യു.എന്‍ സംഘം സിറിയ വിട്ടു

Sat, 31-08-2013 03:16:00 PM ;
വാഷിംഗ്‌ടണ്‍

സിറിയയില്‍ നടന്ന രാസായുധ പ്രയോഗത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഐക്യ രാഷ്ട്ര സഭയുടെ നിരീക്ഷക സംഘം സിറിയയില്‍ നിന്നും മടങ്ങി. ഇതോടെ സിറിയക്ക് നേരെ യു.എസ് വ്യോമാക്രമണത്തിനു തയ്യാറെടുക്കുന്നു എന്ന വാര്‍ത്ത കൂടുതല്‍ ശക്തമായതായാണ് സൂചന.

 

വിമതർക്കു നേരെ രാസായുധം പ്രയോഗിച്ച സിറിയയിലെ ബാഷർ അൽ അസദ് ഭരണകൂടത്തിനു നേരെ സൈനിക നടപടി സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞെങ്കിലും  ആക്രമണം വൈകാതെ ഉണ്ടാകും എന്ന സൂചനയാണ് അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിറിയക്കെതിരെയുള്ള സൈനിക നടപടിയില്‍ പങ്കാളിയാവാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിസ് കാമറൂണ്‍ സമര്‍പ്പിച്ച പ്രമേയം ബ്രിട്ടീഷ് സര്‍ക്കാര്‍ 272നെതിരെ 285 വോട്ടുകള്‍ക്ക് തള്ളി.

 

അതേസമയം രാസായുധം പ്രയോഗിച്ച് ആയിരത്തിലധികം ആളുകളെ വധിച്ചെന്ന യു.എസ്സിന്റെ ആരോപണം കെട്ടിച്ചമച്ചതാണെന്ന് സിറിയ. വിദേശകാര്യ മന്ത്രാലയം ടെലിവിഷന്‍ ചാനലിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടത്. സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്ത യു.എസ് അധികൃതര്‍ അംഗീകരിക്കുകയാണെന്നു സിറിയ കുറ്റപ്പെടുത്തി. തങ്ങള്‍ക്കെതിരെ വ്യക്തമായ തെളിവുകളില്ലാതെയുള്ള കുറ്റപ്പെടുത്തലാണ് നടക്കുന്നതെന്നും സിറിയന്‍ ഭരണകൂടം വ്യക്തമാക്കി.

 

എന്നാല്‍ സിറിയ രാസായുധ പ്രയോഗം നടത്തിയതിനു ശക്തമായ തെളിവുകളുണ്ടെന്ന് യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടില്‍ യു.എസ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും വ്യക്തമാക്കിയിരുന്നു.

Tags: