ക്ലാപ്‌ബോർഡ്‌ സാക്ഷി

പി.കെ ശ്രീനിവാസന്‍
Saturday, December 13, 2014 - 1:00pm

 

നിറപ്പകിട്ടാർന്ന സ്വപ്നങ്ങളും മനസ്സു നിറയെ മോഹങ്ങളുമായി കേരളക്കരയിൽ നിന്ന് കോടമ്പാക്കത്തേക്ക് ഇന്ന് ആരും കടന്നുവരാറില്ല. വർഷങ്ങൾക്ക് മുമ്പുതന്നെ സിനിമയുടെ നെടുംകോട്ടകൾ ഇവിടെ തകർന്നു വീണിരുന്നു, സിനിമയുടെ താളക്രമങ്ങൾ അസ്തമിച്ചിരുന്നു. എൺപതുകളുടെ അന്ത്യത്തോടെ മലയാള സിനിമയുടെ കെട്ടുവള്ളങ്ങൾ കോടമ്പാക്കത്തിന്റെ കാണാക്കോണുകളിൽ അപ്രത്യക്ഷമായി. ഈ സിനിമാനഗരം ഇന്നൊരു ശ്മശാനമാണ്. തകർന്ന സ്വപ്നങ്ങളുടെ, സഫലമാകാത്ത മോഹങ്ങളുടെ ശ്മശാനം. യൗവ്വനകാലത്ത്‌വെള്ളിത്തിരയിൽ എന്തെങ്കിലുമാകാമെന്ന ചിന്തയുമായി ഈ വാഗ്ദത്ത ഭൂമിയിലേക്ക് കടന്നുവരികയും ഒന്നുമാകാതെ തകർന്നടിയുകയും ചെയ്തവർ നിരവധിയാണ്. ദരിദ്രമായ ജീവിതവും പേറി കോടമ്പാക്കത്തിന്റെ നരച്ച പ്രതലങ്ങളിൽ അവർ സഞ്ചരിച്ചു. മരണം ആശ്ലേഷിച്ചപ്പോൾ അവരുടെ ആത്മാവുകൾ ഗതികിട്ടാതെ ആകാശത്ത് ഒഴുകി നടന്നു. അവർക്ക് ആരും സ്മാരകങ്ങൾ ഒരുക്കിയില്ല. അവരുടെ കുഴിമാടങ്ങളിൽ ആരും ചെമ്പനീർപ്പൂക്കൾ അർപ്പിച്ചില്ല. എന്തിനധികം, അവരെക്കുറിച്ച് ഓർക്കാൻ പോലും പലർക്കും സമയം ലഭിച്ചില്ല.

 

ഒരിക്കൽ ദക്ഷിണേന്ത്യൻ സിനിമയുടെ ഈറ്റില്ലമായിരുന്ന കോടമ്പാക്കം ഇന്ന് ആകെ മാറിയിരിക്കുന്നു. സിനിമയുടെ ചുറ്റുവട്ടങ്ങളിൽ കെട്ടിപ്പൊക്കിയ ഗ്ലാമർ ലോകം തകർന്നു വീണു. സിനിമയെ നെഞ്ചിലേറ്റാൻ, സിനിമയെ വാരിപ്പുണരാൻ പാലക്കാടൻ ചുരം കടന്നെത്തുന്ന യുവതീയുവാക്കൾ വിരളമായി. എൺപതുകളിലായിരുന്നു സിനിമാനഗരത്തിന്റെ തീവ്രതകളിലേക്ക് നിലയ്ക്കാത്ത പ്രവാഹമുണ്ടായത്.  അഭിനയിക്കാനും തിരക്കഥയൊരുക്കാനും സംവിധാനം ചെയ്യാനും ആടാനും പാടാനും താളം പിടിക്കാനുമൊക്കെ എത്രയെത്ര പേരാണ് സെൻട്രൽ സ്റ്റേഷനിൽ വണ്ടിയിറങ്ങിയത്! അവർ കോടമ്പാക്കത്തിന്റെ ഹൃദയം തേടി വടപളനിയിലേക്ക് സഞ്ചരിക്കുമ്പോൾ അവരുടെ മനസ്സിൽ അഭ്രപാളികളിലെ മായാപ്രപഞ്ചം അലതല്ലുകയായിരുന്നു. സിനിമ പിടിച്ചടക്കാമെന്നും പേരും പെരുമയും സമ്പത്തും വാരിക്കൂട്ടാമെന്നും അവർ മോഹിച്ചു. വിശ്വാസങ്ങൾ പതിരാകുമെന്നവർ കരുതിയില്ല. വിശ്വാസം അവരെ രക്ഷിച്ചോ? അറിയില്ല.

 

എൺപതുകളുടെ തുടക്കത്തിൽ അങ്ങനെ കോടമ്പാക്കത്തു വന്നടിഞ്ഞ അരവിന്ദൻ എന്ന യുവാവിന്റെ പിന്നാലെ നമുക്കിനി സഞ്ചരിക്കാം. തൃശൂരിലെ കൊരട്ടിയിൽ നിന്നാണ് അരവിന്ദന്റെ യാത്ര ആരംഭിക്കുന്നത്. സിനിമയിൽ എന്തെങ്കിലുമായിത്തീരുക. തൃശൂരിൽ നിന്ന് പലരും സിനിമയുടെ കൊത്തളങ്ങളിൽ ചുവടുവച്ചു കൈയടി നേടിയിട്ടുണ്ടെന്ന ചരിത്രം അരവിന്ദനെ കോൾമയിർക്കൊള്ളിക്കാറുണ്ടായിരുന്നു. അച്ഛൻ കഥകളി നടൻ- ഗോവിന്ദൻ നായർ. പൂമുള്ളി മനക്കലേയുംകലാമണ്ഡലത്തിലേയും ട്രൂപ്പുകളിൽ മികച്ച വേഷങ്ങൾ കെട്ടിയാടിയ പാരമ്പര്യമുള്ള നടൻ. എന്നാൽ കഥകളിയോടൊന്നും മകൻ അരവിന്ദനു താൽപര്യമുണ്ടായില്ല. സിനിമയായിരുന്നു മനസ്സിൽ വിളയാടിയിരുന്നത്. അങ്ങനെ എഴുപത്തയ്യായിരം രൂപയുമായി അരവിന്ദൻ മദ്രാസിലേക്ക്‌ വണ്ടികയറി- കോടമ്പാക്കത്തിന്റെ ശീതളച്ഛായകളിൽ തന്റെ നിയോഗം കണ്ടെത്താൻ.

 

കോടമ്പാക്കത്തു കറങ്ങി നടക്കുന്ന കാലത്താണ്ഒരു സിനിമ നിർമ്മിക്കണമെന്ന മോഹം അരവിന്ദനെ കടന്നുപിടിക്കുന്നത്. സംവിധായകന്റെ മേലങ്കിയുമായി നടക്കുന്ന പി.എൻ ഇളങ്കോവൻ എന്ന വ്യക്തിയെ പരിചയപ്പെടുന്നതും അക്കാലത്താണ്. സിനിമാനിർമ്മാണത്തിന്റെ ബാലപാഠങ്ങളൊന്നുമറിയാത്ത അരവിന്ദൻ കന്നിപ്പൂക്കൾ എന്നൊരു തമിഴ്‌സിനിമ നിർമ്മിക്കാൻ തീരുമാനിക്കുന്നു. പക്ഷേ വരാൻ പോകുന്ന ദുരന്തങ്ങളൊന്നും അയാൾക്ക് അറിയില്ലായിരുന്നു. കഥ തല്ലിക്കൂട്ടിയ സംവിധായകൻ തന്നെ താരങ്ങളെയൊക്കെ നിശ്ചയിച്ചു- വിജയൻ, മേജർ സുന്ദരരാജൻ, അശോകൻ, തങ്കവേലു, തേങ്കായ് ശ്രീനിവാസൻ, സുമിത്ര, പുഷ്പലത തുടങ്ങിയവർ. എന്നാൽ ഇവരൊന്നും അഭിനയിക്കേണ്ടി വന്നില്ല. റിക്കോർഡിംഗ് കഴിഞ്ഞു, ഏതാനും രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. അപ്പോഴേക്കും പണം തീർന്നു. ചിത്രം വേച്ചുവേച്ചു നിന്നു. കൈയിലുണ്ടായിരുന്ന പണം എങ്ങനെ പോയെന്നുമാത്രം അരവിന്ദന് അറിയില്ലായിരുന്നു.

 

ഇതിനിടെ അയാൾ ചില ചിത്രങ്ങളിൽ അഭിനയിച്ചു- അതും കൊച്ചുകൊച്ചുവേഷങ്ങൾ. വികടകവി, ചങ്ങാത്തം, വരന്മാരെ ആവശ്യമുണ്ട് തുടങ്ങിയവ. രാവിലെ മുതൽ സംവിധായകരുടെ സങ്കേതങ്ങൾ തെരഞ്ഞുപിടിച്ചാൽ മാത്രമേ ചാൻസ് ലഭിക്കു. അന്ന് മലയാള ചിത്രങ്ങളിൽ ഭൂരിഭാഗവും ഇവിടെയായിരുന്നു നിർമ്മിച്ചിരുന്നത്. ജെമിനിയിലും വിജയവാഹിനിയിലും എവിഎമ്മിലും പ്രസാദിലും മെജസ്റ്റിക്കിലും ശ്യാമളയിലുമൊക്കെ മലയാളസിനിമകൾ വാർന്നുവീണു. ജീവിക്കാൻ വേണ്ടി പാടുപെടുകയും സുഹൃത്തുക്കൾ തകർക്കുകയും ചെയ്യുന്ന ഒരു പെട്ടിക്കടക്കാരന്റെ വേഷത്തിലായിരുന്നു അരവിന്ദൻ ഹരിഹരന്റെ വരന്മാരെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽഅഭിനയിച്ചത്. അതിലെ കഥാപാത്രത്തിന്റെ പേരും അരവിന്ദൻ എന്നായിരുന്നു. പക്ഷേ ജീവിക്കാൻ വീണ്ടും ബുദ്ധിമുട്ടായി. അങ്ങനെ ജെമിനിക്ക്‌ സമീപമുള്ള പാംഗ്രോവ്‌ ഹോട്ടലിൽ വെയിറ്ററുടെ പണി തരപ്പെടുത്തി. നിർമ്മാതാവ് ഹോട്ടലിലെ വെയിറ്റർ ആകുകയോ? പക്ഷേ വിശപ്പ് കഴുത്തിനു പിടിച്ചപ്പോൾ അരവിന്ദൻ വെയിറ്ററുടെ ഇളം നീല നിറത്തിലുള്ള യൂണിഫോം അണിഞ്ഞു. സിനിമയുടെ മോഹവലയത്തിൽ നിന്ന് പുറത്തുചാടാൻ അരവിന്ദനു ഏറെ പണിപ്പെടേണ്ടിവന്നു. പരിചയക്കാർ അയാളെ പാംഗ്രോവ് അരവിന്ദൻ എന്നുവിളിച്ചു.

 

ഒരിക്കൽ അരവിന്ദൻ അശോക്‌ നഗറിലെ അയാളുടെ താമസസ്ഥലത്തേക്ക് എന്നെ ക്ഷണിച്ചു. ഹരിഹരന്റെ അസിസ്റ്റന്റ് ബാബു (പിൽക്കാലത്തെ അനിൽ-ബാബു എന്ന ഇരട്ട സംവിധായകരിൽ ഒരാൾ), ക്യാമറാമാൻ യു. രാജഗോപാലിന്റെ അസിസ്റ്റന്റ്‌ ജോയി എന്നിവരോടൊപ്പമാണ് അരവിന്ദന്റെ താമസം. അരവിന്ദൻ തന്റെ കുടുസ്സായ പൂജാമുറിയിലേക്ക്എന്നെ കൂട്ടിക്കൊണ്ടുപോയി. അവിടെ ശബരിമല ശ്രീഅയ്യപ്പന്റെ പടത്തിനടുത്തായി മറ്റൊരു പൂജാവിഗ്രഹം. താൻ നിർമ്മിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട തന്റെ കന്നിപ്പൂക്കൾ എന്ന തമിഴ് ചിത്രത്തിന്റെ ക്ലാപ്‌ബോർഡ്! ഞാൻ ചോദ്യരൂപത്തിൽ അരവിന്ദനെ നോക്കി.

 

അയാൾ പറഞ്ഞു: 'ഇതൊരു നഷ്ടബോധത്തിന്റെ സ്മരണക്കായി സൂക്ഷിക്കുകയാണ്‌ സേർ. ഒരിക്കലും മടങ്ങിവരാൻ കഴിയില്ലെന്നറിയാം. എങ്കിലും വിസ്മൃതമായ ആ രാജ്യത്തെക്കുറിച്ചുള്ള ഓർമ്മക്കായി....'

 

ഇന്ന് അരവിന്ദൻ എവിടെയെന്നറിയില്ല. ഞാനയാളെ കണ്ടിട്ട്‌ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അയാൾ വിവാഹം കഴിക്കുകയും അച്ഛനായിത്തീരുകയും ചെയ്തിരിക്കാം. പാംഗ്രോവ്‌ ഹോട്ടലിലെ വെയിറ്റർ പണിയിൽ നിന്ന് അരവിന്ദൻ പിരിഞ്ഞിട്ടുണ്ടാകാം. പക്ഷേ സിനിമയുടെ മോഹവലയത്തിൽപ്പെട്ട ആയിരത്തിലൊരുവനാണ് ഈ മനുഷ്യൻ. സിനിമ തനിക്ക്‌ വഴങ്ങുന്നതല്ലെന്ന് കണ്ടപ്പോൾ ജീവൻ നിലനിർത്താൻ മറുവഴി തേടിയതോടെ അരവിന്ദൻ വ്യത്യസ്തനായി.എന്നാൽ മദ്രാസിൽ വന്നടിഞ്ഞ ആയിരക്കണക്കിനു സിനിമാഭ്രാന്തന്മാർ പട്ടിണിയിലും പരിവട്ടത്തിലും മുങ്ങിയിട്ടും മറ്റു ജീവിതമാർഗ്ഗങ്ങൾ തേടിയില്ല.അതാണ്‌ സിനിമയെന്ന യക്ഷിയുടെ ഇച്ഛാശക്തി. അവൾ പാലമരച്ചുവട്ടിൽ നിന്ന് സാധാരണക്കാരെ മാടിമാടിവിളിച്ചിരുന്നു. ഇന്ന് മാടിവിളിക്കാൻ കോടമ്പാക്കത്ത് സിനിമയെന്ന യക്ഷിയില്ല. വിളിച്ചാൽ എത്താവുന്ന സാധാരണക്കാരായ അരവിന്ദന്മാരുമില്ല.


  മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് പി.കെ ശ്രീനിവാസന്‍.