വിവരശേഖരണം: വിശദാംശങ്ങളുമായി ഫേസ്ബുക്കും മൈക്രോസോഫ്റ്റും

Sat, 15-06-2013 05:16:00 PM ;

ലോസ് ആഞ്ചലസ്: യു.എസ് സര്‍ക്കാര്‍ നടത്തിയ വിവരശേഖരണത്തിന്റെ പരിമിത വിവരങ്ങള്‍ പുറത്തുവിടാന്‍ ഇന്റര്‍നെറ്റ് കമ്പനികളും സര്‍ക്കാറും തമ്മില്‍ ധാരണയായി. ഇതനുസരിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്കും മൈക്രോസോഫ്റ്റും പുറത്തുവിട്ടു.

 

കഴിഞ്ഞ വര്‍ഷം അവസാന പകുതിയില്‍ 9,000-ത്തിനും 10,000-ത്തിനും ഇടക്ക് ആവശ്യങ്ങള്‍ സര്‍ക്കാറില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ചതായി ഫേസ്ബുക്ക് വെളിപ്പെടുത്തി. 18,000-ത്തിനും 19,000-ത്തിനും ഇടയിലുള്ള എണ്ണം ഉപയോക്താക്കളെ ബാധിക്കുന്നവയായിരുന്നു ഇവ. ഇതേ കാലയളവില്‍ 31,000-32,000 ഉപയോക്താക്കളുടെ വിവരങ്ങള്‍ക്കായി 6,000-7,000 ആവശ്യങ്ങളാണ് മൈക്രോസോഫ്റ്റിന് ലഭിച്ചത്.

 

യു.എസ്സിലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍, ദേശീയ സുരക്ഷാ ഏജന്‍സി എന്നിവയില്‍ നിന്ന് ലഭിച്ച ആവശ്യങ്ങളുടെ എണ്ണമാണിത്. ദേശീയ സുരക്ഷാ ഏജന്‍സി നേരിട്ട് തങ്ങളുടെ സെര്‍വറില്‍ നിന്ന്‍ വിവരങ്ങള്‍ ശേഖരിക്കുന്നു എന്ന വെളിപ്പെടുത്തല്‍ ഇന്റര്‍നെറ്റ്‌ കമ്പനികള്‍ നിഷേധിച്ചിരുന്നു.

 

പ്രിസം എന്നറിയപ്പെടുന്ന പദ്ധതിയിലൂടെ ഗൂഗിള്‍, യാഹൂ, ആപ്പിള്‍ തുടങ്ങിയ അടക്കമുള്ള കമ്പനികളില്‍ നിന്നും ഏജന്‍സി വിവരം ശേഖരിക്കുന്നതായി കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വിവരശേഖരണത്തിന്റെ ആവശ്യങ്ങള്‍ പുറത്തുവിടാന്‍ അനുവദിക്കണമെന്ന് കമ്പനികള്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ശക്തമാക്കുകയയിരുന്നു.  

Tags: