സിറിയന്‍ പ്രശ്നത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ഇറാന്‍

Sat, 21-09-2013 12:19:00 PM ;
വാഷിംഗ്‌ടണ്‍

Hasan-Rowhaniസിറിയന്‍ സര്‍ക്കാറും വിമതരും തമ്മില്‍ സംഭാഷണം നടത്തുന്നതിന് മുന്‍കൈയെടുക്കാന്‍ ഇറാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പ്രസിഡന്റ് ഹസന്‍ റൌഹാനി. യു.എസ്സിലെ വാഷിംഗ്ടണ്‍ പോസ്റ്റ്‌ പത്രത്തില്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് റൌഹാനി നിലപാട് വ്യക്തമാക്കിയത്. അതേസമയം, സിറിയയിലെ പോലെ ബഹറിനിലും സമാന സംഭാഷണം ആവശ്യമാണെന്ന് റൌഹാനി ലേഖനത്തില്‍ പറയുന്നു. സമാധാനപരമായ ആണവോര്‍ജ പദ്ധതി ഇറാന്റെ ദേശീയ സ്വത്വത്തിന്റെ ഭാഗമാണെന്നും റൌഹാനി വ്യക്തമാക്കുന്നു
.

 

സെപ്തംബര്‍ 11-ന് സിറിയന്‍ പ്രശ്നത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ യു.എസ് പത്രമായ ന്യൂയോര്‍ക്ക് ടൈംസില്‍ ലേഖനം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് റൌഹാനിയുടെ ലേഖനം. അന്തര്‍ദേശീയ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ നിര്‍മ്മാണാത്മകമായ നയതന്ത്ര രീതികള്‍ പിന്തുടരാന്‍ ആഹ്വാനം ചെയ്യുന്ന ലേഖനം യു.എസ് സര്‍ക്കാറിന്റെ നയങ്ങള്‍ക്ക് നേരെയുള്ള പരോക്ഷ വിമര്‍ശനങ്ങളും അടങ്ങുന്നു.

 

ഷിയാ ഭൂരിപക്ഷ രാഷ്ട്രമായ ബഹറിനില്‍ സുന്നി രാജകുടുംബത്തിനെതിരെ ജനാധിപത്യ പ്രക്ഷോഭം ശക്തമാണ്. 2011-ല്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൗദി അറേബ്യന്‍ സേനയുടെ സഹായം തേടിയിരുന്നു. ഷിയാ രാഷ്ട്രമായ ഇറാന്‍ ആദ്യമായാണ് അന്തര്‍ദേശീയ വേദിയില്‍ സിറിയന്‍ പ്രശ്നത്തിനൊപ്പം ബഹറിനിലെ പ്രക്ഷോഭവും പരാമര്‍ശിക്കുന്നത്. സുന്നി വിഭാഗത്തിന് ഭൂരിപക്ഷമുള്ള സിറിയയില്‍ പ്രസിഡന്റ് അസാദ് ഷിയാ വിഭാഗത്തിലെ തന്നെ ന്യൂനപക്ഷമായ അലവി വംശത്തില്‍ പെടുന്നയാളാണ്.

 

സിറിയ എന്ന പേരില്‍

 

ഭീകരവാദം, തീവ്രവാദം, മയക്കുമരുന്ന് കടത്ത് എന്നിവയ്ക്കൊപ്പം സൈബര്‍ സുരക്ഷ, വിദേശ സൈനിക ഇടപെടല്‍, സാംസ്ക്കാരിക അധിനിവേശം എന്നിവയും അന്തര്‍ദേശീയ സമൂഹം നേരിടുന്ന വെല്ലുവിളികളായി റൌഹാനി ലേഖനത്തില്‍ വിശേഷിപ്പിക്കുന്നു. ഇവ മൂന്നും പരോക്ഷമായി യു.എസ്സിനെ ലക്ഷ്യം വെക്കുന്നതാണ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ദിവസവും നിരവധി പേര്‍ അക്രമങ്ങളില്‍ കൊല്ലപ്പെടുന്ന കാര്യവും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. മൃഗീയ ശക്തിയെ ആധാരമാക്കുന്ന ‘ഏകപക്ഷീയ സമീപന’മാണ് അക്രമങ്ങള്‍ക്ക് കാരണമെന്ന് യു.സിന്റെ പേരു പറയാതെ റൌഹാനി ചൂണ്ടിക്കാട്ടുന്നു.

 

പശ്ചിമേഷ്യയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രശ്നങ്ങളുടെ അടിസ്ഥാനകാരണമായ രാജ്യങ്ങളുടെ സ്വത്വത്തെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ടെന്നു റൌഹാനി പറയുന്നു. ആണവോര്‍ജം ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവ് ഇറാന്റെ  ഊര്‍ജ ആവശ്യമെന്നത് പോലെ ഒരു ദേശം എന്ന നിലയില്‍ ഇറാനികളെ നിര്‍വചിക്കുന്ന ഒന്നുകൂടിയാണ് എന്ന് റൌഹാനി വ്യക്തമാക്കുന്നു.    

Tags: