അവയവങ്ങൾ കൊണ്ടുള്ള ദാനമാണ് വേണ്ടത്; അവയവദാനമല്ല

Sat, 19-10-2013 02:00:00 PM ;

 

അവയവങ്ങൾ ദാനം ചെയ്യുന്നത് നല്ല കാര്യം. മഹത്തരം തന്നെ. രണ്ട് വിധത്തിലാണ് അവ ദാനം ചെയ്യപ്പെടുന്നത്. ഒന്ന്, മരണാനന്തരം. മറ്റേത് ജീവിച്ചിരിക്കുമ്പോൾ തന്നെ. ഇപ്പോൾ ജീവിച്ചിരിക്കുമ്പോൾ അവയവദാനം ചെയ്യുന്നതിനെ സീമാതീതമായി മഹത്വവൽക്കരിക്കുന്ന പ്രവണതയാണ്. അവയവദാനം മഹാദാനം. അതു ശരിതന്നെ. എന്നിരുന്നാലും ജീവിച്ചിരിക്കുമ്പോൾ അവയവം ദാനം ചെയ്യുന്നത് മുന്നേറ്റസ്വഭാവത്തോടെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. അത് അനാരോഗ്യകരമായ സാമൂഹികാന്തരീക്ഷസൃഷ്ടിയിൽ കലാശിക്കും. എല്ലാ ദാനവും കാണപ്പെടുന്നതാവണം. അങ്ങിനെ കാണപ്പെടുന്നതിൽ ഏറ്റവും ഉദാത്തമായ ദാനം ചെയ്യപ്പെട്ടു എന്നറിയപ്പെടുന്നതിൽ നിന്ന്  ആത്മസംതൃപ്തിയിലേക്കു നീങ്ങുന്ന മനശ്ശാസ്ത്രം രൂപീകരിക്കപ്പെടും. അവയവങ്ങൾ ദാനം ചെയ്ത് മാരണകാരണമായേക്കാവുന്ന രോഗങ്ങളിൽ നിന്ന് മുക്തിനേടാൻ പലർക്കും സഹായകമാകുമെന്ന നിലയ്ക്കാണ് അവയവദാനങ്ങൾക്ക് വൻ പ്രചാരം നൽകപ്പെടുന്നതെന്ന് വേണമെങ്കിൽ പറയാം. വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുത് എന്നുള്ളത് പ്രയോഗമാണ്. ആ പ്രയോഗത്തിലെ താൽപ്പര്യം എന്നു പറയുന്നത് ദാനം ചെയ്യുന്ന വ്യക്തിയെ ലക്ഷ്യമാക്കിയാണ്. ദാനം എന്തെങ്കിലും പ്രതീക്ഷിച്ചാണെങ്കിൽ അതിന്റെ ദോഷം ദാനം ചെയ്യുന്നവനാകും. സംശയമില്ല. കാരണം അതിസൂക്ഷ്മതലത്തിലുണ്ടാവുന്ന ആന്തരികസംഘട്ടനങ്ങള്‍ വ്യാധിരൂപത്തിൽ  പലവിധത്തിൽ പിന്നീട് പുറത്തുചാടും. അത് അന്ധവിശ്വാസമല്ല. ആധുനിക ശാസ്ത്രവും അത് ശരിവയ്ക്കുന്നുണ്ട്. ദാനം ചെയ്യുമ്പോൾ അതു സ്വീകരിക്കുന്ന വ്യക്തിയേക്കാൾ സുഖദു:ഖങ്ങൾ അനുഭവിക്കുക കൊടുക്കുന്ന വ്യക്തിയാണ്. ഉദാഹരണത്തിന് അത്യാവശ്യക്കാരന്റെ ആവശ്യത്തിനുതകുന്ന വിധം ധനം കൊടുക്കുന്ന ഒരാൾക്കാണ് ആ ധനം കൈപ്പറ്റുന്നയാളേക്കാൾ സന്തോഷവും സംതൃപ്തിയും ലഭിക്കുക. ഏതു വ്യക്തിക്കും സ്വന്തം ജീവിതത്തിലെ അനുഭവസാക്ഷ്യത്തിൽ നിന്ന് അതു മനസ്സിലാക്കാവുന്നതാണ്.

 

അവയവദാനം മഹാദാനമായി കരുതി ആരെങ്കിലും പുറംലോകമറിയാതെ വളരെ സ്വകാര്യമായി അവയവങ്ങൾ ദാനം ചെയ്തിട്ടുണ്ടോ ഉണ്ടെങ്കിൽ അവയുടെ തോത് എത്രമാത്രം എന്നന്വേഷിച്ചാലറിയാം  ഈ ദാനത്തിന്റെ മഹത്വം എത്രമാത്രം പ്രാവർത്തികമായിട്ടുണ്ടെന്ന്. അതുമാത്രവുമല്ല ദാനങ്ങൾ മാധ്യമങ്ങളിലൂടെ വിളംബരം ചെയ്യുന്ന ശീലവും സമൂഹത്തിൽ വ്യാപകമായിക്കഴിഞ്ഞിരിക്കുന്നു. ഈ ദാനമൊക്കെ സഹജീവികളോടുള്ള യഥാർഥ സ്‌നേഹത്തിന്റെ പശ്ചാത്തലത്തിലാണെങ്കിൽ അവ കൊട്ടിഘോഷിക്കപ്പടില്ല. കൊട്ടിഘോഷിക്കപ്പെടുക വഴി സമൂഹത്തോട് ദാനം ചെയ്യുന്നയാൾ പറയുന്നു, 'സമൂഹമേ എന്നെ നോക്കൂ.ഞാൻ മഹാനാണ്'. അതായത് മഹത്വം തന്റെ കൈയ്യിൽ നിന്ന് കൊടുക്കാനുള്ളതുകൊണ്ട് വാങ്ങാനുള്ള ഒരു എളുപ്പവഴിയായി ദാനത്തെ കാണുന്നു. അത് യഥാർഥത്തിൽ ദാനമല്ല. വിലയ്ക്കുവാങ്ങാൻ കഴിയാത്തതിനെ, വിലമതിക്കാനാവാത്തതിനെ ചുരുങ്ങിയ വിലയ്ക്ക് വാങ്ങുന്ന പ്രക്രിയയായി അത് മാറുന്നു. താൻ മറ്റുള്ളവനിൽ നിന്ന് വ്യത്യസ്തനാണെന്ന് മറ്റുള്ളവരെ ധരിപ്പിച്ച് അവരിൽ നിന്ന് വേറിട്ട മഹത്വമുണ്ടാക്കി മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്കാകർഷിക്കുകമാത്രമാണ്  ആ ദാനത്തിന്റെ പിന്നിലുള്ളത്. ചില ദാനങ്ങൾ ചിലപ്പോൾ പ്രചോദനമാകുമെന്നു കരുതി പ്രചാരം നൽകപ്പെടുന്നു. ചിലപ്പോൾ ഏതാനും പേർ ആ മാതൃക സ്വീകരിച്ചെന്നിരിക്കും. കുറച്ചുപേർക്ക് അതിൽ നിന്ന് ഗുണം ലഭിക്കും. അതേ സമയം അതിലെത്രയോ അധികം പേരെ ആ വ്യാധികളിലേക്കു തള്ളിവിടാനുള്ള സാമൂഹികമൂല്യങ്ങൾ അവ സൃഷ്ടിക്കുന്നു. അതു സാവകാശവും പരോക്ഷവുമായിരിക്കും. ഇവിടെയാണ് പഴഞ്ചൊല്ലിന്റെ പതിരില്ലായ്മ തെളിഞ്ഞുവരുന്നത്. വലതുകൈയ്യും ഇടതുകൈയ്യും ഒരേ ശരീരത്തിലെ രണ്ടവയവങ്ങളാണ്. ആ ഏകീഭാവത്തിലായിരിക്കണം ദാനം നടക്കേണ്ടത്. ദാനത്തിലൂടെ വ്യക്തിയിൽ സംഭവിക്കേണ്ടതും ആ ഏകീഭാവമാണ്. എന്നാൽ ദാനം കൊട്ടിഘോഷിക്കപ്പെടുമ്പോൾ വളരുന്നത് അന്യതാബോധവും വ്യക്തികൾ തമ്മിലുള്ള അകൽച്ചയുമാണ്. വ്യക്തികൾ തമ്മിൽ അകലുന്നതാണ് സാമൂഹ്യതലം ശോഷിപ്പിക്കുന്നത്. സാമൂഹ്യതലം ശോഷിക്കുമ്പോൾ സാമൂഹ്യജീവിയെന്ന മനുഷ്യന്റെ അവസ്ഥയ്ക്കാണ് ഗ്ലാനി സംഭവിക്കുന്നത്. അത് വ്യക്തിയേയും സമൂഹത്തേയും ഒരേപോലെ നശിപ്പിക്കും. പരസ്പരം ചൂഷണം ചെയ്യും. ഭക്ഷണത്തിൽ വിഷം കലർത്തും.

 

ഭക്ഷണത്തിൽ വിഷം കലർത്തി ലാഭമുണ്ടാക്കുന്നവരും, കാഴ്ചപ്പാടിൽ വിഷം കലർത്തി സ്വഭാവ രീതികൾ മാറ്റി തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ഉപഭോക്താക്കളെ സൃഷ്ടിക്കുന്നവരുമൊക്കെ പലപല ദാനങ്ങളുമായി രംഗപ്രവേശം ചെയ്യുന്നു. അവരൊക്കെ അത് മഹത്വവാങ്ങലിനായി ഉപയോഗിക്കുന്നു. സമൂഹവിവാഹവും പാഠപുസ്തകവിതരണവുമെല്ലാം ആ ഗണത്തിൽ പെടുന്നു. അവരേയും കടത്തിവെട്ടുന്നതാണ് അവയവദാനം. അവയവങ്ങൾ ദാനത്തിനായി ഉപയോഗിക്കുക എന്നതാണ് മനുഷ്യപ്രകൃതിക്കനുസരിച്ച പ്രവൃത്തി. ആ ദാന മനസ്ഥിതി ഉണ്ടാവുന്ന വ്യക്തി ഏർപ്പെടുന്ന ഒരു പ്രവൃത്തിയിലും മായം കാണിക്കുകയില്ല. ശാസ്ത്രത്തെ ദോഷത്തിനായി ഉപയോഗിക്കില്ല. കാരണം അത് മനുഷ്യനെ മനുഷ്യനാക്കുന്ന തെളിഞ്ഞ കാഴ്ചപ്പാടാണ്. അവൻ അവനെയും മറ്റുള്ളവരേയും സ്‌നേഹിക്കുന്ന വ്യക്തിയായി സമൂഹത്തിൽ ജ്വലിച്ചുനിൽക്കും.

 

കഴിഞ്ഞ അമ്പതുവർഷം കൊണ്ട് ലഭ്യമായ കുടിവെള്ളം വിഷലിപ്തമാക്കി, മണ്ണിനെ വിഷമയമാക്കി, കായ്കനികളെ വിഷക്കനികളാക്കി, പ്രകൃതിയെ നാനാവിധമാക്കി. ഇതിനൊക്കെ ചുക്കാൻ പിടിക്കുന്നവർ വൻ ദാനശിരോമണികളായി മാധ്യമങ്ങളിലൂടെ വാഴ്ത്തപ്പെടാറുണ്ട്. മാധ്യമങ്ങളുടെ സ്വഭാവിക ശ്രദ്ധയിൽ പെടാത്തവർ പരസ്യം നൽകി തങ്ങളുടെ ദാന മനസ്ഥിതി ലോകത്തെ അറിയിക്കുന്നു. ചില ആധ്യാത്മിക കേന്ദ്രങ്ങൾ പോലും ഈ പ്രക്രിയയിൽനിന്ന് അന്യമല്ല. സ്വയം ഉണ്ടാകുന്ന മതിപ്പില്ലായ്മയിൽ നിന്നും ചെയ്യുന്ന പ്രവൃത്തിയിലെ അരുതായ്മകൾ ആ വ്യക്തിയിൽ സൃഷ്ടിക്കുന്ന കുറ്റബോധത്തിൽ നിന്നും മുക്തിനേടാനുള്ള ശ്രമഫലമാണ് ഇത്തരം ദാനങ്ങൾ.

 

കാഴ്ചപ്പാടാണ് വ്യക്തിയെ തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിക്കുന്നത്. ആ തീരുമാനങ്ങളാണ്  ആ വ്യക്തിയുടെ ജീവിതവും അവന്റെ ചുറ്റുപാടിലെ ജീവിതവും നിശ്ചയിക്കുന്നത്. അതാണ്  ആ വ്യക്തിയുടെ ആരോഗ്യത്തേയും അനാരോഗ്യത്തേയും നിശ്ചയിക്കുന്നത്. വ്യക്തികളുടെ കാഴ്ചപ്പാടുകളും പ്രവൃത്തികളും മാറ്റിമറിക്കുന്നതില്‍ ഏർപ്പെടുന്നവർ ദാനപ്രക്രിയയെ  പ്രചാരത്തിൽ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് തങ്ങളുടെ പ്രവൃത്തിമേഖലയുടെ വികസനത്തിനും ഒപ്പം മറയ്‌ക്കേണ്ടത് മറയ്ക്കാനും അതിനുപുറമേ വിലമതിക്കാനാവാത്ത മഹത്വം വിലയ്ക്കുവാങ്ങാനുമാണ്. ഇത് അനാരോഗ്യകരമായ സമൂഹസൃഷ്ടിയിൽ കലാശിക്കും. അനാരോഗ്യകരമായ സമൂഹത്തിന്റെ ലക്ഷണങ്ങളാണ് വർധിച്ചുവരുന്ന അർബുദരോഗവും വൃക്കരോഗവുമെല്ലാം. അതിനെ അവയവദാന പ്രോത്സാഹനത്തിലൂടെയല്ല  പരിഹരിക്കേണ്ടത്. ആ പരിഹാരശ്രമങ്ങൾ താൽക്കാലികമായി ചിലർക്ക് പ്രത്യക്ഷത്തിൽ പ്രയോജനമുണ്ടായാലും അതിലും എത്രയോ ഇരട്ടി ജനതയുടെ നാശത്തിൽ ക്രമേണ കലാശിക്കും. വേണ്ടത് മനസ്സും  കരളും ഹൃദയവും ബുദ്ധിയും കൈകാലും കൊണ്ടുള്ള ദാനമാണ്. അല്ലാതെ അവ ദാനം ചെയ്യുന്നതല്ല.

Tags: