സംഭാഷണത്തിന് തയ്യാര്‍; അക്രമം അനുവദിക്കില്ല- ദില്മ റൂസഫ്

Sat, 22-06-2013 02:22:00 PM ;
ബ്രസീലിയ

ബ്രസീലില്‍ ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി പ്രസിഡന്റ് ദില്മ റൂസഫ് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സമാധാനപരമായ പ്രക്ഷോഭങ്ങള്‍ ശക്തമായ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ അവര്‍ എന്നാല്‍, അക്രമം അംഗീകരിക്കാനാവില്ലെന്ന് കൂട്ടിച്ചേര്‍ത്തു. പൊതുജന സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും പ്രക്ഷോഭകരുമായി സംഭാഷണത്തിന് തയ്യാറാണെന്നും അവര്‍ പറഞ്ഞു.

 

വ്യാഴാഴ്ച രാത്രി രാജ്യത്തെ 100 നഗരങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ പത്ത് ലക്ഷത്തിലധികം പേര്‍ പങ്കെടുത്തതായി കരുതപ്പെടുന്നു. കവര്‍ച്ചയും അക്രമവും പ്രകടനങ്ങള്‍ക്കിടെ വ്യാപകമായിരുന്നു. സാവോ പോളോയില്‍  പ്രകടനത്തിനിടെ കാര്‍ കയറി 18-കാരന്‍ കൊല്ലപ്പെട്ടു.

 

ഗതാഗത നിരക്കുകള്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ആരംഭിച്ച പ്രക്ഷോഭം രാജ്യമാകെ പടരുകയാണ്. എന്നാല്‍ കൃത്യമായ നേതൃത്വമോ ആവശ്യങ്ങളോ ഇതുവരെയും പ്രക്ഷോഭകാരികള്‍ രൂപപ്പെടുത്തിയിട്ടില്ല. ഇതിനാല്‍ തന്നെ പ്രസിഡന്റ് മുന്നോട്ടുവച്ച സംഭാഷണ വാഗ്ദാനം എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന് വ്യക്തമായ സൂചനയില്ല. ഉയര്‍ത്തിയ നിരക്കുകള്‍ പല നഗരങ്ങളിലും പിന്‍വലിച്ചിട്ടുണ്ട്.  

Tags: