സ്നോഡന് റഷ്യയില്‍ ഒരു വര്‍ഷത്തെ താല്‍ക്കാലിക അഭയം

Fri, 02-08-2013 03:02:00 AM ;
മോസ്കോ

യു.എസ് സ്വകാര്യവിവര ശേഖരണ പദ്ധതി പുറത്തുകൊണ്ടുവന്ന എഡ്വേര്‍ഡ് സ്നോഡന് റഷ്യ ഒരു വര്‍ഷത്തെ താല്‍ക്കാലിക അഭയം നല്‍കും. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തോളം മോസ്കോയിലെ ഷെരമത്യാവോ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ട്രാന്‍സിറ്റ് മേഖലയില്‍ കഴിഞ്ഞിരുന്ന സ്നോഡന് റഷ്യന്‍ ഭുപ്രദേശത്ത് പ്രവേശിക്കാന്‍ കഴിയും.

 

2014 ജൂലൈ 31 വരെയാണ് റഷ്യയിലെ ഫെഡറല്‍ മൈഗ്രേഷന്‍ വിഭാഗം അഭയം അനുവദിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും പുതിയ അപേക്ഷ നല്‍കി ഇത് പുതുക്കാന്‍ കഴിയും. വ്യാഴാഴ്ച മോസ്കോ സമയം 3.30ന് സ്നോഡന്‍ വിമാനത്താവളത്തില്‍ നിന്ന്‍ പോയതായി അധികൃതര്‍ അറിയിച്ചു.

 

യു.എസ് അധികൃതര്‍ക്ക് സ്നോഡനെ കൈമാറാനുള്ള സാധ്യതകള്‍ അടക്കുന്നതാണ് തീരുമാനം. സ്നോഡനെതിരെ യു.എസ് ചാരവൃത്തി കുറ്റമടക്കമുള്ളവ ചുമത്തിയിട്ടുണ്ട്. എന്നാല്‍, യു.എസ് ഔദ്യോഗികമായ അപേക്ഷ നല്‍കിയാല്‍ പോലും സ്നോഡന്റെ സമ്മതമില്ലാതെ ഇനി കൈമാറല്‍ നടക്കില്ല.

 

റഷ്യയുടെ തീരുമാനം അങ്ങേയറ്റം നിരാശാജനകമാണെന്ന് യു.എസ് പ്രതികരിച്ചു. എന്നാല്‍, റഷ്യന്‍ അധികൃതരുമായുള്ള ബന്ധം തുടരുമെന്ന് വൈറ്റ്‌ഹൌസ്‌ വക്താവ് ജേ കാര്‍ണി പറഞ്ഞു. റഷ്യയില്‍ നടക്കുന്ന G-20 ഉച്ചകോടിയില്‍ ഒബാമ പങ്കെടുക്കുമെന്നും കാര്‍ണി അറിയിച്ചു.

 

യു.എസ് രഹാസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ മുന്‍ ഉദ്യോഗസ്ഥനും ആഭ്യന്തര ഏജന്‍സിയായ  എന്‍.എസ്.എയുടെ കരാര്‍ ജീവനക്കാരനുമായിരുന്ന എഡ്വേര്‍ഡ് സ്നോഡന്‍ യു.എസ് സര്‍ക്കാറും സഖ്യരാഷ്ട്രങ്ങളും നടത്തുന്ന വന്‍തോതിലുള്ള സ്വകാര്യവിവര ശേഖരണത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടതോടെയാണ്‌ ശ്രദ്ധേയനായത്.

Tags: