സിറിയ: യു.എസ്-റഷ്യ ജനീവ ചര്‍ച്ച പൂര്‍ത്തിയായി

Fri, 13-09-2013 06:13:00 PM ;
ജനീവ

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവും സിറിയന്‍ പ്രശ്നത്തെക്കുറിച്ച് ജനീവയിൽ ചര്‍ച്ച നടത്തി. വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളനം വിളിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു.

 

റഷ്യ നിർദ്ദേശിച്ച ഒത്തുതീർപ്പുവ്യവസ്ഥയനുസരിച്ച് തങ്ങളുടെ പക്കലുള്ള രാസായുധങ്ങളുടെ നിയന്ത്രണം കൈമാറാൻ തയാറാണെന്ന് സിറിയ അറിയിച്ചു. ഈ മാസം 28-നു ന്യൂയോര്‍ക്കില്‍ ചേരുന്ന യു.എന്‍ സമ്മേളനത്തില്‍ രാസായുധം കൈമാറുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഉണ്ടാവും. സിറിയന്‍ പ്രശ്നത്തിലെ യു.എന്‍ പ്രതിനിധി ലഖ്ദര്‍ ബ്രഹിമിയും ചര്‍ച്ചകളില്‍ പങ്കെടുത്തു.

 

ഈ തീരുമാനം പുതിയൊരു രാഷ്ട്രീയ മാറ്റത്തിന്‍റെ ഭാഗമാണെന്നു റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് അഭിപ്രായപ്പെട്ടു. യു.എസ് സിറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കാന്‍ തീരുമാനം എടുത്ത പശ്ചാത്തലത്തിലാണ് ജനീവ സമ്മേളനം നടന്നത്. സൈനിക നടപടിക്ക് പകരം സിറിയയുടെ രാസായുധ ശേഷി നശിപ്പിക്കുകയാണ് വേണ്ടതെന്ന റഷ്യയുടെ നിര്‍ദേശം യു.എസ് അംഗീകരിക്കുകയായിരുന്നു.

Tags: