ജാനമ്മ ഡേവിഡ് - മണ്ണിന്റെ മണമുള്ള ശബ്ദം

പി. കെ. ശ്രീനിവാസൻ
Tuesday, October 8, 2013 - 12:30pm
കോടമ്പാക്കം
മലയാള ചലച്ചിത്ര ലോകത്തിന്റെ കോടമ്പാക്കം കാലം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.കെ. ശ്രീനിവാസന്‍ അടയാളപ്പെടുത്തുന്നു. 

ചരിത്രങ്ങളും അവയുടെ സവിശേഷമായ സഞ്ചാരപഥങ്ങളും പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. ചിലപ്പോൾ സങ്കടപ്പെടുത്താറുമുണ്ട്. ചരിത്രത്തിന്റെ സുതാര്യമായ ചില നിമിഷങ്ങൾ നമ്മുടെ മനസ്സിൽ, സിരകളിൽ കനത്തുനിൽക്കുക സ്വാഭാവികം. എന്നെ സംബന്ധിച്ച് അത്തരത്തിലൊരു ചരിത്രനിമിഷമായിരുന്നു മുൻകാല ഗായിക ജാനമ്മ ഡേവിഡുമായുള്ള കൂടിക്കാഴ്ച. മദ്രാസിലെത്തിയിട്ട് ഏതാണ്ട് രണ്ടുവർഷം കഴിഞ്ഞുമാത്രമേ പത്രപ്രവർത്തകനെന്ന നിലയിൽ അവരെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞുള്ളൂ എന്ന കുറ്റബോധം എനിക്കുണ്ടായിരുന്നു. 1985 ൽ സെപ്തംബറിലെ ഒരു നരച്ച വൈകുന്നേരം. അന്നായിരുന്നു ഞാനവരെ ആദ്യമായി കാണുന്നത്. ആ സന്ദർശനത്തിനു എനിക്ക് തണലായിനിന്നത് ജാനമ്മ ഡേവിന്റെ സുഹൃത്തായ ചന്ദ്രാജിയായിരുന്നു. ഇ വി കൃഷ്ണപിള്ളയുടെ മൂത്തമകനായ അടൂർ രാമചന്ദ്രൻ നായർ എന്ന ചന്ദ്രാജി. അദ്ദേഹമായിരുന്നു അക്കാലത്ത് എന്റെ ചെന്നൈ നഗരത്തിലെ വഴികാട്ടി. സിനിമാക്കാരുമായി നല്ലബന്ധം വച്ചുപുലർത്തുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

കോടമ്പാക്കത്തെ ട്രസ്റ്റുപുരത്തുള്ള മൂന്നാമത്തെ ക്രോസ്‌സ്ട്രീറ്റിലെ രണ്ടാംനമ്പർ വീട്ടിലായിരുന്നു അന്ന് ജാനമ്മ ഡേവിഡ് താമസിച്ചിരുന്നത്. ആകാശവാണിയിൽനിന്ന് വിരമിച്ച ശേഷം സ്വന്തം നാടായ നാഗർകോവിലിലേക്കൊന്നും പോകാതെ രണ്ടു ആൺമക്കളുമായി മദ്രാസിൽത്തന്നെ കഴിച്ചുകൂട്ടുന്ന കാലമായിരുന്നു അത്. വെറുംനിലത്ത് കാലും നീട്ടിയിരുന്നാണ് അന്നവർ ഞങ്ങളോട് സംസാരിച്ചത്. താൻ ചരിത്രത്താളുകളിൽ കയറിക്കൂടിയ ഗായികയാണെന്ന ഭാവമൊന്നും അവർക്കില്ലായിരുന്നു. പഴയകാലങ്ങളിലേയ്ക്ക് അവർ കയറിപ്പോകുമ്പോൾ അത്ഭുതത്തോടെയാണ് ഞാൻ കാതോർത്തിരുന്നത്. 

 

ഞാൻ ഭൂമുഖത്ത് എത്താത്ത കാലത്താണ് ജാനമ്മ ഡേവിഡ് നീലക്കുയിലിലെ പാട്ടുകൾ പാടുന്നത്. എന്റെ അച്ഛൻ ഞങ്ങളുടെ ഗ്രാമത്തിൽ ആദ്യമായിക്കൊണ്ടുവന്ന ഗ്രാമഫോൺ പെട്ടിയിലൂടെയാണ് എന്റെ ബാല്യമനസ്സിലേക്ക് ജാനമ്മഡേവിഡ് കയറിപ്പോയത്. ഹിസ് മാസ്റ്റേഴ്‌സ് വോയിസിന്റെ പടമുള്ള കോളാമ്പിയിലൂടെ ആരോ ദിവ്യമായി പാടുമ്പോൾ അത് ജാനമ്മ ഡേവിഡ് ആയിരുന്നെന്നൊന്നും എനിക്കറിയില്ലായിരുന്നു. എന്റെ ഗ്രാമത്തിനുതന്നെ അത്ഭുതമായിരുന്നു ആദ്യമായെത്തിയ കോളാമ്പിപ്പെട്ടിയും അതിൽനിന്നുവന്ന ആ ഗാനങ്ങളും. നീലക്കുയിലിലെ 'എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ് നെഞ്ചിലെന്ന്.. കരിം കല്ലാണ്..', 'കുയിലിനെത്തേടി കുയിലിനെത്തേടി കുതിച്ചുപായും മാരാ…' എന്നീ ഗാനങ്ങൾ കറങ്ങിക്കൊണ്ടിരിക്കുന്ന കറുത്ത ഗ്രാമഫോൺ റെക്കോർഡിൽനിന്ന് സ്വർണനിറമുള്ള സൂചിയാണ് കോളാമ്പിയിലെത്തിക്കുന്നതെന്ന് ഞാൻ വിശ്വസിച്ചു. കുഞ്ഞുനാളിൽകേട്ട ആ ഗാനത്തിന്റെ ഉടമയാണ് എന്റെ മുന്നിലിരിക്കുന്നത്. എന്റെ വിശ്വാസങ്ങൾക്ക് തീപിടിക്കുകയാണ്. സത്യനും മിസ്‌ കുമാരിയും അഭിനയിക്കുന്ന ആ പാട്ട്‌സീനിൽ ഞാൻ കേട്ട ശബ്ദം ഇവരുടേതായിരുന്നോ!

 

 

 

അറുപത്തിനാലാം വയസ്സിൽ ജാനമ്മ ഡേവിഡ് എന്റെ സംശയങ്ങൾക്ക് ഉത്തരങ്ങൾ തേടുകയായിരുന്നു. 1947 തുടക്കത്തിൽ ആകാശവാണിയിൽ ജോലിചെയ്യുമ്പോഴാണ് അവർ ആദ്യമായി സിനിമയ്ക്കുവേണ്ടി പാടുന്നത്. പ്രശസ്ത നടൻ നാഗയ്യയുടെ തെലുങ്കുചിത്രമായ ത്യാഗയ്യക്കു വേണ്ടിയായിരുന്നു അത്. പക്ഷേ ചിത്രം പുറത്തുവന്നപ്പോൾ ആ ഭാഗം കാണാനില്ല! ചിത്രത്തിന്റെ നീളക്കൂടുതൽ കാരണം ആ ഭാഗം നീക്കംചെയ്തിരുന്നു. 1950-ൽ നല്ലതങ്കക്കുവേണ്ടി രണ്ടു യുഗ്മഗാനങ്ങൾ പാടി. വിജയറാവുവിനോടൊപ്പം പാടിയ കൊച്ചമ്മയാകിലും എന്ന ഗാനമായിരുന്നു വാസ്തവത്തിൽ ആദ്യത്തേത്. ആ ചിത്രത്തിൽ അവരോടൊപ്പം യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫും പാടിയിട്ടുണ്ട്. തുടർന്ന് അമ്മകരുണആത്മശാന്തിഅല്‍ഫോൻസ് തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി പാടി.

 

നീലക്കുയിലിന്റെ നാളുകളെക്കുറിച്ചു പറയുമ്പോൾ ജാനമ്മ ഡേവിഡിന്റെ മുഖത്ത് ആനന്ദത്തിന്റെ കണ്ണുനീർ ഞങ്ങൾ കണ്ടിരുന്നു. ആ ഗാനങ്ങളുടെ വിജയത്തിനുപിന്നിൽ സംഗീതസംവിധായകൻ കെ. രാഘവന്റേയും ഗാനരചയിതാവ് പി. ഭാസ്‌ക്കരന്റേയും പങ്കു ചെറുതല്ലെന്നാണ് അന്നവർ പറഞ്ഞത്. ഓരോ പദത്തിന്റെയും ഉച്ചാരണത്തിൽപ്പോലും അവർ അതീവശ്രദ്ധ പുലർത്തിയിരുന്നു. ദേവരാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ 1992-ൽ പുറത്തിറക്കിയ മലയാളചലച്ചിത്രസംഗീതം - അമ്പതുവർഷം എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നുണ്ട്: '1954-ൽ പുറത്തുവന്ന നീലക്കുയിലിലെ ഗാനങ്ങൾ ജാനമ്മയെ പ്രശസ്തിയിലെത്തിച്ചു. എല്ലാരും ചൊല്ലണ്.., കുയിലിനെത്തേടി…എന്നീ ഗാനങ്ങൾ നീലക്കുയിലിലെ പുലയിയിൽനിന്നോ അതഭിനയിച്ച കുമാരിയിൽനിന്നോ വേർപെടുത്താൻ പറ്റാത്തവിധം ഇഴുകിച്ചേർന്നുപോയി. കെ രാഘവന്റെ ആ പാട്ടുകൾക്ക് കൃത്യമായ മണ്ണിന്റെ മണം കൈവന്നത് ജാനമ്മ ഡേവിഡിന്റെ ശബ്ദത്തിൽക്കൂടിയാണ്. അത്തരം പാട്ടുകൾ അത്രയും ഭാവപുഷ്ടിയോടെ പാടുന്നവർ ഇല്ലതന്നെ.'

 

നീലക്കുയിലിനുശേഷം ജനോവ (എംജിആറിന്റെ ആദ്യ മലയാളചിത്രം), മിന്നുന്നതെല്ലാം പൊന്നല്ലജയിൽപ്പുള്ളി തുടങ്ങിയ ചിത്രങ്ങൾക്ക് പാടിയശേഷം തന്റെ തൊഴിലുമായി ഒതുങ്ങിക്കഴിയുകയായിരുന്നു ജാനമ്മ. അന്നവർ പറഞ്ഞു: 'പാടാനുള്ള കഴിവുമാത്രം പോര. സിനിമരംഗത്ത് പിടിച്ചുനിൽക്കണമെങ്കിൽ പല കുതന്ത്രങ്ങളും പ്രയോഗിക്കണം. അതിനൊന്നും എനിക്കാവില്ല. മാത്രമല്ല, ഞാനൊരു സർക്കാർ ജീവനക്കാരിയുമായുരുന്നല്ലോ.'  ആകാശവാണിയിൽ മദ്രാസിൽ നിന്നുള്ള മലയാളപരിപാടികൾ അവതരിപ്പിക്കുന്നതിന്റെ ചാർജ്ജ് അവർക്കായിരുന്നു. മ്യൂസിക് ആന്റ് മലയാളം ആർട്ടിസ്റ്റ് എന്നതായിരുന്നു അവരുടെ തസ്തിക. തെലുങ്ക്, കന്നട പരിപാടികളിലും അവർ അന്ന് പങ്കെടുത്തിരുന്നു. മുപ്പത്തിനാലു വർഷത്തെ സേവനത്തിനുശേഷം ജാനമ്മ 1977-ൽ ഔദ്യോഗിക ജീവിതത്തിൽനിന്ന് പിൻവാങ്ങി.

 

ഹിന്ദുവായ ജാനമ്മ ക്രിസ്ത്യാനിയായ ഡേവിഡിനെ വിവാഹം കഴിച്ചാണ് ജാനമ്മ ഡേവിഡ് ആയത്. സ്റ്റേറ്റ് കോൺഗ്രസിന്റെ സജീവപ്രവർത്തകനും സ്വാതന്ത്ര്യസമരസേനാനിയും ആയിരുന്നു ഡേവിഡ്. ക്രിസ്തുമതാചാരപ്രകാരമായിരുന്നു വിവാഹമെന്ന് ജാനമ്മ പറഞ്ഞു. പക്ഷേ അന്ത്യംവരെ അവർ ഹിന്ദുവായിത്തന്നെ ജീവിച്ചു. ഞങ്ങളുടെ കൂടിക്കാഴ്ചയിൽ മലയാളസിനിമാസംഗീതത്തെക്കുറിച്ച് അന്നവർ നിരവധി കാര്യങ്ങൾ പറഞ്ഞു. ധൃതിയാണ് സിനിമാസംഗീതത്തിന്റെ തകർച്ചക്ക് കാരണമെന്നവർ പറയുമ്പോൾ വാക്കുകളിൽ അൽപം വിഷാദം നിഴലിക്കുന്നുണ്ടായിരുന്നു. കേട്ട ഗാനം മധുരം, കേൾക്കാത്ത ഗാനം മധുരതരം എന്നവർ പറയുമ്പോഴും മലയാളത്തിൽ മികച്ച ഗാനങ്ങൾ ഉണ്ടാകുമെന്നവർ വിശ്വസിക്കുന്നുണ്ടായിരുന്നു. കാലം അവരെ വിസ്മരിച്ചെന്നു കരുതിയിരിക്കുമ്പോഴാണ് 1988-ൽ കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടിക്കുവേണ്ടി പാടാൻ സംവിധായകൻ കമൽ ക്ഷണിക്കുന്നത്.

 

 

Kakkothi Ammakku Thirukurithi by manjubhashini

 

1995-ൽ കോടമ്പാക്കം റെയിൽവേസ്റ്റേഷനു സമീപമുള്ള ആശുപത്രിയിൽവച്ച് ജാനമ്മഡേവിഡ് അന്തരിച്ചു. മരണവാർത്തയൊന്നും കാര്യമായി പുറംലോകമറിഞ്ഞില്ല. കാരണം അവർ മരിക്കുമ്പോൾ മലയാളസചലച്ചിത്രസംഗീതം കൈവഴികൾ പിന്നിട്ട് സഞ്ചരിക്കുകയായിരുന്നു. പുതുമയുടെ സങ്കുചിതമായ വിഹായസ്സിൽ കഴിഞ്ഞകാലത്തെ ഒരു ഗായികക്ക് എന്ത് പ്രസക്തി!

Tags: