിയിരുന്നുവെങ്കില്‍ ഒരു വ്യക്തിയുടെ തികച്ചും വ്യക്തിപരമായ അംശങ്ങള്‍ ഒളിഞ്ഞുനോട്ടതൃഷ്ണാശമനത്തില്‍ നിന്ന്‍ ഒരു ജീവിതപുസ്തകവായനയിലേക്ക് ഉയരും.

 

ഈ മൂന്നു ദശാബ്ദങ്ങള്‍ക്കുള്ളില്‍ പ്രതാപ് പോത്തന്‍ രണ്ടുതവണ വിവാഹിതനായി. രണ്ടാമത്തെ വിവാഹത്തില്‍ ഒരു മകളുണ്ട്. വിവാഹബന്ധങ്ങള്‍ പരാജയപ്പെട്ടിട്ടും ഇതുവരെയുള്ള ജീവിതത്തിലേക്കു നോക്കുമ്പോള്‍ താന്‍ സന്തോഷവാനാണ് എന്നുള്ള പ്രസ്താവനയോട് അഭിമുഖക്കാരന് യോജിക്കാന്‍ കഴിയുന്നില്ല. വളരെ തുറന്നാണ് അക്കാര്യങ്ങളൊക്കെ പോത്തന്‍ സംസാരിച്ചത്. അതോടൊപ്പം താരപരിവേഷത്തിലൊന്നും താന്‍ വിശ്വസിക്കുന്നില്ലെന്നും അതിനുള്ള കാരണങ്ങള്‍ നിരത്തിയതുമൊക്കെ കാണികളുടെ വ്യക്തിത്വത്തിന്‍റെ വികസനത്തിന് സഹായകമാകുന്ന വിധത്തിലുള്ളതായിരുന്നു. ഏതൊരു പ്രൊഫഷനും ചെയ്യുന്നതുപോലെ മാത്രമേ ഒരു നടനേയും കാണേണ്ടതുള്ളു. കഥാപാത്രങ്ങളുമായി ചേര്‍ത്ത് വച്ച് അഭിനേതാക്കളെ കാണുന്നതിലെ അപാകതകളേയും അപകടങ്ങളേയും കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ ആ ദിശയില്‍ അഭിമുഖക്കാരന്‍ ആ സംഭാഷണത്തെ കൊണ്ടുപോയില്ല.

 

ഇതൊക്കെയാണെങ്കിലും ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ഒരു നല്ല ഭര്‍ത്താവ്, ഒരു നല്ല അച്ഛന്‍ ആകാതായിപ്പോയതില്‍ വിഷമം തോന്നുന്നുണ്ടോ എന്നായി അഭിമുഖക്കാരന്റെ ചോദ്യം. അവിടെ അതിഥി അഭിമുഖക്കാരനോട് ചോദ്യങ്ങള്‍ ചോദിക്കുന്ന അപൂര്‍വമായ കാഴ്ച കണ്ടു. സാധാരണ അഭിമുഖക്കാരന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞ് രക്ഷപ്പെടുക എന്നതാണ് പതിവ് സംഭാഷണങ്ങളുടെ രീതി. പൊതുധാരണയും അങ്ങനെതന്നെ. അതില്‍ നിന്നും വ്യത്യസ്തമായി ശക്തമായ രീതിയില്‍ പ്രതാപ് പോത്തന്‍ അഭിമുഖക്കാരനോട് ചോദിച്ചു, എന്താണ് ഒരു നല്ല ഭര്‍ത്താവിന്റെ നിര്‍വചനം? എന്താണ് ഒരു നല്ല അച്ഛന്റെ നിര്‍വചനം? പലകുറി പ്രതാപ് പോത്തന്‍ ഈ ചോദ്യം ആവര്‍ത്തിച്ചു. പക്ഷേ അഭിമുഖക്കാരന്‍ മൗനം പാലിച്ചു. ഒടുവില്‍ ഉത്തരം കിട്ടില്ല എന്നുറപ്പായപ്പോള്‍ അദ്ദേഹം തന്നെ തന്റെ അനുഭവത്തില്‍ നിന്ന്‍ ഉത്തരം നല്‍കി. അത് വളരെ ആര്‍ജവമുളളതും ചിന്തനീയവുമായിരുന്നു. അതില്‍ ഒരു നല്ല അച്ഛന്‍ എന്നതിന് അദ്ദേഹം നല്‍കിയ നിര്‍വചനം ഇങ്ങനെയായിരുന്നു- നിങ്ങളുടെ മകന്‍ അല്ലെങ്കില്‍ മകളായി ജനിച്ചതുകൊണ്ട് ആ വ്യക്തിയുടെ മേല്‍ പ്രത്യേകിച്ച് അവകാശമൊന്നുമില്ല. വിശിഷ്ടമായ കഴിവുകളോടെയാണ് ഓരോരുത്തരും ജനിക്കുന്നത്. ഒരച്ഛനെന്ന നിലയില്‍ ആ കഴിവുകളെ വികസിപ്പിച്ച് സ്വയം വളരാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയെന്നതു മാത്രമാണ് അച്ഛന്റെ ഉത്തരവാദിത്വം. ഇതു പറഞ്ഞിട്ടും അദ്ദേഹം തന്റെ ചോദ്യങ്ങള്‍ അഭിമുഖക്കാരനോട് ആരാഞ്ഞു. അദ്ദേഹത്തിനു മറുപടിയുണ്ടായില്ല. മറുചോദ്യങ്ങള്‍ക്കു മറുപടി പറയാനും കെല്‍പ്പുള്ളവരായിരിക്കണം ജനമനസ്സുകളുമായി സംവദിക്കാന്‍ എത്തുന്നവര്‍.

 

ഇവിടെ സംഭവിച്ചത് അഭിമുഖക്കാരന്റെ മാനദണ്ഡം ഉപയോഗിച്ചുകൊണ്ട് അതിഥിയെ അളക്കാന്‍ ശ്രമിച്ചു. തനിക്ക് അറിയാന്‍ താല്‍പ്പര്യമുള്ള കാര്യങ്ങള്‍ പ്രേക്ഷകര്‍ക്കും ഉണ്ടാകുമെന്ന്‍ അദ്ദേഹം ഉറപ്പിക്കുന്നു. അത് കുറേ കഴിയുമ്പോള്‍ മാനദണ്ഡമാകുന്നു. അസ്വാഭാവികതകള്‍ ഒന്നും കാണാതെയും വരുന്നു. ഇങ്ങനെ സാമൂഹികമായ സ്വഭാവരൂപീകരണം നടക്കുകയും അതേ സാമൂഹിക സ്വഭാവത്തിന്റെ സ്വാധീനം മാധ്യമപ്രവര്‍ത്തകനേയും ബാധിക്കുന്ന ദൂഷിതവലയം സൃഷ്ടിക്കപ്പെടുന്നു. പ്രതാപ് പോത്തന്‍ ചോദിച്ച ചോദ്യങ്ങള്‍ അനുനിമിഷം ഇത്തരം പരിപാടികള്‍ കണ്ടിരിക്കുമ്പോള്‍ പ്രേക്ഷകരില്‍ ഉണ്ടാവേണ്ടതാണ്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് അദ്ദേഹം ഇവിടെ ഈ ചോദ്യം ചോദിച്ചതും ഉത്തരം കിട്ടാതെ വന്നപ്പോള്‍ ഉത്തരം നല്‍കിയതും. ഒരോ പരിപാടി കാണുമ്പോഴും ഇത്തരം ചോദ്യങ്ങള്‍ ഉതിരാനുള്ള ജാഗ്രതയുള്ള മനസ്സുമായി വീക്ഷിക്കുകയാണെങ്കില്‍ ആരോഗ്യകരം. അല്ലാത്തപക്ഷം മാനസികവും ശാരീരികവുമായ അനാരോഗ്യാവസ്ഥകളിലേക്ക് ആര്‍ക്കും വഴുതിവീഴാവുന്നതേയുള്ളു.

Tags: