1955-ല്‍ പുറത്തുവന്ന ഹരിശ്ചന്ദ്ര എന്ന മലയാള ചിത്രത്തില്‍ രാജാ ഹരിശ്ചന്ദ്രയുടെ മകന്‍ ലോഹിതാക്ഷന്‍ എന്ന ബാലനെ ഇന്നാരും ഓര്‍ക്കുന്നുണ്ടാവില്ല. ആ ചിത്രവുമായി ബന്ധപ്പെട്ടവരൊക്കെ ഇന്ന്‌വിസ്മൃതിയിലായിരിക്കുന്നു. ലോഹിതാക്ഷന്‍ മലയാള സിനിമയെ മാറ്റിമറിച്ചില്ല. നമ്മുടെ സംസ്കാരത്തിനു പുതിയ മാനങ്ങളും സൃഷ്ടിച്ചില്ല. പക്ഷേ ആ ബാലകഥാപാത്രം ജീവിതത്തെ പിടിച്ചുകുലുക്കിയ, മാറ്റിമറിച്ച ഒരാള്‍ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. മറ്റാരുമല്ല, ലോഹിതാക്ഷനെ അവതരിപ്പിച്ച ഹരികേശന്‍ തമ്പി. അതെ, നാം ഹരിയെന്നു വിളിക്കുന്ന നടനും ഡബ്ബിംഗ്ആര്‍ട്ടിസ്റ്റുമായ കലാകാരന്‍. സാധാരണക്കാരില്‍ സാധാരണക്കാരനായി മദ്രാസില്‍ ജീവിച്ചിരുന്ന ഹരിയെ ഞാന്‍ കണ്ടിട്ടു വര്‍ഷങ്ങളായിരിക്കുന്നു. ഈ നടന്‍ ഇന്നെവിടെയാണെന്നറിയില്ല. പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് വിസ്മൃതിയുടെ ആഴങ്ങളിലേക്ക് നിപതിച്ച ഹരി തിരുവനന്തപുരത്തുണ്ടെന്ന് ആരോ പറഞ്ഞു. 2012-ല്‍ പുറത്തുവന്ന തത്സമയം ഒരു പെണ്‍കുട്ടിയെന്ന ചിത്രത്തിന്റെ അഭിനേതാക്കളുടെ പട്ടികയില്‍ ഹരിയുടെ പേരു കണ്ടപ്പോള്‍ ഞാന്‍ പഴയ കാര്യങ്ങള്‍ ഓര്‍ക്കുകയായിരുന്നു.
സംവിധായകന്‍ പി.എ ബക്കറിന്റെ മദ്രാസ് അശോക് നഗറിലെ വീട്ടില്‍ വച്ചാണ് ആദ്യമായി ഞാന്‍ ഹരിയെ പരിചയപ്പെടുന്നത്. ബക്കറിന്റെ അടുത്ത സുഹൃത്തായിരുന്നു ഹരി. മണിമുഴക്കം, ചാപ്പ തുടങ്ങിയ ബക്കര്‍ ചിത്രങ്ങളില്‍ ഹരിക്ക് മികച്ച റോളുകള്‍ കിട്ടിയത് ആ സൗഹൃദത്തിന്റെ വരമ്പുകളില്‍ വച്ചായിരുന്നു. റോമന്‍ കാത്തലിക് അനാഥാലയത്തില്‍ ക്രിസ്തുമതത്തിന്റെ ചുറ്റുവട്ടത്തില്‍ ജീവിക്കേണ്ടിവന്ന ജോസ് പോള്‍ എന്ന യുവാവ് കാലങ്ങള്‍ക്ക് ശേഷം തന്റെ ഹിന്ദു കുടുംബത്തിലേക്ക് മടങ്ങുമ്പോള്‍ ഉണ്ടാകുന്ന മാനസിക വ്യാപാരങ്ങളായിരുന്നു മണിമുഴക്കത്തിന്റെ (1976) ഇതിവൃത്തം. സ്വന്തം അസ്തിത്വം കണ്ടെത്താന്‍ ശ്രമിക്കുന്ന ജോസ് പോളിന്റെ ദുരന്തം ഹരി തന്മയത്വമായി അവതരിപ്പിച്ചിരുന്നു. അത്തരത്തില്‍ വ്യത്യസ്തമായ മറ്റൊന്നായിരുന്നു ചാപ്പ (1982). അധികാരികള്‍ക്കെതിരെ ഒറ്റക്ക് നിന്നു പോരാടുന്ന അസീസ് എന്ന കഥാപാത്രത്തെയാണ് ഹരി അതില്‍ അവതരിപ്പിച്ചത്. മണിമുഴക്കം മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും രണ്ട് ചിത്രങ്ങളും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നേടിയെങ്കിലും അത് ഹരിയുടെ വളര്‍ച്ചയുടെ ഗ്രാഫിനെയൊന്നും ഉയര്‍ത്തിയില്ല.
മദ്രാസിലെ സ്റ്റുഡിയോ ഫ്ലോറുകളിലും ഡബ്ബിംഗ് തിയ്യറ്ററുകളിലും ഞാന്‍ ഹരിയെ കാണാറുണ്ടായിരുന്നു. എപ്പോഴും പോസിറ്റീവായി മാത്രം ചിന്തിക്കുന്ന ഹരി പഴയ കാര്യങ്ങളെക്കുറിച്ചൊക്കെ പലപാട് എന്നോടു സംസാരിച്ചിട്ടുണ്ട്. താന്‍ സിനിമയില്‍ എത്തിപ്പെട്ടതിനെക്കുറിച്ച് പറയുമ്പോള്‍ ഹരിയുടെ മുഖത്ത് വിഷാദം കാണാമായിരുന്നു. ഇന്റലിജന്‍സ് വിഭാഗത്തില്‍ ജോലി കിട്ടിയിട്ടും സിനിമയോടുള്ള അഭിനിവേശം അതു തുടരാന്‍ ഹരിയെ അനുവദിച്ചില്ല. അന്ന് സിനിമ മദ്രാസിലെ ഫ്ലോറുകളിലാണ് പടര്‍ന്നു പന്തലിച്ചുകൊണ്ടിരുന്നത്. ജന്മനാടായ തിരുവനന്തപുരം വിട്ട് കോടമ്പാക്കത്തിന്റെ തരിശുനിലങ്ങളില്‍ എത്തിയ ഹരിക്ക് ജീവിക്കാന്‍ നിരവധി വേഷങ്ങള്‍ കെട്ടേണ്ടിവന്നു. അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിക്കുകയും ആയിരത്തിലധികം ചിത്രങ്ങള്‍ക്ക് ഷബ്ദം നല്‍കുകയും ചെയ്ത ഹരിക്ക് ജീവിതം ബാലികേറാമലയായിരുന്നു. ഉന്നത കുടുംബത്തില്‍ ജനിച്ചെങ്കിലും ജീവിതത്തിന്റെ അര്‍ത്ഥങ്ങളും മാനങ്ങളുമൊക്കെ വ്യത്യസ്തമായിരുന്നു.
ഹരിശ്ചന്ദ്രക്ക് ശേഷം അവകാശി, ബാല്യകാലസഖി, മന്ത്രവാദി തുടങ്ങിയ ചിത്രങ്ങളില്‍ ഹരി ബാലതാരമായി വേഷമിട്ടു. അവകാശിയില്‍ പ്രേംനസീറിന്റെ കുട്ടിക്കാലമാണ് ഹരി അവതരിപ്പിച്ചത്. കുട്ടിക്കാല കഥാപാത്രങ്ങള്‍ക്ക് ശേഷം കുറേക്കൂടി പാകതയുള്ള വേഷങ്ങള്‍ ലഭിക്കുന്നത് സീത, ഉണ്ണിയാര്‍ച്ച എന്നീ ചിത്രങ്ങളിലാണ്. കടത്തുകാരനില്‍ (1965) മുതിര്‍ന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ സിനിമയില്‍ തനിക്ക് എന്തെങ്കിലുമൊക്കെ ആകാമെന്ന ചിന്ത വന്നു. എം. കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത ആ ചിത്രത്തില്‍ പ്രേംനസീറും സത്യനുമായിരുന്നു പ്രധാനതാരങ്ങള്‍. പക്ഷേ കടത്തുകാരനു ശേഷം ഹരിക്ക് വലിയൊരു ശൂന്യതയില്‍ വിലയം പ്രാപിക്കേണ്ടിവന്നു. അഞ്ചുവര്‍ഷം ജീവിതം അനാഥമായി. ജനപ്രിയ നിമകളുടെ ഭാഗമാകന്‍ ഹരിക്ക് കഴിഞ്ഞില്ല എന്നതായിരുന്നു ദുരന്തം. അക്കാലത്ത് നാടക സമിതികളെയാണ് ഹരി ആശ്രയിച്ചത്. കേരളത്തിലെ മികച്ച നാടകട്രൂപ്പുകളില്‍ ഹരി വേഷം കെട്ടി. ചങ്ങനാശ്ശേരി ഗീഥ, കോട്ടയം നാഷണല്‍ തിയ്യറ്റേഴ്സ് തുടങ്ങിയ സമിതികള്‍ ഈ നടന്റെ കഴിവ് തിരിച്ചറിഞ്ഞു. ആ കാലഘട്ടം ഡബ്ബിംഗ് തൊഴിലിനു ഉപകാരപ്പെട്ടെന്ന് ഹരി എന്നോടു പറയുമായിരുന്നു. മദ്രാസില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ ഹരി അവിടെ ബി.എ ഹിസ്റ്ററിക്ക് അഡ്മിഷന്‍ നേടി. പക്ഷേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അതിനു മുമ്പ് ഇന്റലിജന്‍സ് വിഭാഗത്തില്‍ ജോലി ലഭിച്ചു.
മൂന്നുവര്‍ഷത്തിനു ശേഷം പണി ഉപേക്ഷിച്ച് ഹരി വീണ്ടും മദ്രാസിലെത്തി. പിന്നീടു നാം ഹരിയെ കാണുന്നത് സാക്ഷാന്‍ ശ്രീ അയ്യപ്പന്റെ വേഷത്തിലാണ്. നിഷ്കളങ്കവും ദൈവികവുമായ മുഖത്തോടെ പ്രത്യക്ഷപ്പെട്ട അയ്യപ്പനെ അന്നത്തെ പ്രേക്ഷകര്‍ ഭക്ത്യാദരപൂര്‍വമാണ്‌സ്വീകരിച്ചത്. പക്ഷേ, വീണ്ടും വീണ്ടും അയ്യപ്പന്റെ വേഷങ്ങള്‍ കെട്ടുക എന്ന ദുര്‍വിധിക്ക്ഹരി പാത്രമാകേണ്ടിയും വന്നു. എന്നാല്‍ അതിനേക്കാള്‍ മറ്റൊരു ദുരന്തം കൂടി ഈ നടനുണ്ടായി. എണ്‍പതുകളില്‍ പുറത്തുവന്ന അയ്യപ്പനും വാവരും എന്ന ചിത്രത്തില്‍ അയ്യപ്പന്റെ ഗുരുസ്വാമിയായി ഹരിക്ക് അഭിനയിക്കേണ്ടിയും വന്നു. അയ്യപ്പനില്‍ നിന്ന് ഗുരുസ്വാമിയിലേക്കുള്ള ദൂരം പ്രേക്ഷകര്‍ക്ക് ഒരുപക്ഷേ മനസ്സിലായിട്ടുണ്ടാവില്ല. ഹരിയുടെ മനസ്സില്‍ അത് നിരന്തരമായ ചോദ്യങ്ങളാണ് തൊടുത്തുവിട്ടത്. ആയിടക്കാണ് മെരിലാന്റിന്റെ ഒരു ചിത്രത്തില്‍ ലൈംഗിക രോഗത്തിന് അടിമയായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഹരി നിര്‍ബന്ധിതനായത്. അന്ന് ഞാന്‍ ഹരിയോട് ചോദിച്ചു- വാസ്തവത്തില്‍ എന്ത് സംഭവിച്ചു? ഹരി പറഞ്ഞു: ജീവിതത്തിന്റെ തിരക്കില്‍, നിലനില്‍പ്പിന്റെ നിഴല്‍ക്കുത്തുകളില്‍ ഏതു രോഗത്തിനും നാം അടിമയാകേണ്ടി വരുമെന്നറിയുക.
തുടര്‍ന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന്റെ വേഷത്തിലാണ് നാം ഹരിയെ കാണുന്നത്. നല്ല പ്രതിഫലം കിട്ടിയെങ്കിലും ഈ നടന്റെ മനസ്സ് അഭിനയത്തിന്റെ മായാപ്രപഞ്ചത്തില്‍ ഊയലാടി. അപ്പോഴേക്കും ഹരി മികച്ച ശബ്ദവില്‍പ്പനക്കാരനായി മാറിയിരുന്നു. അന്യഭാഷാചിത്രങ്ങള്‍ കേരളത്തില്‍ ഡബ്ബ് ചെയ്യുന്ന കാലം വന്നപ്പോള്‍ ഹരിയുടെ തലവര മാറി. ചിരഞ്ജീവിയുടെ സൂപ്പര്‍ഹിറ്റായ അറുപതോളം ചിത്രങ്ങള്‍ക്കാണ് ഹരി ശബ്ദം നല്‍കിയത്. നാഗാര്‍ജ്ജുന, കൃഷ്ണ, മോഹന്‍ ബാബു, അംബരീഷ്, വിഷ്ണുവര്‍ദ്ധന്‍ തുടങ്ങിയവരുടെ നായക കഥാപാത്രങ്ങള്‍ക്ക്ശക്തി പകര്‍ന്നത് ഹരിയുടെ ശബ്ദമായിരുന്നു. മലയാളത്തില്‍ ശങ്കര്‍, ഷാനവാസ്, ക്യാപ്റ്റന്‍ രാജു തുടങ്ങിയ പലര്‍ക്കും ഹരി ശബ്ദം നല്‍കി.
എണ്‍പതുകളുടെ അന്ത്യത്തില്‍ സിനിമ കേരളത്തിലേക്ക് നീങ്ങിയപ്പോള്‍ ഹരിയും കുടുംബവും തിരുവനന്തപുരത്തേക്ക് പിന്‍വാങ്ങി. തൊണ്ണൂറു ശതമാനം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളും കേരളത്തിന്റെ പുത്തന്‍ ഭൂവിഭാഗങ്ങള്‍ തേടി സഞ്ചരിച്ചു. പക്ഷേ അപ്പോഴേക്കും സിനിമയുടെ ചുവടുകള്‍ മാറുകയായിരുന്നു. പുതിയവര്‍ പുതിയ മോഡുലേഷനുമായി ഡബ്ബിംഗ് തിയ്യറ്ററുകളില്‍ കയറിയിറങ്ങി. മദ്രാസില്‍ നിന്നുവന്നവര്‍ക്ക് തൊഴില്‍ നഷ്ടമായി. അവര്‍ അനാഥരായി. അവരുടെ സ്വപ്നങ്ങളില്‍ സുനാമി ഇരച്ചുകയറി. കാലം അവരെ കുത്തൊഴുക്കില്‍ തൂത്തെറിഞ്ഞു. മികച്ച ശബ്ദമുണ്ടായിട്ടും ഹരിക്കും പിടിച്ചുനില്‍ക്കാനായില്ല. സിനിമയുടെ നെറികേടുകള്‍ തകര്‍ത്തെറിഞ്ഞ ആയിരക്കണക്കിനു പേരില്‍ ഒരാള്‍ മാത്രമാണ് ഹരികേശന്‍ തമ്പിയെന്ന ഹരി. ഇവിടെ സിനിമ സാധാരണക്കാരെ വഴിതെറ്റിക്കാന്‍ കാത്തുനില്‍ക്കുകയാണ്- പാലമരത്തിലെ യക്ഷിയെപ്പോലെ. കോടമ്പാക്കത്തിന്റെ തിരുമുറ്റത്ത് തങ്ങളുടെ ഭാഗധേയങ്ങള്‍ പരീക്ഷിക്കാന്‍ വന്ന പരശതം കലാകാരന്മാര്‍ക്ക് മടങ്ങിപ്പോകാനായിട്ടില്ല. അവരുടെ ആത്മാവുകള്‍ ഇന്നും വടപളനി മുരുകന്‍ കോവിലിന്റെ പിന്നാംപുറങ്ങളില്‍ പ്രാര്‍ത്ഥനയോടെ അലയുകയാണ്- അടുത്ത ജന്മത്തിലെങ്കിലും സിനിമയില്‍ തങ്ങളെ എന്തെങ്കിലുമാകാന്‍ അവസരമുണ്ടാക്കിത്തരണമേയെന്ന്. അത്തരം കോമരങ്ങളില്‍ നിന്ന് ഹരി രക്ഷപ്പെട്ടതുതന്നെ അത്ഭുതം.
മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് പി.കെ ശ്രീനിവാസന്‍.