സിറിയ: കെറി-ലാവ്റോവ് പദ്ധതി വിമതര്‍ തള്ളി

Sun, 15-09-2013 12:41:00 PM ;
ഡമാസ്കസ്

സിറിയന്‍ രാസായുധങ്ങള്‍ സംബന്ധിച്ച് റഷ്യയും യു.എസ്സും തമ്മില്‍ ജെനീവ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ധാരണ സിറിയന്‍ വിമതര്‍ തള്ളി. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരായ സെര്‍ജി ലാവ്റോവിന്റേയും ജോണ്‍ കെറിയുടേയും നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതി തങ്ങള്‍ നിരാകരിക്കുന്നതായും യു.എന്‍ പരിശോധകര്‍ക്ക് തങ്ങള്‍ സംരക്ഷണം നല്‍കില്ലെന്നും ഒരു വിമത നേതാവ് പറഞ്ഞു. ‘കെറി-ലാവ്റോവ് പദ്ധതി നരകത്തില്‍ പോകട്ടെ’ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

 

എന്നാല്‍, പ്രബല വിമത വിഭാഗമായ സ്വതന്ത്ര സിറിയന്‍ സൈന്യത്തിന്റെ നേതാവ് സലിം ഇദ്രിസ് രാസായുധ പരിശോധകരെ തങ്ങള്‍ സംരക്ഷിക്കുമെന്ന് അറിയിച്ചു. എന്നാല്‍, ഇദ്രിസും പദ്ധതി നടപ്പിലാകാനുള്ള സാധ്യത തള്ളിക്കളഞ്ഞു. രാസായുധങ്ങള്‍ പ്രസിഡന്റ് അസാദ് ഇതിനകം തന്നെ ലെബനനിലെക്കും ഇറാഖിലേക്കും മാറ്റിയതായി ആരോപിച്ച ഇദ്രിസ് സര്‍ക്കാര്‍ സേനയുമായുള്ള തങ്ങളുടെ പോരാട്ടം തുടരുമെന്നറിയിച്ചു.

 

അതേസമയം, തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ചേര്‍ന്ന യോഗത്തില്‍ സിറിയയിലെ പ്രതിപക്ഷ മുന്നണിയായ ദേശീയ സഖ്യം മിതവാദ ഇസ്ലാമിക നേതാവ് അഹമ്മദ് തൊമയെ ഇടക്കാല പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. ഘസന്‍ ഹിറ്റോ ജൂലൈയില്‍ രാജിവെച്ച ഒഴിവിലാണ് നിയമനം. വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുടെ ഭരണത്തിനായി ഒരു മന്ത്രിസഭ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നാലുമാസമായിട്ടും ഫലം കാണാഞ്ഞതിനെ തുടര്‍ന്നാണ്‌ ഹിറ്റോ രാജിവെച്ചത്.

Tags: