ചെയ്തതെല്ലാം പ്രധാനമന്ത്രിയുമായി ആലോചിച്ചെന്ന് രാജ

Fri, 19-04-2013 03:30:00 PM ;

ചെന്നൈ: ടു ജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും പ്രധാനമന്ത്രിയുമായി ആലോചിച്ച ശേഷമാണ് എടുത്തിട്ടുള്ളതെന്നു ടെലികോം വകുപ്പ് മുന്‍ മന്ത്രി എ. രാജ വെള്ളിയാഴ്ച പറഞ്ഞു. ഇത് സംബന്ധിച്ച വിശദമായ കുറിപ്പ് ടു ജി അഴിമതി അന്വേഷിക്കുന്ന സംയുക്ത പാര്‍ലിമെന്ററി സമിതിക്ക് നല്‍കുമെന്നും രാജ അറിയിച്ചു.

 

കുറിപ്പ് കണ്ടതിന് ശേഷം സമിതി തന്നെ വിളിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാജ പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ന്യൂഡല്‍ഹിയില്‍ നിന്ന് തിരിച്ച് വരുന്ന വഴി ചെന്നൈ വിമാനത്താവളത്തില്‍ വച്ചു അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  

 

വ്യാഴാഴ്ച അംഗങ്ങള്‍ക്ക് വിതരണം ചെയ്ത റിപ്പോര്‍ട്ടില്‍ രാജ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന്‍ പരാമര്‍ശമുള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു. പ്രധാനമന്ത്രിക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഏപ്രില്‍ 25 നാണ് റിപ്പോര്‍ട്ട് പുറത്തുവിടുക.

Tags: