രാഷ്ട്രീയ ചൂടുമായി ദില്ലിവാലയുടെ ചര്‍ച്ചകള്‍

മഞ്ജു
Friday, January 24, 2014 - 3:00pm

തിയറികൾക്ക് പഞ്ഞമില്ലാത്ത കാലമാണ്. രാഷ്ട്രീയ വിശകലനങ്ങൾ തട്ടി നടക്കാൻ വയ്യാത്ത അവസ്ഥയിലേക്കാണ് കാര്യഞൾ നീങ്ങുന്നത്. എന്തുകൊണ്ട് എ.എ.പി, എന്തിന് എ.എ.പി തുടങ്ങി പലർക്കും പലതാണ് വിഷയം. കോണ്‍ഗ്രസ്‌ വിരോധം, ബി.ജെ.പിയോടുള്ള താത്പര്യക്കുറവ്, ഇടതുപക്ഷ ബദൽ, അതൊന്നുമല്ല ചക്ക വീണപ്പോൾ മുയൽ ചത്തതാണ് തുടങ്ങി പലതരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. കഴിയുന്നത്ര അതിൽ നിന്നും മാറിപ്പോകാൻ ശ്രമിച്ചു നോക്കി. രക്ഷയില്ല, ചില കളിക്കളങ്ങളിൽ അങ്ങനെയാണ്. മറികടക്കാൻ നിവൃത്തിയില്ല. ആപ്പിലായിപ്പോകും. സാധാരണ കേരളത്തിൽ മാത്രം കണ്ടിരുന്ന ചായക്കട, ബാർബർ ഷോപ്, റേഷൻ കട, ബസ് സ്റ്റോപ്പ്‌ ചർച്ചകളുടെ പുതുരൂപം ദില്ലിയിലും പതുക്കെ വേരോടിച്ച് തുടങ്ങിയെന്ന്‍ തോന്നുന്നു.

 

ഒരു കാര്യം അംഗീകരിക്കാതിരിക്കാനാവില്ല. കേരളത്തിന്റെ താരതമ്യേന ഉയർന്ന രാഷ്ട്രീയ സാക്ഷരതയുടെ പ്രധാന ഊർജസ്രോതസ്സ്  ഇത്തരം ചർച്ചകൾ തന്നെയായിരുന്നു. കയ്യാങ്കളിയും മോഡറേറ്റരും സാങ്കേതികത്വവും ഒന്നുമില്ലാതെ വെറുതെ തുടങ്ങിയവസാനിക്കുന്ന അത്തരം ചർച്ചകൾക്ക് ആഗോള-രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ വിഷയങ്ങളിൽ ഒരുപാടു കാര്യങ്ങള്‍ പങ്കുവയ്ക്കാൻ കഴിഞ്ഞിരുന്നു. സോഷ്യൽ നെറ്റ്റ്വർകിംഗ് സൈറ്റുകളെ അത്തരം ന്യൂ ജനറേഷൻ ചർച്ചാവേദിയായി അംഗീകരിക്കുകയും കൂടി ചെയ്തപ്പോൾ ചർച്ചകൾക്കുള്ള സാധ്യത പുതിയ കാലത്തും വര്‍ധിച്ചു. ഇടക്കൊരു കാര്യം പറയട്ടെ, മല്ലു എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പ്രവാസി മലയാളിയെക്കുറിച്ചു മറ്റു നാട്ടുകാർക്കുള്ള അഭിപ്രായമാണ്, രാഷ്ട്രീയ വാചകമടിയിൽ മിടുക്കരാണ് എന്ന്. എത്ര ഉൾവലിഞ്ഞ സ്വഭാവമുള്ള വ്യക്തിയായാലും അനുകൂല സാഹചര്യങ്ങളിൽ മല്ലു വളരെ നന്നായി രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചു സംസാരിക്കും എന്ന്‍. മുഴുവനും ശരിയാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ, മലയാളികളല്ലാത്ത സുഹൃത്തുക്കൾ ഉദാഹരണ സഹിതം വാദിച്ചപ്പോൾ എതിർക്കാൻ തോന്നിയില്ല. രാഷ്ട്രീയ ബോധം കൂടുതലാണെങ്കിലും പ്രത്യക്ഷത്തിൽ അതിന്റെ ഗുണമൊന്നും കേരളത്തിൽ കാണാനില്ല എന്നു തർക്കിക്കുന്ന ദോഷൈകദൃക്കുകളോടൊരു വാക്ക്: കേരളത്തിനു വെളിയിൽ നിന്നു അകത്തേക്കു നോക്കിയാലറിയാം വ്യത്യാസം.

 

അധികാരവും അധികാര ചിഹ്നങ്ങളും ആവശ്യത്തിലധികം ഉപയോഗിക്കുന്ന ഭരണവർഗവും അതു കണ്ടുമടുത്ത ജനവും തമ്മിലുള്ള വടംവലിയാണ് ദില്ലിയുടെയും പരിസര പ്രദേശങ്ങളുടേയും പ്രധാന സവിശേഷത. പ്രായപൂർത്തിയാകാത്തവർക്കും എഴുത്തും വായനയും അറിയാത്തവർക്കും എന്നുവേണ്ട, ബെല്ലും ബ്രേക്കും തിരിച്ചറിയാൻ കഴിയാത്തവർക്കും വരെ വാഹനമോടിക്കാനുള്ള ലൈസെൻസ് കിട്ടും ഈ രാജ്യ തലസ്ഥാനത്ത്. ആരും ചോദിക്കില്ല. ഇനി നന്നായി വാഹനമോടിക്കാനറിഞ്ഞു കൃത്യമായ രേഖകളുമായി റോഡിലിറങ്ങിയാലും നൂറു തൊന്തരവുകളുണ്ടാകും. വാഹനമോടിക്കാനറിയാത്തവർ ശകടവുമെടുത്തിറങ്ങിയാൽ സ്വാഭാവികമായും മറ്റുള്ളവർക്കും പ്രശ്നങ്ങളുണ്ടാകും. സംശയമുണ്ടെങ്കിൽ ദില്ലി-ചണ്ഡിഗഡ് റോഡിൽ യാത്ര ചെയ്താൽ മതി. വിലകൂടിയ കാറുകളിലെ യാത്രക്കാര്‍ ഗതാഗത നിയമങ്ങൾ തെറ്റിച്ചാൽ ഒന്നുകിൽ അധികാരികൾ കണ്ണടക്കും അല്ലെങ്കിൽ കൃത്യമായ ചലാൻ ഒടുക്കാൻ പറയും. സമാനമായ അവസ്ഥയിൽ പിടിക്കപ്പെടുന്നത് ഇടത്തരക്കാരനാണെങ്കിൽ പണം ഒരിക്കലും സർക്കാർ ഖജനാവിലേക്ക് പോകില്ല. പകരം പട്രോളിംഗ് നടത്തുന്ന ഉദ്യോഗസ്ഥന്റെ കീശയിലവസാനിക്കും. ഇത്തരം അനുഭവ കഥകൾ ആവശ്യത്തിലധികം തവണ കേട്ടുകഴിഞ്ഞപ്പോൾ ഞാൻ ഒരു സ്വാഭാവിക സംശയം ചൊദിച്ചുപോയി. എന്താ അതിനെതിരെ പ്രതികരിക്കാത്തത്. അല്ലെങ്കിൽ ശരി, കോടതിയിലടച്ചോളാം എന്നു പറയത്തതെന്താ എന്ന്. മറുപടി ഒരുമിച്ചു കിട്ടി പലരിൽനിന്നും: "യെഹ് ദില്ലി ഹൈ യാർ, തേരാ കേരളാ നഹി, കുച്ച് നഹി ചലേഗ ഇദർ, ഓർ ഫിർ കിസ്കെ പാസ് ഹൈ ഏ സബ് മുസീബത്  കേലിയേ ടൈം. ഓർ ഐസേഹി കോർട്ട് തക് പഹൂഞ്ച്നെ കെ ലിയെ കാഫി കുച്ച് പ്രോബ്ലം ഹൈ, ബഹുത് തക്ലീഫ് ഹൈ യാർ"

 

രത്നച്ചുരുക്കം ഇത്രയേ ഉള്ളൂ. എനിക്ക് സമയമില്ല. ബുദ്ധിമുട്ടാനും വയ്യ. ഒന്നുകൂടിയുണ്ട്, രണ്ടോ മൂന്നോ ആയിരം പിഴ അടക്കേണ്ട സ്ഥാനത്ത് നൂറോ അഞ്ഞൂറോ ചിലവാക്കി കാശു ലാഭിക്കാമെന്ന ഇടത്തരക്കാരന്റെ ലളിത മന:ശാസ്ത്രം. കൊടുക്കുന്നവനും വാങ്ങുന്നവനും ഒരേ മാനസികാവസ്ഥയിലുള്ള ഇടത്തരക്കാരന്റെ പ്രതിനിധികൾ. കലത്തീന്നൂ പോയാൽ ചട്ടിയിലെന്ന മുത്തശ്ശിച്ചൊല്ലിനെ ഓർമ്മിപ്പിക്കുന്ന വ്യവസ്ഥ.

 

kejriwal and sisodiaഇതേ ഇടത്തട്ടുകാരനും എ.എ.പിയുടെ ഭാഗമാണെന്നതും സത്യം. വിലക്കയറ്റം, സാധന-സേവനങ്ങളുടെ വർധിച്ചു വരുന്ന നിരക്കില്‍ തലപുകക്കുന്ന ജനതയോട് സബ്സിഡി നിരക്കിൽ ഇതൊക്കെ തരാം എന്നു പറഞ്ഞാൽ കൂടെ നിന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. കൂട്ടത്തിൽ അഴിമതി ഇല്ലാതാകുമെങ്കിൽ അതൊരു ബോണസ്സ്. എന്തിന് വേണ്ടെന്നു വെക്കണം! ഒപ്പം അധികാരി വർഗമെന്ന ലേബലില്ലാതെ ജനങ്ങൾക്കൊപ്പം നിന്ന്  പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന സന്ദേശവും. ആനന്ദലബ്ധിക്കിനിയെന്തു വേണം. പക്ഷെ, കാര്യമായ അധികാരങ്ങളൊന്നും കൈയിലില്ലാതെ എ.എ.പി സർക്കാർ എങ്ങനെ ഈ കാര്യങ്ങളൊക്കെ നടപ്പിൽ വരുത്തും എന്നറിയില്ല. പോലീസ് കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ കയ്യിൽ, നഗരവികസനം ഡെല്‍ഹി വികസന അതോറിറ്റി ചെയ്യും. പിന്നെ കുറെ കാര്യങ്ങൾ മൂന്നായി ഭാഗിക്കപ്പെട്ട ദില്ലി കോർപ്പറേഷന്റെ അവകാശമാണ്. ഇനി എ.എ.പി ഭരിച്ചാലും ഭരുമെന്നാണെങ്കിൽ നല്ലത്. പൂച്ചയുടെ നിറത്തിലല്ല, എലിയെപ്പിടിക്കാനുള്ള കഴിവിലാണ് കാര്യം എന്നൊരു പക്ഷവുമുണ്ടല്ലോ.

 

അപ്പോഴും ഒരു സംശയം ബാക്കി. ഈ ആഗോള ഉദാരവൽക്കരണ നയങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായിരിക്കുകയും അതേസമയം അതിന്റെ ദൂഷ്യവശങ്ങളെ യാതൊരു വിധത്തിലും അടുപ്പിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന ഇടത്തട്ടുകാരനെ അത്രയെളുപ്പത്തിൽ വശത്താക്കാൻ കഴിയുമോ? ചോദിച്ചുപോകാൻ കാരണമുണ്ട്‌. സ്വന്തം തടികേടാകുന്ന ഒരു പരിപാടിക്കും കൂട്ടുനില്‍ക്കാന്‍ പൊതുവെ രാഷ്ട്രീയത്തിൽ താൽപര്യമില്ല എന്നുപറയുന്ന ഇക്കൂട്ടർ തയ്യാറാകില്ല. സ്വന്തം മക്കളെയും കുടുംബത്തെയും അല്ലാതെ, അവരെ ബാധിക്കുന്ന വിഷയങ്ങളെ അല്ലാതെ, മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാൻ സമയവുമില്ല. സാധാരണ ഗതിയിൽ വോട്ടുചെയ്യുന്നതു പോലും മോശം കാര്യമായി കരുതുന്ന ദില്ലി ജനത ഇത്തവണ കൂട്ടമായി പോളിംഗ് ബൂത്തുകളിലെത്തിയെന്നതും സത്യം. അതിനുപിറകിൽ എ.എ.പി ഉയര്‍ത്തിയ ആവേശം മാത്രമല്ല, ഇലക്ഷൻ കമ്മീഷന്റെ ആത്മാർത്ഥ ശ്രമവുമുണ്ട്‌. ഇത്തവണത്തെ ഉയർന്ന വോട്ടിംഗ് നിലയെപ്പോലും വർധിച്ചു വരുന്ന രാഷ്ട്രീയ സാമൂഹ്യ ബോധത്തെക്കാളുപരി ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമായി വിലയിരുത്താൻ ശ്രമിക്കുന്നവരെയും കണ്ടു, ഇത്തരം രാഷ്ട്രീയ ചർച്ചകൾക്കിടയിൽ. ഇതിനൊപ്പം ചേർത്തുവയ്ക്കാവുന്ന മറ്റൊന്ന് കൂടിയുണ്ട്. ഒരേ വിഷയത്തെ നഗരങ്ങളിലെ ഉപഭോക്തൃ സമൂഹവും അതിനു വെളിയിലെ കർഷക സമൂഹവും എങ്ങനെ കാണുന്നുവെന്നത്. ചില്ലറ വ്യാപാര മേഖല വൻകിട കുത്തകകൾക്ക് തുറന്നു കൊടുക്കുന്നതിന് വേണ്ടി രാഹുൽ ഗാന്ധി നടത്തിയ ധനതത്വശാസ്ത്ര ന്യായങ്ങൾ, ഉരുളക്കിഴങ്ങിനു കൂടുതൽ വിലകിട്ടുമെന്നും മറ്റുമുള്ളവ, കർഷകർക്ക് ദഹിച്ചില്ല. അതേസമയം, പ്രാദേശിക കച്ചവടക്കാരനിൽ നിന്നും വിലപേശി മാത്രം പച്ചക്കറികളും മറ്റും വാങ്ങിശീലിച്ച നഗരജീവിയെ പേടിപ്പിക്കുകയും ചെയ്തു. ഫലം കക്ഷത്തിലുള്ളത് പോവുകയും ചെയ്തു, ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല! കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും ജനത്തിന് താല്‍പ്പര്യക്കുറവുണ്ടെന്നതിന് നല്ല ഉദാഹരണമാണ്‌ മാളവ്യ നഗറിലെ തിരഞ്ഞെടുപ്പുഫലം. ദില്ലി കോർപറേഷൻ തലപ്പത്തിരുന്ന ബി.ജെ.പി നേതാവും മന്ത്രിയായിരുന്ന കോണ്‍ഗ്രസ്‌ നേതാവും ഒരുപോലെ തഴയപ്പെട്ടു. രണ്ടുപേരും ജനങ്ങൾക്കു സുപരിചിതരായ വനിതാ രത്നങ്ങൾ. ആഘോഷവേളകളിൽ കൃത്യമായി ഫ്ലെക്സ്ബോർഡിൽ കയറിനിന്ന്‍ പുഞ്ചിരി തൂകാൻ മറക്കാത്തവർ. വന്നുവന്ന് രാഷ്ട്രീയക്കാരുടെ പുഞ്ചിരിക്കുന്ന മുഖം പോപ്പുലർ അല്ലാതായി തുടങ്ങിയെന്നു വേണം കരുതാൻ. കേജ്രിവാളിന്റെയും സഹപ്രവർത്തകരുടെയും പടങ്ങളിലൊന്നിലും പതിവ് പ്ലാസ്റ്റിക്‌ ചിരി പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടില്ല.

 

1991 മധ്യത്തിൽ നടപ്പിലാക്കി തുടങ്ങിയ പുത്തൻ സാമ്പത്തിക നയങ്ങൾക്കും തൊട്ടടുത്ത വർഷാവസാനം നടന്ന ബാബറി മസ്ജിദ് പൊളിക്കലിനും ജനിച്ച തലമുറ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ രുചിയും മണവും അറിയാൻ തുടങ്ങുകയാണ്. സമീപകാലത്ത് കേട്ട രാഷ്ട്രീയ ചർച്ചകളെല്ലാം മുന്നോട്ടുവച്ച പ്രധാന വിഷയവും അതുതന്നെ. എ.എ.പി പ്രതിനിധികൾ പോലും അംഗീകരിക്കുന്നു, അവരുടെ അംഗബലം രാഷ്ട്രീയത്തിൽ വിശ്വാസമില്ലാത്ത യുവതലമുറയാണെന്ന്‍. ഒരുപക്ഷെ, ആ പാർടിയുടെ ദൌർബല്യവും അതുതന്നെ ആണെന്ന് പറയേണ്ടിവരും. അഴിമതി എന്നത് ഒരുവശത്തേക്ക് മാത്രമുള്ള ഒരു പാലമൊന്നുമല്ല. അതിനെ ചെറുക്കാൻ ഏതെങ്കിലും ഒരുവശത്തുനിന്നു മാത്രമുള്ള ശ്രമം പരിഹാരം കൊണ്ടുവരികയുമില്ല. ആൾക്കൂട്ടത്തിന്റെ ആവേശത്തിനു എത്രയുണ്ടാകും ആയുസ്സെന്നും മറ്റും അറിയാൻ ലോക്പാൽ സമരം തന്നെ ധാരാളം. ഇനിയൊരു തവണ ആളെക്കൂട്ടാനുള്ള കാന്തശക്തി അതിനുണ്ടാവില്ല. ആളുകൂടണമെങ്കിൽ പുതിയ വിഷയം വേണം.

 

കേരളത്തിൽ എ.എ.പി വരുമെന്നും ഇല്ലെന്നും വാദിക്കുന്നവരെല്ലാവരും ഒരുപോലെ സമ്മതിച്ചുകണ്ടു, ഇടതു-വലതു കക്ഷികളുടെ നേതാക്കൻമാരുടെ നിലവിലുള്ള രീതികളോടുള്ള ജനങ്ങളുടെ അമർഷം അതിന്റെ എല്ലാ സീമകളെയും ലംഘിച്ചുവെന്ന്. സത്യത്തിൽ ഈ രാഷ്ട്രീയ-അരാഷ്ട്രീയ നാടകങ്ങളുടെ നല്ലവശവും അതുമാത്രമാണ്. ചില കുമ്പസാരങ്ങൾ.       

Tags: