പ്ലാവ് ജയന്റെ പരിസ്ഥിതി

Friday, June 6, 2014 - 2:20pm

 

ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്ന ജൂണ്‍ അഞ്ചിന് എല്ലാ വര്‍ഷവും മുടങ്ങാതെ നടക്കുന്ന ഒരു ആചാരമാണ് വൃക്ഷത്തൈ നടല്‍. ഈ വര്‍ഷം ജൂണ്‍ അഞ്ചിന് കാലത്ത് 10.30 മുതല്‍ ഒരു മണിക്കൂര്‍ ഹരിത സമയമായി ആചരിച്ച കേരള സര്‍ക്കാറാകട്ടെ 19 ലക്ഷത്തില്‍ പരം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് റെക്കോഡ് നേട്ടം കൈവരിച്ചു എന്നാണ് അവകാശപ്പെടുന്നത്. ഈ തൈകളില്‍ ഭൂരിഭാഗവും വൃക്ഷമായി മാറുക പതിവില്ലാത്തതിനാല്‍ സമീപകാലത്തെങ്ങും ആചാരത്തിന് മുടക്കം വരുത്തേണ്ടി വരില്ല.

 

തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലുള്ള ക്രൈസ്റ്റ് കോളേജില്‍ നാഷണല്‍ സര്‍വീസ് സ്കീം അംഗങ്ങളും സര്‍ക്കാറിന്റെ ആഹ്വാനം അനുസരിച്ച് വൃക്ഷത്തൈ നടുന്ന ചടങ്ങ് ആഘോഷമായി തന്നെ നടത്തി. എന്നാല്‍, പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വന്ന വ്യക്തിയാകട്ടെ നടുന്ന മരങ്ങളെ കുറിച്ച് അത്ര ശുഭാപ്തിവിശ്വാസിയായിരുന്നില്ല. സ്കൂളില്‍ പഠിക്കുമ്പോള്‍ കിട്ടിയ വട്ടപ്പേര് പിന്നീട് തന്റെ ജീവിതത്തിന്റെ അടയാളമാക്കിയ പ്ലാവ് ജയന് പക്ഷെ, പ്ലാവ് മൗലികവാദമൊന്നുമല്ല പറഞ്ഞത്. ഇത്തരം പരിപാടികളില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന നീര്‍മരുതും മഹാഗണിയും പോലുള്ള വൃക്ഷങ്ങള്‍ വളരെയധികം ജലം വലിച്ചെടുക്കുന്നതാണെന്ന്‍ ജയന്‍ ചൂണ്ടിക്കാട്ടുന്നു. 44 നദികളുള്ള കേരളത്തില്‍ ജലദൌര്‍ലഭ്യം അനുഭവപ്പെട്ടു തുടങ്ങുന്നതിന് വനവല്‍ക്കരണ പരിപാടികളിലൂടെ നട്ടുപിടിപ്പിക്കുന്ന ഇത്തരം മരങ്ങളുടെ പങ്കും പരിഗണിക്കേണ്ടതുണ്ടെന്നും അതുകൊണ്ടുതന്നെ ഇത്തരം പരിപാടികളെ അത്ര നിഷ്കളങ്കമായി കാണരുതെന്നുമാണ് ജയന്റെ മുന്നറിയിപ്പ്.

 

സംസ്ഥാന വനം വകുപ്പിന്റെ 2011-ലെ വനമിത്ര അവാര്‍ഡ്‌ ജേതാവാണെങ്കിലും സര്‍ക്കാര്‍ വിലാസം വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളെ കുറിച്ച് പൊതുവെ സംശയാലുവാണ് ജയന്‍. കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന ഒട്ടുമരങ്ങളും സങ്കരയിനങ്ങളും ജൈവവൈവിധ്യത്തെ ഇല്ലാതാക്കുകയല്ലേ എന്ന ന്യായമായ സംശയമാണ് ജയന്‍ ഉന്നയിക്കുന്നത്. നൈസര്‍ഗ്ഗികമായി വളരുന്ന പ്ലാവുകള്‍ 200 വര്‍ഷത്തോളം ഫലം തരുമ്പോള്‍ ഒട്ടുമരങ്ങള്‍ പെട്ടെന്ന് കായ്ക്കുമെങ്കിലും എട്ടു-പത്ത് വര്‍ഷത്തില്‍ അധികം നിലനില്‍ക്കുന്നതായി താന്‍ കണ്ടിട്ടില്ലെന്ന് ജയന്‍ പറയുന്നു. ചക്കയിലെ ജാക്വലിന്‍ എന്ന ഘടകം അര്‍ബുദത്തിനെതിരെ ഫലപ്രദമാണെന്ന് വിദേശ ഗവേഷകര്‍ കണ്ടെത്തിയിട്ടും കാര്‍ഷിക സര്‍വ്വകലാശാലയില്‍ തരിശിട്ടിരിക്കുന്ന സ്ഥലത്തെങ്കിലും പ്ലാവുകള്‍ നട്ടുപിടിപ്പിച്ചുകൂടെ എന്നാണ് ജയന്റെ ചോദ്യം. ചക്കപ്പഴത്തിന്റെ പോഷകമൂല്യങ്ങള്‍ അനവധിയാണെന്നിരിക്കെ നമ്മുടെ വിപണികളില്‍ ചക്ക കാണാത്തതെന്തെന്നും ജയന്‍ ആശ്ചര്യപ്പെടുന്നു.   

 

ഇരിങ്ങാലക്കുടയ്ക്കടുത്ത് അവിട്ടത്തൂരിലുള്ള തന്റെ കൊച്ചു വീട്ടുവളപ്പില്‍ 24 ഇനം പ്ലാവിന്‍ തൈകള്‍ വളര്‍ത്തുന്നുണ്ട് ജയന്‍. ഇതില്‍ ശ്രീലങ്കയില്‍ നിന്നുള്ള ഒരു ഇനവും ഉള്‍പ്പെടും. രാമ-രാവണ യുദ്ധസമയത്ത് കുംഭകര്‍ണ്ണനെ ഉറക്കത്തില്‍ നിന്ന്‍ എഴുന്നേല്‍പ്പിക്കാന്‍ മുഴക്കിയ പെരുമ്പറ നിര്‍മ്മിച്ചത് ഈ പ്ലാവിന്റെ തടി ഉപയോഗിച്ചാണെന്ന ഒരു ഐതിഹ്യ പിന്‍ബലവും ശ്രീലങ്കയില്‍ നിന്നുള്ള അതിഥിയ്ക്കുണ്ട്. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രചാരണത്തിലൂടെ ശ്രദ്ധേയനായ ശ്രീപദ്രെയാണ് ഇതിന്റെ തൈ ജയന് സമ്മാനിച്ചത്.

 

തന്റെ വീട്ടിലെത്തുന്നവരെ പ്ലാവിന്‍ തൈകള്‍ സമ്മാനിച്ചേ ജയന്‍ മടക്കി അയക്കാറുള്ളൂ. ഒരു ചക്കയിലെ എല്ലാ കുരുവും മുളപ്പിച്ചാല്‍ വിവിധ ഇനം പ്ലാവുകളാണ് ഉണ്ടാകുക എന്ന നിരീക്ഷണം വീട്ടിലെ നഴ്സറിയില്‍ നിന്ന്‍ ജയന്‍ സ്വായത്തമാക്കിയതാണ്. ഈ നഴ്സറിയെ ഒരു പ്ലാവ് ഗവേഷണ കേന്ദ്രമായി വികസിപ്പിക്കുകയാണ് ജയന്റെ സ്വപ്നം. പ്ലാവിനെ കുറിച്ചുള്ള തന്റെ അറിവുകളും പ്ലാവുമായുള്ള തന്റെ ബന്ധവും വിശദീകരിച്ച് രണ്ട് പുസ്തകങ്ങള്‍ – ‘പ്ലാവ്’, ‘പ്ലാവും ഞാനും’ – ജയന്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നാമത്തെ പുസ്തകം വൈകാതെ പുറത്തിറങ്ങും.  

 

49 വയസ്സാണ് പ്രായമെങ്കിലും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സുഗതകുമാരി ടീച്ചറെക്കാളൊക്കെ സീനിയറാണ് താന്‍ എന്ന് ജയന്‍ പറയും. പകുതി തമാശയായും പകുതി കാര്യമായും. സ്കൂളില്‍ പഠിക്കുമ്പോള്‍ മുളച്ച ചക്കക്കുരുവെടുത്ത് വഴിയിലൊക്കെ നട്ടുപിടിപ്പിക്കുന്ന ശീലം കണ്ടാണ്‌ കൂട്ടുകാര്‍ പ്ലാവ് ജയന്‍ എന്ന് വിളിപ്പേരിട്ടത്. ആ വിളിപ്പേരിന് പിന്നിലാകട്ടെ, പണത്തിന്റെ ദാരിദ്ര്യത്തെ പ്രകൃതിയുടെ വിഭവങ്ങള്‍ കൊണ്ട് മറികടന്ന ഒരുകാലത്തെ കേരളീയ ജീവിതത്തിന്റെ ചിത്രമുണ്ട്. അക്കാലത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പല വീടുകളേയും പോലെ ജയന്റെ വീട്ടിലും ഉണ്ടായിരുന്നു, ഏതാനും ആടുകള്‍. ഈ ആടുകളുടെ ഭക്ഷണമായ പ്ലാവില ശേഖരിക്കുന്നത് കുട്ടിയായ ജയന്റെ ചുമതലയും. അങ്ങനെ പ്ലാവില ശേഖരിച്ചും പ്ലാവില്‍ കയറിയും ഉണ്ടായതാണ് പ്ലാവുമായുള്ള തന്റെ വൈകാരിക ബന്ധമെന്ന് ജയന്‍ പറയുന്നു. വെറുതെ കളയാനായി ഒന്നുമില്ലാത്ത ഈ കല്‍പ്പവൃക്ഷം ആടുകളെ മാത്രമല്ല, പത്രവിതരണക്കാരനായ അച്ഛന്റെ തുച്ഛ വരുമാനം പലപ്പോഴും രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ തന്നേയും എട്ടു സഹോദരങ്ങളേയും പട്ടിണിയില്‍ നിന്ന്‍ രക്ഷിച്ചിരുന്നുവെന്നും ജയന്‍ ഓര്‍ക്കുന്നു. ഒപ്പം, ഒരു കാലത്ത് സമാനമായ സ്ഥിതി നേരിട്ടിരുന്ന കേരളത്തിലെ ഒട്ടേറെ കുടുംബങ്ങളേയും.   

 

തന്റെ മുപ്പതാം വയസ്സില്‍ ഗള്‍ഫിലേക്ക് ജോലി തേടി പോയ ജയന്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം 2006-ല്‍ തിരിച്ചെത്തിയ ശേഷമാണ് പ്ലാവുകളുടെ ജയനായി മാറിയത്. വനിതാ സ്വയംസഹായ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിതരണത്തിന് തന്റെ പെട്ടി ഓട്ടോറിക്ഷായില്‍ തൃശൂരിലെ ഗ്രാമാന്തരങ്ങളില്‍ ചുറ്റാന്‍ തുടങ്ങിയ ജയന്‍ ഒപ്പം പറ്റുന്ന സ്ഥലങ്ങളില്‍ പ്ലാവിന്‍ തൈകള്‍ നടാനും നട്ടവയെ പരിപാലിക്കാനും തുടങ്ങി. ക്രമേണ, ഇത് ഒരു ജീവിതദൗത്യമായി മാറി. ഇന്ന്‍ ചക്ക ഉത്സവങ്ങളും ശില്‍പ്പശാലകളും ഒക്കെയായി അത് വിപുലമായിരിക്കുന്നു. ഒപ്പം അംഗീകാരങ്ങളും ജയനെ തേടിയെത്തി. ചക്കയില്‍ നിന്നുണ്ടാക്കാവുന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളെ കുറിച്ചും അവയുടെ വിപണന സാധ്യതകളെ പറ്റിയുമെല്ലാം ഇന്ന്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നു. ചക്കയുടെ ഈ തിരിച്ചുവരവില്‍ പ്ലാവ് ജയന്‍ എന്ന നാട്ടിന്‍പുറത്തുകാരന്റെ ചെറുതല്ലാത്ത സംഭാവന കാണിച്ചുതരുന്നതാകട്ടെ ദിനത്തിലെ ആചരണവും ജീവിതത്തിലെ ആചരണവും തമ്മിലുള്ള വ്യത്യാസവും. വിരോധാഭാസമെന്ന് തോന്നുമ്പോഴും പ്ലാവ് ജയന്‍ എന്ന കെ.ആര്‍ ജയന്‍ ദിനാചരണം ഉദ്ഘാടനം ചെയ്യുന്നതിലെ ഔചിത്യവും അതുതന്നെ. ആ വ്യത്യാസം കുറച്ചുപേര്‍ക്കെങ്കിലും കാണാന്‍ കഴിഞ്ഞേക്കും എന്നത്.


ചിത്രങ്ങള്‍: സുമേഷ് എം.എസ്

Tags: