റിട്ടയേഡ് വീട്ടമ്മയുടെ വിദേശഭാഷാപ്രേമം

Glint Guru
Wed, 06-08-2014 02:22:00 PM ;

 

ധനിക. സുന്ദരി. ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യ. രണ്ട് മക്കൾ. ഇരുവരും യൗവനത്തിലേക്ക് പ്രവേശിച്ചു. അവരവരുടെ മേഖലകളിൽ വ്യാപൃതരാകാൻ തയ്യാറെടുക്കുന്നു. ഈ സുന്ദരിയോട് യൗവനം വിടപറയാതെ നിൽക്കുന്നു, ബ്യൂട്ടിപാർലർ സഹായത്തോടെ. അത്യാവശ്യം വായിക്കുന്ന സ്വഭാവമുണ്ട്. എന്നാൽ എന്താണ് വായിക്കേണ്ടതെന്ന് ഒരു ഊഹവുമില്ല. എന്ത് കേട്ടാലും വായിക്കാൻ തോന്നും. പൈങ്കിളിസാഹിത്യത്തോട് തീരെ താൽപര്യമില്ലെന്നാണ് ഇവരുടെ സ്വയം നിഗമനം. എന്നിരുന്നാലും അത്യാവശ്യം പൈങ്കിളിത്തരമുള്ള ആത്മകഥകളും മറ്റും ആവേശത്തോടെ വായിക്കാറുണ്ട്. അത്യാധുനിക പെണ്ണെഴുത്ത്, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ എന്നിത്യാദി സംഗതികളോടൊന്നും തീരെ മമതയില്ല. ഭർത്താവാണെങ്കിൽ ഔദ്യോഗിക തിരക്കുകളിലും കൂടിയ ഉത്തരവാദിത്വങ്ങളിലും. ഈ വീട്ടമ്മയ്ക്കാണെങ്കിൽ സംഭാഷണം വളരെ പ്രിയം. താൻ പറയുന്നതു താനിഷ്ടപ്പെടുന്ന വിധം കേൾക്കാൻ തയ്യാറുള്ളവരെ വേണമെങ്കിൽ ശമ്പളത്തിൽ നിയമിക്കാൻ പോലും മടിക്കാത്തവർ. പക്ഷേ തന്നെ ആരും കേൾക്കാനില്ല എന്ന പരാതി അവർക്ക് നന്നായി ഉണ്ട്. വ്യവസ്ഥാപിത മത ചട്ടക്കൂടിനുള്ളിൽ നിൽക്കുകയാണെങ്കിലും ദൈവശാസ്ത്ര വിഷയങ്ങൾ വായിക്കാൻ താൽപ്പര്യമുണ്ട്. എന്നാൽ അങ്ങോട്ട് ആഴത്തിൽ വായിക്കാനുള്ള ധൈര്യക്കുറവുമുണ്ട്. മക്കൾ രണ്ടുപേരും അവരുടെ ലോകത്തിലേക്കു പോകുന്നു. ഇനിയെന്ത് എന്ന ചിന്ത അവരെ ആവലാതിപ്പെടുത്തുന്നു. അപ്പോഴാണ് പുതിയ ഏതെങ്കിലും ഭാഷ പഠിച്ചാലോ എന്ന ചിന്ത അവരെ പിടികൂടുന്നത്. ഏതു ഭാഷ തെരഞ്ഞെടുക്കണം എന്നതായി ചിന്ത. ഒടുവിൽ ജർമ്മൻ ഭാഷയിൽ ഉറപ്പിച്ചു. അവർക്ക് അൽപ്പം ആശ്വാസം. കാരണം പരിചയമില്ലാത്ത പുതിയ ഒരു ഭാഷയുടെ ലോകത്തിൽ തന്റെ സമീപകാല ഭാവിയെ ബന്ധിപ്പിച്ചിടാം.

 

അവർക്ക് ഭാവിയെ ഓർത്ത് വർത്തമാനത്തിൽ സമാധാനിക്കണം. അടിസ്ഥാന പ്രശ്നങ്ങളൊന്നും അവരെ അലട്ടാഞ്ഞിട്ടും അവർക്ക് ഭാവിയെക്കുറിച്ച് ഓർക്കുമ്പോൾ ഭയം. സമയത്തെ എങ്ങനെ കൈകാര്യം ചെയ്യണം? വർത്തമാനത്തിൽ ആസ്വാദനം നഷ്ടപ്പെടുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. വർത്തമാനത്തിൽ ഉള്ളതൊന്നും അവർക്ക് ആസ്വദിക്കാൻ കഴിയുന്നില്ല. വർത്തമാനം ആസ്വദിക്കാൻ കഴിയാത്തവർക്ക് ഒരിക്കലും ഭാവിയെ ആസ്വദിക്കാൻ കഴിയില്ല. കാരണം വർത്തമാനം മാത്രമേ ഉള്ളു. കഴിഞ്ഞ കാലത്തിന്റെ ഭാവിയാണ് ഇപ്പോൾ അവർ വ്യാകുലപ്പെടുന്ന വർത്തമാനം. അതവർക്ക് നഷ്ടമാകുന്നു. ജീവിതം ഓരോ നിമിഷവും നുണഞ്ഞ് ആസ്വദിക്കാനുള്ളതാണ്. പക്ഷേ അവർക്ക് അതിനു പറ്റുന്നില്ല. മറിച്ച് ജീവിതത്തെ അവർ പേടിക്കുന്നു. ‘ചിലരെപ്പോലെ എനിക്ക് സോഷ്യൽ വർക്കെന്നും പറഞ്ഞ് സമയം കൊല്ലാൻ താൽപ്പര്യമില്ല. എനിക്ക് അതിനോട് ഒരു ബെന്റില്ല. ആൾക്കാരെ സഹായിക്കുന്നതൊക്കെ ഇഷ്ടം തന്നെ. പക്ഷേ പലരും സോഷ്യൽ വർക്കെന്നും പറഞ്ഞ് രംഗപ്രവേശം ചെയ്യുന്നത് ആത്മാർഥമായിട്ടല്ല. അവരുടെ സമയം കൊല്ലാൻ വേണ്ടി കണ്ടെത്തുന്ന ഒരു വഴിയാണത്. എനിക്കതു താൽപ്പര്യമില്ല’- ഒരിക്കാൽ അവർ പറയുകയുണ്ടായി.

 

തനിക്ക് വ്യക്തത വരുന്നില്ല എന്ന് ഒരു വ്യക്തി മനസ്സിലാക്കുന്നു എങ്കിൽ ആ വ്യക്തിയുടെ ആശയക്കുഴപ്പം ആരോഗ്യകരവും സർഗാത്മകവുമാണ്. ആരോഗ്യകരമായ വ്യക്തതയില്ലായ്മ അഥവാ കലങ്ങിമറിച്ചിൽ, തെളിയാനുള്ളതിന്റെ തുടക്കമാണ്.

 

ഇവരുടെ താൽപ്പര്യം എന്താണെന്ന് അവർക്കുമറിയില്ല, അവരോട് അടുപ്പമുള്ളവർക്കുമറിയില്ല. അതേസമയം അവരുടെ മനസ്സ് എന്തിലെങ്കിലും സർഗാത്മകമായി വ്യാപിരിക്കണമെന്ന് വെമ്പുകയും ചെയ്യുന്നു. ജീവിതത്തിലെ ചില മൂല്യങ്ങളെ വിട്ടുകളയാനോ കുടുംബത്തിന്റെ നിലവിലുള്ള ഭദ്രതയ്ക്ക് നഷ്ടം വരുന്നതൊന്നും അവർക്ക് ചിന്തിക്കാൻ പോലും പറ്റില്ല. കളിയുടെ നിയമങ്ങളെക്കുറിച്ച് ധാരണയുള്ള ഒരാൾ കളിയറിയാതെ കളിക്കളത്തിൽ കളിക്കാൻ പെട്ട അവസ്ഥയിലാണവർ. വായനാശീലമുള്ള ഇവരുടെ വായനയുടെ താൽപ്പര്യം എന്തിലാണെന്നു കണ്ടെത്തുകയാണെങ്കിൽ അവരുടെ വഴി തെളിഞ്ഞുകിട്ടും. ആ വഴിയിലൂടെ അവർക്ക് സഞ്ചരിക്കാൻ കഴിയും. സഞ്ചാരം എപ്പോഴും ആസ്വാദ്യമാണ്. അത് പല സ്ഥലങ്ങളിലേക്കും കൊണ്ടെത്തിക്കും. പുതിയ കാഴ്ചകൾ കാണാം. ഒടുവിൽ അവർ എത്തേണ്ടിടത്ത് എത്തുകയും ചെയ്യും. എവിടെപ്പോകണമെന്നറിയാതെ കാണുന്ന റോഡുകളിലുടെ കുറച്ച് നടന്ന്, അതിനു ശേഷം മാറി മാറി വിവിധ റോഡുകളിലൂടെ നടക്കുന്ന അവസ്ഥയാണവർക്കിപ്പോൾ. വായനാശീലം അവർക്കുണ്ട്. ആ ശീലത്തില്‍ കുരങ്ങന്റെ സ്വഭാവം.

 

ഇങ്ങനെയുള്ള ഘട്ടങ്ങളിലാണ് പലരും പല ആത്മീയപുരുഷൻമാരുടെയും വനിതകളുടേയുമൊക്കെ മാസ്മരികവലയത്തിൽ വീണുപോവുക. അവരിലൂടെ വഴി കണ്ടെത്താൻ ശ്രമിക്കും. അവർ വഴിയാണെന്ന് തോന്നും. പലപ്പോഴും ഇങ്ങനെയുള്ളവരെ വഴിയാക്കി ലക്ഷ്യം നേടാൻ കപട ആത്മീയക്കച്ചവടക്കാർ ശ്രമിക്കും. വ്യക്തതയില്ലായ്മയാണ് ഇവിടെ ഈ സ്ത്രീയുടെ പ്രശ്നം. അതവർ മനസ്സിലാക്കിയാൽ തന്നെ വ്യക്തതയായി. കാരണം തനിക്ക് വ്യക്തത വരുന്നില്ല എന്ന് ഒരു വ്യക്തി മനസ്സിലാക്കുന്നു എങ്കിൽ ആ വ്യക്തിയുടെ ആശയക്കുഴപ്പം ആരോഗ്യകരവും സർഗാത്മകവുമാണ്. മറിച്ച് മറ്റെന്തെങ്കിലുമാണ് തനിക്ക് സന്തോഷം നൽകുന്നതെന്ന് ഉറച്ച് അതന്വേഷിച്ചു തിരിച്ചാൽ ആശയക്കുഴപ്പത്തിനൊപ്പം അപകടവും പിന്നെ അതു സൃഷ്ടിക്കുന്ന കൊടിയ ആശയക്കുഴപ്പവുമായിരിക്കും ഉണ്ടാവുക. ആരോഗ്യകരമായ വ്യക്തതയില്ലായ്മ അഥവാ കലങ്ങിമറിച്ചിൽ തെളിയാനുള്ളതിന്റെ തുടക്കമാണ്. കലങ്ങിയാൽ തെളിയും. ഏത് കലങ്ങലിന്റെയും തത്വമതാണ്. എന്നാൽ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടുതൽ കലക്കിക്കൊണ്ടിരുന്നാൽ എന്താണുണ്ടാവുക എന്ന് ഊഹിക്കാവുന്നതേ ഉള്ളു. ഈ സ്ത്രീക്ക് തനിക്ക് ഭാവിയിൽ ഒന്നും ചെയ്യാനില്ല എന്ന തോന്നൽ വല്ലാതെ ബാധിക്കുന്നു. ഒന്നും ചെയ്യാനില്ലാതെ വരുമ്പോഴുണ്ടാവുന്നത് തന്നെക്കുറിച്ചുള്ള മതിപ്പില്ലായ്മയും തുടർന്നുണ്ടാവുന്ന പ്രസക്തിയില്ലായ്മയുമാണ്. ബന്ധങ്ങളിലെ കാൽപ്പനികതയുടെ പ്രസക്തിയും ഇവിടെയാണ്. കാൽപ്പനികത യൗവനത്തിൽ മാത്രം കൊണ്ടാടാനുള്ളതല്ല. അങ്ങനെയുളള ചിന്തയുമാണ് പലരേയും പ്രായമേറുമ്പോൾ വിഷാദസമമായ അവസ്ഥയിലേക്ക് തള്ളിയിടുന്നത്. ജീവിതത്തെ കാൽപ്പനികമായി കാണാനും അനുഭവിക്കാനും കഴിഞ്ഞാൽ ഒരു നിമിഷം പോലും രുചികരമല്ലാതിരിക്കില്ല. രുചി വർത്തമാനത്തിൽ മാത്രം ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ്. അതറിയുന്നതുതന്നെയാണ് കാൽപ്പനികത. അല്ലാതെ പകൽസ്വപ്‌നം കണ്ട് മനോവ്യാപാരം നടത്തുന്നതല്ല. അത് ഒരു രോഗാവസ്ഥയുടെ അടുത്തേക്കു നീങ്ങുന്ന അവസ്ഥയാണ്.