സിറിയ: അസാദിന് കെറിയുടെ അഭിനന്ദനം

Mon, 07-10-2013 01:22:00 PM ;
ബാലി

സിറിയയിലെ രാസായുധ നിര്‍മ്മാര്‍ജനം സാധ്യമായതിന്റെ അംഗീകാരം പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിന് അവകാശപ്പെട്ടതാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. ഈ വിഷയത്തില്‍ റഷ്യ നല്‍കിയ സഹായത്തിനും കെറി നന്ദി രേഖപ്പെടുത്തി.

 

ഇന്തോനേഷ്യയിലെ ബാലിയില്‍ അപെക് (ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണം) ഉച്ചകോടിയുടെ പാര്‍ശ്വങ്ങളില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെറി.

 

രാസായുധ നിര്‍മ്മാര്‍ജന പ്രക്രിയ റെക്കോഡ് വേഗത്തിലാണ് ആരംഭിച്ചതെന്നും യു.എന്‍ പ്രമേയം പാസായി ഒരാഴ്ചയ്ക്കുള്ളില്‍ ഏതാനും രാസായുധങ്ങള്‍ നശിപ്പിക്കാന്‍ സാധിച്ചത് അതീവ പ്രാധാന്യം അര്‍ഹിക്കുന്നു എന്നും കെറി പറഞ്ഞു. ഇതിന് റഷ്യയുടെ സഹകരണത്തിനും സിറിയയുടെ അനുകൂല മനോഭാവത്തിനും നന്ദി പറയേണ്ടതുണ്ടെന്ന് കെറി കൂട്ടിച്ചേര്‍ത്തു.

 

തുറന്നുപറഞ്ഞാല്‍, അസാദ് ഭരണകൂടത്തിനാണ് ഇതിന്റെ അംഗീകാരം  ലഭിക്കേണ്ടത് എന്ന് ഞാന്‍ കരുതുന്നു. ഇത് ഒരു നല്ല തുടക്കമാണ്. നല്ല തുടക്കങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. – കെറി പറഞ്ഞു.

 

സിറിയയില്‍ രാസായുധ വിദഗ്ദര്‍ തങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയ ആദ്യദിവസമായ ഞായറാഴ്ച മിസൈല്‍ പോര്‍മുനകളും വ്യോമ ബോംബുകളും രാസായുധ മിശ്രിതങ്ങളും നശിപ്പിച്ചു തുടങ്ങിയതായി യു.എന്‍ അറിയിച്ചിരുന്നു. അന്താരാഷ്ട്ര നിരായുധീകരണ വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ സിറിയന്‍ ഉദ്യോഗസ്ഥരാണ് ഇത് ചെയ്യുന്നത്. രാസായുധ കണ്‍വെന്‍ഷന്‍ പ്രകാരം നിരോധിത ആയുധങ്ങളാണ് ഇപ്രകാരം നശിപ്പിക്കുക.  

Tags: