മധ്യ ആഫ്രിക്ക: 13 ദ. ആഫ്രിക്കന്‍ ഭടന്മാര്‍ കൊല്ലപ്പെട്ടു

Mon, 25-03-2013 05:30:00 PM ;

പ്രിട്ടോറിയ: മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ കലാപത്തില്‍ വിമതരുമായുള്ള ഏറ്റുമുട്ടലില്‍ ദക്ഷിണാഫ്രിക്കയുടെ  13 ഭടന്മാര്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ജേക്കബ് സുമ അറിയിച്ചു. ഡിസംബര്‍ മുതല്‍ ആക്രമണം ശക്തമാക്കിയ സെലെക വിമതര്‍ ശനിയാഴ്ച തലസ്ഥാനമായ ബാന്ഗുയി പിടിച്ചിരുന്നു. പ്രസിഡന്റ് ഫ്രാന്‍സോ ബോസിസ് രാജ്യം വിട്ടതിനെ തുടര്‍ന്ന് വിമത നേതാവ് മൈക്കല്‍ ജോതോദിയ സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ചു.

 

1994 ല്‍ അപ്പാര്‍തീഡ് അവസാനിച്ചതിനു ശേഷമുള്ള കാലയളവില്‍ ദക്ഷിണാഫ്രിക്ക നേരിടുന്ന ഏറ്റവും വലിയ സൈനിക തിരിച്ചടി ആണ് ഇത്. ജനുവരിയിലാണ് സര്‍ക്കാര്‍ സൈന്യത്തെ സഹായിക്കാന്‍ 200 പേരടങ്ങുന്ന സൈനിക യൂണിറ്റിനെ ദക്ഷിണാഫ്രിക്ക ബാന്ഗുയിയിലേക്ക് അയച്ചത്. സൈന്യത്തെ തിരിച്ചുവിളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നു സുമ പറഞ്ഞു.

 

അതേസമയം, കലാപത്തെ തുടര്‍ന്ന് തലസ്ഥാനത്ത് വന്‍കൊള്ള അരങ്ങേറിയതായി ബാന്ഗുയിയിലെ യു.എന്‍. ഓഫീസ് അറിയിച്ചു. രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ച യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ എത്രയും പെട്ടെന്ന് ഭരണഘടനക്രമം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടു.

Tags: